ഭാഷ ഗൂണ്ടകളെപ്പോലെയാണു്. അതു് തെരുവില്‍ ജനിക്കുന്നു. കൊണ്ടും കൊടുത്തും വളരുന്നു. സ്വന്തം ഗുണ്ടത്തത്തെ സംരക്ഷിക്കാന്‍ കഴിവറുന്നയിടത്തു് വച്ചു് അതിനു മരണം സംഭവിക്കുന്നു. മരണം മറ്റൊരു ഗുണ്ടയുടെ ജനനത്തോടെയായിരിക്കുകയും ചെയ്യും. ഭാഷ മരിക്കുന്നു എന്ന വേവലാതി വ്യാജമാണു്, അറിവില്ലായ്മയാണു്. പ്രയോഗപ്രയോജനം ഇല്ലാതാകുന്നിടത്തു് ഭാഷ മരിക്കുക തന്നെ ചെയ്യും. ഓരോ വാക്കുകള്‍ക്കും അതിന്റെ പ്രയോഗവൈവിധ്യമനുസരിച്ചു് അര്‍ത്ഥഭേദം നല്‍കാന്‍ കഴിയുമ്പോള്‍ ഭാഷ അതിജീവിക്കുകയാണു്. ഇത്രയും പറഞ്ഞതു് ഈയിടെ ബ്ലോഗില്‍ ദ്വയാര്‍ത്ഥപ്രയോഗങ്ങളെപ്പറ്റി സന്തോഷിക്കുകയും വ്യാകുലപ്പെടുകയും ചെയ്ത സംഭവങ്ങളെക്കുറിച്ചോര്‍ത്താണു്.
നീ എന്നും നിങ്ങള്‍ എന്നും സംബോധന ചെയ്യുമ്പോഴും സൂചിപ്പിക്കുന്നതൊരേയാളെ തന്നെയായിരിക്കേ എന്താണീ രണ്ടു പദം കൊണ്ടുള്ള പ്രയോജനം എന്നു ചിന്തിച്ചാല്‍, നീ എന്നതു് ബഹുമാനമില്ലത്തതും നിങ്ങള്‍ ബഹുമാനമുള്ള പദവുമായിരിക്കുന്നതായി കാണാം. ആംഗലേയത്തില്‍ യു എന്നു പറഞ്ഞാല്‍ തീര്‍ന്നു. അങ്ങനെ പദങ്ങള്‍ പലതും രണ്ടു അര്‍ഥത്തിലുള്ളതായി തീരുന്നതിനൊരു കാരണം പ്രയോജനവൈവിധ്യമാണെന്നു മനസ്സിലാക്കാം. ഇനി നിങ്ങള്‍ എന്ന പദത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം അനേകം പേരെ സംബോധന ചെയ്യുന്നതാണു് . അതു കൊണ്ടൊരാളെ മാത്രം സംബോധന ചെയ്യുമ്പോഴുണ്ടാകുന്ന ഒരു ഗുണമാണു് ബഹുമാനസൂചകവചനം. അര്‍ത്ഥം തെറ്റിച്ചു പ്രയോഗിക്കുന്നതുകൊണ്ടുണ്ടാകുന്ന ഗുണമാണു് ഇവിടെ ഭാഷ അനുഭവിക്കുന്നതെന്നും പറയാം.
മേല്‍പ്രയോഗത്തിനു് സൂചകം എന്ന ഗുണമാണു് ലഭിക്കുന്നതു്. തേങ്ങ മാങ്ങ അവള്‍ അരിവാള്‍ പോലെ ഒരുപാടു നേരര്‍ത്ഥപദങ്ങള്‍ക്കിടയില്‍ ഈ പ്രയോഗം ആശയവിനിമയത്തിനു് രസം പ്രദാനം ചെയ്യുന്നു. ബുദ്ധിയെ രസിപ്പിക്കുന്നു. പരിചയം കൊണ്ടു് രസം കുറഞ്ഞു വരും. ഇപ്പോള്‍ നിങ്ങള്‍ എന്ന പദം നമുക്കു് സാധാരണമായിരിക്കുന്നു. പല പുതിയ പദങ്ങള്‍ക്കും ഇപ്രകാരം ദ്വയാര്‍ത്ഥം വന്നു ഭവിക്കുകയും ചെയ്തിരിക്കുന്നു. മനുഷ്യന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന രസം ഹാസ്യവും ശൃംഗാരവും ആയതിനാല്‍ ഈ മേഖലയിലാണു് കൂടുതല്‍ പ്രയോഗിച്ചു വരുന്നതെന്നു മാത്രം. അങ്ങനെയല്ലാതെ ഉള്ള ഒന്നു് ജുഗുപ്സ ഉളവാക്കുന്ന വാക്കുകള്‍ ഇത്തരത്തില്‍ മറ്റൊരു വാക്കുപയോഗിച്ചു പറയുക എന്നതാണു്. തൂറാന്‍ പോയി എന്നു പറയേണ്ടിവരുമ്പോള്‍ നമ്പര്‍ ടു വിനു പോയി കക്കൂസില്‍ പോയി എന്നൊക്കെ പ്രയോഗിക്കുന്നവരായി നമുക്കു നമ്മളെ കാണാന്‍ സാധിക്കും. ഗുഹ്യഭാഗങ്ങളെപറ്റി പറയേണ്ടിവരുമ്പോള്‍ ഇംഗ്ലീഷും സംസ്കൃതവും പ്രയോഗിക്കും. അല്ലെങ്കില്‍ മറ്റൊരര്‍ഥം പറയാവുന്ന വാക്കായിരിക്കും പ്രയോഗിക്കുക. സാധനം സാമാനം ഒക്കെ ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രയോജനം ചെയ്യുന്നു. ഇവിടെ ബുദ്ധിവ്യാപാരം ഒരു മറയായാണു് ഉപയോഗിക്കപ്പെടുന്നതു്. ബുദ്ധിവ്യാപാരം എന്നാല്‍ പറഞ്ഞതില്‍ നിന്നും ബുദ്ധിഉപയോഗിച്ചു വേണം പറയപ്പെട്ടതിനെ മനസ്സിലാക്കാന്‍ എന്ന ഡീകോഡിങ്ങിനെയാണു്. അന്യഭാഷയില്‍ സാധാരണമായ പദങ്ങള്‍ പ്രയോഗിക്കുമ്പോഴും ഈ ഗുണമാണു് ലഭിക്കുന്നതു്. ഈ ഡീകോഡിങ്ങിനെ നമ്മള്‍ തര്‍ജ്ജമ എന്നു വിളിക്കുന്നു.
[ഇത്തരം പദങ്ങളുടെ ഈ ഗുണം ധ്വനി എന്നതാണു് . ഹാസ്യം ശൃംഗാരം തുടങ്ങി രസം ഏതുമാവട്ടെ അതുണ്ടാക്കാന്‍ ബുദ്ധിവ്യാപാരം സംഭവിക്കണം. നേര്‍ക്കുനേര്‍ പറയുമ്പോള്‍ ലേഖനമാവുന്നു. ( ആശ്ചര്യം എന്നതത്രേ സ്ഥായിയായ രസം. ഇന്നലെ ഇല്ലാത്തതായിരിക്കണം എന്നതാണു നിയമം. കഥകളും മറ്റും സാഹിത്യമാവുന്നതു് ഇങ്ങനെയാണു്. കഥനത്തില്‍ ധ്വനി സഹായകമായി വര്‍ത്തിക്കുന്നു).]
ഇതിന്റെ ഒരു വിപരീതപ്രയോഗമാണു് നമ്മള്‍ ബ്ലോഗില്‍ കണ്ട ചില ഫലിതങ്ങള്‍. ഇതു് പ്രഥമാര്‍ത്ഥത്തില്‍ ജുഗുപ്സ ഉളവാക്കുന്നു. എന്നാല്‍ അതിന്റെ സാഹചര്യമറിഞ്ഞു്, അതിന്റെ ഘടനയിലെ സാമര്‍ത്ഥ്യത്തില്‍ നമ്മള്‍ രസിക്കുന്നു. അക്ഷരശ്ലോകസദസ്സില്‍ ശ്രീ ബാലേന്ദു ചൊല്ലിയ ഏ ആറിന്റെ ഒരു ശ്ലോകം ഒരു ഉദാഹരണമാണു്.
സത്ക്കാരമേകാനയി പാന്ഥ കേള്‍ക്ക
തല്‍ക്കാലമിങ്ങില്ല ഗൃഹാധിനാഥന്‍
പയോധരത്തിന്റെയുയര്‍ച്ച കണ്ടി-
ട്ടീയാധിയെങ്കില്‍പ്പുലരെഗ്ഗമിക്കാം
പയം എന്നാല്‍ ജലം, പാല്‍ എന്നൊക്കെ അര്‍ത്ഥം. പയോധരം എന്നാല്‍ ജലത്തെ/പാലിനെ ധരിക്കുന്നതു്- മുല എന്നും മേഘം എന്നും അര്‍ത്ഥത്തില്‍ ശ്ലോകം വായിക്കാവുന്നതാണു്.
ബുദ്ധിവ്യാപാരം തീരെയില്ലാത്ത, ഹാസ്യം ശൃംഗാരം മുതലായവയെ ധ്വനിരഹിതമായി അവതരിപ്പിക്കുന്ന കൃതികളെ നമ്മള്‍ പൈങ്കിളികൃതികളെന്നു വിളിച്ചുപോരാറുണ്ടെങ്കില്‍ ഇത്തരം ഫലിതങ്ങളില്‍ പലതിനേയും പൈങ്കിളിഫലിതമെന്നു വിളിക്കാവുന്നതാണു്. തദ്വിഷയത്തില്‍ എനിക്കുള്ള ഏക വിയോജിപ്പു് അതിനെ വിമോചനമെന്നും മറ്റും വിശേഷിപ്പിക്കുന്നതിലാണു്. ഇതു സര്‍വസാധാരണമായ ഒരു പ്രക്രിയ മാത്രമാണു് എന്നു പറയാനാണു് ഈ ശ്രമം.
ജുഗുപ്സ എന്നു പറയുമ്പോള്‍ അതു് പൂര്‍ണ്ണമായും സംസ്ക്കാരവുമായി ബന്ധപ്പെട്ടതാണു്. സുരേഷ്ഗോപി ഷിറ്റിനു പകരം തീട്ടം എന്നോ കാട്ടം എന്നോ പറഞ്ഞാല്‍ നമുക്കു ജുഗുപ്സയായി. ആംഗലേയര്‍ക്കതൊരു പ്രശ്നമല്ല താനും. വായനയിലും അതുപോലെ തന്നെ. വായിക്കുന്നവരില്‍ സംസ്ക്കാരമനുസരിച്ചു് സമ്മിശ്രവികാരങ്ങളാണുണ്ടാവുക. പൈങ്കിളിത്വവും തഥൈവ.
Subscribe to:
Post Comments (Atom)
7 comments:
നല്ല ലേഖനം. പക്ഷേ, ഈ വിഷയം കുറച്ചുകൂടി എഴുതേണ്ടതാണു്. അതിനാല്‍ നിരാശപ്പെടുത്തി.
പിന്നെ, ആ ശ്ലോകം ബാലെന്ദുവിന്റേതല്ല. ഏ. ആര്‍. രാജരാജവര്‍മ്മയുടേതാണു്. ഏതോ സംസ്കൃതശ്ലോകത്തിന്റെ തര്‍ജ്ജമ.
ഗുണ്ടത്തം എന്നോ ഗുണ്ടത്തരം എന്നോ പോരേ?
എവിടെ എന്ത് പറയണം എന്ന് പഠിയ്കുകയാണദ്യം വേണ്ടത് സിദ്ധുവേ.
ഭാഷാ പ്രയോഗത്തിലെ ഒരു സാമ്പ്രദായിക വീക്ഷണമാണിത്.ജീവിതത്തെ പ്രതിഫലിപ്പിക്കുക കൂടി എഴുത്ത് ചെയ്യേണ്ടതുണ്ട്.യഥാര്‍ഥ ജീവിതത്തില്‍ ജുഗുപ്ത്സാവഹമായ കാര്യങ്ങള്‍ നടക്കുന്നത് നമ്മുടെ നിയന്ത്രത്തോടെ തന്നെ ആവണമെന്നില്ല.തെറി പറയേണ്ടപ്പോള്‍ പറയാത്തവര്‍ ചുരുക്കം.ഇംഗ്ലീഷില്‍ ആകാവുന്നത് മലയാളത്തില്‍ കഴിയാത്തത് മലയാളിയുടെ വീക്ഷണത്തിലെ വ്യതിരിക്തത കൊണ്ടാണ്.സംസ്കാരം ഒറ്റപ്പെട്ട ഒരു തുരുത്തല്ല.ഇതര സംസ്കാരങ്ങളില്‍ നിന്ന് കൊണ്ടും കൊടുത്തും അതും മാറ്റങ്ങള്‍ക്ക് വിധേയമാവും.
നല്ല ലേഖനം, സിഡ്‌ജി.
സുരേഷ്ഗോപി ഷിറ്റിനു പകരം... :-)
മോഹന്‍ തോമസ്സിന്റെ ലെഫ്റ്റ്ഓവേര്‍സും ഷിറ്റും കൂട്ടിക്കുഴച്ച്...എന്നു പറഞ്ഞിരുന്നാലും ജുഗുപ്സ ആയേനേം. "ഫ പുല്ലേ!" ക്ക് ഇംഗ്ലീഷ് ചിന്തിക്കാന്‍ കൂടെ വയ്യ..അവിടെം ജുഗുപ്സ വരും.
ഒരോന്നിന്റേം തരം പോലെ ഇംഗ്ലീഷിലോ മലയാളത്തിലോ തട്ടിയാല്‍ ജുഗുപ്സ പ്രശ്നം ഇല്ല.
നല്ല ലേഖനം. പക്ഷേ, ഈ വിഷയം കുറച്ചുകൂടി എഴുതേണ്ടതാണു്. അതിനാല്‍ നിരാശപ്പെടുത്തി.
നല്ലൊരു ലേഖനം
പെട്ടെന്നു തീര്‍ത്തതു പോലെ തോന്നി.
കടാവന്‍,പൊതുവാള്‍, ഉമേഷ്,
നിറയെ എഴുതണമെന്നു കരുതിയാണു് തുടങ്ങിയതു്. മടി തോന്നി ഉപേക്ഷിച്ചു. പറയാന്‍ വന്നതു പറഞ്ഞിട്ടു പോടേയ് എന്നാരോ പറഞ്ഞു. ;) ബാക്കി ആരെങ്കിലും പറഞ്ഞിട്ടു പറയാം എന്നു കരുതിയാണു് ഇതിനു ചായക്കട പോസ്റ്റ് എന്നു് ലേബലിയതു്.
ഗുരുക്കള്‍ ആദ്യം പറഞ്ഞ തിരുത്തു് തിരുത്തി. ഗുണ്ടയും സംസ്കൃതപദങ്ങള്‍ പോലെ വിദേശിയല്ലേ. ഗള്‍ഫിലെ പോലെ നമ്മളും കാണിക്കണോ എക്സ്പാട്രിയെറ്റ്സില്‍ വകതിരിവു്? എന്നാലും തിരുത്തി.
വിഷ്ണു,
ജീവിതത്തെ പ്രതിഫലിപ്പിക്കേണ്ടതു തന്നെ. പക്ഷേ എന്താണു് വാര്‍ത്തയും കവിതയും തമ്മിലുള്ള വ്യത്യാസം? കഥനത്തിലെ പ്രത്യേകത തന്നെ. ജുഗുപ്സ തന്നെയാണു് തെറിയായി പ്രയോജനപ്പെടുത്തുന്നതു്. മുണ്ടുരിഞ്ഞു കാണിക്കുന്നതും തെറിയാണു്. അത്തരം വാക്കുകളൊക്കെ റിസര്‍വ് ചെയ്തു വച്ചിരിക്കുന്നതും കാണാം. വീക്ഷണത്തിലെ വ്യതിരിക്തത സംസ്ക്കാരജന്യമാണു്. സംസ്ക്കാരം സ്ഥായിയായ ഒന്നല്ല. ഇന്നറപ്പുളവാക്കുന്നതു് നാളെ പഥ്യമായേക്കാം.
അതുല്യാമ്മാള്‍,
വേണം. പക്ഷേ അതു് അച്ചിട്ടു നിരത്തേണ്ട ഒന്നല്ലല്ലോ.
അരവിന്ദാ...
Post a Comment