Tuesday, January 15, 2008

കവിതയും നിരീക്ഷണവും

സമൂഹത്തില്‍ കവിക്കു് നിരീക്ഷകന്റെ സ്ഥാനമാണു് സാധാരണ കല്‍പിച്ചുപോരാറുള്ളതു്. എന്നാല്‍ കവിയും കവിതയും സമൂഹത്തില്‍ നിന്നും വേറിട്ട ഒരു നിരീക്ഷകനല്ല,സമൂഹത്തിന്റെ വ്യവഹാരങ്ങളില്‍ ഭാഗഭാക്കായിരുന്നു കൊണ്ടു് ഒരേ സമയം നിരീക്ഷകനും നിരീക്ഷിക്കപ്പെടുന്നവനും ആയിരിക്കുകയാണു് എന്നു് ചൂണ്ടിക്കാണിക്കുകയാണു് പേരറിയാത്ത ഒരു കവി തന്റെ കവിതയിലൂടെ. സമൂഹമനസ്സാക്ഷികള്‍ക്കു മുകളിലൂടെ പറക്കുന്ന ഒരു പരുന്തായാണു് കവി ഇവിടെ തന്നെതന്നെ അവരോധിക്കുന്നതു് പരുന്തിനു് സ്കാവഞ്ചര്‍ എന്നൊരു ധര്‍മ്മം കൂടിയുണ്ടു്. ചരിത്രപരവും സംസ്ക്കാരപരവുമായ മാലിന്യങ്ങളെ തൂത്തു തുടച്ചു് തലമുറകളോടു് അതഴുക്കാണെന്നു പറയുന്ന ഒരു ധര്‍മ്മം, കവിയേയും കവിതയേയും എക്കാലവും തീണ്ടിയിട്ടുണ്ടു്. ഈ കവിതയും അതില്‍ നിന്നും വ്യത്യസ്ഥമല്ല. ഇങ്ങനെ ചൂണ്ടിക്കാണിക്കുന്നതിലൂടെ നിരീക്ഷിക്കപ്പെടുന്നവന്‍ അനുഭവിക്കുന്ന ഒരു
സ്വാതന്ത്ര്യമുണ്ടു്. അവനവനെ വിമര്‍ശിച്ചുകൊണ്ടിരിക്കുന്ന ഒരുവന്‍ ബോധപൂര്‍വമല്ലാതെ അനുഭവിക്കുന്ന ഒരു സ്വാതന്ത്ര്യം. ഈ സ്വാതന്ത്ര്യം തന്നെയാണു സമൂഹമനസ്സാക്ഷിക്കുമുകളില്‍ പറക്കാന്‍ സഹായിക്കുന്നതും. അങ്ങനെ പറക്കുന്ന ഒരു പരുന്തിനെ സംബോധന ചെയ്തുകൊണ്ടാണു് കവിതയിലെ ആദ്യവരി ഇറ്റു വീഴുന്നതു്.

ആദ്യവായനയില്‍ കൃത്യമായ അര്‍ഥം തരാത്ത ഒരു പദമുണ്ടായിട്ടും ആസ്വാദനത്തിനു തടസ്സമുണ്ടാകാത്ത വിധം അതിനെ വായനക്കാരന്‍ മറന്നു വെക്കുന്നു. വായനക്കാരന്റെ ശ്രദ്ധ പതിയുന്നതു് പരുന്തിനു കൊടുത്ത ചെമപ്പു് എന്ന വിശേഷണത്തിലായിരിക്കും. കവിയുടെ രാഷ്ട്രീയം വെളിവാക്കുന്നതെന്നു് പ്രഥമദൃഷ്ട്യാ തെറ്റിദ്ധരിപ്പിക്കുന്ന ഈ നിറം മുറിവേറ്റ ഒരു മനസ്സിന്റെ കൂടിയാണെന്നു് പിന്നീടുള്ള വരികളില്‍ നമുക്കു വായിച്ചെടുക്കാന്‍ കഴിയും. കേരളം മറന്നു പോയ ത്യാഗത്തിന്റെ ഒരു ചരിത്രത്തിലേക്കു്, രാജാധികാരം മെനഞ്ഞെടുത്ത ഒരു കൂട്ടക്കുരുതിയിലേക്കു്, ആണു് കവി അടുത്തവരിയില്‍ ശ്രദ്ധക്ഷണിക്കുന്നതു്.

നീയുണ്ടോ മാമാങ്ക വേല കണ്ടു എന്ന ചോദ്യം നിരീക്ഷകനോടു് നിരീക്ഷിക്കപ്പെടുന്നവനാണു ചോദിക്കുന്നതു്. കവി നിരീക്ഷകനാകുമ്പോള്‍ ഇതു് ഒരു ആത്മവിമര്‍ശനമാകുന്നു. ചരിത്രത്തെ കളങ്കപ്പെടുത്തിയ ഒരു കാര്യം നീ കണ്ടുവോ എന്നു ചോദിക്കുമ്പോള്‍ നിരീക്ഷകനില്‍ നിന്നും പ്രതീക്ഷിക്കുന്ന ഉത്തരം അല്ല ലഭിക്കുന്നതെന്ന ഞെട്ടിപ്പിക്കുന്ന സത്യം അടുത്ത വരിയില്‍ നമ്മളറിയുന്നു. വളരെ നിരുത്തരവാദപരമായി മാമാങ്കം എന്ന വാക്കിനെ ഒഴിവാക്കിക്കൊണ്ടു് നിരീക്ഷകന്‍ വേലയും കണ്ടു വിളക്കും കണ്ടു എന്നു് അലസമായി ഉത്തരം കൊടുക്കുന്നതു് ആരെയാണു് തകര്‍ത്തു കളയാത്തതു്? സമൂഹത്തോടുള്ള പ്രതിബദ്ധത മറന്നു പറക്കുന്ന ഒരു നിരീക്ഷകനെ വിമര്‍ശിക്കുന്നതിലൂടെ കവിയുടെ ഒരു ഏറ്റു പറച്ചിലായി വേണം ഈ വരിയെ വായിച്ചെടുക്കാന്‍. എന്നാല്‍ സമൂഹത്തിനു വേണ്ടതു് ഒരു കുമ്പസാരമല്ല. മാറ്റമാണു്. നിലവിലുള്ള അവസ്ഥയില്‍ നിന്നുള്ള മാറ്റം. അതിനു നിദാനമായി അടുത്ത വരി ലഘുവില്‍ തുടങ്ങിയിരിക്കുന്നു. ബാക്കി മൂന്നുവരിയും ഗുരുവില്‍ തുടങ്ങിയ കവി ഈ വരി സാമ്പ്രദായികമായ രീതിയില്‍ നിന്നും വ്യത്യസ്ഥമായി തുടങ്ങി തനിക്കുള്ള പ്രതിബദ്ധത വരച്ചിട്ടിരിക്കുന്നു. ഒരു പൊളിച്ചെഴുത്തിനു മുതിരുന്ന കവിക്കു മുന്‍പില്‍ സ്വപ്നത്തിലെന്ന പോലെ തെളിയുന്നതു് പതിവു കാഴ്ചകളല്ല. കടല്‍ത്തിരയും കപ്പലുമാണു്. ഏതൊരു വിപ്ലവത്തിനും നേരിടേണ്ടി വരുന്ന നിരന്തരമായ പ്രതിബന്ധങ്ങളെ കടല്‍ത്തിരകള്‍ സൂചിപ്പിക്കുന്നു. പ്രജ്ഞയെ നിരുത്സാഹപ്പെടുത്തുന്ന പ്രതിബന്ധങ്ങള്‍ക്കു മുകളില്‍ പ്രതീക്ഷയുടെ കപ്പല്‍ ബിംബാത്മകമായി സ്ഥാപിച്ചു് കവി വിരമിക്കുമ്പോള്‍ അര്‍ഥം മനസ്സിലാവാതെ മാറ്റി വച്ച ആദ്യപദം അനുവാചകന്റെ മനസ്സിനെ മഥിക്കുന്നു.

തന്നില്‍ നിക്ഷിപ്തമാ‍യ പ്രതീക്ഷകള്‍ ഒരു ഭാഗത്തും മാറ്റങ്ങള്‍ക്കു നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍ മറ്റൊരു ഭാഗത്തും ഒരേസമയം എത്തുമ്പോള്‍ നിരീക്ഷകനു് നിരീക്ഷിക്കപ്പെടുന്നവന്‍ ഭാരമായി തീരുന്നു എന്ന അറിവിലേക്കാണു് ആദ്യ വരി വിരല്‍ ചൂണ്ടുന്നതു്. സമൂഹത്തിന്റെ ചോദ്യങ്ങള്‍ കവിയുടെ സ്വസ്ഥതനശിപ്പിക്കുന്നു. ഒന്നടങ്കം അവരെ ശപിച്ചുകൊണ്ടാണു് അലസമായ പറക്കല്‍ അനുസ്യൂതം പരുന്തു് തുടരുന്നതു്. ഇതു തിരിച്ചറിയുന്ന അനുവാചകന്‍, കവി മനപ്പൂര്‍വം എഴുതാതെ വിട്ട ‘പ’ പൂരിപ്പിക്കുന്നു. കവിതയെ പുതിയ മാനങ്ങളിലേക്കു് തുഴഞ്ഞിട്ടുകൊണ്ടു് മറ്റൊരു വായനയ്ക്കു വായനക്കാരനെ പ്രേരിപ്പിച്ചുകൊണ്ടു് കവിത ഇങ്ങനെ അവശേഷിക്കുന്നു.

പ്രാകി പറക്കുന്ന ചെമ്പരുന്തേ
നീയുണ്ടോ മാമാങ്ക വേല കണ്ടു
വേലയും കണ്ടു വിളക്കും കണ്ടു
കടലില്‍ത്തിര കണ്ടു കപ്പല്‍ കണ്ടു.

വാല്‍ക്കഷ്ണം:- ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശനത്തിനു വച്ചിരുന്ന ഒരു ഗോപുരത്തില്‍ രണ്ടു ചെറുപ്പക്കാരുടെ ശ്രദ്ധ പതിഞ്ഞു. മരത്തടിയില്‍ പണിഞ്ഞ ചെറിയ ഒരു ഗോപുരം. അതിനു മുന്നില്‍ അലസമായി ഉപേക്ഷിക്കപ്പെട്ട പോലെ ഒരു താക്കോല്ക്കൂട്ടം‍. ഗോപുരം അജ്ഞതാപ്രേരിതമായ ജീവിതപ്രതിബന്ധങ്ങളാണെന്നും അവ അറിവാകുന്ന താക്കോല്‍ കൊണ്ടു തുറക്കണമന്നും ഒരുത്തന്‍ വ്യാഖ്യാനിച്ചപ്പോള്‍ ഗോപുരം ദന്തഗോപുരമാണെന്നും സ്വകാര്യവല്‍ക്കരിക്കപ്പെട്ട മൂലധനത്തിന്റെ പ്രതീകമാണെന്നും അതു തുറന്നു തകര്‍ക്കാന്‍ ഉപയോഗിക്കേണ്ട സംഘടനാബലം അലസമായി ഉപേക്ഷിക്കപ്പെട്ടിരിക്കുകയാണെന്നും മറ്റൊരുവന്‍ വ്യാഖ്യാനിച്ചു. ഇരുവരും അവരവരുടെ വ്യാഖ്യാ‍നങ്ങളെ ശരിവയ്ക്കുന്ന സൂചനകള്‍ കാണിച്ചു കൊണ്ടു വാദിച്ചു. ഗാലറി വാച്മാന്‍ വന്നു് മറന്നുവച്ച തക്കോലെടുത്തുകൊണ്ടു പോകുന്നതു വരെ അതു തുടര്‍ന്നത്രേ.

Thursday, January 03, 2008

ദ്വയാര്‍ത്ഥപ്രയോഗത്തിലെ രസം

ഭാഷ ഗൂണ്ടകളെപ്പോലെയാണു്. അതു് തെരുവില്‍ ജനിക്കുന്നു. കൊണ്ടും കൊടുത്തും വളരുന്നു. സ്വന്തം ഗുണ്ടത്തത്തെ സംരക്ഷിക്കാന്‍ കഴിവറുന്നയിടത്തു് വച്ചു് അതിനു മരണം സംഭവിക്കുന്നു. മരണം മറ്റൊരു ഗുണ്ടയുടെ ജനനത്തോടെയായിരിക്കുകയും ചെയ്യും. ഭാഷ മരിക്കുന്നു എന്ന വേവലാതി വ്യാജമാണു്, അറിവില്ലായ്മയാണു്. പ്രയോഗപ്രയോജനം ഇല്ലാതാകുന്നിടത്തു് ഭാഷ മരിക്കുക തന്നെ ചെയ്യും. ഓരോ വാക്കുകള്‍ക്കും അതിന്റെ പ്രയോഗവൈവിധ്യമനുസരിച്ചു് അര്‍ത്ഥഭേദം നല്‍കാന്‍ കഴിയുമ്പോള്‍ ഭാഷ അതിജീവിക്കുകയാണു്. ഇത്രയും പറഞ്ഞതു് ഈയിടെ ബ്ലോഗില്‍ ദ്വയാര്‍ത്ഥപ്രയോഗങ്ങളെപ്പറ്റി സന്തോഷിക്കുകയും വ്യാകുലപ്പെടുകയും ചെയ്ത സംഭവങ്ങളെക്കുറിച്ചോര്‍ത്താണു്.

നീ എന്നും നിങ്ങള്‍ എന്നും സംബോധന ചെയ്യുമ്പോഴും സൂചിപ്പിക്കുന്നതൊരേയാളെ തന്നെയായിരിക്കേ എന്താണീ രണ്ടു പദം കൊണ്ടുള്ള പ്രയോജനം എന്നു ചിന്തിച്ചാല്‍, നീ എന്നതു് ബഹുമാനമില്ലത്തതും നിങ്ങള്‍ ബഹുമാനമുള്ള പദവുമായിരിക്കുന്നതായി കാണാം. ആംഗലേയത്തില്‍ യു എന്നു പറഞ്ഞാല്‍ തീര്‍ന്നു. അങ്ങനെ പദങ്ങള്‍ പലതും രണ്ടു അര്‍ഥത്തിലുള്ളതായി തീരുന്നതിനൊരു കാരണം പ്രയോജനവൈവിധ്യമാണെന്നു മനസ്സിലാക്കാം. ഇനി നിങ്ങള്‍ എന്ന പദത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം അനേകം പേരെ സംബോധന ചെയ്യുന്നതാണു് . അതു കൊണ്ടൊരാളെ മാത്രം സംബോധന ചെയ്യുമ്പോഴുണ്ടാകുന്ന ഒരു ഗുണമാണു് ബഹുമാനസൂചകവചനം. അര്‍ത്ഥം തെറ്റിച്ചു പ്രയോഗിക്കുന്നതുകൊണ്ടുണ്ടാകുന്ന ഗുണമാണു് ഇവിടെ ഭാഷ അനുഭവിക്കുന്നതെന്നും പറയാം.

മേല്‍പ്രയോഗത്തിനു് സൂചകം എന്ന ഗുണമാണു് ലഭിക്കുന്നതു്. തേങ്ങ മാങ്ങ അവള്‍ അരിവാള്‍ പോലെ ഒരുപാടു നേരര്‍ത്ഥപദങ്ങള്‍ക്കിടയില്‍ ഈ പ്രയോഗം ആശയവിനിമയത്തിനു് രസം പ്രദാനം ചെയ്യുന്നു. ബുദ്ധിയെ രസിപ്പിക്കുന്നു. പരിചയം കൊണ്ടു് രസം കുറഞ്ഞു വരും. ഇപ്പോള്‍ നിങ്ങള്‍ എന്ന പദം നമുക്കു് സാധാരണമായിരിക്കുന്നു. പല പുതിയ പദങ്ങള്‍ക്കും ഇപ്രകാരം ദ്വയാര്‍ത്ഥം വന്നു ഭവിക്കുകയും ചെയ്തിരിക്കുന്നു. മനുഷ്യന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന രസം ഹാസ്യവും ശൃംഗാരവും ആയതിനാല്‍ ഈ മേഖലയിലാണു് കൂടുതല്‍ പ്രയോഗിച്ചു വരുന്നതെന്നു മാത്രം. അങ്ങനെയല്ലാതെ ഉള്ള ഒന്നു് ജുഗുപ്സ ഉളവാക്കുന്ന വാക്കുകള്‍ ഇത്തരത്തില്‍ മറ്റൊരു വാക്കുപയോഗിച്ചു പറയുക എന്നതാണു്. തൂറാന്‍ പോയി എന്നു പറയേണ്ടിവരുമ്പോള്‍ നമ്പര്‍ ടു വിനു പോയി കക്കൂസില്‍ പോയി എന്നൊക്കെ പ്രയോഗിക്കുന്നവരായി നമുക്കു നമ്മളെ കാണാന്‍ സാധിക്കും. ഗുഹ്യഭാഗങ്ങളെപറ്റി പറയേണ്ടിവരുമ്പോള്‍ ഇംഗ്ലീഷും സംസ്കൃതവും പ്രയോഗിക്കും. അല്ലെങ്കില്‍ മറ്റൊരര്‍ഥം പറയാവുന്ന വാക്കായിരിക്കും പ്രയോഗിക്കുക. സാധനം സാ‍മാനം ഒക്കെ ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രയോജനം ചെയ്യുന്നു. ഇവിടെ ബുദ്ധിവ്യാപാരം ഒരു മറയായാണു് ഉപയോഗിക്കപ്പെടുന്നതു്. ബുദ്ധിവ്യാപാരം എന്നാല്‍ പറഞ്ഞതില്‍ നിന്നും ബുദ്ധിഉപയോഗിച്ചു വേണം പറയപ്പെട്ടതിനെ മനസ്സിലാക്കാന്‍ എന്ന ഡീകോഡിങ്ങിനെയാണു്. അന്യഭാഷയില്‍ സാധാരണമായ പദങ്ങള്‍ പ്രയോഗിക്കുമ്പോഴും ഈ ഗുണമാണു് ലഭിക്കുന്നതു്. ഈ ഡീകോഡിങ്ങിനെ നമ്മള്‍ തര്‍ജ്ജമ എന്നു വിളിക്കുന്നു.


[ഇത്തരം പദങ്ങളുടെ ഈ ഗുണം ധ്വനി എന്നതാണു് . ഹാസ്യം ശൃംഗാരം തുടങ്ങി രസം ഏതുമാവട്ടെ അതുണ്ടാക്കാന്‍ ബുദ്ധിവ്യാപാരം സംഭവിക്കണം. നേര്‍ക്കുനേര്‍ പറയുമ്പോള്‍ ലേഖനമാവുന്നു. ( ആശ്ചര്യം എന്നതത്രേ സ്ഥായിയായ രസം. ഇന്നലെ ഇല്ലാത്തതായിരിക്കണം എന്നതാണു നിയമം. കഥകളും മറ്റും സാഹിത്യമാവുന്നതു് ഇങ്ങനെയാണു്. കഥനത്തില്‍ ധ്വനി സഹായകമായി വര്‍ത്തിക്കുന്നു).]

ഇതിന്റെ ഒരു വിപരീതപ്രയോഗമാണു് നമ്മള്‍ ബ്ലോഗില്‍ കണ്ട ചില ഫലിതങ്ങള്‍. ഇതു് പ്രഥമാര്‍ത്ഥത്തില്‍ ജുഗുപ്സ ഉളവാക്കുന്നു. എന്നാല്‍ അതിന്റെ സാഹചര്യമറിഞ്ഞു്, അതിന്റെ ഘടനയിലെ സാമര്‍ത്ഥ്യത്തില്‍ നമ്മള്‍ രസിക്കുന്നു. അക്ഷരശ്ലോകസദസ്സില്‍ ശ്രീ ബാലേന്ദു ചൊല്ലിയ ഏ ആറിന്റെ ഒരു ശ്ലോകം ഒരു ഉദാഹരണമാണു്.

സത്ക്കാരമേകാനയി പാന്ഥ കേള്‍ക്ക
തല്‍ക്കാലമിങ്ങില്ല ഗൃഹാധിനാഥന്‍
പയോധരത്തിന്റെയുയര്‍ച്ച കണ്ടി-
ട്ടീയാധിയെങ്കില്‍പ്പുലരെഗ്ഗമിക്കാം

പയം എന്നാല്‍ ജലം, പാല്‍ എന്നൊക്കെ അര്‍ത്ഥം. പയോധരം എന്നാല്‍ ജലത്തെ/പാലിനെ ധരിക്കുന്നതു്- മുല എന്നും മേഘം എന്നും അര്‍ത്ഥത്തില്‍ ശ്ലോകം വായിക്കാവുന്നതാണു്.

ബുദ്ധിവ്യാപാരം തീരെയില്ലാത്ത, ഹാസ്യം ശൃംഗാരം മുതലായവയെ ധ്വനിരഹിതമായി അവതരിപ്പിക്കുന്ന കൃതികളെ നമ്മള്‍ പൈങ്കിളികൃതികളെന്നു വിളിച്ചുപോരാറുണ്ടെങ്കില്‍ ഇത്തരം ഫലിതങ്ങളില്‍ പലതിനേയും പൈങ്കിളിഫലിതമെന്നു വിളിക്കാവുന്നതാണു്. തദ്വിഷയത്തില്‍ എനിക്കുള്ള ഏക വിയോജിപ്പു് അതിനെ വിമോചനമെന്നും മറ്റും വിശേഷിപ്പിക്കുന്നതിലാണു്. ഇതു സര്‍വസാധാരണമായ ഒരു പ്രക്രിയ മാത്രമാണു് എന്നു പറയാനാണു് ഈ ശ്രമം.

ജുഗുപ്സ എന്നു പറയുമ്പോള്‍ അതു് പൂര്‍ണ്ണമായും സംസ്ക്കാരവുമായി ബന്ധപ്പെട്ടതാണു്. സുരേഷ്ഗോപി ഷിറ്റിനു പകരം തീട്ടം എന്നോ കാട്ടം എന്നോ പറഞ്ഞാല്‍ നമുക്കു ജുഗുപ്സയായി. ആംഗലേയര്‍ക്കതൊരു പ്രശ്നമല്ല താനും. വായനയിലും അതുപോലെ തന്നെ. വായിക്കുന്നവരില്‍ സംസ്ക്കാരമനുസരിച്ചു് സമ്മിശ്രവികാരങ്ങളാണുണ്ടാവുക. പൈങ്കിളിത്വവും തഥൈവ.