Tuesday, February 05, 2008

രാംമോഹന്റെ തലക്കെട്ടും പന്ന കഥകളും

ആദ്യം പോളും പിന്നെ പെരിങ്ങോടനും നടത്തിയ ആഹ്വാനമനുസരിച്ചു് ബൂലോകത്തില്‍ ഒരു അമ്പതുവാക്കിന്റെ കഥയെഴുത്തുത്സവം നടക്കുകയുണ്ടായി. മലയാളത്തില്‍ വാക്കുകളെ ഇഷ്ടം പോലെ പിരിച്ചും കൂട്ടിയുമെഴുതാമെന്നതിനാല്‍ ഈയുള്ളവനും കിട്ടി രണ്ടു കഥയ്ക്കുള്ള സ്ഥലം. അതിലൊന്നിതാ:

1)

ഒരിടത്തു്‌ ഒരു ഏട്ടില്‍ ഒരു പശുവുണ്ടായിരുന്നു. സ്ഥിതിഗതികളുടെ നൈരന്തര്യത്തില്‍ മനംമടുത്തു്‌, അതു്‌ ഏട്ടില്‍ നിന്നിറങ്ങി അടുത്തുള്ള വയലിലേക്കു്‌ പാഞ്ഞു. പുല്ലിന്റെ പച്ചരക്തം ആമാശയത്തെ നനച്ചപ്പോള്‍ അതിനു്‌ കാഴ്ചയും കേള്‍വിയും കിട്ടി. ആദ്യം കണ്ടതു്‌ തന്നോടടുക്കുന്ന ആള്‍ക്കൂട്ടത്തെയാണു്‌, കേട്ടതു്‌ ഒരാക്രോശവും.

" കേറിപ്പോ"
"എന്തിനു്‌?, എനിക്കു്‌ പുല്ലു തിന്നണം"
"പാടില്ല അതു നിയമങ്ങള്‍ക്കെതിരാണു്‌"
"നിയമം ലിഖിതമാണോ?"
തര്‍ക്കിക്കേണ്ട, കയറിപ്പോകൂ"
"പോയാലും ഒരിക്കല്‍ നിങ്ങളിലൊരാള്‍ എന്നെ തിരിച്ചുവിളിക്കും"
"മണ്ടാ! അവനുവേണ്ടിയല്ലേ ആ കുരിശു്‌."


രാംമോഹനാണു് തലക്കെട്ടു് ആകര്‍ഷണീയമാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പറഞ്ഞു തന്നതു്. സെലിബ്രിറ്റികളെ ഉപയോഗിക്കുന്നതാണതിനുള്ള വിദ്യകളില്‍ ഒന്നു്. ബൂലോകത്തിനു് പുറത്തുള്ള ഒന്നിനെ അക്സപ്റ്റ് ചെയ്യാന്‍ മനസ്സനുവദിക്കാത്തതു കൊണ്ടു് ആശാനെ തന്നെ തലക്കെട്ടിലിട്ടു. അതിലെ പന്ന എന്ന വാക്കു മാത്രം എന്റെ ക്രിയേറ്റീവിറ്റി. ;). ഇതു പരീക്ഷിക്കുന്നവര്‍ക്കൊരു വാര്‍ണിങ്. ഇങ്ങനെ തലക്കെട്ടി ക്രെഡിബിലിറ്റി കളഞ്ഞാല്‍ വൈറ്റ്വാഷ് ചെയ്തതു് ഗ്രഫിറ്റി ആയിത്തീരാനും സാധ്യതയുണ്ടു്.

എന്നാല്‍ പിന്നെ അടുത്ത കഥ:

2)

വണ്ടി പുറപ്പെടുന്നതിനുമുന്‍പു്‌, അഞ്ജന അമ്മ കൊടുത്ത ലിസ്റ്റ്‌ ഒന്നുകൂടെ നോക്കി.അമ്മയ്ക്കറിയാം മോളുടെ ഓര്‍മ്മ ശക്തി. അതുകൊണ്ടാണു്‌ കാലത്തു്‌ സ്കൂളിലേക്കു്‌ പുറപ്പെടുന്നതിനുമുന്‍പേ യാത്രയില്‍ കരുതേണ്ട സാധനങ്ങളുടെ ലിസ്റ്റെഴുതി കൈയില്‍ തന്നതു്‌. കൂടെ ഒരു കൂട്ടം നിര്‍ദ്ദേശങ്ങളും. ഗ്യാസ്‌ ഓഫ്‌ ചെയ്യണം, വിനയേട്ടനു്‌ അമ്മ വാങ്ങിയ സമ്മാനം എടുക്കണം, വീടു പൂട്ടണം....
ദീര്‍ഘയാത്രയ്ക്കു കരുതേണ്ടതെല്ലാം ഈ ലിസ്റ്റിലുണ്ടു്‌. കമ്പിളി, വാട്ടര്‍ബോട്ടില്‍, മോള്‍ക്കിടയ്ക്കു കൊടുക്കാനുള്ള.. അയ്യോ!
ഈശ്വരാ എന്റെ മോളു്‌!
ഒന്നു നിറുത്തണേ!


ചില കാര്യങ്ങള്‍ ഒരിക്കല്‍ ചെയ്താല്‍ പിന്നെയും ചെയ്യാനുള്ള അബോധപ്രേരണ ജന്തുസഹജമാണെന്നു് ഴാക് ലകാന്‍ എലികളില്‍ പരീക്ഷിച്ചു തെളിയിച്ചിട്ടുണ്ടത്രേ. ദുഷ്ടന്റെ തിയറി‍യും മിനിഞ്ഞാന്നു കേട്ട ഒരു വാര്‍ത്തയും കൂടെ വീണ്ടുമെന്നെ കൊണ്ടൊരു കഥ എഴുതിച്ചു. വന്ന സംഗതി അമ്പതില്‍ നിന്നില്ലെങ്കിലും, വന്ന സ്ഥിതിക്കെല്ലാരും അതു കൂടെ വായിച്ചു പോകണമെന്നു് അഭ്യര്‍ത്ഥിഫൈയിങ്.


കൊച്ചിയില്‍ നിന്നും സൌദിഅറേബ്യയിലേക്കു പോകുന്ന ഫ്ലൈറ്റിലിരുന്നു് അലവിക്കുട്ടി(58) മരിച്ചു. ഫ്ലൈറ്റിറങ്ങുന്നതിനും ഒരുമണിക്കൂര് ‍മുന്‍പു് തന്റെ ശരീരത്തില്‍ പടരുന്ന തണുപ്പു് ഏതാണെന്നു തിരിച്ചറിയാന്‍ അലവിക്കുട്ടി ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. “ഇപ്രാവശ്യം കൂടെ പോയിട്ടു വന്നാല്‍ മതി അടുത്ത വര്‍ഷം മോള്‍ടെ കല്ല്യാണം നടത്തണ്ടേ“ എന്നു് സൂറാബി പറഞ്ഞപ്പോള്‍ ചാരുകസേരക്കയ്യില്‍ കയറ്റി വച്ച കാലുകളുടെ സംവേദനക്ഷമത നശിച്ച എക്സിമപ്പുറങ്ങളില്‍ നിന്നരിച്ചു കയറിയ കനമുള്ള തണുപ്പല്ല. പതിനൊന്നു വര്‍ഷം മുന്‍പു്, ഉമ്മ മരിച്ചെന്നറിയിച്ചു വന്ന കമ്പിയിലെ അക്ഷരങ്ങള്‍ പൊക്കിളില്‍ പടര്‍ത്തിയ കുത്തുന്ന തണുപ്പുമല്ല. അതിനും പതിനൊന്നു വര്‍ഷം മുന്‍പു് ഇനി കാത്തിരിക്കാന്‍ വയ്യെന്നു് മുംതാസ് എഴുതിയതിലെ തണുപ്പനുഭവപ്പെട്ടതു് നെഞ്ചിലെവിടെയോ ആയിരുന്നു. അത്രയും തന്നെ വര്‍ഷം മുന്‍പൊരു പുലര്‍ച്ചയ്ക്കു് ഉരുവിലെ മരപ്പലകയില്‍ നിന്നു് കേള്‍വികളിലേക്കെടുത്തു ചാടിയപ്പോള്‍ കാലിന്റെ പെരുവിരല്‍ മുതല്‍ ഗ്രസിച്ചു വിഴുങ്ങിയ സമുദ്രജലത്തിന്റെ ഉപ്പു നിറഞ്ഞ തണുപ്പോ? അല്ല. അതിലുമെത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പു് ഉപേക്ഷിച്ചു പോന്ന ഗര്‍ഭപാത്രത്തിന്റെ വഴുവഴുത്ത തണുപ്പായിരിക്കണം. തീര്‍ച്ച.

റിവേഴ്സ് ഗിയറില്‍ നിങ്ങളും ഒരു കഥ പറഞ്ഞു നോക്കൂ.

21 comments:

Anonymous said...
This comment has been removed by a blog administrator.
Visala Manaskan said...

സിദ്ധാര്‍ത്ഥാ... മാര്‍‌വെലസ്!!

മനസ്സ് നിറയുന്നെടാ ഇത് വായിക്കുമ്പോള്‍. ഒരു പ്രത്യേക രസം. സത്യം.

ഓണ്‍ റ്റോ:

ഇനി കാണുമ്പോള്‍ നിനക്ക് ഞാനൊരു ചിക്കന്‍ ഷവര്‍മ്മയും പൂരപ്പറമ്പില്‍ കിട്ടുന്ന മിഠായി കളര്‍ കലക്കിയ ജ്യൂസും വാങ്ങി തരും.

അതുല്യ said...
This comment has been removed by the author.
അതുല്യ said...

ലിങ്കിങ്

അതുല്യ said...

എന്റേം വക.

അമ്മ മരിച്ച് പിറ്റേന്ന്, 5 പവന്റെ മാലയും 2 പവന്‍ വീതമുള്ള 2 വളകളും അങ്ങനെ 9 പവന്‍ കള്ളം കൊണ്ട് പോയപ്പോഴ് കുസുമവല്ലി ഓര്‍ത്തത് , സെബാസ്റ്റ്യന്റെ കൂടെ 18 കൊല്ലം മുമ്പ് ഒളിച്ചൊടിയപ്പോഴ്, അമ്മ പറഞ് നിലോളിച്ചത് , നിനക്ക് കുറിയെടുത്ത് കൂട്ടി വച്ച പത്ത് പവന്‍ ഇനി ആര്‍ക്ക് കൊടുക്കുമെന്നായിരുന്നു, എന്ന് സുബി പറഞതായിരുന്നു. കട്ട പ്രേമം തലയ്ക്കടിച്ച് നിക്കുന്ന നിമിഷമായത് കൊണ്ട്, അതിനു സുബി വശം മറുപടിയും അമ്മയ്ക് എത്തിച്ചു, അമ്മ അത് കുഴിക്കണ്ട പറമ്പിലേ കാട്ടിലേയ്ക് എറിയട്ടേന്ന്!. അത് കൊണ്ട് തന്നെയാവാം അമ്മേയെ മാവ് മുട്ടികള്‍ മൂടുമ്പോഴ് തന്നെ, ഫണ്ടില്‍ നിന്ന് ലോണേടുത്ത് പൊള്ളുന്ന വിലയ്ക് വാങിയ സ്വര്‍ണ്ണം മോഷണം പോയത്.

റിവേഴ്സ് ഗിയറിലിട്ട് പോട്ടേ ഇത് നല്ലോണ്ണം. കല്ല്യാണ സീ ഡീ വരേം റിവേഴ്സിലിട്ട് കാണാനാ ചിലര്‍ക്ക് ഇഷ്ടം. വിടുതലൈ :)

വേറ്ഡ് വേരി എടുത്ത് കള പന്ന ചെല്ലാ നീ.

Anonymous said...

സിദ്ധാര്‍ത്ഥാ, കിടിലം.

ഇതിലും നല്ല ഒരു കഥയുമായി ഞാന്‍ വരും. കാത്തിരിക്കൂ.

ഡാലി said...

"ആലീസല്ല, സിസ്റ്റര്‍ ആഗ്നസ്" എന്നത് എന്റെ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു.
"ആലീസല്ലേ? രാത്രികളില്‍ മാത്രമല്ല പകലുകളിലും അപ്പനെ പേടിച്ച് തുടങ്ങിയന്നും, മാര്‍ഗ്രറ്റിന്റെ കല്യാണത്തിനു സഹായിക്കാമെന്നുള്ള മഠത്തിന്റെ പ്രലോഭനം അതിജീവിക്കാന്‍ കഴിയുന്നില്ലെന്നതിന്നാല്‍ മഠത്തില്‍ ചേരാന്‍ തീരുമാനിച്ചെന്നും എഴുതി എനിക്കു കിട്ടിയ കത്തിന്റെ ഉടമ? നെറ്റ് എഴുതിയെടുത്താല്‍ മാത്രം മതി. സെന്റ്.ജോസഫിലെ ലെക്ചര്‍ പോസ്റ്റ് നല്‍കാമെന്ന് മദര്‍ വാക്കു പറഞ്ഞെന്ന് യു.ജി.സി പരീക്ഷയ്ക്ക് കണ്ടപ്പോള്‍ എന്നോട് പറഞ്ഞിരുന്നവള്‍? ബി.എസ്സിയ്ക്ക് കൂടെ പഠിച്ച സിന്ധുവിന്റെ കല്യാണത്തിനു കണ്ടപ്പോള്‍ വിപ്ലവകാരി യൂസഫിനെ എനിക്ക് പരിചയപ്പെടുത്തിയ എഴുത്തുകാരി? എസ്.എസ്.എല്‍.സി പുസ്തകം വാങ്ങാന്‍ വന്നപ്പോള്‍ ഈ ഓര്‍ഫനേജിനു പുറത്ത് കടക്കാന്‍ എനിക്ക് പേടിയാകുന്നെടോ എന്ന് പറഞ്ഞ് എന്നെ കെട്ടിപിടിച്ച് കരഞ്ഞവള്‍? എട്ടാം ക്ലാസ്സിലെ ക്ലാസ്സ് ലീഡറോട് ഓര്‍ഫണേജില്‍ നിന്ന് പഠിക്കുന്നവര്‍ക്കും അപ്പനും അമ്മയുമുണ്ടെന്ന് ഓര്‍ക്കണം എന്ന് പറഞ്ഞ് തള്ളിയിട്ടതിന്റെ പേരില്‍ അസംബ്ലിയ്ക്ക് വെയിലില്‍ നിര്‍ത്തപ്പെട്ടവള്‍? യു.പിയിലെ സ്കൂള്‍ കലോത്സവത്തില്‍ ഓട്ടത്തിലും ജാവലിന്‍ ത്രോയിലും ഒന്നാം സമ്മാനക്കാരി? ആറില്‍ പഠിക്കുമ്പോള്‍ നീട്ടി വളര്‍ത്തിയ നഖങ്ങള്‍ ചുമ്മരിലെ കുമ്മായത്താല്‍ തിളക്കപ്പെടുത്തുന്നതെങ്ങിനെയെന്നു പുരികം ഷേപ്പില്‍ ചീകി വയ്ക്കുന്നതെങ്ങനെയെന്നും കാണിച്ച് എന്നെ പ്രലോഭിപ്പിച്ചവള്‍? ഞാന്‍ ആദ്യമായി ആ സ്കൂളില്‍ ചേര്‍ന്ന വര്‍ഷം തൊട്ടടുത്ത പ്രേതബംഗ്ലാവിലെ അത്ഭുതലോകം കാട്ടിതന്ന അതേ ആലീസ്?! എന്നതായിരുന്നു ചോദ്യം.

കുറിപ്പ്:സിദ്ധന്‍ ചേട്ടോ, റിവേഴ്സ് കഥ പിടി. ജന്തുസഹജമായ അബോധപ്രേരണയെ മറികടക്കാന്‍ ആര്‍ക്കു കഴിയും!
ഞാനൊരു കഥ എഴുതുന്നത് കുമാറേട്ടന്റെ ഒരു പടത്തിനു വേണ്ടി നടത്തിയ കഥയെഴുത്ത് മത്സരത്തിനായിരുന്നു. ജീവിതത്തില്‍ ആദ്യമായി എഴുതിയ കഥയും അത് തന്നെ. ജന്തുസഹജമായ അബോധപ്രേരണയ്ക്കു മുന്‍പില്‍ നമോവാകം.

ഡാലി said...

ശെ കമന്റ് ട്രാക്ക് ചെയ്യാന്‍ മറന്നു :)

വാല്‍മീകി said...

നല്ല കഥ. ഡാലിയുടെ കഥയും കൊള്ളാം.

sivakumar ശിവകുമാര്‍ said...

നന്നായി..........

തഥാഗതന്‍ said...

വളരെ നന്നായി
തലക്കെട്ട് കണ്ടപ്പോള്‍ ആദ്യം‍ വണ്‍ സ്വോളോവിന്റെ എഴുത്തിനെ വിമര്‍ശിച്ചതാണെന്നു കരുതി :)

തഥാഗതന്‍ said...

എന്നാല്‍ ഞാനും ഒരു കഥ എഴുതാന്‍ ശ്രമിക്കട്ടെ.


കൌമാരം പടികയറി എത്തിയപ്പോള്‍ തുടങ്ങിയതാണ് മനസ്സില്‍ വര്‍ണ്ണങ്ങള്‍ നിറയാന്‍.പൂക്കളിലും പൂമ്പാറ്റകളിലും പതാകകളിലും ഒക്കെ നിരവധി വര്‍ണ്ണങ്ങള്‍.പിന്നീട് യൌവനാരംഭത്തില്‍ ആകര്‍ഷിച്ചത് വസ്ത്രങ്ങളുടെ വര്‍ണ്ണങ്ങളായിരുനു.സപ്നാ ദാസിന്റെ കടും നീല സാരി,ബിന്ദുവിന്റെ ചുവന്ന ചുരീദാര്‍,രേണുവിന്റെ മഞ്ഞ പാവാട,ശുഭ ടീച്ചറുടെ റോസ് സാരി.

പിന്നീട് ആകര്‍ഷിച്ചത് പതാകയിലെ ചോര നിറമായിരുന്നു.ആ നിറം സ്വപ്നങ്ങളില്‍ പോലും നിറഞ്ഞു നിന്നിരുന്നു..കാലാന്തരത്തില്‍,കര്‍മ്മ പ്രവാഹത്തിന്റെ ഏതോ കടവില്‍ വെച്ച് ആ നിറം മനസ്സില്‍ നിന്ന് മാഞ്ഞു പോകാന്‍ തുടങ്ങി..

പിന്നീട്..ഹിമവല്‍ സാനുക്കളില്‍ ലക്ഷ്യമില്ലാതെ അലഞ്ഞപ്പോള്‍ ഭവതി ഭിക്ഷാംദേഹി എന്നും പറഞ്ഞ് പാത്രം നീട്ടിയ ഭിക്ഷുവിന്റെ കാഷായ വസ്ത്രത്തിനോടായി താല്‍പ്പര്യം..കാശിയിലെ പണ്ഡമാര്‍ അരയില്‍ ചുറ്റുന്ന ചുവന്ന് പട്ടും,കേദാരത്തിലെ സം‌ന്യാസിമാര്‍ ഉടുത്തിരുന്ന പുലിത്തോലിലെ ബഹു വര്‍ണ്ണങ്ങളും മനസ്സില്‍ നിറഞ്ഞു നിന്നു..

അവസാനം പോകുമ്പോഴോ? നെടുനീളം പുതയ്ക്കുന്ന് കോടി മുണ്ടിന്റെ ധവളിമ മാത്രം..

kaithamullu : കൈതമുള്ള് said...

സിദ്ധാരത്ഥാ, ഇതാ എന്റെ വകയും ഒന്ന്:
----------

ടെലഫോണില്‍ അമ്മയുടെ സ്വരം അവ്യക്തമായിരുന്നു:"നീ വാ, ഞാന്‍ കണ്ണടക്കുമ്പോ അടുത്ത്‌ വേണം.
പിന്നെ തെങ്ങ്‌ കേറാന്‍ ആള്‍ വന്നില്ല.കറന്റ്‌ ബില്ല്, പലചരക്ക്‌, ടെലഫോണ്‍, മരുന്നും കുഴമ്പും,പറമ്പില്‍ പണി. കുറച്ച്‌ കാശ്‌ വേഗം...."

പഠിത്തച്ചെലവും കല്യാണവും കൂടി നടത്തിക്കൊടുക്കാന്ന് പറഞ്ഞാ ചേച്ചീടെ മോളെ അമ്മക്ക്‌ കൂട്ടായി നിര്‍ത്തിയിരിക്കുന്നേ. "അവള്‍ടെ പോക്കത്ര ശരിയല്ല."

"അമ്മക്ക്‌ കാശയക്കണം, ഞാന്‍ വെളുപ്പിനെ പോകും' പണമെടുത്ത്‌ ഭാര്യക്ക്‌ കൊടുക്കുമ്പോ പറഞ്ഞു.

അമ്മ ആശുപത്രിയില്‍ എന്നായിരുന്നു പിന്നത്തെ ഫോണ്‍.'എന്താ നീ പണമയക്കാറില്ലേ?' രാമേട്ടന്റെ ശകാരം.

ഭാര്യയോട്‌ ചോദിച്ചു"നീ അമ്മക്ക്‌ പണമയച്ചില്ലേ?'
"അയച്ചല്ലോ, എന്റമ്മ അന്ന് തന്നെ അത്‌ അനിയത്തീടെ വയറു കാണല്‍ ചടങ്ങിനു കൊടുത്തെന്നും പറഞ്ഞു.

സിദ്ധാര്‍ത്ഥന്‍ said...

ഹാവൂ!
കഥകളിത്രയും ഞാനും പ്രതീക്ഷിച്ചതല്ല.
സന്തോഷം.
ചിലര്‍ അമ്പതുവാക്കിന്റെ കഥകളാണെഴുതിയതന്നു തോന്നുന്നു.

പോസ്റ്റിന്റെ ബാക്ക് ലിങ്കില്‍ സൂര്യഗായത്രിയുടെ കഥ മാത്രമേ വന്നുള്ളൂ. ബഗ്ഗാണോ എന്തോ.

ഇതല്ലാതെ കഥ എഴുതിയതായി കണ്ണില്‍ പെട്ടവ:
രേഷ്മയുടെ റിവേഴ്സ്

പെരിങ്ങോടന്റെ റിവേഴ്സ് ഇന്‍ ദ റിവേഴ്സ്

ഇതല്ലാതെ വല്ലതുമുണ്ടെങ്കില്‍ ഇവിടെ ലിങ്കാക്കിയാല്‍ ഉപകാരം.

വിനയന്‍ said...

സൂപ്പര്‍

എനിക്ക് മുമ്പേ ഇത്തരം പന്ന കഥകള്‍ ഇഷ്ടമാണ് ദാ എന്റെ വകയും പിടിച്ചോളൂ.

പേര്‍ : മേഘങ്ങള്‍ക്ക് പെയുന്റടിക്കുന്നവര്‍
----------------------------------
“തേഞ്ഞു തീര്‍ന്ന ചെരിപ്പും പൊടിപിടിച്ച സ്വപ്നങ്ങളുമ്മായി അയാള്‍ സ്വപ്നജീവിയെ പോലെ റോഡിലൂടെ വന്ന ഒരു കാളവണ്ടിക്ക് കൈ കാണിച്ചു.കാളവണ്ടിക്ക് അയാളുടെ സ്വപ്നങ്ങളേക്കാള്‍ വേഗം കുറവായിരുന്നു.വരണ്ട ചെമ്മണ്‍ പാതയിലെ കുറച്ച് തല പുറത്തേക്ക് കാണിച്ചിരിക്കുന്ന കരിങ്കല്‍ ചീളുകള്‍ കാളവണ്ടിയുടെ ചക്രങ്ങളില്‍ നിന്നും തീ പാറി.ആതീക്ക് അയാളുടെ മനസ്സിലെ തീയെക്കാളും ഒട്ടും ശക്തി ഇല്ലായിരുന്നു.കാളകളുടെ കുളമ്പുകള്‍ തട്ടി വീണ്ടും പൊടി പടലങ്ങള്‍ പരോള്‍ കിട്ടിയ തടവു കാരനെ പോലെ മുകളീലേക്ക് പാറി നടാന്നു.ഇളം ചുവപ്പ് നിറമുള്ള പൊടി പടലങ്ങള്‍ അടുത്തുള്ള മാവുകളുടേ ഇലകളില്‍ പുതിയ നിറച്ചാര്‍ത്ത് നല്‍കി.മാവിന്റെ അടിയിലുള്‍ല ചെറിയ പോടുകള്‍ അയാളുടേ മനസ്സുപോലെ ശൂന്യമായിരുന്നു.........

ഇനിയും എഴുതണമെന്നുണ്ട് പക്ഷെ ഒരു കമന്റില്‍ ഇനിയും എഴുതാന്‍ വയ്യ.അല്ലെങ്കില്‍ എക്സറെ മെഷീന്‍ അബ്ഡൊമിനില്‍........അണ്‍ഗനെ അങ്ങനെ,,,,,,,,,

Inji Pennu said...

എന്നേം കൂട്ടോ? :)

One Swallow said...

എനിക്ക് ശ്രമിക്കാന്‍ വയ്യ. കാരണം ലോകത്തിന്നേവരെ എഴുതപ്പെട്ടിട്ടുള്ള ചെറുകഥകളിലെ ഏറ്റവും മികച്ച ഒന്നായ ജേണി ബാക് റ്റു ദ സോഴ്സ് (അലെജോ കാര്‍പ്പെന്റിയര്‍ എഴുതിയത് http://en.wikipedia.org/wiki/Alejo_Carpentier) വായിച്ചു പോയതിനാല്‍. കത്തിക്കൊണ്ടിരിക്കുന്ന ഒരു മെഴുതിരി വലുതായി വലുതായി വന്ന് കെട്ടുപോകുന്ന ഒരു ചിത്രമുണ്ടതില്‍. കല്യാണക്കാസറ്റുകള്‍ പിന്നോട്ടോടിച്ചിരുന്നതിനെപ്പറ്റി എഴുതണമെന്ന് വിചാരിച്ചിരുന്നു. അതിനു പകരം ഉറവിടത്തിലേയ്ക്കുള്ള മടക്കയാത്ര പരിഭാഷപ്പെടുത്താം. ഹാര്‍ഡ് കോപ്പി കൈവശം.

തഥാഗതന്‍ said...

ക്യൂബന്‍ എഴുത്തുകാരന്‍..

Viaje a la Semilla

അഥവാ Journey Back to the Source അല്ലെ?

കത്തിത്തീരാറായ മെഴുകു തിരി നീളം കൂടി വരുന്നതും ,കപ്പലിന്റെ ആണി അതിന്റെ ഉല്‍ഭവം തേടി ഖനികളിലേയ്ക്ക് പോകുന്നതും ഒക്കെ അല്ലെ? കുറച്ച് മുന്‍പ് വായിച്ചതാണ്.നല്ല കഥയാണ്

One Swallow said...

ഇതളൂര്‍ന്നു വീണ പനിനീര്‍ദലങ്ങള്‍
തിരികെ ചേരുമ്പോലെ...
വിഡിയോ കാസെറ്റ് പിറകോട്ടോടുമ്പോള്‍
സമയം പോകുമ്പോലെ...

One Swallow said...

സിദ്ധാര്‍ത്ഥാ, ഓണ്‍ തേഡ് തോട്ട്സ്, തലക്കെട്ടില്‍ ഒരു തിരുത്താകാം: പന്നക്കഥകള്‍ എന്നാക്കുന്നതല്ലേ ശരി?

റിവേഴ്സ് ഗിയറില്‍ എഴുതിയ ഒരു മനോഹരന്‍ കവിത ഈയിടെ മാതൃഭൂമി വീക്ക് ലിയില്‍ കണ്ടു: http://paliyath.googlepages.com/vazhukkal.jpg


[ച്ഛെ!നക്കാര്യം: നമ്മുടെ ഭാഷയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണെന്നു തോന്നുന്നു ഒരാള്‍ക്ക് ഗാനരചനയ്ക്ക് സംസ്ഥാന ചലച്ചിത്ര അവാര്‍ഡും കവിതയ്ക്ക് അക്കാദമി അവാര്‍ഡും ഒരേ വര്‍ഷം ലഭിച്ചത് - കഴിഞ്ഞ വര്‍ഷം റഫീക് അഹമ്മദിന്. നല്ല കവിതകള്‍ എഴുതുമ്പോളും പാട്ടെഴുത്തിന്റെ ഗുട്ടന്‍സ് പിടികിട്ടിയിട്ടുള്ള ആളാണ് റഫീക്. തൊട്ടാവാടികളുടെ അസൂസ തട്ടം പിടിച്ച് വലിയ്ക്കലില്‍ ഒതുങ്ങും. പാട്ടാക്കാനറിയാവുന്നവര്‍ അത് പാട്ടാക്കും.

ഇക്കാ‍ര്യത്തില്‍ വഴക്കിടാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ഇത് മുറിച്ച് ചമ്മന്തിയാക്കി നോക്കുക: http://valippukal.blogspot.com/2008/02/blog-post_09.html

മലയാളത്തിലെത്തന്നെ ഏറ്റവും മനോഹരമായ ചെറുകഥകളിലൊന്നാണ് പത്മരാജന്റെ ‘ഓര്‍മ’. അതിനെ ബേസ് ചെയ്താണ് ബ്ലെസിയുടെ തന്മാത്ര എന്ന് ടൈറ്റിലില്‍ കാണിച്ചിരുന്നു. കഥയുടെ ഏഴയലത്തുവരില്ല സിലിമ.

ആ കഥ ഒരു പാതിയോളം റിവേഴ്സിലാണ് പോക്ക്. അതില്‍ മോഹന്‍ലാലല്ല ഒരു വെല്യമ്മച്ചിയാണ് നായിക. കഥ തുടങ്ങുന്നത് അവരുടെ കറന്റായ ഓര്‍മ ഇല്ലാതാകുന്നതായിട്ടാണ്. സമീപകാലമൊന്നും ഓര്‍മയില്ല. അങ്ങനെ കുട്ടിക്കാലം മുതല്‍ അവര്‍ ഓര്‍ത്തുവരുന്നു. കറന്റ് ഓര്‍മയില്‍ എത്തുമ്പോളേയ്ക്കും...

മസ്റ്റ് റീഡ്.

സിദ്ധാര്‍ത്ഥന്‍ said...

ഉച്ചാരണഭേദം വരുത്തുന്ന അര്‍ത്ഥഭേദം എങ്ങനെ വരമൊഴിയിലാക്കും എന്നു തലപുകഞ്ഞിരിക്കുന്ന സമയത്താണു് ഭ്രാതാവേ താങ്കളുടെ വരവു്. ഇന്നസെന്റ് പറഞ്ഞു ഫലിപ്പിച്ച അതുശരി,അങ്ങനെ വരട്ടെ എന്നൊക്കെ അര്‍ത്ഥം വരുന്ന ‘ആ’ ഒരു എളുപ്പമുള്ള ഉദാഹരണം.
തലക്കെട്ടിടുമ്പോള്‍ പന്നയ്ക്കു് ഊന്നല്‍ കൊടുത്തു (കഥകളിന്മേലുള്ള ഓവര്‍കോണ്‍ഫിഡന്‍സ് ഹേതു ;) ) കൊണ്ടിട്ടതാണാ സ്പേസ്. പന്നക്കഥകള്‍ തന്നെയാണു ശരി.

പാട്ടാക്കാനറിയാവുന്നവനതു ചെയ്യട്ടെ പാട്ടിലാക്കാനറിയാവുന്നവനതും എന്നു തന്നെയാണെന്റെയും പക്ഷം. അതു കൊണ്ടു തല്ലുകൂടാനില്ല. റഫീക്കിന്റെ കവിത ഉഗ്രന്‍. പുതുക്കക്കുളിമുറി എന്ന ആദ്യത്തെ വാക്കില്‍ തന്നെ ഉസ്മാനെ കണ്ടതു് ദുബായ്ക്കാരനായതോണ്ടാവും ല്ലേ?

കല്യാണകാസറ്റ് പുറകോട്ടടിക്കുന്നതിന്റെ കഥയും പിന്നെ ലാ‍റ്റിനമേരിക്കന്റെ തര്‍ജ്ജമയും ഇപ്പഴും കടം ;)