Tuesday, February 05, 2008

രാംമോഹന്റെ തലക്കെട്ടും പന്ന കഥകളും

ആദ്യം പോളും പിന്നെ പെരിങ്ങോടനും നടത്തിയ ആഹ്വാനമനുസരിച്ചു് ബൂലോകത്തില്‍ ഒരു അമ്പതുവാക്കിന്റെ കഥയെഴുത്തുത്സവം നടക്കുകയുണ്ടായി. മലയാളത്തില്‍ വാക്കുകളെ ഇഷ്ടം പോലെ പിരിച്ചും കൂട്ടിയുമെഴുതാമെന്നതിനാല്‍ ഈയുള്ളവനും കിട്ടി രണ്ടു കഥയ്ക്കുള്ള സ്ഥലം. അതിലൊന്നിതാ:

1)

ഒരിടത്തു്‌ ഒരു ഏട്ടില്‍ ഒരു പശുവുണ്ടായിരുന്നു. സ്ഥിതിഗതികളുടെ നൈരന്തര്യത്തില്‍ മനംമടുത്തു്‌, അതു്‌ ഏട്ടില്‍ നിന്നിറങ്ങി അടുത്തുള്ള വയലിലേക്കു്‌ പാഞ്ഞു. പുല്ലിന്റെ പച്ചരക്തം ആമാശയത്തെ നനച്ചപ്പോള്‍ അതിനു്‌ കാഴ്ചയും കേള്‍വിയും കിട്ടി. ആദ്യം കണ്ടതു്‌ തന്നോടടുക്കുന്ന ആള്‍ക്കൂട്ടത്തെയാണു്‌, കേട്ടതു്‌ ഒരാക്രോശവും.

" കേറിപ്പോ"
"എന്തിനു്‌?, എനിക്കു്‌ പുല്ലു തിന്നണം"
"പാടില്ല അതു നിയമങ്ങള്‍ക്കെതിരാണു്‌"
"നിയമം ലിഖിതമാണോ?"
തര്‍ക്കിക്കേണ്ട, കയറിപ്പോകൂ"
"പോയാലും ഒരിക്കല്‍ നിങ്ങളിലൊരാള്‍ എന്നെ തിരിച്ചുവിളിക്കും"
"മണ്ടാ! അവനുവേണ്ടിയല്ലേ ആ കുരിശു്‌."


രാംമോഹനാണു് തലക്കെട്ടു് ആകര്‍ഷണീയമാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പറഞ്ഞു തന്നതു്. സെലിബ്രിറ്റികളെ ഉപയോഗിക്കുന്നതാണതിനുള്ള വിദ്യകളില്‍ ഒന്നു്. ബൂലോകത്തിനു് പുറത്തുള്ള ഒന്നിനെ അക്സപ്റ്റ് ചെയ്യാന്‍ മനസ്സനുവദിക്കാത്തതു കൊണ്ടു് ആശാനെ തന്നെ തലക്കെട്ടിലിട്ടു. അതിലെ പന്ന എന്ന വാക്കു മാത്രം എന്റെ ക്രിയേറ്റീവിറ്റി. ;). ഇതു പരീക്ഷിക്കുന്നവര്‍ക്കൊരു വാര്‍ണിങ്. ഇങ്ങനെ തലക്കെട്ടി ക്രെഡിബിലിറ്റി കളഞ്ഞാല്‍ വൈറ്റ്വാഷ് ചെയ്തതു് ഗ്രഫിറ്റി ആയിത്തീരാനും സാധ്യതയുണ്ടു്.

എന്നാല്‍ പിന്നെ അടുത്ത കഥ:

2)

വണ്ടി പുറപ്പെടുന്നതിനുമുന്‍പു്‌, അഞ്ജന അമ്മ കൊടുത്ത ലിസ്റ്റ്‌ ഒന്നുകൂടെ നോക്കി.അമ്മയ്ക്കറിയാം മോളുടെ ഓര്‍മ്മ ശക്തി. അതുകൊണ്ടാണു്‌ കാലത്തു്‌ സ്കൂളിലേക്കു്‌ പുറപ്പെടുന്നതിനുമുന്‍പേ യാത്രയില്‍ കരുതേണ്ട സാധനങ്ങളുടെ ലിസ്റ്റെഴുതി കൈയില്‍ തന്നതു്‌. കൂടെ ഒരു കൂട്ടം നിര്‍ദ്ദേശങ്ങളും. ഗ്യാസ്‌ ഓഫ്‌ ചെയ്യണം, വിനയേട്ടനു്‌ അമ്മ വാങ്ങിയ സമ്മാനം എടുക്കണം, വീടു പൂട്ടണം....
ദീര്‍ഘയാത്രയ്ക്കു കരുതേണ്ടതെല്ലാം ഈ ലിസ്റ്റിലുണ്ടു്‌. കമ്പിളി, വാട്ടര്‍ബോട്ടില്‍, മോള്‍ക്കിടയ്ക്കു കൊടുക്കാനുള്ള.. അയ്യോ!
ഈശ്വരാ എന്റെ മോളു്‌!
ഒന്നു നിറുത്തണേ!


ചില കാര്യങ്ങള്‍ ഒരിക്കല്‍ ചെയ്താല്‍ പിന്നെയും ചെയ്യാനുള്ള അബോധപ്രേരണ ജന്തുസഹജമാണെന്നു് ഴാക് ലകാന്‍ എലികളില്‍ പരീക്ഷിച്ചു തെളിയിച്ചിട്ടുണ്ടത്രേ. ദുഷ്ടന്റെ തിയറി‍യും മിനിഞ്ഞാന്നു കേട്ട ഒരു വാര്‍ത്തയും കൂടെ വീണ്ടുമെന്നെ കൊണ്ടൊരു കഥ എഴുതിച്ചു. വന്ന സംഗതി അമ്പതില്‍ നിന്നില്ലെങ്കിലും, വന്ന സ്ഥിതിക്കെല്ലാരും അതു കൂടെ വായിച്ചു പോകണമെന്നു് അഭ്യര്‍ത്ഥിഫൈയിങ്.


കൊച്ചിയില്‍ നിന്നും സൌദിഅറേബ്യയിലേക്കു പോകുന്ന ഫ്ലൈറ്റിലിരുന്നു് അലവിക്കുട്ടി(58) മരിച്ചു. ഫ്ലൈറ്റിറങ്ങുന്നതിനും ഒരുമണിക്കൂര് ‍മുന്‍പു് തന്റെ ശരീരത്തില്‍ പടരുന്ന തണുപ്പു് ഏതാണെന്നു തിരിച്ചറിയാന്‍ അലവിക്കുട്ടി ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. “ഇപ്രാവശ്യം കൂടെ പോയിട്ടു വന്നാല്‍ മതി അടുത്ത വര്‍ഷം മോള്‍ടെ കല്ല്യാണം നടത്തണ്ടേ“ എന്നു് സൂറാബി പറഞ്ഞപ്പോള്‍ ചാരുകസേരക്കയ്യില്‍ കയറ്റി വച്ച കാലുകളുടെ സംവേദനക്ഷമത നശിച്ച എക്സിമപ്പുറങ്ങളില്‍ നിന്നരിച്ചു കയറിയ കനമുള്ള തണുപ്പല്ല. പതിനൊന്നു വര്‍ഷം മുന്‍പു്, ഉമ്മ മരിച്ചെന്നറിയിച്ചു വന്ന കമ്പിയിലെ അക്ഷരങ്ങള്‍ പൊക്കിളില്‍ പടര്‍ത്തിയ കുത്തുന്ന തണുപ്പുമല്ല. അതിനും പതിനൊന്നു വര്‍ഷം മുന്‍പു് ഇനി കാത്തിരിക്കാന്‍ വയ്യെന്നു് മുംതാസ് എഴുതിയതിലെ തണുപ്പനുഭവപ്പെട്ടതു് നെഞ്ചിലെവിടെയോ ആയിരുന്നു. അത്രയും തന്നെ വര്‍ഷം മുന്‍പൊരു പുലര്‍ച്ചയ്ക്കു് ഉരുവിലെ മരപ്പലകയില്‍ നിന്നു് കേള്‍വികളിലേക്കെടുത്തു ചാടിയപ്പോള്‍ കാലിന്റെ പെരുവിരല്‍ മുതല്‍ ഗ്രസിച്ചു വിഴുങ്ങിയ സമുദ്രജലത്തിന്റെ ഉപ്പു നിറഞ്ഞ തണുപ്പോ? അല്ല. അതിലുമെത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പു് ഉപേക്ഷിച്ചു പോന്ന ഗര്‍ഭപാത്രത്തിന്റെ വഴുവഴുത്ത തണുപ്പായിരിക്കണം. തീര്‍ച്ച.

റിവേഴ്സ് ഗിയറില്‍ നിങ്ങളും ഒരു കഥ പറഞ്ഞു നോക്കൂ.