Sunday, October 30, 2005

ഗണപതിക്കു വച്ചതു്


നിലവാരമില്ലാത്ത ബ്ലോഗു കണ്ടാലും തോലകവിയാവുന്ന ചിലരുണ്ടല്ലോ
“പൊട്ടബ്ബ്‌ളോഗ്ഗുകൾ സൃഷ്ടിക്കും
ദുഷ്ടക്കൂട്ടം നശിക്കണേ”
എന്നവരെങ്ങാനും പ്രാർത്ഥിക്കുകയോ മാങ്ങോട്ടുഭഗവതി സമക്ഷം മുളകരച്ചു തേക്കുകയോ ചെയ്താലോ എന്ന ഭീതിയാലാണു് നാളിത്രയായിട്ടും നിലപാടു വ്യക്തമാകാതെ കിടന്നതു്.

ഇപ്പോ കാര്യങ്ങളങ്ങനെയല്ല. ബ്ലോഗ്ഗാൻ വേണ്ടിയും നമുക്കു ബ്ലോഗ്ഗാം എന്നു പഠിച്ചു. ആ‍നിലയ്ക്കിതിനിയും വൈകിച്ചു കൂടല്ലോ?

ഹരിശ്രീ കുറിക്കുന്നു. ഉറുപ്പ്യക്കഞ്ചു കിട്ടുന്ന നാളികേരത്തിലൊരെണ്ണം വിഘ്നേശ്വരനു്.

…………………………..

ഇത്രയുമായപ്പോഴാണു് തികച്ചും മൌലികമായ ഒരാശയം പൂർവ്വചക്രവാളത്തിലെ ഭാനുമാനായതു്. ആശയം, യുഗം മാറിപ്പിറന്നതു കൊണ്ടു് മയിൽ‌പ്പീലി വെക്കാനുള്ള ഭാഗ്യം നഷ്ടപ്പെട്ട എന്റെ മൌലിയിൽ പിറന്നതും തദ്വാരാ മൌലികവുമാണു്. [മൌലിയിൽ നിന്നു ‘come’ ആ‍ണു മൌലികം എന്നു യാസ്ക്കൻ പറയാഞ്ഞതു് പിൽക്കാലത്തു് ഇതു പറയാ‍നായി ഒരു പണ്ഠിതശ്രേഷ്ഠൻ പിറന്നേക്കുമെന്നു് ദീർഘദൃഷ്ടിയായ അദ്ദേഹത്തിനു് അറിയുമായിരുന്നതു കൊണ്ടായിരിക്കണം. ]

ഇന്നാളൊരു സ്ത്രീരത്നം സമകാലിക മലയാളം വാരികയിൽ തന്റെ സുഹൃത്തിന്റെ തലയിൽ ഒരു പാർട്ടി സമയത്തുദിച്ച ഒരാശയത്തെ പറ്റി പറയുകയുണ്ടായി. Instant liquor powder ആണത്രെ രണ്ടു പെഗ്ഗ് വിസ്കിയുടെ പുറത്തു് കക്ഷി വിഭാവനം ചെയ്തതു്. വിസ്കിയോ ബ്രാണ്ടിയോ, അതാതിന്റെ പൊടി കലക്കിയാൽ മതി. ഇതു മൌലികമാണൊ കൂട്ടരെ? പച്ചവെള്ളത്തെ വീഞ്ഞാക്കി മാറ്റിയ നസ്രേത്തുകാരന്റെ നമ്പരല്ലേ ഇതു്?

സിദ്ധാർത്ഥന്റേതു്, പക്ഷെ തികച്ചും മൌലികവും ഫ്രെഷും ആണു്. ഇപ്പോളുദിച്ചതു്. ഉദിക്കാൻ ഹേതു ഗണപതിക്കു വച്ച നാളികേരം തന്നെ. ദൈവങ്ങൾക്കു മുൻപിൽ നാളികേരം എറിഞ്ഞുടക്കുന്നതിന്റെ മനശ്ശാസ്ത്രത്തിൽ നാം തുലോം അജ്ഞനാകുന്നു. ചാക്കിൽ നൂറ്റിച്ചില്വാനം നാളികേരങ്ങൾ കൊണ്ടുവന്നു് ഓരോന്നായി എറിഞ്ഞുടക്കുന്നവരെ ഞാൻ കണ്ടിട്ടുണ്ടു്. അങ്ങോട്ടേൽ‌പ്പിച്ചാൽ പോരെ എന്നചോദ്യത്തിനവിടെ സ്ഥാനമില്ല. ഓരോന്നെറിയുമ്പോഴും നഷ്ടമാവുന്ന കഷ്ണങ്ങളെത്ര? ലക്ഷക്കണക്കിനു് അമ്പലങ്ങളുള്ള നമ്മുടെ നാട്ടിൽ ഇങ്ങനെ നഷ്ടമാവുന്ന നാളികേരങ്ങളെത്ര? സീറൊ മീറ്ററിനകത്തു് തെറിച്ചു വരുന്ന ഏറ്റവും വലിയ കഷ്ണം ലാക്കാക്കി നിൽക്കുന്ന പയ്യന്മാരുണ്ട്. ഇവരെ ടീമിലെടുത്തു് സ്ലിപ്പിൽ നിറുത്തിയാൽ ജോൺ‌ഡി റോഡ്സിനെ ജനം മറക്കും. ഇവന്മാർക്കേൽക്കാവുന്ന പരിക്കുകളെത്ര? ഇവിടെയാണു് ഈ ആശയത്തിന്റെ സാംഗത്യം.


സാധനം നിസ്സാരമാണു് അമ്പലത്തിൽ സൂക്ഷിക്കാവുന്ന, രണ്ടു നാളികേരം കൊള്ളുന്ന വിധത്തിലുള്ള ഒരു തുകൽ സഞ്ചി! പ്രാരബ്ധക്കാർ വരുന്നു, സഞ്ചിയുടെ സിപ്പോ വള്ളിയോ തുറന്നു് ദിവ്യവസ്തു അതിലേക്കിടുന്നു. സിപ്പു്/വള്ളി പൂട്ടുന്നു. വസ്തുവെ ആത്മസംതൃപ്തി പകരും വിധം കല്ലിന്റെ നെഞ്ചത്തേക്കെറിയുന്നു. സഞ്ചി തുറന്നു് ശേഷിച്ച സംതൃപ്തിയും കൈക്കലാക്കുന്നു. ആയതിനെ ഏൽ‌പ്പിക്കേണ്ടിടത്തു് ഏൽ‌പ്പിക്കുന്നു. പടിയിറങ്ങി അപ്രത്യക്ഷമാവുന്നു.
എപ്പടി?
അതിശ്ശായി ല്ലേ?

………………………………..

നാളികേരമെറിഞ്ഞുടക്കുക, മുളകരച്ചു തേക്കുക തുടങ്ങിയ ആചാരങ്ങളുടേയും ആഭിചാരങ്ങളുടേയും മൂലമെന്തെന്നു് ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? ഏതെങ്കിലും ആചാരങ്ങളുടെ തുടക്കം അറിയാവുന്നവരതീ ബ്ലോഗുലകത്തിലിട്ടാൽ അതിൽ‌പ്പരം ആനന്ദം വേറെയുണ്ടാവില്ല. തീർച്ച.