Wednesday, December 07, 2005

നിൽ‍ക്കകള്ളി

വിശ്വനാഥൻ ആനന്ദ് റഷ്യൻ ഭീകരന്മാരുമായി ഏറ്റുമുട്ടുന്നതിനു് മുൻപു് ചെസ്സു് കളിയെ പറ്റി ഞാൻ കേൾക്കുന്നതു് “നാളെ പുലർകാലെ പോകുന്നതുണ്ടു ഞാൻ നാളീകനേത്രനെ കൊണ്ടിങ്ങു പോരുവാൻ“ എന്നു തുടങ്ങുന്ന പന്ത്രണ്ടു വരി കാണാതെ പഠിക്കേണ്ടിവന്ന സന്ദർഭത്തിലാണു്. വീട്ടിൽ ഞാനിതു് ഉറക്കെ വായിക്കുന്നതു കേട്ടു് സഹികെട്ടു് അച്ഛൻ വിളിച്ചു പറഞ്ഞു തന്നതാണു്, ചതുരംഗം കളിയിൽ രാജാവിനെ സഹായിക്കാനായി ആളെ ഉന്തുന്ന താരാട്ടുപാടിയ രാജ്ഞിയുടെ കഥ. അതേയീണത്തിൽ ചെറുശ്ശേരിയെക്കൊണ്ടു് ഗാഥയെഴുതിച്ചതും പറഞ്ഞു. എന്നിട്ടു കൂട്ടിച്ചേർത്തു “ ഇതിനു താരാട്ടിന്റെ ഈണമാണു്, മുദ്രാവാക്യത്തിന്റെയല്ല”.

ടി കളിയിൽ രാജാവിനു നിൽക്കാൻ കള്ളിയില്ലാതെ വരുമ്പോഴാണല്ലോ, ചെസ്സ് ബുദ്ധിയുള്ളവരുടെ കളിയാണെന്നു കേട്ടു് ചതുരംഗപ്പടയെ കാശുകൊടുത്തു വാങ്ങി കളിക്കാനിരുന്ന ഞാൻ സ്ഥിരമായി തോറ്റു കൊണ്ടിരുന്നതു്. ആ അവസ്ഥയിൽ നിന്നത്രെ ഈ ബ്ലോഗിനു ശീർഷകമായ പദം ഉണ്ടായി വന്നതു്.

രണ്ടു ദിവസം മുൻപു് ഒരു കവലയിൽ വച്ചു് നമ്മുടെ ദേവരാഗത്തെ കാണുകയുണ്ടായപ്പോൾ "ബ്ലോഗ്ഗൊന്നും കാണാനില്ലല്ലോ സിദ്ധാർത്ഥാ?" എന്നു ചോദിച്ചതിനു് "കാശിക്കു ടിക്കറ്റെടുത്തിട്ടുണ്ടു്. അലക്കൊഴിഞ്ഞില്ല " എന്നാലംകാരികമായി പറഞ്ഞൊഴിഞ്ഞു. പണിത്തിരക്കിനിവനാരു് ഹജൂരാപ്പീസിലെ ഹെഡ്‍ക്ലാർക്കോ എന്നു പുരികം കൊണ്ടു വ്യഞ്ജിപ്പിച്ചു് മൂപ്പരൊരു വെടിവെച്ചു. "ഇടക്കു ബ്ലോഗ്ഗാതിരുന്നാൽ നീ വിസ്‍മൃതനാവും "
ഈശ്വര!
ഈയിടെയായി അത്യാവശ്യം വായിക്കാനും സൌഹൃദം പൻകിടാനുമൊക്കെയുള്ള വഹ തരുന്ന ബ്ലോഗ്ഗുലകത്തിൽ നിന്നു നിഷ്കാസനം ചെയ്യപ്പെട്ടേക്കുമെന്നുള്ള ക്ലിയർ ആൻഡ് പ്രസന്റ് ഡേഞ്ചറിൽ ഭയന്ന സിദ്ധാർത്ഥൻ മേല്പറഞ്ഞ നിൽക്കകള്ളിക്കു വേണ്ടി ഇന്നേക്കു മൂന്നാം പക്കം ബ്ലോഗ്ഗിയിരിക്കുമെന്നു ശപഥം ചെയ്താണവിടം വിട്ടതു്.

ശപഥം നിറവേറ്റാനായി ഭൂതകാലത്തിന്റെ കാലുപിടിച്ചു കിട്ടിയ ഒരു സംഭവം ശ്ലോകത്തിൽ താഴെ കഴിക്കുന്നു. സഹിച്ചാലും.

നിക്കർ കാലത്തിന്റെ അവസാന ഘട്ടം. പതിവു പോലെ ഒരു വേനലവധി. കൈനനയാതെ മീൻ പിടിക്കുക എന്നതൊരു വീണ്മൊഴിയല്ലെന്നും അതിനു തക്ക ബുദ്ധിയുണ്ടായാൽ മതിയെന്നുമുള്ള വീമ്പുമായാണു് അന്നു് ജഗദീഷിന്റെ രംഗപ്രവേശം. വടൂക്കരയിലെ അമ്മവീടിന്റെ പറമ്പിന്റെ അങ്ങേയറ്റത്തുള്ള തോട്ടിൽ ഉള്ള മീനുകളാണു പുള്ളിയുടെ അന്നത്തെ ലക്ഷ്യമെന്നു ഞാ‍ൻ മനസ്സിലാക്കി. വിവരം ചോർത്താൻ സാദ്ധ്യതയുള്ള എന്റെ ഒരു പെങ്ങളെ പതുക്കെ മാറ്റി നിർത്തി ഞാൻ സാദ്ധ്യതകളാരാഞ്ഞു. തൊട്ടിനോടു ചേർന്നുള്ള മോട്ടോർ ഷെഡ്ഡിൽ നിന്നും കറന്റു വലിച്ച് തോട്ടിലേക്കിടുക. ഒരു മണിക്കൂറിനകം മീനു‌കളെല്ലാം നമ്മേതേടിവരും എന്നതാണവന്റെ പദ്ധതി. മുഴുവൻ മനസ്സിലായില്ലെങ്കിലും ഞാൻ തല കുലുക്കി. പറഞ്ഞ നീളത്തിലുള്ള വയറും സംഘടിപ്പിച്ചുകൊടുത്തു. ടെക്നോളജി അവന്റെ വക അപ്പോൾ അസംസ്കൃത വസ്തുക്കൾ എന്റെ വക.


അങ്ങനെ രണ്ടു സാഹസികന്മാർ തോടു് ലക്ഷ്യമാക്കി കുതിച്ചു. എല്ലം പ്ലാൻ പ്രകാരം തന്നെ നടന്നു. മോട്ടോർ പുരയിലെ സ്വിച്ച് ഓൺ ചെയ്തു് പൊട്ടിത്തെറി വല്ലതും കേൾക്കുന്നുണ്ടോ എന്നവിടെ തന്നെ പതുങ്ങിയിരുന്നു കൊണ്ടു കാതോർത്തു. ഇല്ല. പതുക്കെ പുറത്തിറങ്ങി.

“ഇനി കുറച്ചു സമയമെടുക്കും ട്രാ“ എന്നായി അവൻ.

സാമാന്യത്തിലധികം നീണ്ടാൽ നമ്മുടെ അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടാലോ എന്നായി ഈയുള്ളവൻ.
“ന്നാൽ നമുക്കു പോയിട്ടു വരാം“ എന്നവസാനം ധാരണയിലെത്തി. വീട്ടിലേക്കൊരു “രണ്ടു നാലടി നടന്നതില്ലതിനു മുമ്പു്” ഗതികേടിനാരെങ്കിലും സംഭവമറിയാ‍തെ തോട്ടിലേക്കിറങ്ങിയാലോ എന്ന നോട്ട് ദി പോയന്റ് വെളിപാടായി.
ജഗദീഷ് ജഗദീശ്വരനാണു്! ബുദ്ധിരാക്ഷസൻ! ആപൽബാന്ധവൻ! നമുക്കിവിടെ ഒരു താൽക്കാലിക ബോർഡെഴുതി വെക്കാമെന്നായി അവൻ. പൊടുന്നനവെ അവൻ വല്ലഭനായി. കശുവണ്ടി ചുട്ടുപേക്ഷിച്ചു പോയ സ്ഥലത്തു നിന്നു് കരിക്കട്ടയും ചുടുമ്പോൾ കാറ്റുമറയ്ക്കാനായി വച്ചിരുന്ന പലകയും ആയുധമാക്കി അവൻ ചരിത്രം രചിച്ചു.
“തോട്ടിൽ കറന്റ് സൂക്ഷിക്കുക”
ബോർഡിനെ തോട്ടിൽ പോകുന്നവർ മാത്രം കാണാൻ സാദ്ധ്യതയുള്ള സ്ഥലത്തു സ്ഥാപിച്ചശേഷം പത്തുപറക്കണ്ടം സാധുക്കൾക്കിഷ്ടദാനം ചെയ്ത നിർ‌വൃതിയോടെ അവനെന്നെ നോക്കിയ നോട്ടം ക്ലോസ്സപ്പിലിപ്പൊഴും കിടപ്പുണ്ടു മനസ്സിൽ.
കൃത്യനിർവഹണചാരിതാർത്ഥ്യത്തോടെ വീട്ടിലേക്കു പോകാൻ തുനിഞ്ഞപ്പോഴാണു് കരി പിടിച്ച കൈ നോക്കി അവനെന്നോടു പറഞ്ഞതു്.
“ഞാനീ കൈയൊന്നു കഴുകീട്ടു വരാഡാ‍“
ഞാനുമതോർത്തില്ല.