Tuesday, January 15, 2008

കവിതയും നിരീക്ഷണവും

സമൂഹത്തില്‍ കവിക്കു് നിരീക്ഷകന്റെ സ്ഥാനമാണു് സാധാരണ കല്‍പിച്ചുപോരാറുള്ളതു്. എന്നാല്‍ കവിയും കവിതയും സമൂഹത്തില്‍ നിന്നും വേറിട്ട ഒരു നിരീക്ഷകനല്ല,സമൂഹത്തിന്റെ വ്യവഹാരങ്ങളില്‍ ഭാഗഭാക്കായിരുന്നു കൊണ്ടു് ഒരേ സമയം നിരീക്ഷകനും നിരീക്ഷിക്കപ്പെടുന്നവനും ആയിരിക്കുകയാണു് എന്നു് ചൂണ്ടിക്കാണിക്കുകയാണു് പേരറിയാത്ത ഒരു കവി തന്റെ കവിതയിലൂടെ. സമൂഹമനസ്സാക്ഷികള്‍ക്കു മുകളിലൂടെ പറക്കുന്ന ഒരു പരുന്തായാണു് കവി ഇവിടെ തന്നെതന്നെ അവരോധിക്കുന്നതു് പരുന്തിനു് സ്കാവഞ്ചര്‍ എന്നൊരു ധര്‍മ്മം കൂടിയുണ്ടു്. ചരിത്രപരവും സംസ്ക്കാരപരവുമായ മാലിന്യങ്ങളെ തൂത്തു തുടച്ചു് തലമുറകളോടു് അതഴുക്കാണെന്നു പറയുന്ന ഒരു ധര്‍മ്മം, കവിയേയും കവിതയേയും എക്കാലവും തീണ്ടിയിട്ടുണ്ടു്. ഈ കവിതയും അതില്‍ നിന്നും വ്യത്യസ്ഥമല്ല. ഇങ്ങനെ ചൂണ്ടിക്കാണിക്കുന്നതിലൂടെ നിരീക്ഷിക്കപ്പെടുന്നവന്‍ അനുഭവിക്കുന്ന ഒരു
സ്വാതന്ത്ര്യമുണ്ടു്. അവനവനെ വിമര്‍ശിച്ചുകൊണ്ടിരിക്കുന്ന ഒരുവന്‍ ബോധപൂര്‍വമല്ലാതെ അനുഭവിക്കുന്ന ഒരു സ്വാതന്ത്ര്യം. ഈ സ്വാതന്ത്ര്യം തന്നെയാണു സമൂഹമനസ്സാക്ഷിക്കുമുകളില്‍ പറക്കാന്‍ സഹായിക്കുന്നതും. അങ്ങനെ പറക്കുന്ന ഒരു പരുന്തിനെ സംബോധന ചെയ്തുകൊണ്ടാണു് കവിതയിലെ ആദ്യവരി ഇറ്റു വീഴുന്നതു്.

ആദ്യവായനയില്‍ കൃത്യമായ അര്‍ഥം തരാത്ത ഒരു പദമുണ്ടായിട്ടും ആസ്വാദനത്തിനു തടസ്സമുണ്ടാകാത്ത വിധം അതിനെ വായനക്കാരന്‍ മറന്നു വെക്കുന്നു. വായനക്കാരന്റെ ശ്രദ്ധ പതിയുന്നതു് പരുന്തിനു കൊടുത്ത ചെമപ്പു് എന്ന വിശേഷണത്തിലായിരിക്കും. കവിയുടെ രാഷ്ട്രീയം വെളിവാക്കുന്നതെന്നു് പ്രഥമദൃഷ്ട്യാ തെറ്റിദ്ധരിപ്പിക്കുന്ന ഈ നിറം മുറിവേറ്റ ഒരു മനസ്സിന്റെ കൂടിയാണെന്നു് പിന്നീടുള്ള വരികളില്‍ നമുക്കു വായിച്ചെടുക്കാന്‍ കഴിയും. കേരളം മറന്നു പോയ ത്യാഗത്തിന്റെ ഒരു ചരിത്രത്തിലേക്കു്, രാജാധികാരം മെനഞ്ഞെടുത്ത ഒരു കൂട്ടക്കുരുതിയിലേക്കു്, ആണു് കവി അടുത്തവരിയില്‍ ശ്രദ്ധക്ഷണിക്കുന്നതു്.

നീയുണ്ടോ മാമാങ്ക വേല കണ്ടു എന്ന ചോദ്യം നിരീക്ഷകനോടു് നിരീക്ഷിക്കപ്പെടുന്നവനാണു ചോദിക്കുന്നതു്. കവി നിരീക്ഷകനാകുമ്പോള്‍ ഇതു് ഒരു ആത്മവിമര്‍ശനമാകുന്നു. ചരിത്രത്തെ കളങ്കപ്പെടുത്തിയ ഒരു കാര്യം നീ കണ്ടുവോ എന്നു ചോദിക്കുമ്പോള്‍ നിരീക്ഷകനില്‍ നിന്നും പ്രതീക്ഷിക്കുന്ന ഉത്തരം അല്ല ലഭിക്കുന്നതെന്ന ഞെട്ടിപ്പിക്കുന്ന സത്യം അടുത്ത വരിയില്‍ നമ്മളറിയുന്നു. വളരെ നിരുത്തരവാദപരമായി മാമാങ്കം എന്ന വാക്കിനെ ഒഴിവാക്കിക്കൊണ്ടു് നിരീക്ഷകന്‍ വേലയും കണ്ടു വിളക്കും കണ്ടു എന്നു് അലസമായി ഉത്തരം കൊടുക്കുന്നതു് ആരെയാണു് തകര്‍ത്തു കളയാത്തതു്? സമൂഹത്തോടുള്ള പ്രതിബദ്ധത മറന്നു പറക്കുന്ന ഒരു നിരീക്ഷകനെ വിമര്‍ശിക്കുന്നതിലൂടെ കവിയുടെ ഒരു ഏറ്റു പറച്ചിലായി വേണം ഈ വരിയെ വായിച്ചെടുക്കാന്‍. എന്നാല്‍ സമൂഹത്തിനു വേണ്ടതു് ഒരു കുമ്പസാരമല്ല. മാറ്റമാണു്. നിലവിലുള്ള അവസ്ഥയില്‍ നിന്നുള്ള മാറ്റം. അതിനു നിദാനമായി അടുത്ത വരി ലഘുവില്‍ തുടങ്ങിയിരിക്കുന്നു. ബാക്കി മൂന്നുവരിയും ഗുരുവില്‍ തുടങ്ങിയ കവി ഈ വരി സാമ്പ്രദായികമായ രീതിയില്‍ നിന്നും വ്യത്യസ്ഥമായി തുടങ്ങി തനിക്കുള്ള പ്രതിബദ്ധത വരച്ചിട്ടിരിക്കുന്നു. ഒരു പൊളിച്ചെഴുത്തിനു മുതിരുന്ന കവിക്കു മുന്‍പില്‍ സ്വപ്നത്തിലെന്ന പോലെ തെളിയുന്നതു് പതിവു കാഴ്ചകളല്ല. കടല്‍ത്തിരയും കപ്പലുമാണു്. ഏതൊരു വിപ്ലവത്തിനും നേരിടേണ്ടി വരുന്ന നിരന്തരമായ പ്രതിബന്ധങ്ങളെ കടല്‍ത്തിരകള്‍ സൂചിപ്പിക്കുന്നു. പ്രജ്ഞയെ നിരുത്സാഹപ്പെടുത്തുന്ന പ്രതിബന്ധങ്ങള്‍ക്കു മുകളില്‍ പ്രതീക്ഷയുടെ കപ്പല്‍ ബിംബാത്മകമായി സ്ഥാപിച്ചു് കവി വിരമിക്കുമ്പോള്‍ അര്‍ഥം മനസ്സിലാവാതെ മാറ്റി വച്ച ആദ്യപദം അനുവാചകന്റെ മനസ്സിനെ മഥിക്കുന്നു.

തന്നില്‍ നിക്ഷിപ്തമാ‍യ പ്രതീക്ഷകള്‍ ഒരു ഭാഗത്തും മാറ്റങ്ങള്‍ക്കു നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍ മറ്റൊരു ഭാഗത്തും ഒരേസമയം എത്തുമ്പോള്‍ നിരീക്ഷകനു് നിരീക്ഷിക്കപ്പെടുന്നവന്‍ ഭാരമായി തീരുന്നു എന്ന അറിവിലേക്കാണു് ആദ്യ വരി വിരല്‍ ചൂണ്ടുന്നതു്. സമൂഹത്തിന്റെ ചോദ്യങ്ങള്‍ കവിയുടെ സ്വസ്ഥതനശിപ്പിക്കുന്നു. ഒന്നടങ്കം അവരെ ശപിച്ചുകൊണ്ടാണു് അലസമായ പറക്കല്‍ അനുസ്യൂതം പരുന്തു് തുടരുന്നതു്. ഇതു തിരിച്ചറിയുന്ന അനുവാചകന്‍, കവി മനപ്പൂര്‍വം എഴുതാതെ വിട്ട ‘പ’ പൂരിപ്പിക്കുന്നു. കവിതയെ പുതിയ മാനങ്ങളിലേക്കു് തുഴഞ്ഞിട്ടുകൊണ്ടു് മറ്റൊരു വായനയ്ക്കു വായനക്കാരനെ പ്രേരിപ്പിച്ചുകൊണ്ടു് കവിത ഇങ്ങനെ അവശേഷിക്കുന്നു.

പ്രാകി പറക്കുന്ന ചെമ്പരുന്തേ
നീയുണ്ടോ മാമാങ്ക വേല കണ്ടു
വേലയും കണ്ടു വിളക്കും കണ്ടു
കടലില്‍ത്തിര കണ്ടു കപ്പല്‍ കണ്ടു.

വാല്‍ക്കഷ്ണം:- ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശനത്തിനു വച്ചിരുന്ന ഒരു ഗോപുരത്തില്‍ രണ്ടു ചെറുപ്പക്കാരുടെ ശ്രദ്ധ പതിഞ്ഞു. മരത്തടിയില്‍ പണിഞ്ഞ ചെറിയ ഒരു ഗോപുരം. അതിനു മുന്നില്‍ അലസമായി ഉപേക്ഷിക്കപ്പെട്ട പോലെ ഒരു താക്കോല്ക്കൂട്ടം‍. ഗോപുരം അജ്ഞതാപ്രേരിതമായ ജീവിതപ്രതിബന്ധങ്ങളാണെന്നും അവ അറിവാകുന്ന താക്കോല്‍ കൊണ്ടു തുറക്കണമന്നും ഒരുത്തന്‍ വ്യാഖ്യാനിച്ചപ്പോള്‍ ഗോപുരം ദന്തഗോപുരമാണെന്നും സ്വകാര്യവല്‍ക്കരിക്കപ്പെട്ട മൂലധനത്തിന്റെ പ്രതീകമാണെന്നും അതു തുറന്നു തകര്‍ക്കാന്‍ ഉപയോഗിക്കേണ്ട സംഘടനാബലം അലസമായി ഉപേക്ഷിക്കപ്പെട്ടിരിക്കുകയാണെന്നും മറ്റൊരുവന്‍ വ്യാഖ്യാനിച്ചു. ഇരുവരും അവരവരുടെ വ്യാഖ്യാ‍നങ്ങളെ ശരിവയ്ക്കുന്ന സൂചനകള്‍ കാണിച്ചു കൊണ്ടു വാദിച്ചു. ഗാലറി വാച്മാന്‍ വന്നു് മറന്നുവച്ച തക്കോലെടുത്തുകൊണ്ടു പോകുന്നതു വരെ അതു തുടര്‍ന്നത്രേ.

8 comments:

സിദ്ധാര്‍ത്ഥന്‍ said...

നിരൂപണം കവിതയെ ആധാരമാക്കിയുള്ളതാവുമ്പോള്‍ പാലിക്കേണ്ട ധര്‍മ്മങ്ങള്‍ ആരെങ്കിലും പാലിക്കുന്നില്ല എന്നു പറയാനല്ല, മറിച്ചു്, കവിത മനോവ്യാപാരത്തിനുള്ള ഉപാധി മാത്രമാണെങ്കില്‍ അക്ഷരമാല ധാരാളം മതി എന്ന അഭിപ്രായം രേഖപ്പെടുത്താന്‍ മാത്രമായാണു് ഈ പോസ്റ്റ്.

ബാജി ഓടംവേലി,ബഹറിന്‍ said...

പ്രാകി പറക്കുന്ന ചെമ്പരുന്തേ
നീയുണ്ടോ മാമാങ്ക വേല കണ്ടു
നല്ല ചിന്തകള്‍........

സുല്‍ |Sul said...

എന്റെ സിദ്ധാര്‍ത്ഥാ നീ എന്നെയങ്ങ് കൊല്ല്. ഒന്നാം ക്ലാസ്സിലും രണ്ടാം ക്ലാസ്സിലുമെല്ലാം വച്ച് ഈ പദ്യം ചൊല്ലുമ്പോള്‍ ഇതിനുള്ളില്‍ ഇത്രെം വലിയ ഒരു ചിന്തയുടെന്ന് ചിന്തിക്കാന്‍ ആര്‍ക്ക് കഴിയും. ഇപ്പോഴും കഴിയുന്നില്ലെന്നതാണ് ശരി. ഏതായാലും പരുന്തിന്റെ പ്രാകല്‍ നന്നായി. ഇനി ആരും പരുന്ത് റാഗി പെറുക്കുകയാണെന്നു പറയില്ലല്ലൊ.
-സുല്‍

അഭയാര്‍ത്ഥി said...

അപ്പപ്പോ ഉശിരന്‍ നിരീക്ഷണം....
ഇങ്ങിനേയും നിരീക്ഷിക്കാമല്ലേ?.
ഇതൊരു വിമര്‍ശകന്റെ സ്വാതന്ത്ര്യം മാത്രമാകുന്നതേയുള്ളു- സമ്ര്ത്ഥിച്ചിരിക്കുന്നതും
അതുതന്നെ എന്നെനിക്കു തോന്നുന്നു.
വായനക്കനുഗുണമായ വളരെ ചുരുക്കം ബ്ലോഗുകളില്‍ ഒന്നാണിത്‌ എന്ന്‌ ഓരോ എഴുത്തും അടിവരയിടുന്നു.

എംകിലും കവിതയെക്കുറിച്ച്‌ എനിക്കുള്ള വേറിട്ട അഭിപ്രായം എഴുതട്ടെ.
കവിത സ്വതന്ത്ര വിഹായസ്സില്‍ പറക്കുന്ന കവിയാകുന്ന പരുന്തിന്റെ ചിറകിലെ
വേദനിപ്പുക്കുന്ന തൂവലാണ്‌. മാമാങ്കവും വേലയും വിളക്കും കപ്പലും കാണുന്നതിനിടക്ക്‌
ഈ വേദനിക്കുന്ന തൂവല്‍ കൊഴിയുന്നു.
ഇതോടെ ഈ വിഹംഗ സാര്‍വ്വഭൗമന്‌ ശാരീരിക സൗഖ്യം കൈവരുന്നു. പിന്നെ കൊഴിഞ്ഞു പോയ തൂവലിന്റെ
സഞ്ചാരം നോക്കി കാണുന്ന കുതൂഹലം ബാക്കി.

വിമര്‍ശകന്മാര്‍ക്ക്‌ സ്പെക്ട്രോഗ്രാഫില്‍ ഈ തൂവലിന്റെ നാരുകളില്‍
റേഡീയൊ പ്രസരത്തിന്റെ അല്‍പ്പമാത്രകള്‍ കാണാനാകുമെങ്കിലും മാഷുടെ നിരിക്ഷണമെത്തിപ്പെട്ട ഒരു
ഖ നി നിറക്കാന്‍ മാത്രമുള്ള രേഡിയം ഡെപ്പോസിറ്റ്‌ കണ്ടേക്കുമൊ?.സംശയമാണെ.

മഴമേഘം said...

താങ്കള്‍ ഒരു സംഭമാണെന്നാ കരുതിയത് ഈ post ടെ ഒരു പ്രസ്ഥാനമാണെന്നു മനസ്സിലായി,കൂടുതല്‍ പോരട്ടെ....

kaithamullu : കൈതമുള്ള് said...

നിരീക്ഷണങ്ങള്‍ നന്നായി, സിദ്ധാര്‍ത്ഥാ.
( അവസാനം പോയി കവിത വായിച്ച് പിന്നെ തിരിച്ച് വന്നാ‍ണ് പോസ്റ്റ് വായിച്ചത്.)

ദേവന്‍ said...

ഇപ്പ മനസ്സിലായി. പരുന്തിന്റെ രാകലല്ല, എനിക്ക് കവിതയൊന്നും മനസ്സിലാവത്തതിന്റെ കാരണമെന്താന്ന്.

അതുല്യ said...

ഉം എല്ലാം എനിക്ക് മനസ്സില്ലായീലോ. കവിത ചേച്ചീടെ ഇഡ്ഡലി ചെറുതാണെന്ന് പറയുമ്പോ, അല്ലല്ല, വായ വെലുതായതാണു കാരണമെന്നുള്ള അര്‍ഥം ഉള്‍ക്കൊള്ളണം. അതന്നെ!

കവിത ബസ്സ് സര്‍വ്വീസ് എപ്പോഴും മിസ്സാവും. ഇറ്റ് ഈസ് എഇതര്‍, എഇ വേവ് ഹാന്‍ഡ്സ് ബിഹെന്‍ഡ് ഇറ്റ് ഓര്‍ ഇറ്റ് റണ്‍സ് ഫാസ്റ്റര്‍ ദാന്‍ മീ. എന്റെ വാ‍യന കവിത മനസ്സിലാക്കാനുമുതകും വണ്ണം പരന്നതല്ല.