Sunday, August 09, 2026

സ്ട്രോക്ക്





ഹൃദയത്തിൽ നിന്ന് കഴുത്തിലൂടെ തലച്ചോറിലേക്ക് പോകുന്ന രണ്ടു രക്തക്കുഴലുകൾ ഉണ്ട് . അതിൽ ഇടതു തലച്ചോറിലേക്ക് പോകുന്ന ഒന്നാണ് പൂർണ്ണമായും അടഞ്ഞത്. ഡോക്ടർമാരുടെ ഭാഷയിൽ *ischemic stroke.


സ്ട്രോക്ക് നടക്കുമ്പോൾ ഞാൻ ആശുപത്രിയിൽ തന്നെ ആയിരുന്നു. ഒരു ശ്വാസതടസ്സം വന്നപ്പോ admit ചെയ്തതാണ്. പുലർച്ചെ എന്നെ നിവർത്തി ഇരുത്താൻ നഴ്സിനോട് പറഞ്ഞപ്പോൾ അവൾ പുറത്തു നിൽക്കുന്ന മൂത്തമകനെ വിളിച്ചു വരുത്തി, അച്ഛൻ എന്തു ഭാഷയാണ് സംസാരിക്കുന്നത് എന്ന് ചോദിക്കുന്നത് കേട്ടപ്പോഴാണ് എനിക്കു മനസ്സിലായത് . ഇനി പറഞ്ഞാൽ അവർക്ക് മനസ്സിലാവുകയില്ല. വിധി ! 88 വയസ്സുകാരന് *TPA injection കൊടുക്കാൻ ആർക്കും ധൈര്യമില്ലാതെ പോയി. ഫലമോ ഞാൻ ഇവിടെ കണ്ണു പോലും കാണാൻ ആവാതെ വലതു ഭാഗം പൂർണ്ണമായും തളർന്ന് ഒരു കിടപ്പ് കിടക്കുന്നു. മിണ്ടാൻ വയ്യ. മിന്നായം പോലെ വെളിച്ചങ്ങൾ കാണാൻ കഴിയുന്നുണ്ട്. എന്നാൽ ഒന്നും തെളിയുന്നില്ല.


കുറച്ചു ദിവസമായി ബോധം ഒന്നും ഇല്ലാഞ്ഞിട്ട് എന്ന് തോന്നുന്നു. ഇപ്പോൾ എവിടെ ആണെന്ന് നിശ്ചയമില്ല. ആശുപത്രിയാണ്. കാക്കകൾ നിറയെ ഉള്ള സ്ഥലമാണ്. അവയുടെ കൂട്ടക്കരച്ചിൽ കേട്ടിട്ട് വൈകുന്നേരം ആയെന്ന് തോന്നുന്നു . 


എനിക്ക് സമയം നോക്കാൻ വാച്ചു വേണ്ടായിരുന്നു. വാച്ചു കെട്ടിയിട്ടുണ്ട്. ഒരിക്കൽ. കല്യാണത്തിന്. അന്നുതന്നെയാണ് അവസാനമായി ചെരുപ്പും ധരിച്ചത്. അനിയൻ മൂസയാണ് ചെരിപ്പു മേടിച്ചു കൊണ്ടുത്തന്നത്. കല്യാണം കഴിഞ്ഞപ്പോൾ അതവനുതന്നെ കൊടുത്തു. എന്റെ കാൽ നിലത്തു തൊട്ടാൽ മതി. ബൂട്ടൊന്നും ധരിക്കാതെയാണ് അന്നൊക്കെ പന്തുകളിച്ചതു പോലും. അന്ന് കൂട്ടത്തിൽ ആർക്കും ബൂട്ടുണ്ടായിരുന്നില്ല. ബൂട്ടുണ്ടായിരുന്ന ഒരേയൊരു ടീം പാടൂരിലേതായിരുന്നു. 


1955 ലോ മറ്റോ ആണ്. ചുങ്കത്ത്, ഇന്ന് petrol pump നിൽക്കുന്നതിന്റെ പിന്നിലുള്ള പാടത്ത്, പാടൂരിലുള്ള ടീം friendly മാച്ചിനു വന്നത്‌. മാച്ച് തുടങ്ങി പത്ത് മിനിറ്റിൽ തന്നെ സംഗതി മനസ്സിലായിരുന്നു. മാച്ച് അത്ര friendly അല്ല. ദേഹത്തേക്ക് പന്തടിച്ചു തളർത്താൻ ആണ് ശ്രമം. അക്കൂട്ടത്തിൽ നല്ല ഉറച്ച ശരീരമുള്ള ഒരു പയ്യൻ ആണ് ഇതിന്റെ മാസ്റ്റർ.  നെഞ്ചത്തു അവൻ്റെ ഒരടി കൊണ്ടാൽ ശ്വാസം മുട്ടിപ്പോകും. ബൂട്ടില്ലാതെ കളിക്കുന്ന ഞങ്ങളൊക്കെ എത്ര ആഞ്ഞാലും ആ ബലം കിട്ടില്ല. 


കളി ഏതാണ്ട് പകുതി ആയപ്പോൾ ഇവൻ പന്ത് വെട്ടിച്ച് എന്റെ നേരെ തിരിഞ്ഞു. ഒരു പത്തടി അകലെ നിന്ന് തന്നെ അവന്റെ തീരുമാനം എനിക്കറിയാമായിരുന്നു. നെഞ്ചിനു നേരെ വന്ന പന്ത്‌ ഞാൻ സമർത്ഥമായി വെട്ടിച്ചൊഴിഞ്ഞു. എന്നാൽ അവന്റെ ബൂട്ടിൽ നിന്നു തെറിച്ച മൺകട്ടകൾ  കണക്കു തെറ്റിച്ചു. ഒരു നിമിഷം.! കണ്ണിൽ അസഹ്യമായ വേദന. തുറക്കാൻ വയ്യ. ഓടി വന്ന വേഗതയിൽ മുട്ടു കുത്തി. എന്നിട്ടും വീണു. ഇടതു കൈ കുത്തിയത് അവന്റെ ബൂട്ടിൽ ആണെന്ന് മനസ്സിലായി.വലതു കൈ അവന്റെ ഇടതു കാലിൽ കുത്തി എഴുന്നേറ്റതോടൊപ്പം ഇടതു കൈ ഉയർത്തി അവന്റെ കൊരവള്ളിക്ക് ഒറ്റപ്പിടി. അന്നും ഇടതു കൈക്ക് നല്ല ശക്തിയാണ്. ഇന്ന് ഒരു ചെറിയ തുണി കൊണ്ട് കട്ടിലിന്റെ ഗ്രില്ലിൽ കെട്ടി വച്ചിരിക്കുന്നു. മൂക്കിൽ ഇട്ടിരിക്കുന്ന ഫുഡ് ട്യൂബ് ഞാൻ തന്നെ വലിച്ചു പറിച്ചു കളയാതിരിക്കാൻ ആണ് പോലും. ഉറക്കത്തിൽ എപ്പോഴെങ്കിലും ആയിരിക്കും അങ്ങനെ ചെയ്തത്. കണ്ണുപൊട്ടൻ ഉറങ്ങുവാണോ ഉണർന്നിരിക്കുവാണോ എന്ന് അവരെങ്ങനെയറിയാൻ !


ആരൊക്കെയോ വെള്ളം കൊണ്ടുവന്ന് കണ്ണു കഴുകി. കണ്ണു ഒരു വിധത്തിൽ തുറന്നു നോക്കിയപ്പോൾ അവനെ വരമ്പിൽ കിടത്തിയിരിക്കുകയാണ് . ആളുകൾ പിടിച്ചു മാറ്റിയില്ലായിരുന്നങ്കിൽ അവൻ ചത്തേനെ.


വീണ്ടും ബോധം പോയെന്നു തോന്നുന്നു. അതോ ഓർമ്മ മുറിഞ്ഞതോ? ഇതിനിടയ്ക്ക് ദിവസങ്ങൾ കടന്നുപോയ്ക്കാണുമോ? ആരൊക്കെയോ ബന്ധുക്കൾ വന്നു വിളിച്ചതൊക്കെ അവ്യക്തമായി ഓർക്കുന്നുണ്ട്. ഇവരെന്നെ ഷേവ് ചെയ്താണോ കിടത്തിയിരിക്കുന്നത്? ഡൈ അടിച്ചിട്ടുണ്ടോ? മുൻപ് അടിച്ചതെല്ലാം പോയിക്കാണും. ഇടയ്ക്ക് മീരാൻ സായ്‌വ് വന്നു. 


പത്തമ്പത് വര്ഷം മുൻപ് ഒരു ദിവസം സായ്‌വ് എന്നെ കാണാൻ ഇതേ പോലെ മില്ലിൽ വന്നിട്ടുണ്ടായിരുന്നു. ഞാൻ നെല്ലരച്ചു കൊണ്ടിരിക്കയാരുന്നു. 

 


നെല്ലരയ്ക്കുന്നത് കണ്ടിട്ടുണ്ടോ? നെല്ലു കൊട്ടുന്നത് V ആകൃതിയിലുള്ള അള്ളറിലാണ്. ഇതിൽ നിന്ന് കറങ്ങുന്ന രണ്ടു സിലിണ്ടറുകളുടെയിടയിലേക്ക് നെല്ലു വീഴും. ചതഞ്ഞ് ഉമി പറിഞ്ഞു പോയ നെല്ല് താഴെ വച്ചിരിക്കുന്ന പാട്ടയിൽ വീഴും. പാട്ട നിറയാറായാൽ കാലി പാട്ടയെടുത്ത് നെല്ലുവീഴുന്ന സ്ഥലത്തു പിടിച്ച് നിറയാറായ പാട്ട വലതു കാൽ കൊണ്ട് ഇടത്തോട്ട് നീക്കും. കാലിപ്പാട്ട കൃത്യ സ്ഥലത്തു വച്ച ശേഷം ഇടത്തോട്ട് നീക്കിയ പാട്ടയിലെ നെല്ല് ഇടതു കൈ കൊണ്ട് പൊക്കി അള്ളറിലിടണം. രണ്ടോ മൂന്നോ വട്ടം. പണി തീരുന്നതുവരെ അള്ളറിന്റെ ചുവട്ടിൽ മാറാതെ നിൽക്കണം. പണി കഴിഞ്ഞിറങ്ങുമ്പോൾ ദേഹമാസകലം തവിട് നിറഞ്ഞ് നരയ്ക്കും. 



മില്ലവിടെ പണിയുമ്പോൾ ആ ദേശത്തിലെ ആദ്യത്തെ മില്ലായിരുന്നു. Switzerland ഇൽ നിന്നും ഇറക്കുമതി ചെയ്ത മോട്ടറാണ്. 25HP. മോട്ടറിന്റെ ശബ്ദത്തിൽ സായ്‌വ് പറഞ്ഞത് കേട്ടില്ല. സായ്‌വ് വളരെ അടുത്ത് വന്നു. എന്നിട്ടും അമ്പതുറുപ്പ്യ വേണം എന്ന് മാത്രേ കേട്ടുള്ളൂ. കൊടുത്തു. പിന്നെപ്പഴോ അവൻ വീട്ടുകാരോട് പറയാതെ പോലീസിൽ ചേർന്നു എന്നറിഞ്ഞു. റിട്ടയർ ചെയ്യുമ്പോ എസ്സൈ ആയിരുന്നിരിക്കും. 


സായ്‌വ് കൈയിൽ പിടിച്ചു കുറച്ചു നേരം നിന്നിട്ട് പോയി. ഒന്നും പറഞ്ഞില്ല. ഉള്ളിൽ ഒരു മോട്ടോറിന്റേതിലുമധികം ശബ്ദമുണ്ടായിരുന്നിരിക്കണം, പറഞ്ഞാലും കേൾക്കാനാവാത്ത വിധം. സാരമില്ല സായ്വേ. 


34 വര്ഷം പാട്ട നീക്കി, വലതു കാലിലെ തള്ള വിരലിന്റെ വശത്തായി ഉണ്ടായി വന്ന തഴമ്പിൽ physio therapist അത്ഭുതത്തോടെ വിരലോടിക്കുന്നു. ഇക്കുട്ടി അരിമില്ലെന്ന് കേട്ടിട്ടുപോലുമുണ്ടാവില്ല. 


ആരോ വന്നിട്ടുണ്ട്. കൈക്കു പിടിക്കുന്നു . ആഹ് വളരെ മൃദുവായ കൈ. ഇളയ മകനാണ്. ജനിച്ചിട്ടിന്നു വരെ അദ്ധ്വാനിച്ചിട്ടില്ലാത്തവൻ. തള്ള വിരൽ കൊണ്ട് അവന്റെ കൈക്കു മേലെ ഒന്ന് തലോടി. നല്ല വിഷമം കാണും. അവനോടു പറയാത്ത കാര്യങ്ങളില്ല. എനിക്ക് മിണ്ടാൻ പറ്റാത്തതിൽ ഈ ലോകത്ത് ഏറ്റവും വിഷമിക്കുന്നത് ഇവനായിരിക്കും. മക്കളിൽ ഇയാൾക്ക് മാത്രമേ ഈശ്വരവിശ്വാസം ഇല്ലാതുള്ളൂ. എന്റെയീ കിടപ്പിൽ മറ്റു രണ്ടുപേരും പ്രാർത്ഥനയും മറ്റും ആയി ചെലവിടുമ്പോൾ ഇയാൾ എന്തായിരിക്കും ചെയ്യുക!


ഇവന്റെ അമ്മയ്ക്ക് അങ്ങനെ ഈശ്വര വിശ്വാസം ഉണ്ടായിരുന്നോ ആവോ. ഒരു പക്ഷേ കിടപ്പിലായതിനു ശേഷമെങ്ങാനും വിശ്വാസിയായെങ്കിലേ ഉള്ളൂ. അവൾ മുപ്പത്താറോ മുപ്പത്തെട്ടോ വയസ്സുള്ളപ്പോ കിടപ്പിലായതാണ്. സന്ധികൾ ഉറച്ചു പോയി, ചലനങ്ങൾ വേദനകളായാൽ ആരാണ് ദൈവത്തെ വിളിക്കാത്തത്? പിന്നത്തെ ജീവിതമൊക്കെ തിരിഞ്ഞു പോയി. ഉപ്പു പോര മുളക് പോര എന്ന പരാതികൾ എത്ര വേഗമാണ് ഉപ്പെത്ര മുളകെത്ര എന്ന ചോദ്യങ്ങളായത്. അടുക്കളയിൽ ഞാനും കിടക്കയിൽ അവളും ചേർന്നുണ്ടാക്കിയ ഭക്ഷണം കഴിച്ചാണ് ഇവരൊക്കെ വളർന്നത്. 


നോക്കൂ എന്നു മാത്രമേ വിളിച്ചിട്ടുള്ളൂ. അവളും. വഴക്കുണ്ടായിട്ടുണ്ട്. ധാരാളം! അപ്പോഴും സംബോധന അതുതന്നെ. അവസാന കാലങ്ങളിൽ അവളോട് ദേഷ്യപ്പെട്ടത് ആർക്കൊക്കെയോ അവളുടെ സാരികൾ കൊടുത്തതിനായിരുന്നു. ഇപ്പോൾ പറയാമല്ലോ. കൊടുക്കുന്നതിൽ ഉള്ള വിരോധം അല്ലായിരുന്നെടോ. തനിക്ക് ഒരു തിരിച്ചു വരവില്ലെന്ന് താൻ തീരുമാനിച്ചതിന്റെ വിഷമം ആയിരുന്നു എന്റെ ദേഷ്യം!


പതിനെട്ടു കൊല്ലം അവൾ വേദനിച്ചു. അതോർക്കുമ്പോൾ എനിക്ക് തന്നെ വേദനിക്കുന്നു. ദൈവം ഉണ്ടെങ്കിൽ അതിനും വേദനിച്ചേനെ. 



എല്ലാ ദൈവവും ഉണ്ടെന്ന് വിശ്വസിച്ചാണ് ജീവിതത്തിൽ ഏറിയ സമയവും ജീവിച്ചത്. നമ്മൾ ഓരോപേരിൽ വിളിച്ചുപോരുന്നു എന്നാണല്ലോ. അമ്പലത്തിൽ പോകാനും നാലാൾ കാൺകെ തൊഴാനും ഒരു മടിയുമുണ്ടായിട്ടില്ല അന്നൊക്കെ. കാര്യങ്ങളൊക്കെ ഇപ്പൊ മാറി. പണ്ടൊക്കെ എന്ത് സ്പർദ്ധയുണ്ടായാലും അത് ആ വിഷയം മാത്രമേ ആകുമായിരുന്നുള്ളൂ. ഇന്നതിലെവിടെയെങ്കിലുമുള്ള ജാതിയിലേക്കോ മതത്തിലേക്കോ വലുതായിപ്പോകുന്നു.


ഒരു പത്തിരുപത്തിനാല് വയസ്സുള്ളപ്പോഴാണ്; അമ്പലക്കുളത്തിലെ വെള്ളം കൃഷിയാവശ്യത്തിനെടുക്കരുതെന്ന് പറഞ്ഞ് കോളനിയിലെ ആളുകൾ പരാതി കൊടുത്തു. കാര്യം തീർപ്പാക്കാൻ വന്ന അധികാരിക്ക് അല്ലെങ്കിലേ ചെറിയ കുടിയാൻ വിരോധം ഉണ്ടായിരുന്നു. വാപ്പ എന്നെയാണ് പറഞ്ഞയച്ചത്. 


എനിക്ക്‌ പിന്നെ നോക്കാൻ ഒന്നുമില്ല. ഇത്രയും ജനങ്ങൾ ഇവിടെ ഉണ്ടാകുന്നതിനു മുമ്പേ കുളം ഉണ്ടായിരുന്നു. 

കുളം കൃഷിയാവശ്യത്തിനു വേണ്ടിയായിരുന്നു. പാട്ടക്കരാറിൽ കുളത്തിലെ വെള്ളം എടുത്തുകൊള്ളാൻ സമ്മതിച്ചിട്ടുണ്ട്. ഈ മൂന്ന് കാര്യം മതി പിടിച്ചു നിൽക്കാൻ.


അധികാരി കട്ടിയുള്ള കണ്ണടയുടെ മുകളിലൂടെ നോക്കിയിട്ട് ഒരിംഗ്ളീഷ്. ഇന്നും ഓർമ്മയുണ്ട്. "Are you speaking as an Indian citizen or a വെറും പാട്ടക്കുടിയാൻ of കാവശ്ശേരി?"


തിരിച്ചു പറയാനറിയില്ലെങ്കിലും അത്യാവശ്യം മനസ്സിലാക്കാനുള്ള ഇന്ഗ്ലീഷ് ഒക്കെ വശമുണ്ട്. പാട്ടക്കുടിയാൻ എന്ന് പുച്ഛിച്ചതാണ്. കുളത്തിന്റെ ആവശ്യക്കാരെല്ലാം ചുറ്റിലുമുണ്ട്. പക്ഷേ വെള്ളത്തിന്റെ ആദ്യത്തെ അവകാശി കൃഷിക്കാരൻ തന്നെ. കുളിക്കുന്നതാണോ ഉണ്ണുന്നതാണോ പ്രധാനം ?


"കുളം കുഴിച്ചത് കൃഷിക്കാണെങ്കിൽ വെള്ളം ഞാൻ കൊണ്ടു പോകും. അധികാരിക്ക് മറിച്ചു തെളിയിക്കാമെങ്കിൽ വെള്ളം വേണ്ട." അധികാരിയെ കാര്യത്തിലേക്ക് കൊണ്ടുവന്നു.


അധികാരി സമവായം പറഞ്ഞു. കുളിക്കാൻ ഉള്ളത് കഴിച്ചു ബാക്കി എടുക്കാം. ഒരു മുളങ്കുറ്റിയിൽ എടുക്കാവുന്ന അളവ് അടയാളപ്പെട്ടുത്തി കുളത്തിൽ തറയ്ക്കാൻ മേനോനോട് ഉത്തരവിട്ടു. ഞാൻ മേനോനെ തടഞ്ഞു. അധികാരിയോട് തറപ്പിച്ചു പറഞ്ഞു.


"എനിക്കാവശ്യമുള്ള വെള്ളമാണ് വേണ്ടത്. നിങ്ങൾക്കാവശ്യമില്ലാത്ത വെള്ളമല്ല. ഈ കുളത്തിൽ ഒരു കുറ്റിയും ആരും അടിക്കില്ല." 


മേനോന് വാപ്പയുമായി നല്ല പരിചയമുണ്ട്. പതുക്കെ അദ്ദേഹം എന്നെ വിളിച്ചു മാറ്റി നിറുത്തി.


"കുറ്റി തറച്ചിട്ട് ഇയാള് പോട്ടെ. നിനക്കാവശ്യം പോലെ വെള്ളമെടുത്തോ. അടയാളമെത്തിയാൽ ഈ കുറ്റിയുടെ മണ്ടയ്ക്ക് ഒറ്റയടി. അത്രയല്ലേ ഉള്ളൂ. താൻ വാ." 


ഞാൻ പോയില്ല. എനിക്ക്‌ ചിരി വരും. തിരിച്ചു വീട്ടിലേക്ക് നടന്നു. വളവിൽ എളാപ്പ നിൽക്കുന്നു. വാപ്പാടെ surveillance കാമറ. അടിയായാലോ എന്നോർത്തു കാണും. അടിയെങ്ങാനും ആയെങ്കിൽ ഇയാൾ പോയി പറഞ്ഞറിയും മുൻപ് നാട്ടുകാർ പതം വരുത്തിയേനെ.  ഇത്രയും ആളുകളുടെ മുൻപിലേക്ക് ഒറ്റയൊരുത്തൻ. കണ്ണിൽ ചോരയില്ലാത്ത വാപ്പ!


ഞാൻ വാപ്പയുടെ ഗുണ്ട ആയിരുന്നോ? അതോ വേട്ട നായയോ? ഇപ്പഴോർക്കുമ്പോൾ അങ്ങനെ തോന്നുന്നു. ഒറ്റ യജമാനനെ മാത്രം അനുസരിക്കുന്ന നായ. Alpha male. എവിടെയൊക്കെയാണ് ഇങ്ങനെ കയറി മൂപ്പർക്ക് വേണ്ടി സംസാരിച്ചിട്ടുള്ളത്. ന്യായാന്യായങ്ങൾ അന്വേഷിച്ചിട്ടില്ല. കുളം-കുളി എന്ന ശബ്ദങ്ങളുടെ സാമ്യത്തിൽ തന്നെ അന്നവിടെ തടിച്ചു കൂടിയവർക്ക് ന്യായമുണ്ടായിരുന്നു. 


കുളിപ്പിക്കാനാളു വന്നു. ചെറുചൂട് വെള്ളത്തിൽ തുണി മുക്കി തുടച്ചെടുക്കും. അതാണ് കുളി. ഗായത്രി പുഴയ്ക്ക് ഉരിയരിപ്പുഴ എന്നൊരു പേരുണ്ട്. ഉരിയരി വേകുന്ന സമയം കൊണ്ട് അതിന്റെ വെള്ളം വാർന്നു തീരും. വർഷത്തിൽ ആറേഴ് മാസം അതിലാണ് കുളി. ഒരിളം ചൂടുള്ള വെള്ളമാണതിലെപ്പോഴും. ശ്വാസം പിടിച്ചു മുങ്ങി മുട്ടുകാൽ മടക്കി കൈ കൊണ്ട് കെട്ടി ചുരുണ്ട് ഒരു ഭ്രൂണം പോലെയാവണം. എന്നിട്ട് ശ്വാസം പുറത്തേയ്ക്ക് വിട്ടു കൊണ്ടേയിരുന്നാൽ താഴ്ന്നു താഴ്ന്ന് മണലിൽ വന്ന് മുട്ടും. ഗർഭപാത്രത്തിൽ ഒതുങ്ങുന്ന ഒരനുഭവമാണ്. 


ഗർഭപാത്രത്തിൽ കേൾക്കാൻ കഴിയുമത്രേ. ഞാനും ഇപ്പോൾ ഏതോ ഗർഭപാത്രത്തിലാണ്. പുറത്തേക്ക് തിരിഞ്ഞിറങ്ങാൻ തല്ക്കാലം തങ്ങി നിൽക്കുന്ന ഒരു ഗർഭപാത്രം. പത്മവ്യൂഹ രഹസ്യം ഒറ്റു കേൾക്കുന്ന അഭിമന്യുവിനെപ്പോലെ കാതു കൂർപ്പിച്ചാൽ കേൾക്കാവുന്ന ഒരു "അച്ഛാ" വിളിയുണ്ട്. ഇവിടുത്തെ നേഴ്സ് ആണ്. എന്ത് രസമാണെന്നോ അത് കേൾക്കാൻ. എന്റെ കുട്ടികൾ വിളിച്ചിട്ടില്ല അങ്ങനെ. 


ഇടത് കൈ കട്ടിലിനോട് കെട്ടിവച്ച ശീല അഴിക്കാൻ നേരത്ത് അവൾ എന്നോട് “നല്ല കുട്ടിയായി ഇരിക്കണെ അച്ഛാ” എന്ന് പറഞ്ഞത് കേട്ട് ചിരി വന്നുപോയി. മുഖം വക്രിക്കുന്നത് കണ്ടായിരിക്കണം അവൾ വേദനയുണ്ടോ എന്ന് ചോദിച്ചത്. 


അവൾ ഒരുപാട് സംസാരിക്കും. അന്ന് കാലത്ത് ബസ്സു കിട്ടാതായത്. രണ്ടു ബസ് മാറിക്കയറേണ്ടി വന്നത്. വൈകിയതിന്റെ ശകാരങ്ങൾ കേട്ടത്. ഏതോ വയസ്സന്റെ food tube ശരിക്ക് കേറാഞ്ഞത്. മറവി രോഗമുള്ള സ്ത്രീ പുറത്തേക്കിറങ്ങിപ്പോയത്. എല്ലാറ്റിനും ഇടയ്ക്ക് “കേട്ടോ അച്ഛാ” എന്ന് പറയും. കേൾക്കുവാൻ മാത്രം സാധിക്കുന്ന ഒരാളോട് മറ്റെന്ത് പറയാൻ. ഞാൻ കേട്ടു കൊണ്ടേയിരിക്കും. ഇപ്പോൾ എനിക്കതിനു കഴിയും. അല്ലെങ്കിൽ ഇപ്പോൾ എനിക്കതിനേ കഴിയൂ. 


അന്ന് അങ്ങനെ ആരുടെയൊക്കെയോ കാര്യങ്ങൾ കേൾക്കാതെ ഇരുന്നിട്ടുണ്ട്! അവിടുത്തെ പോസ്റ്റ് മാസ്റ്റർ ആയിരുന്ന ഒരു കുഞ്ചുണ്ണിയുടെ മുഖം ഓർമ്മ വരുന്നു.


അങ്ങേർക്ക് എന്തോ അത്യാവശ്യം വന്നിട്ടാണ് വാപ്പയുടെ കയ്യിൽ നിന്ന് രണ്ടായിരം രൂപ മേടിച്ചത്. പറഞ്ഞ അവധി കഴിഞ്ഞിട്ടും തിരിച്ചു കൊടുത്തില്ല. വീടിന്റെ മുൻപിലൂടെ സൈക്കളിൽ ആണ് കക്ഷി പോസ്റ്റ് ആപ്പീസിലേക്ക് പോക്കും വരവും. വാപ്പ നിത്യം കാണും. എന്നാലും കാശ്‌ തിരിച്ചു ചോദിച്ചില്ല. രണ്ടായിരം രൂപയ്ക്ക് ഇന്നത്തെ രണ്ടുലക്ഷത്തിന്റെ മൂല്യമുള്ള കാലമാണ്.


ഒന്നൊന്നര മാസം കഴിഞ്ഞപ്പോഴാണ് ഇയാൾ മറ്റൊരു വഴിക്ക് പോക്കുവരവ് തുടങ്ങി എന്ന് വാപ്പയറിയുന്നത്. വൈകീട്ട് നെല്ലളവ് കഴിഞ്ഞു കുളിച്ചു വന്നപ്പോ വാപ്പ വിവരം പറഞ്ഞു. 


“ഡാ നാളെ നീ ഒന്ന് പോയി അന്വേഷിച്ചു വാ”- ന്നേ പറഞ്ഞുള്ളൂ. 


പിറ്റേന്ന് കാലത്ത് പത്തു മണിക്ക് കന്നുപൂട്ടു നിർത്തി കൈകാൽ കഴുകയിട്ട് പോസ്റ്റാപ്പീസിൽ പോയി. 


മാഷ് ഒന്ന് വിരണ്ടെന്നു തോന്നുന്നു. ബുദ്ധിമുട്ടിക്കാതെ മേശയുടെ അടുത്തു ചെന്ന് ശബ്ദം താഴ്ത്തി ചോദിച്ചു.


"നിങ്ങൾ വാപ്പാക്ക് കാശ്‌ എന്തെങ്കിലും കൊടുക്കാനുണ്ടോ?"


അന്നൊക്കെ നല്ല ശരീരമാണ്. കൈ മേശപ്പുറത്തു വച്ചാൽ തന്നെ ഒരു കനമൊക്കെ ഉണ്ട്. മാഷ് വിചാരിക്കാത്ത രീതിയിൽ ശബ്ദമുയർത്തി. 


"അതിന് ?"

"നീ എന്നോട് കാശ് ചോദിക്കാൻ വന്നതാണോ?"


എനിക്കരിശം വന്നു. ആ "നീ" അങ്ങനെ ആരും പറയാത്തതാണ്. ഒന്നുകൂടെ ശബ്ദം താഴ്ത്തിയിട്ട് പറഞ്ഞു.


"ഇപ്പോൾ ചോദിക്കില്ല. ഇപ്പോൾ ഞാൻ പുറത്തേക്ക് പോകുന്നു. ഒരു പത്തു മിനിറ്റ്‌ ഞാൻ പുറത്തു കൊടിയുടെ താഴെ കാണും. നീ അതിനകം പുറത്തേക്ക് വന്നില്ലെങ്കിൽ വീണ്ടും വരും. എന്നിട്ട് ആ കാശു ചോദിക്കും. "


പുറത്തേക്കിറങ്ങി. Flag pole ന്റെ തിട്ടയിൽ ഇരുന്നു. അഞ്ചു മിനിറ്റായില്ല. മാഷ് ഓടി വന്നു. എവിടുന്നോ സംഘടിപ്പിച്ച ആയിരം രൂപയുമുണ്ടായിരുന്നു കൈയിൽ. 


പിന്നീടറിഞ്ഞു. പറ്റാഞ്ഞിട്ടായിരുന്നു പാവം! അയാളുടെ കുഞ്ഞിന് cerebral palsy ആയിരുന്നുവത്രേ. എന്തോ അണുബാധയുണ്ടായി ആ കുഞ്ഞ് മരിച്ചു. പൈസ തിരിമറി നടത്തിയതിന് അയാളുടെ ജോലിയും പോയി. അയാളാ നാടുവിട്ടു. മറ്റേ ആയിരം വാപ്പ അയാൾക്ക് ഒഴിവാക്കിക്കൊടുത്തു. 


ഇപ്പൊഴാലോചിക്കുമ്പോൾ, എന്തൊക്കെ വെട്ടിപ്പിടിച്ചു എന്നത് ജീവിതത്തിൽ എന്ത് മാറ്റമാണ് വരുത്തിയിട്ടുള്ളത്? ഞാൻ മേടിച്ചെടുത്ത ആയിരത്തേക്കാൾ എത്ര വലുതാണ് വാപ്പ വിട്ടുകൊടുത്ത ആയിരം!


നമ്മൾ മരിക്കാറായെന്നു കരുതുക. ഒരു മിനിറ്റ്‌ മാത്രമേയുള്ളൂ ഇനി ജീവിതം. ജീവിതത്തിൽ നാം ആരുടെയെല്ലാം മുന്നിൽ നടന്നു ആരുടെയെല്ലാം പിന്നിലായി. എത്ര ദൂരം ഓടി. നടന്നു. ഇഴഞ്ഞു. ഉഴറി. എല്ലാം ഓർക്കുക. ഒരുമിനിറ്റ്. ഒരുമിനിറ്റ് കഴിഞ്ഞാൽ നമ്മൾ  മരിച്ചവർ മാത്രമാണ്. നടന്നവരോ ഓടിയവരോ ഇല്ല. ജയിച്ചവർ തോറ്റവർ  തുടങ്ങിയ ഒരു വിശേഷണങ്ങളും ഇല്ല. ഒരു മിനിറ്റ്‌ കഴിഞ്ഞാൽ ഒരേയൊരു വിശേഷണമേയുള്ളൂ. മരിച്ചു പോയവർ! 


ഡോക്ടർ വന്നെന്നു തോന്നുന്നു. എന്റെ വലതുകൈയിൽ ഉറുമ്പുകൾ അരിക്കുന്നുണ്ടത്രെ. കക്ഷി ഭയങ്കരമായി ദേഷ്യപ്പെടുന്നു. കട്ടിൽ ചുവരിനോട് മുട്ടിച്ചിട്ടു കാണും. ഉറുമ്പുകൾക്ക് ജഡം മണക്കും. വലതുകൈയൊക്കെ ശരീരത്തിന്റെ ഭാഗമല്ലാതായിട്ട് നാളെത്രയായി. ഉറുമ്പ് തിന്നാൽ അതിനു നല്ലത്. ഇയാൾ എന്തിനാണ് ആ കുട്ടിയെ വഴക്ക് പറയുന്നത്. ആ കുട്ടിക്ക് അച്ഛനില്ലാത്തതാണ്. അവളുടെ തന്തയ്ക്ക് വിളിക്കുന്നു. കട്ടിൽ ചുവരിനോടു ചേർത്തിട്ടത് ഉയരം കുറഞ്ഞ ആ അറ്റൻഡർ പയ്യനല്ലേ?


സർവ്വ ശക്തിയുമെടുത്ത് ചുമച്ചു. അവളെ അങ്ങനെ ആരും വഴക്ക് പറയേണ്ട. ഇടത് കൈ കൊണ്ട് കട്ടിലിന്റെ ഗ്രില്ലിൽ തട്ടി. ഡോക്ടർ വന്ന് സ്റ്റെത്തെടുത്ത് വച്ച് നോക്കുന്നുണ്ട്. അപ്പോഴും ഇയാളെന്തിന് ആ കുട്ടിയെ വഴക്ക് പറയുന്നു? നിർത്ത്! 


ഗ്രില്ലിൽ പിടിച്ച എന്റെ ഇടതുകൈയിൽ അയാളുടെ കുടവയർ അമരുന്നുണ്ട്. ഇപ്പോൾ കൈയുയർത്തിയാൽ അയാളുടെ കഴുത്തിനു തന്നെ പിടി കിട്ടും. ബൂട്ടിൽ നിന്നും ഉയർന്നു പൊങ്ങിയ ലക്ഷ്യം തെറ്റാത്ത ഒരു നീക്കം… ചുങ്കത്തെ പാടത്ത് ശ്വാസം കിട്ടാതെ കണ്ണ് തുറിച്ച പയ്യന്റെ പിടച്ചിൽ!


* Ischemic stroke (ഇസ്കെമിക് സ്ട്രോക്ക്): തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന രക്തക്കുഴലുകളിൽ രക്തക്കട്ടയോ മറ്റോ അടിഞ്ഞുകൂടി രക്തയോട്ടം തടസ്സപ്പെടുമ്പോൾ ഉണ്ടാകുന്ന പക്ഷാഘാതം.

** TPA injection (ടി.പി.എ. ഇൻജക്ഷൻ): Tissue Plasminogen Activator എന്നതിന്റെ ചുരുക്കെഴുത്ത്. സ്ട്രോക്ക് ഉണ്ടായി ആദ്യ മണിക്കൂറുകളിൽ, രക്തക്കുഴലിലെ കട്ട അലിയിച്ചു കളഞ്ഞ് രക്തയോട്ടം പുനഃസ്ഥാപിക്കാൻ നൽകുന്ന അടിയന്തര മരുന്ന്.

Saturday, June 15, 2024

 അസ്തി, ഭാതി, പ്രിയം.

ഇന്ത്യൻ തത്വചിന്താ സരണിയിലെ മൂന്നു സാങ്കേതിക പദങ്ങൾ പരിചയപ്പെടുത്താം. ചുമ്മാ ഒരു test dose ആയി കരുതിയാൽ മതി.
അസ്തി, ഭാതി, പ്രിയം.
ഒരു വസ്തു, കാറ്റാവട്ടെ, തീയാവട്ടെ, ഉള്ളതിനെ അസ്തി എന്ന് പറയുന്നു. അതിനെക്കുറിച്ചുള്ള അറിവിനെ ഭാതി എന്നും.
ഭാതി എന്നാൽ ഭാസിക്കുന്നത്. ഒരു വസ്തുവിന്റെ അറിവ് ദൃശ്യം മുതലായ അഞ്ചു മാർഗ്ഗങ്ങളിൽ അറിവിലേക്ക് സന്നിവേശിക്കപ്പെടുന്നു. അറിവിൽ ഈ അഞ്ചു കാര്യങ്ങൾ അറിവായി പരിണമിക്കുന്നു. അവിടെ വസ്തുവിനെക്കുറിച്ചുള്ള ബോധം ഉണ്ടാകുന്നു. അതാണ് ഭാതി.
ഓർമ്മിക്കുക, ഭാതി pure existence അല്ല. അറിവിൽ കലർന്ന Existence ആണ്. അഥവാ, അറിവെന്ന കണ്ണാടിയിൽ പ്രതിഫലിക്കുന്ന വസ്തുവാണ്. അതുകൊണ്ടാണ് ഭാതി എന്നൊരു term വരുന്നത്.
ചലിതജലബിംബിതമാം നേർശാഖിയിൽ
വളവധികമുണ്ടെന്ന് -തോന്നും എന്ന് കേട്ടിട്ടില്ലേ? അതായത് ഇളകുന്ന ജലത്തിൽ പ്രതിഫലിക്കുന്ന നേരെ നിൽക്കുന്ന ഒരു കൊമ്പിനു വളവുണ്ടെന്ന് തോന്നുന്നില്ലേ? നേർ കൊമ്പ് അസ്‌തിയും പ്രതിബിംബം ഭാതിയും.
നമ്മൾ രാവിലെ എഴുന്നേറ്റു, കുളിച്ചു, പല്ലുതേച്ചു വൃത്തിയായ ഉടുപ്പൊക്കെയിട്ട് പുറത്തേക്കു പോയി വ്യവഹാരമൊക്കെ കഴിഞ്ഞ് തിരിച്ചുവന്ന് ഉടുപ്പ് മാറി കിടന്ന് ഉറങ്ങുന്നതുവരെയുള്ള സമയത്തെ ഇന്ന് എന്ന് പറയുന്നത് പോലെ, ഇതിനു മുൻപ് അതുപോലെ ഉണ്ടായിരുന്ന set of events നെ ഇന്നലെ എന്ന് പറയുന്നില്ലേ. ഇന്നിന്റേയും ഇന്നലെയുടെയും തുടർച്ചയായി ഉണ്ടാവാൻ പോകുന്നതിനെ നാളെ എന്ന് പറയുന്നില്ലേ? ആ ഇന്നലെയും ഇന്നും നാളെയും ചേർന്ന് ഭൂതം വർത്തമാനം ഭാവി എന്നായി നമ്മുടെ ജീവിതമാകുന്നത് കാണൂ. ആ ജീവിതത്തിന്റെ രസത്തിൽ നമുക്ക് ചേർന്നതും ചേരാത്തതുമായി നമ്മളോട് ചേരുന്ന വസ്തുക്കൾ പരിണമിച്ചു വരും. ചേരുന്നതിനോട് പ്രിയവും വിപരീതമായതിനോട് അപ്രിയവും ഭവിക്കും. രണ്ടുമല്ലാത്തതിനോട് നിസ്സംഗതയും. ഈ ഭാവങ്ങൾ വസ്തുവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ വസ്തുവിന്റെ മൂന്നു അവസ്ഥകളായി അസ്തി ഭാതി പ്രിയം എന്ന് വിവേചിച്ചു വച്ചിരിക്കുന്നു.
ഒന്നുകൂടി പറയുന്നു; പ്രിയാപ്രിയങ്ങൾ ഉണ്ടാകുന്നത് ഭാതിയിന്മേൽ ആണ്. വസ്തുവിലല്ല. അതുകൊണ്ടാണ് ഒരേ പോലെ ഇരിക്കുന്നവരിൽ പോലും ഒരു വസ്തു ഒരേ പ്രിയം ഉൽപ്പാദിപ്പിക്കാത്തത്.
ഇതുവരെ എല്ലാം ശരിയാണോ?

ജിജ്ഞാസു  

അരവിന്ദൻ ജിജ്ഞാസുവാണ് അരവിന്ദൻ വിപ്ലവകാരിയാണ് അരവിന്ദന് അന്ന് ഏഴേകാൽ വയസ്സാണ്. താനിത്രയും കാലം ആറ്റു നോറ്റ് വളർത്തിയ, ചേവൽ കോഴിയെ മുറിച്ച് കഷ്ണങ്ങളാക്കുന്ന അമ്മൂമ്മയുടെ ചുറ്റുമാണ് അദ്ദേഹമിപ്പോൾ.

മുത്തപ്പൻ മരിച്ച കാര്യമാണ് അമ്മാമ്മ അവനു പറഞ്ഞു കൊടുത്തത്. മരിച്ചിട്ടഞ്ചാറു കൊല്ലമായി. ഈ അഞ്ചാറു കൊല്ലവും ഇതേ പരിപാടി നിർബാധം നടന്നിട്ടുണ്ടെന്നും അരവിന്ദനപ്പോൾ തീരെ കുഞ്ഞായതുകൊണ്ടാണ് ഇപ്പോൾ ഇത്രയും കാര്യങ്ങൾ ചോദിക്കുന്നതെന്നുമാണ് അമ്മൂമ്മയുടെ വാദം.
കാര്യമൊക്കെ അരവിന്ദനു മനസ്സിലായി. പക്ഷേ കോഴി തന്നെ മുത്തപ്പനു കൊടുക്കണോന്നാണ് അരവിന്ദന്റെ വിപ്ലവം. തമ്മിൽ കണ്ടിട്ടില്ലെങ്കിലും മുത്തപ്പൻ അത്യാവശ്യം എല്ലാം കഴിച്ചിരുന്നയാളാണെന്നരവിന്ദനറിയാം. ഉടുമ്പിനെ വരെ തിന്നിട്ടുള്ളയാളാണ്. അമ്മൂമ്മ തന്നലാവും വിധം എക്സ്പ്ലനേഷൻ കൊടുത്തിട്ടും അരവിന്ദന്റെ തുലാസ്സു തൂങ്ങിയില്ല.
ചേവൽ വേറെയുണ്ടായിരുന്നു. എന്തോ അത്യാവശ്യകാര്യത്തിന് കോഴിമുട്ട കിട്ടോന്ന് നോക്കാൻ ചെന്ന അരവിന്ദനെ കൊത്തിയോടിച്ചയൊരെണ്ണമടക്കം. അതിലിതിനു തന്നെ ആ വിധിവരാൻ കാരണമെന്തെന്ന് അരവിന്ദനു കഥയുടെ ക്ലൈമാക്സു വരെ മനസ്സിലായതുമില്ല. മുത്തപ്പനു ചോറും സാമ്പാറും കൊടുത്താൽ എന്താണു കുഴപ്പം എന്നുള്ളിലെ ജിജ്ഞാസു ചോദിച്ചു കൊണ്ടേയിരുന്നു.
മകരപ്പഞ്ചയ്ക്ക് വിളഞ്ഞ മട്ടയരീടെ ചോറും അരവിന്ദന്റെ ചേവലിന്റെ കഷണവും വാഴയിലയിൽ പൊതിഞ്ഞ് മുത്തപ്പന്റെ പടത്തിനു വച്ച് കതകടച്ച് കുറ്റിയിട്ട് ബന്ധു ജനങ്ങൾ അമ്മൂമ്മസഹിതം പുറത്തുള്ള കാര്യപരിപാടികളിലേർപ്പെട്ടു. മുത്തപ്പന്റെ ഊണിനു തടസ്സം വരുത്താതിരിക്കാൻ എല്ലരും ആവതും ശ്രമിച്ചു. സദ്യയ്ക്കിലയും വച്ചു.
മുത്തപ്പന്റെ ഇലയെടുക്കാൻ മുറി തുറക്കാൻ ശ്രമിച്ചപ്പഴാണൊരു തടസ്സം. അല്ലെങ്കിലും അതിന്റെ ഓടാമ്പലു നീക്കാനും തുറക്കാനും പാടാണ് പക്ഷേ ഇതതല്ല. ലേശം തുറക്കും ഉടനെ അടയും. ഡോർ ക്ലോസർ പിടിപ്പിച്ചതു മാതിരി. അരവിന്ദന്റെ അമ്മയാണാദ്യം ശ്രമിച്ചതത്രേ. ബലം പിടിക്കാനൊരു മടി. മുത്തപ്പനെ ധിക്കരിക്കാൻ അമ്മയ്ക്ക് അന്നേ ബുദ്ധിമുട്ടാണ്. സംഗതി കണ്ട ആർക്കും പിന്നെ തള്ളാനും ധൈര്യം വന്നില്ല.
അമ്മൂമ്മയ്ക്ക് ഹൈപ്പോ ഗ്ലൈസീമിയയാണ്. സമയത്തിനു ചോറു കിട്ടിയില്ലെങ്കിൽ വിറഞ്ഞു കേറും. ചോറിടാഞ്ഞതു കണ്ട് ചൂടായപ്പോഴാണ് അമ്മൂമ്മ ഈ വിവരമറിയുന്നത്. ജീവിച്ചിരിക്കുമ്പഴേ ഒരു കാലത്തും ബലം പിടിച്ചിട്ടില്ലാത്തയാൾ ഇന്നങ്ങനെ ചെയ്യാൻ യാതൊരു വഴിയുമില്ലെന്നറിയാവുന്ന ആ ജ്ഞാനി വാതിലു വരെ ധൈര്യമായി നടന്നെങ്കിലും വാതിലിനടുത്തെത്തിയപ്പോൾ ഒന്നറച്ചു.
പിന്നെ രണ്ടും കൽപ്പിച്ച് വാതിലിൽ ഒന്നു മുട്ടി വിളിച്ചു പറഞ്ഞു. "നോക്കീൻ, നിങ്ങളു കഴിച്ചിട്ട് വേഗം പൊയ്ക്കോളീൻ. എനിക്ക് വെശ്ക്ക്ണ്ട്. "
ഉള്ളിൽ നിന്ന് അരവിന്ദന്റെ അമർത്തിപ്പിടിച്ച ശബ്ദം എല്ലാരും കേട്ടു. "വന്നിട്ടില്ലാ വന്നിട്ടില്ലാ. തൊറക്കണ്ടാ തൊറക്കണ്ടാ".

അറിവ്


 എന്നാൽ ലേശം ശ്രീനാരായണഗുരുവിനെക്കുറിച്ച് പറയാം എന്ന് വിചാരിച്ച് ടൈപ് ചെയ്യാൻ തുടങ്ങിയപ്പോൾ, ശ്ളോകം തെറ്റിയാലോ എന്നോർത്ത്, ഷെൽഫിലുള്ള കിഴവൻ്റെ മുഖമുള്ള ചെറിയ പുസ്തകം എടുക്കാൻ മകളെ അയച്ചു. അതിൽ ചെറിയവൾ കുത്തിവരഞ്ഞിരിക്കുന്നു. ചിതലെടുത്തിട്ടില്ല!

പുസ്തകം ഇപ്പോൾ ഇരിക്കുന്നത് മേശപ്പുറത്താണ്. ഗുരുവിൻ്റെ പടമുണ്ടതിൽ എന്ന് ഞാൻ നോക്കുമ്പോൾ കാണാം. ഒരു കിഴവൻ്റെ പടം എന്ന് എൻ്റെ മകൾ കാണുന്നു. കുത്തി വരയ്ക്കാനുള്ള കടലാസെന്ന് മറ്റൊരു മകൾ. ഭക്ഷണമെന്ന് ചിതൽ. ഓരോരുത്തർക്കും ഓരോ കാഴ്ച്ച എന്തുകൊണ്ടാണ്? അറിവിൽ തന്നെയാണ് ആ കാണപ്പെടുന്നത് ഇരിക്കുന്നതെന്നതു കൊണ്ടല്ലേ? അഥവാ അറിവുകൊണ്ടാണ് അറിയുന്നത്. ഒന്നുകൂടെ പറഞ്ഞാൽ അറിവിൻ്റെ തന്നെ ഗുണമായാണ് അറിയപ്പെടുന്നതിനെ അറിയുന്നത്. അതുകൊണ്ട്, അറിയപ്പെടുന്ന ഇത് വേറെയല്ല ഒന്നാലോചിച്ചാൽ അറിവുതന്നെയാണെന്ന് വരും എന്നാണ് ആ പുസ്തകത്തിലെ ആദ്യ രണ്ടു വരിയിൽ പറയുന്നത്.
*പുസ്തകം അറിവ് ശ്ലോകം 1*
അറിയപ്പെടുമിതു വേറ-
ല്ലറിവായീടും തിരഞ്ഞിടുന്നേരം
അറിവിതിലൊന്നായതുകൊ-
ണ്ടറിവല്ലാതെങ്ങുമില്ല വേറൊന്നും
അർഥം വളരെ നിസ്സാരം:-
അറിയപ്പെടും = അറിയപ്പെടുന്ന
ഇത് = ഇക്കാണുന്നത് ( നമുക്ക് അടുത്തുള്ളത്, നമ്മൾ പരിചയപ്പെട്ടത്)
തിരഞ്ഞിടും നേരം = അന്വേഷിച്ചു നോക്കിയാൽ
വേറല്ല = വേറെയല്ല
അറിവായീടും = അറിവു തന്നെ ആയിരിക്കും
അറിവ് അതിൽ ഒന്നായത് കൊണ്ട് = അറിവ് അറിയപ്പെടുന്നതിൽ ഒന്നായതിനാൽ
അറിവല്ലാതെ എങ്ങും ഇല്ല വേറെ ഒന്നും = സ്പഷ്ടം
അറിവ് അറിയപ്പെടുന്നത് എന്നിങ്ങനെ രണ്ടു സംഗതികളെക്കുറിച്ചാണ് പറയുന്നത്.
(ഉദാ:- പുസ്തകം ഞാൻ കാണുന്നു എന്ന കാര്യമെടുത്താൽ, ഞാൻ കാണുന്നു എന്നതിനെ മൊത്തത്തിൽ കാഴ്ച്ച എന്നു പറയാം. പുസ്തകമാണ് കാണപ്പെടുന്നത്. കാഴ്ച്ചയെ കേൾവി, രുചി മുതലായവകളിലേക്ക് ചേർത്ത് മൊത്തത്തിൽ അറിവ് എന്ന് പറയുന്നു. ഇതിനു വിഷയമായ എല്ലാറ്റിനേം ചേർത്ത് അറിയപ്പെടുന്നത് എന്നും.)
പുസ്തകം ആണ് ഇതു വരെ അറിഞ്ഞത്. അതിൽ പറഞ്ഞിട്ടുള്ളതാകട്ടെ അറിവിനെക്കുറിച്ചും. ആ അറിവെന്താണെന്ന് അറിയുക ആണല്ലോ നമ്മുടെ ഉദ്യമം. ആ അറിവും അപ്പോൾ അറിയപ്പെടുന്നതിൻ്റെ കൂട്ടത്തിൽ പെട്ടു. അറിവിനേയും അറിയുക തന്നെയായതുകൊണ്ട് അറിവല്ലാതെ മറ്റൊന്നിനും എങ്ങുമുണ്ടാവാൻ കഴിയില്ല.
അറിവല്ലാതെങ്ങുമില്ല വേറൊന്നും എന്നാണോ അറിവല്ലാതൊന്നുമില്ല വേറെങ്ങും എന്നാണോ എന്നുറപ്പിക്കാനാണ് പുസ്തകം എടുക്കാൻ പറഞ്ഞത്. എങ്ങും എന്ന് പറയുന്നത് സ്പേസിനെയാണ്. സ്പേസും അറിവിലിരിക്കുന്ന ഒരു സംഗതിയായതുകൊണ്ട് ആദ്യം അതിനെ തന്നെ നിരാകരിക്കുന്നു എന്നാണ് കാണേണ്ടത്.
ഇത്രയും ഒരു വിധം മനസ്സിലായാൽ, അപ്പോൾ പിന്നെ പുസ്തകവും ആകാശവും ഒക്കെ ഇല്ലാത്തതാണോ എന്നാണ് സാധ്യമായ ഒരു ചോദ്യം. ഇത് ഒരരുക്കാക്കിയിട്ട് അതിലേക്ക് വരാം.
ചുരുക്കത്തിൽ ഉള്ളത് അറിവു മാത്രമാണെന്നാണ് പറയുന്നത്. ഉപനിഷദ്ക്കാലത്തെ ബ്രഹ്മം എന്ന സംജ്ഞയെ അറിവ് എന്ന് പച്ചമലയാളത്തിൽ വിശദീകരിക്കുകയായിരുന്നു നാണു ആശാൻ ചെയ്ത വിപ്ലവം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
ഈ വിവരം അടുക്കോടെ എഴുതി വച്ചിരിക്കുന്ന പുസ്തകം ആണ് ആത്മോപദേശശതകം. താല്പര്യമുള്ളവർക്ക് അതു വായിച്ച് കൂടുതൽ അറിയാം.
അല്ലെങ്കിൽ തിരക്കൊഴിഞ്ഞ് നമുക്ക് ഓരോന്നായി നൂറു ശ്ലോകം പഠിക്കാം.

 ശ്രീ നാരായണഗുരുവിൻ്റെ ജാതി

Mary shelly യുടെ Frankenstien എന്ന ഒരു കഥാപാത്രം (പടം കട് വിക്കിപ്പീഡിയ) മോർച്ചറിയിൽ നിന്ന് കിട്ടിയ മാംസക്കഷ്ണങ്ങൾ തുന്നിച്ചേർത്ത് ഒരു മനുഷ്യരൂപമുണ്ടാക്കി. എന്നിട്ടതിൽ ജീവനുണ്ടാവാനുള്ള രാസവസ്തു ചേർത്തുവത്രേ. ഉണ്ടായി വന്ന വികൃത മനുഷ്യനെക്കണ്ട് ശാസ്ത്രജ്ഞൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു എന്നാണ് കഥ. 




മനുഷ്യൻ ഇതു പോലെ മനുഷ്യന്റെ  തന്നെ സകല ദുർഗുണങ്ങളും അവൻ വിചാരിക്കുന്ന നന്മകളിൽ ചേർത്തുവച്ച് തന്താങ്ങളുടെ ദൈവത്തെ ഉണ്ടാക്കിയെടുത്തു. അഞ്ചു നേരം നമസ്ക്കരിച്ചില്ലെങ്കിൽ ക്രുദ്ധനാകുന്ന ദൈവം, വിലക്കിയ കനി ഭക്ഷിച്ചതിന് ഏദൻ തോട്ടത്തിൽ നിന്ന് വിലക്കിയ ദൈവം, തട്ടുതട്ടായ നരകങ്ങളെ ഉണ്ടാക്കി വച്ച്, വഴി പിഴച്ചവരെ പീഡിപ്പിക്കാൻ പാർത്തിരിക്കുന്ന ദൈവം എന്നിത്യാദികൾ 

ചേർത്തുണ്ടാക്കിയ ദൈവത്തെക്കണ്ട് അവൻ തന്നെ വിരണ്ടു പോയിട്ട്  ഒരു ഭീതിയിൽ നിന്ന് മറ്റൊന്നിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചു കൊണ്ടേ മരിച്ചു പോകുന്നു.

ശ്രീ നാരായണഗുരു തന്റെ ദൈവത്തെ പരിചയപ്പെടുത്തുന്നത് അരുമയായിട്ടാണ്. ചിലപ്പോൾ കൺമണിയെന്നും അരുളെന്നും അത്യന്തം സ്നേഹത്തോടെ വിളിക്കുന്നു. എവിടെയോ ഇരിക്കുന്ന ദൈവത്തിനു പകരം ദാ ഇരിക്കുന്നു എന്ന് പറയുന്നു. 

ഗുരുവിന്റെ ദൈവത്തെ അറിയാത്തവർ ഗുരുവിന്റെ മതവും ജാതിയും വെവ്വേറെ കണ്ടെത്തി കഷ്ണം കഷ്ണമായി രുചിക്കുന്ന കാലത്ത്, ഗുരുവിന്റെ ദൈവത്തെപ്പറ്റി പറയുന്നത് നന്നായിരിക്കും എന്ന് കരുതുകയാൽ, ഞാൻ ആവുന്നതു പോലെ ശ്രമിക്കുകയാണ്.

ദൈവദശകം തുടങ്ങുന്നതു തന്നെ ദൈവമേ എന്ന് വിളിച്ചുകൊണ്ടാണ്. കാത്തുകൊൾക കൈവിടരുത് എന്നൊക്കെ അങ്ങ് ഇരിക്കുന്ന ദൈവത്തോട് ഇങ്ങ് ഇരിക്കുന്ന ഞങ്ങൾ ആണ് പറയുന്നത്. 

ദൈവമേ കാത്തുകൊൾകങ്ങു

കൈവിടാതിങ്ങു ഞങ്ങളെ

അങ്ങിരിക്കുന്ന ദൈവം, ഇങ്ങിരിക്കുന്ന ഞങ്ങൾ, ഞങ്ങൾക്കുണ്ടാകുന്ന വിപത്തുക്കൾ, അതു തടയാനുള്ള ദൈവത്തിന്റെ  കഴിവ്. ഈ നാലു കാര്യങ്ങളെ ഓരോ പേരിൽ, ദൈവം, ഞങ്ങൾ, മായ, ദൈവത്തിന്റെ  മഹിമ എന്നിങ്ങനെ നാലായി വിളിക്കാം. എന്നാൽ ഇത് നാലും ദൈവമായിത്തന്നെ ഇരിക്കുന്നു. അഥവാ നാല് നിലകളിലായി പിരിഞ്ഞു നിൽക്കുന്ന ഒന്നായി, ഒരേയൊരു കരുവായി ദൈവത്തെ ചൂണ്ടിക്കാണിക്കുന്നു. 

ഈ നാലിനെയും ചേർത്തുവച്ച് മനസ്സിലാക്കാൻ പാടാണ്. അശിക്ഷിത മനസ്സിൽ അതിങ്ങനെ നാലായിത്തന്നെ പിരിഞ്ഞിരിക്കും. അതിനാൽ ഗുരു ഒരു രൂപകം പറയുന്നു. 

ആഴി, തിര, കാറ്റ്, ആഴം എന്നിങ്ങനെ നാലു കാര്യങ്ങളെടുക്കുക. കടൽ, അതിലെ തിര, അതുണ്ടാക്കുന്ന കാറ്റ്, അതിലെ ജലം. ഇതെല്ലാം ചേർന്നതല്ലേ ആദ്യം പറഞ്ഞ കടൽ ?

ദൈവത്തിന്റെ സ്ഥാനത്ത് ആഴം അഥവാ ജലം, ജലം തന്നെ തിരയായി രൂപപ്പെടുന്നു.  ഇതിനെ മായ എന്ന് പറയുന്നു. മായയെ ഇല്ലാത്തത് എന്ന് പറയുന്നത് തെറ്റിദ്ധാരണ ഉണ്ടാക്കുമെന്ന് തോന്നുന്നതിനാൽ ഉള്ളതായി അനുഭവപ്പെടുന്നത് എന്ന് മനസ്സിലാക്കണം. 

ജലം മാത്രം ഉള്ള കടലിൽ തിര എന്ന രൂപം ഉണ്ടാകുന്നത്  എന്തോ ഒരു കാരണം കൊണ്ടാണ്. ആ കാറ്റിനെ ദൈവത്തിന്റെ മഹിമയായി മനസ്സിലാക്കുക. ഇതെല്ലാം ചേർന്ന ആഴിയെയാണ് ഞങ്ങൾ എന്നറിയേണ്ടത്. ഒരേസമയം ആഴിയും തിരയും കാറ്റും ആയിരിക്കുന്ന ആഴം അത്രേ ദൈവം.

അതാണ് പറയാൻ പോകുന്ന ഗുരുവിന്റെ ദൈവം.  ഇത് മനസിലാക്കിച്ചു തരാനുള്ള  പ്രാർത്ഥനയാണ് നാലാമത്തെ ശ്ലോകം. അതേ ദൈവത്തോടു തന്നെ.

ആഴിയും തിരയും കാറ്റും 

ആഴവും പോലെ ഞങ്ങളും

മായയും നിൻ മഹിമയും 

നിയുമെന്നുള്ളിലാകണം

( നീയും എന്ന് ഉള്ളിൽ ആകണം)

ഒന്ന് കൂടെ വിശദമാക്കാനായി അഞ്ചാമത്തെ ശ്ലോകത്തിൽ മറ്റൊരു രൂപകം വച്ചിരിക്കുന്നു. അത് നോക്കാം. 

മെഴുകുകൊണ്ട് ഒരാൾരൂപം നിങ്ങൾ ഉണ്ടാക്കി എന്ന് വയ്ക്കുക. അതിലെ നാല് സംഗതികൾ എടുക്കുക.

ഉണ്ടായിവന്ന ആൾരൂപം 

ഉണ്ടാക്കിയ നിങ്ങൾ 

ഉണ്ടാക്കുക എന്ന പ്രക്രിയ 

ഉണ്ടാക്കാനുള്ള മെഴുക് 

സൃഷ്ടി, സ്രഷ്ടാവ് , സൃഷ്ടിജാലം , സൃഷ്ടിക്കുള്ള സാമഗ്രി. 

ഒരേസമയം ഇതത്രയും ആയിരിക്കുന്ന ഒരേ വസ്തുവിനെ നാരായണഗുരു ദൈവം എന്ന് വിളിക്കുന്നു.

നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-

വായതും സൃഷ്ടിജാലവും

നീയല്ലോ ദൈവമേ,സൃഷ്ടി-

യ്ക്കുള്ള സാമഗ്രിയായതും

ഇതാണ് ഗുരുവിന്റെ ദൈവം. മേൽ പറഞ്ഞ രൂപകത്തെ പറ്റി വിചാരിച്ചാൽ മെഴുക് എന്ന വസ്തു ആൾരൂപത്തിലും ഉള്ളതായി കാണാം. അങ്ങനെ ഇക്കാണുന്നതെല്ലാം ആയി പ്രതിഭാസിച്ചു നിൽക്കുന്ന ഒന്നാണ് അറിവ് അഥവാ ഇക്കാണുന്നതെല്ലാം അറിവ് മാത്രമാണ് എന്നു കൂടി മനസ്സിലാക്കുമ്പോഴേ ഇത് ഉൾക്കൊള്ളാൻ കഴിയൂ.

അത് വിശദമാക്കാനും അതിന്റെ അടിസ്ഥാനത്തിൽ ജാതിയെയും മതത്തെയും പുനർനിർവചിക്കാനും ഗുരു 100 ശ്ലോകമെഴുതി. ലോകർക്ക് അവരെത്തന്നെ ഉപദേശിക്കാനായി അത് ആത്മോപദേശ ശതകം എന്ന പേരിൽ പ്രസിദ്ധമാണ്. കൂടുതലായി അറിയണം എന്നുള്ള ആളുകൾക്ക് വായിച്ചു പഠിക്കാവുന്നതുമാണ്.

ഈ പറയുന്നയിടത്തേക്ക് നോക്കിയാൽ ആർക്കും ദൈവത്തെ കാണാം. അപ്പോൾ ദൈവമായി. ഇനിയെന്താ വേണ്ടത്? ജാതിയും മതവും? മതമെന്നാൽ ഒരു ദൈവത്തിലോ പ്രത്യയശാസ്ത്രത്തിലോ അധിഷ്ഠിതമായി, ചേയ്യേണ്ടതും അരുതാത്തതുമായ കാര്യങ്ങൾ കൊണ്ടുണ്ടാക്കിയ ചട്ടക്കൂടാണ്. ഒരു വരിയിൽ ഗുരു അതും പറഞ്ഞു വച്ചു. മനുഷ്യൻ എന്ന ഒരു ജാതിയേയും വച്ചു. എന്നിട്ട് എല്ലാവരോടുമായി പറഞ്ഞു.

 "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്"




 ശ്രീനാരായണ ഗുരുവിൻ്റെ വൃത്തം

സ്രഗ്ദ്ധരയും ശാര്ദ്ദൂലവിക്രീഡിതവും പഞ്ചചാമരവും തൊട്ട് ഭാഷാവൃത്തങ്ങളായ ആര്യയിലും ഗീതിയിലും, നജജജഗ എന്നൊരു പേരില്ലാ വൃത്തത്തിലും വരെ ശ്ലോകങ്ങള് എഴുതിയിട്ടുള്ള ശ്രീനാരായണഗുരു, ആത്മോപദേശശതകം എഴുതാന് തിരഞ്ഞെടുത്തത് ഇവയൊന്നുമല്ലെന്നത് ശ്രദ്ധേയമാണ്. ആ ഒരു കൃതിക്കും ശിവശതകത്തിലിടയ്ക്കായും അവലംബിച്ചിരിക്കുന്നത് പുഷ്പിതാഗ്രയുടെ ഒരു രൂപഭേദമാണ്.
അതറിയാൻ ആദ്യം പുഷ്പിതാഗ്ര എന്താണെന്നു നോക്കം.
പുഷ്പിതാഗ്രയുടെ ലക്ഷണം :
'നനരയ വിഷമത്തിലും സമത്തിൽ
പുനരിഹ നംജജരംഗ പുഷ്പിതാഗ്ര'
- എന്നാണ് .

അതായത് പുഷ്പിതാഗ്രയില് ആദ്യത്തെ പാദത്തില് / വിഷമപാദത്തില് 'നനരയ' എന്നും രണ്ടാമത്തെ പാദത്തില് / സമത്തില് 'നജജര' എന്നീ ഗണങ്ങളും ഒരു ഗുരുവും എന്നുമാണു ഘടന. ഇത്തരത്തിൽ രണ്ടു പാദത്തിലും വ്യത്യസ്ത ഘടനയുള്ളവയെ പൊതുവിൽ അര്ദ്ധ സമവൃത്തങ്ങൾ എന്നു പറഞ്ഞു പോരുന്നു.
പുഷ്പിതാഗ്രക്ക് ഉദാഹരണം പടത്തിൽ.



കൂടുതലറിയാൻ കളരി വീഡിയോ നോക്കൂ.
നാരായണഗുരു പുഷ്പിതാഗ്രയുടെ സമത്തില് എന്താണോ അതു തന്നെ വിഷമത്തിലും വെച്ചു. അതായത് പുഷ്പിതാഗ്രയുടെ രണ്ടു പാദത്തിലും 'നജജരഗ' എന്നാക്കി. ആദ്യപാദത്തില് 12 അക്ഷരമാണുള്ളത്, രണ്ടാം പാദത്തില് 13 അക്ഷരം, ഒരക്ഷരം അധികമാണ്. ആ അധികാക്ഷരമാകട്ടെ ഒരു ഗുരുവും.
ചുരുക്കത്തില് ഒരു ഗുരുവിനെ ചേര്ത്ത് ശ്രീനാരായണ ഗുരു പുഷ്പിതാഗ്രയുടെ വിഷമം മാറ്റിയിരിക്കുന്നു
ഒരു ആത്മാന്വേഷിയുടെ വിഷമം എന്ന് പറയുന്നത് സാധാരണയർത്ഥത്തിൽ പറഞ്ഞു പോരാറുള്ള വിഷമമല്ല. അത് പൂർവ്വപക്ഷമാണ് . ഭഗവദ് ഗീതയിലെ അര്ജ്ജുന വിഷാദയോഗം പോലെ. ആ വിഷമാവസ്ഥക്കുള്ള ഉത്തരങ്ങള് കണ്ടെത്താന് സഹായിക്കാനായി ശ്രീനാരായണ ഗുരു എഴുതിയ കൃതിയാണു ആത്മോപദേശ ശതകം. അതെഴുതാന് വിഷമം മാറ്റിയ പുഷ്പിതാഗ്ര വളരെ ധ്യാനപൂര്‌വ്വം തിരഞ്ഞെടുത്തതാവാതെ തരമില്ല.
ഈ അപൂർവ്വ വൃത്തത്തിന് മൃഗേന്ദ്രമുഖം എന്നും സുവക്ത്ര എന്നും അചല എന്നും പേരുകളുണ്ട്.
ആത്മോപദേശ ശതകം - ഒന്നാമത്തെ ശ്ലോകം
അറിവിലുമേറിയറിഞ്ഞിടുന്നവന് ത-
ന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും
കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി-
ത്തെരുതെരെ വീണു വണങ്ങിയോതിടേണം.



Sunday, October 16, 2022

കുഞ്ഞിമൂസ


ആമുഖം

അച്ചുമരത്തില്‍ തൂക്കിയിട്ട റാന്തലിന്റെ വെളിച്ചത്തില്‍ കാളയുടെ നിഴല്‍ മതിലില്‍ വീണിളകി ഒരു വ്യാളിയെപ്പോലെയാകുന്നത് മൊകാരി നോക്കിയിരുന്നു. എല്ലാത്തവണയും അതുവഴി മടങ്ങിവരുമ്പോൾ ഒരു പുതിയ കാഴ്ച്ചയെപ്പോലെ ആ വ്യാളി മൊകാരിയെ രസിപ്പിച്ചു. വിൽക്കാതെ അവശേഷിച്ച മൺചട്ടിയിലൊന്നിൽ അയാൾ താളം പിടിച്ചു. ശേഷം അത് വണ്ടിക്കുറ്റിയിൽ കമഴ്ത്തി വച്ച്, കിളിക്കാലില്‍ എഴുന്നേറ്റു നിന്ന് വലിച്ചു തീരാറായ ബീഡി വ്യാളിയുടെ കണ്ണിലേക്ക് എറിഞ്ഞുകൊള്ളിച്ചു. വ്യാളിയുടെ കണ്ണുകളില്‍ നിന്ന് തീപ്പൊരി ചിതറി. പിന്നിലായി വന്നുകൊണ്ടിരുന്ന വണ്ടിക്കാർ മൊകാരിയുടെ ചിരി കേട്ടു. ചുണ്ടക്കാട്ടെത്താന്‍ ഇനിയും മൂന്നു ദിവസമെടുക്കും.

അദ്ധ്യായം 1


ചുണ്ടക്കാട് ഒരു മേടാണ്. രണ്ടു കിലുക്കങ്ങള്‍ക്കിടയിലെ ഒരു മേട്. ഒരിറക്കത്തില്‍ മാധവവിലാസം സ്കൂളിലെ ചെറുകിലുക്കങ്ങള്‍, മറ്റേയിറക്കത്തില്‍ കുമ്പാരന്മാരുടെ തെലുങ്കും.

 പുറപ്പാട് കഴിഞ്ഞ് കാലമിത്രയായിട്ടും കുമ്പാരൻ അവൻ്റെ പൈതൃകമായ ഭാഷ കളയാതെ സൂക്ഷിച്ചു. അമ്പതിലധികം കുടുംബങ്ങൾ ഭാഷ കൊണ്ടുള്ള മതിലിനുള്ളിൽ ആന്ധ്രയിലെ ഏതോ ഗ്രാമമായി ജീവിച്ചു. ഊഴമിട്ട് അക്കരയിൽ നിന്ന് ചൂരൽ വട്ടിയിൽ കൊണ്ടുവരുന്ന കളിമണ്ണ് വെള്ളം ചേർത്ത് കുഴച്ച് കല്ലു കളഞ്ഞ് ചട്ടിയും കലവുമായി വാർത്ത് തണലത്തുണക്കി ചൂളയിലേക്കെടുക്കും. ഓരോ ഘട്ടത്തിലും അവരതിൽ തെലുങ്ക് ചേർക്കും. ചുട്ടെടുത്ത കലത്തിൽ ചൂണ്ടുവിരൽ മടക്കി മുട്ടിയാൽ അതിൽ നിന്ന് പാകമായ തെലുങ്ക് തിരിച്ച് കേൾക്കാം.

ഒഴിഞ്ഞ വണ്ടിയുമായി മൊകാരി കുമ്പാരത്തറയിലെത്തുന്നത് ഒരു വൈകുന്നേരത്താണ്. തറയിൽ അപ്പോൾ വലിയ ബഹളം നടക്കുകയായിരുന്നു. അതുമൂത്ത് കയ്യാങ്കളിയാകുമെന്ന് ഭയന്ന്, എല്ലാ  അത്തരം അവസരങ്ങളിലും ചെയ്യാറുള്ളതു പോലെ കുഞ്ഞിമൂസയെ തിരക്കി ചുണ്ടക്കാട്ടേക്ക് വണ്ടിയാട്ടി.

വാതിൽ തുറന്ന്, പുറത്തേക്ക് വീഴുമായിരുന്ന വെളിച്ചമത്രയും മറച്ച്, കുനിഞ്ഞ്, കുഞ്ഞിമൂസ പുറത്തേക്ക് വന്നു. ഒപ്പം പുരയ്ക്കകത്ത് കെട്ടിക്കിടന്ന മുറുമുറുപ്പും.

മൊകാരി കാര്യം പറഞ്ഞു.

"എളാപ്പാ, അതുകള് വക്കാണം കൂടി തല്ലും പിടിയും ആവും. എന്തെങ്കിലും ചെയ്തില്ലെങ്കിൽ ചോര വീഴ്ണ മാതിരിയിണ്ട്."

"ഒന്നുണ്ടാവില്ലെടാ. നീ വണ്ടി അഴിക്ക്. നമുക്ക് നടന്ന് പോവാം".

മൊകാരി കാളകളെ അഴിച്ച് കെട്ടി. കുഞ്ഞിമൂസ ഇടതു കൈ കൊണ്ട് കാളവണ്ടിയുടെ മൂക്കണയിൽ പിടിച്ച് പൊക്കി വണ്ടി പടിക്കകത്ത് കേറ്റി തിരിച്ചിട്ടു. ലുങ്കിക്ക് മുകളിലൂടെ അരയിൽ തോർത്ത് കെട്ടി, കുമ്പാരത്തറയിലേക്കുള്ള ദൂരം കനത്തതും നീളമേറിയതുമായ കാൽവെയ്പ്പുകൾ കൊണ്ട് ക്ഷണത്തിൽ അളന്നു തീർത്തു

കുഞ്ഞിമൂസ കടന്നു വന്ന മാത്രയിൽ കുമ്പാരത്തറയിൽ തെലുങ്ക് നിലച്ചു. പനമ്പട്ട കൊണ്ട് മേഞ്ഞ കൂരകൾ ആമകളെപ്പോലെ ഉൾവലിഞ്ഞു. വാതിലുകളടഞ്ഞു. വിളക്കുകളണഞ്ഞു. വീടുകൾക്കിടയിലെ വീതികുറഞ്ഞ ഇടവഴിയിലൂടെ മൂസയും മൊകാരിയും തിരിച്ചുനടന്നു. ചട്ടിമേടിക്കാൻ വന്ന കണക്ക് മാഷ് പിന്നോട്ട് നടന്ന് പുളിവേരിൽ കാലുടക്കി മറിഞ്ഞു വീണു. 

പുലർച്ചെ, വെളിക്കിരിക്കാൻ മാത്രമാണ് കുശവർ വീടുകളിൽ നിന്ന് പുറത്തിറങ്ങിയത്.



പിറ്റേന്ന് മാധവവിലാസം സ്ക്കൂളിൽ നാലാം തരത്തിൽ രണ്ടാമത്തെ പിരീഡ് കണക്കായിരുന്നു. കണക്ക് മാഷുടെ ഒഴിവിൽ മലയാളം പഠിപ്പിക്കുന്ന രാമചന്ദ്രനെ പറഞ്ഞു വിട്ട് മാധവൻ മാഷ് സ്വസ്ഥനായി ഇരുന്നു.

രാമചന്ദ്രൻ മാഷ് ആ ക്ലാസ്സിൽ പഠിപ്പിക്കുന്നയാളല്ല. പലതും പറഞ്ഞിരിക്കുന്നതിനിടയിൽ മാഷ് കുട്ടികളിൽ ഒരാളോട് അഴൽ എന്ന വാക്കിൻ്റെ അർഥം ചോദിച്ചു. മിഴിച്ചു നിന്ന അവനോട് "ഇരിയെടാ തടിയാ" എന്ന് പറഞ്ഞ് മാഷ് തിരിഞ്ഞു നടന്നു. തടിയന് കണ്ണ് ചുവന്നു നിറഞ്ഞു. അവനെ അങ്ങനെ വിളിക്കരുതെന്ന് അവിടെ എല്ലാവർക്കുമറിയാം. അവൻ കരച്ചിലടക്കി. പക്ഷേ മൊകാരിയുടെ മകൻ ഹംസയ്ക്ക് അടക്കാനായില്ല. അവൻ പാഞ്ഞു ചെന്ന് ഒരു തള്ള് കൊടുത്തു. വീഴാതെ കൈ കുത്തിയെങ്കിലും മേശയുടെ വക്കിൽ കൊണ്ട് രാമചന്ദ്രൻ മാഷിൻ്റെ നെറ്റി മുറിഞ്ഞ് ചോര പൊടിഞ്ഞു.

അസ്വസ്ഥനായ മാധവൻ മാഷ് ഹംസയെ പൊതിരെ തല്ലി. ഹംസ അലറിക്കരഞ്ഞ് ഓഫീസ് റൂമിൽ നിന്ന് ഇറങ്ങിയോടി. മാധവൻ മാഷ് വടിയെടുത്തെറിഞ്ഞു. ഹംസ പടികടന്ന് ചുണ്ടക്കാട്ടേക്ക് ഓടി.

ഹംസയുടെ കൈ പിടിച്ച് കുഞ്ഞിമൂസ സ്കൂളിന്റെ പടികടന്നു വന്നു. മാധവൻ മാഷ് ഓടി ഓഫീസിൽ കയറി വാതിലടച്ചിരുന്ന് വിറച്ചു. വാതിൽ മൂസയുടെ ഒരു തള്ളിനില്ല.  കുഞ്ഞിമൂസ  അകത്ത് കയറിയില്ല. നടുമുറ്റത്ത് നെടുങ്ങനെ നിന്നു. അയാളുടെ നിഴൽ വേലിക്കലോളം നീണ്ടു കിടന്നു.

മൂന്നിൽ ക്ലാസ് എടുത്തു കൊണ്ടിരുന്ന കുണ്ടു മാഷ് ഓടി വന്നു.

"മുസാക്കാ ചതിക്കല്ലേ. അയാൾ ഒരു ഹെഡ് മാഷാണ്."

രാമചന്ദ്രൻ മാഷും ഇറങ്ങിവന്നു.

"അങ്ങനെ പറ്റിപ്പോയതാണ്. മൂസാക്ക പ്രശ്നമാക്കരുത്."

കുട്ടികൾ ക്ലാസ്സിൽ നിന്നിറങ്ങി വരാന്തയിൽ തിങ്ങി. അദ്ധ്യാപകരിറങ്ങി വന്നു. കുഞ്ഞിമൂസയെ അനുനയിപ്പിച്ച് നിന്നിടത്തു നിന്നും ഇളക്കി.  കുഞ്ഞിമൂസ തലേക്കെട്ടഴിച്ച് തോളത്തിട്ട് ഹംസയേയും കൂട്ടിയിറങ്ങി. മാധവൻ മാഷ് പിന്നെയും 7 വർഷം പഠിപ്പിച്ചു. ചൂരൽ തൊട്ടിട്ടില്ല.

അദ്ധ്യായം 2


ഏഴു വർഷത്തിനിടയ്ക്ക് കുശവരും മാറി. ചൂരൽ വട്ടി കളഞ്ഞ് കാളവണ്ടിയിലായി മണ്ണു കടത്തൽ. ചൂള മൊകാരിക്ക് വിൽക്കുന്നില്ലെന്നവർ തീരുമാനിച്ചു. ഒന്നോ രണ്ടോ വണ്ടി വിൽക്കും. വില കുശവരു പറയും. കുശവരെയാരോ സഹായിക്കുന്നുണ്ടെന്ന് മൊകാരി കുഞ്ഞിമൂസയോട് പരാതി പറഞ്ഞു. 

"നിനക്ക് ഇതല്ലെങ്കിൽ വേറെ കച്ചവടം. അവർക്കോ? നാളെമുതൽ പീടികേലെ ചരക്കെടുക്കാൻ പൊള്ളാച്ചിക്ക് നീ പോയ്ക്കോ"

എന്ന് പറഞ്ഞ് കുഞ്ഞിമൂസ മൊകാരിയെ തിരിച്ചയച്ചു. അച്ചുമരത്തിൽ കമ്പിറാന്തൽ തൂക്കിയ നാലഞ്ച് കാളവണ്ടികൾ പിന്നെ തിരുവനന്തപുരത്തേക്ക് പോയിട്ടില്ല. ഉള്ള വണ്ടിയിൽ ഒരെണ്ണം വിറ്റ് മൊകാരി ചുങ്കത്ത് പീടികയിട്ടു.

അത്തവണ ചൂള കത്തിപ്പിടിച്ചപ്പോൾ മൊകാരിക്ക് ഉള്ളുനീറി. രാത്രി പൊള്ളാച്ചിക്ക് പോകുന്ന വഴിയിൽ ആരുമില്ലാഞ്ഞിട്ടും പിറകിലെ വണ്ടിക്കാരുടെ ചിരി അസഹ്യമായി.  മൂച്ചിച്ചുവട്ടിൽ കാളവണ്ടി നിർത്തിയിട്ടിട്ട് കമ്പിറാന്തലുമെടുത്ത് മൊകാരി ചൂളയിലേക്ക് നടന്നു. റാന്തൽ താഴെ വച്ച് കത്തിപ്പിടിക്കാത്ത ഒരു കാഞ്ഞിരത്തിൻ്റെ വിറകൂരി മൊകാരി ചൂളയിലേക്കടുത്തു. റാന്തൽ വിളക്ക് ചൂളയിൽ വീഴ്ത്തിയ സ്വന്തം നിഴലിൽ അയാൾ കണ്ണിൽ നിന്നും തീപ്പൊരി ചിതറുന്ന വ്യാളികളെക്കണ്ടു. 

വിറക് ആകാശത്തിൽ ഒരു വട്ടം വീശിയെത്തുന്നതിന് മുൻ‌പ് മൊകാരിയുടെ നിഴലിനെ മറ്റൊരു ഭീമൻ നിഴൽ മറച്ചു കളഞ്ഞു. തിരിഞ്ഞു പോലും നോക്കാതെ റാന്തലുപേക്ഷിച്ച് അയാളോടി.

പുലർച്ചെ നിസ്ക്കരിക്കാനുണർന്ന മൊകാരിയുടെ ഭാര്യ പടിക്കൽ റാന്തലിരിക്കുന്നതു കണ്ട് വിസ്മയിച്ചു. 

അന്ന് കുഞ്ഞിമൂസ കുളി കഴിഞ്ഞ് പുഴയിൽ നിന്ന് വീട്ടിലേക്ക് പോകുന്ന വഴിക്ക്, മൊകാരിയുടെ വീടു കടന്ന് ഇടവഴിതിരിഞ്ഞ് കയറിയപ്പോൾ പുളിക്കച്ചവടക്കാരൻ സുലൈമാൻ നിൽക്കുന്നു.

നന്നായി. ഞാൻ വീട്ടിൽക്കെന്നെ വരാർന്നു.

എന്തിനാണ്ടാ?

"അന്ന് വീട്ടിൽത്തെ പുളീടെ കാര്യം പറഞ്ഞിരുന്നില്ലേ. ഞാനത് അണ്ണാച്ചിയെ കാണിച്ച് കച്ചവടമാക്കി. അവൻ നാളെ വന്ന് മുറിക്കും. 100 തന്നിട്ടുണ്ട്. ബാക്കി തടിയെടുക്കാൻ വരുമ്പോ."

രൂപ മേടിച്ച് മടിയിൽ തിരുകി കുഞ്ഞിമൂസ വീടെത്തി. ബീവിയെ വിളിച്ച് പൈസ കൊടുത്തു.

എന്നിട്ട് തോർത്ത് പിഴിഞ്ഞ് ഉണക്കാനിട്ടു കൊണ്ട് പറഞ്ഞു.

"കിഴക്ക് ഭാഗത്തെ പുളിയിൽ കെട്ടിയ അയ അഴിച്ചോ. ആ പുളി വിറ്റു. നാളെ മുറിക്കാനാളു വരും."

"ആരോട് ചോദിച്ചിട്ടാണ് നിങ്ങളത് വിറ്റത്?"

കുഞ്ഞിമൂസ ഒന്ന് ഞെട്ടി.

"ആരോട് ചോദിക്കണം?"

"ന്നോട് ചോദിക്കണം"

"എന്നോടും ചോദിക്കണം. വിൽക്കാൻ ഇനി ഞാനും ഉമ്മയുമല്ലേയുള്ളൂ"

രണ്ടാമത്തെ മകൻ നിവർന്നു നിന്നു.

നൂറു രൂപ അവർ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു.

"ഇത് തിരിച്ച് കൊണ്ടോയി കൊടുത്തോ. പുളി ഇവിടുന്നാരും മുറിക്കില്ല."

കുഞ്ഞിമൂസ കുറച്ചു നേരം ആ പൈസയിലേക്ക് നോക്കി  നിന്നു. അതിലെവിടെയോ നിന്ന് സുലൈമാനും അണ്ണാച്ചിയും  കുഞ്ഞിമൂസയെ സഹതാപത്തോടെ നോക്കി. നോട്ടങ്ങളിൽ അശക്തനായിത്തീർന്ന വൃദ്ധൻ ഇറങ്ങി നടന്നു.  ഇക്കാലം വരെ നടന്നു തീർത്ത ദൂരമത്രയും എന്തിലാണടയാളപ്പെടുത്തുക എന്ന് അയാളാലോചിച്ചു കാണണം.    അടയാളപ്പെടുത്താൻ കഴിയാത്ത ഓരോന്നും അയാളുടെ വേഗം കൂട്ടി. പടിയും പാടവും ചൂളയും ചുണ്ടക്കാടും പിന്നിട്ട് അയാൾ നടന്നു.  

  പുഴയോരത്ത് ഒരു കടവിൽ ചെന്നിരുന്നയാൾ പറിച്ചു കൊണ്ടുവന്ന മഞ്ഞരളിക്കായകൾ ഓരോന്നായി കൈകൊണ്ടമർത്തിപ്പൊട്ടിച്ച് പരിപ്പെടുത്ത് തിന്നു. ഉച്ചവെയിലിൽ അയാളുടെ നിഴൽ,  അയാൾക്കത്രമാത്രമായി പാറപ്പുറത്ത് വീണുരുകിക്കിടന്നു.  കുഞ്ഞിമൂസ പൊതിയഴിച്ച് ഒരച്ചു വെല്ലം ചവച്ചിറക്കി. എന്നിട്ട് തലേക്കെട്ടഴിച്ചു വിരിച്ച് നെടുമ്പാറയിൽ മലർന്നു കിടന്നു. 

മുകളിൽ, അസ്രായീൽ തന്നെക്കൊണ്ടു പോകാനുള്ള വെള്ളിനിറമുള്ള സവാരിവണ്ടിയിൽ കാളകളെ കെട്ടുന്നത് അയാൾ കണ്ടു.  വണ്ടി മെല്ലെ മെല്ലെ താണിറങ്ങിക്കൊണ്ടിരുന്നു. കൈകൾ മടക്കി നെഞ്ചത്ത് വച്ച് കാലിൻ്റെ തള്ള വിരലുകൾ പിണച്ചു പിടിച്ച് അയാൾ പോകാൻ തയ്യാറായി. കളിമണ്ണെടുക്കാൻ  വന്ന കുമ്പാരന്മാരിലാരോ ആണ് ആദ്യം കണ്ടത്. നിലവിളിച്ച് ആളെക്കൂട്ടി. മഞ്ചം കെട്ടി തോളത്തെടുത്ത്, അഞ്ചാറു പേർ ചേർന്ന് ആശുപത്രിയിലെത്തിച്ചു.

സോപ്പ് വെള്ളം കുടിച്ചും ശർദ്ദിച്ചും മൂസ അഞ്ച് ദിവസം കിടന്നു. അഞ്ചാം ദിവസം സുബഹിക്ക് മലയാളത്തിലും തെലുങ്കിലുമുള്ള പ്രാർഥനകൾക്കിടയിലൂടെ അസ്രായീലിൻ്റെ കാളകളുടെ ഒച്ച  കുഞ്ഞിമൂസ കേട്ടു. വാർഡിൻ്റെ തുറന്നിട്ട വാതിലിലൂടെ ഒഴുകിപ്പരക്കുന്ന നേർത്തവെളിച്ചം മറച്ചുകൊണ്ട് അസ്രായീലിൻ്റെ നിഴൽ രൂപം എത്തിനിൽക്കുന്നത് മങ്ങിയൊടുങ്ങുന്ന കാഴ്ചയിൽ അവ്യക്തമായി വീണു.

ഉള്ളിലേക്ക് കയറാൻ ധൈര്യമില്ലാതെ മൊകാരി വാതിൽക്കൽത്തന്നെ നിന്നു.


Thursday, September 30, 2021

 ശ്ലോകങ്ങൾ:-

പലയിടത്തുമായി ശ്ലോകങ്ങൾ എഴുതിയിട്ടിട്ടുണ്ട്. ഒരിടത്ത് കൂട്ടി വച്ചു കളയാം എന്ന് കരുതുന്നു


1.  കണ്ണുണ്ടു രണ്ടെണ്ണമതെന്തിനാണോ! (ഇന്ദ്രവജ്ര/ഉപജാതി) -എന്ന സമസ്യയുടെ പൂരണം


തേങ്ങയ്ക്കകത്തായ് മരുവുന്ന തെങ്ങ്

കൂമ്പായ് പുറത്തേക്കുയരാനതിൻ്റെ

കണ്ണൊന്നു വേണം, ശരിയാണു വേറെ

കണ്ണുണ്ടു രണ്ടെണ്ണമതെന്തിനാവോ?


 2. കൃഷ്ണപ്രിയ എന്ന സുഹൃത്തിൻ്റെ പിറനാളിനു്  അവസാനനിമിഷം ചമച്ച ശ്ലോകം
കാലിന്മേൽ ചിറകും ധരിച്ചു ധൃതിയിൽപ്പായും ധരിത്രിക്കു നീ
നൂലേൽക്കാപ്പുരികം വളച്ചു പതിയെ, ത്താക്കീതു നൽകീടുകിൽ
നീയാകും പിറനാളുകാരി, സഖിയോടാശംസയോതാൻ പ്രിയേ
ഈയുള്ളോനിനിയും കുറച്ചു സമയം കൂട്ടിത്തരും നിശ്ചയം


{നൂലേൽക്കാ= കൃഷ്ണപ്രിയയുടെ പുരികം ത്രെഡ് ചെയ്തിട്ടില്ലെന്നാണ് വയ്പ്പ് }




3. സന്ധ്യേ മനോഹാരിണീ എന്ന സമസ്യയുടെ പൂരണം

മഞ്ഞൾ തേച്ചു കുളിച്ചു നേർത്ത മുകിലും മൂടിപ്പുതച്ചിട്ടു ചെ-
ന്തീയൊക്കുന്നൊരു സൂര്യനെത്തിലകമായ് ചൂടിച്ചുവന്നും ചിരം
രാവെത്തുന്നതിനൊട്ടുമുമ്പവനിയിൽ നാണം പടർത്തുന്നൊരാ
താരാലംകൃത കേശിനീ വരിക നീ സന്ധ്യേ മനോഹാരിണീ


4. കൂട്ടുകാർ ചേർന്നൊരുക്കിയ ബർത്ഡേ ശ്ലോകാശംസകൾക്ക് മറുപടിയായി എഴുതിയത്. ബർത്ഡേ ആണെന്ന് പറയാതെ വച്ചതായിരുന്നു എന്ന കാര്യം ശ്ലോകത്തിൽ സൂചിപ്പിച്ചിരിക്കുന്നു


തീരാറായൊരു മാലയിൽ പെരിയവൻ കോർക്കുന്ന പൂവെന്നപോൽ
ഏറും വൽസരമാരുമൊട്ടിടപെടാതേറട്ടെ, എന്നോർത്തു ഞാൻ
വീറും വാശിയുമായി ഇന്നു ചിലരാ പൂക്കൾക്കു നൽഗന്ധമായ്
ചേരുമ്മട്ടിവിടാർദ്രമായ് സരസമായേകുന്നിതാശംസകൾ!

പ്രധാനമായും ഉമേഷ് എഴുതിയ ശ്ലോകത്തിനു മറുപടിയായാണ് കൃതി

6 പഴയ പാട്ടുകൾ രാഗലോലകൾ - എന്ന സമസ്യക്കെഴുതിയ പൂരണം.
ഇഴയുമീവെറും വൃദ്ധ ജീവിതം
പഴയ യൗവനത്തട്ടിലേക്കിവർ
പിഴുതു നട്ടു,ടൻ വെട്ടി മാറ്റിടും
പഴയ പാട്ടുകൾ, രാഗലോലകൾ

ഇവിടെ അവസാന വരിയുടെ ഘടന മാറ്റിയിട്ടുണ്ട്.

7- സന്തോഷ് പിള്ളയുടെ പിറനാളിന്, ഞങ്ങൾ പുള്ളിയുടെ ഇഷ്ടവൃത്തമെന്നാരോപിക്കുന്ന കാമക്രീഡാ എന്ന വൃത്തത്തിൽ:

ആഹാ! ഈ നാളിങ്കൽ ഭൂവിൽ ചേർന്നോരോമൽ സന്തോഷേ
സ്നേഹാശിസ്സാൽ മൂടട്ടേ ഞാൻ, ചുംബിക്കട്ടേ ശ്ലോകത്താൽ
പ്രായം കൂടുന്നില്ലാ നമ്മൾക്കേറും ബോധം, വിജ്ഞാനം
നീയീ ലോകത്തേറെക്കാലം വാണീടട്ടേ സാമോദം

8 ഉമേഷിൻ്റെ പിറനാൾ - 56

ഏറും ബ്ലോഗിൻ്റെ വീറും, നിരനിര നിരയായ് വായ്ച്ചിടും ഡോക്യുമെൻ്റ്സും
മാറും കാലത്തിനൊപ്പം തലമുറയറിയാൻ ശ്ലോകവും വീഡിയോയും
പാരം ഫേസ്ബുക്കിലെന്നും ചളിയടി, യിടയിൽ ചിത്രവും മറ്റുമായി-
ച്ചേരുന്നമ്പത്തിയാറീ ഗുരുകുലമുടയോ, നായിരം ഭാവുകങ്ങൾ


9 സരിജയ്ക്ക് പിറനാൾ:

ഏറും വാക്കിൽ ചൊടിക്കും സരിജ ലളിതമാം വാക്കിനാലുല്ലസിക്കും
സാരം ചൊല്ലും ചിലപ്പോൾ കളരി സമയവും നീട്ടിടും ചോദ്യമെയ്യും
തീരും മുമ്പേ നിറുത്തീട്ടതു പറയുകയും ചെയ്യുമാ തന്വി, യിന്നീ
പാരിൽ പുണ്യം നിറയ്ക്കും പണിയിലൊരണിയായ് ച്ചേർന്നതിന്നാണ്ടുമേളം

10 ശ്ലോകക്കളരിയിൽ ജസ്റ്റ് ഫോർ ഹൊറർ

ചൊല്ലെഴുന്നജയഘോഷു, യാസറളിയൻ പ്രശാന്തുമിഹ ഡുണ്ടുവും
പിള്ളയും ലിഡിയ, പിന്നജിത്തു, ഹരി, വാര്യരും സരിജ, സാക്ഷിയും
കൃഷ്ണയും നിഴലുമായ് കലർന്നുടനെയൊത്തു ചേർന്നുവിരചിക്കുകിൽ
നിശ്ചയം കളരിയിങ്കലത്ര വിലസും സദാകുസുമമഞ്ജരി


ഒരു ഇൻസ്പിരേഷനു വേണ്ടിയാണ്. കടന്നു വരൂ കടന്നു വരൂ

11. ഒരു പരീക്ഷണം

കഴിഞ്ഞ കളരിയിൽ പറഞ്ഞ യമകം ഞാനിതുവരെ ശ്രമിച്ചിട്ടില്ല. എന്നാലതൊന്നായലോ എന്ന് കളരി കഴിഞ്ഞപ്പോ ഒരുൾ വിളി. അതാണിത്.
കൊടിയ ഭീഷണികൾക്കിടയാകിലും
അഭയ പോലൊരു 'കുഞ്ഞി'നു വേണ്ടി നീ
നെടിയെ നിന്നടരാടുക, യെങ്കിലോ
പതിയെ നീതിയെ നീ ലഭമാക്കിടും.
വരികൾ അടയ്ക്ക രാജുവിനെ കുറിച്ചാണെങ്കിലും അത് സൂചിപ്പിക്കുന്നതായി ഒരു `കുഞ്ഞ്` മാത്രമേയുള്ളൂ. അഭയയെ അദ്ദേഹം അപ്രകാരമാണ് വിളിക്കുന്നത്.

അർഥം സ്പഷ്ടമാണല്ലോ?
യമകം നാലാം വരിയിലാണ്. തിയെനീ എന്ന കൂട്ടം ആണ് ആവർത്തിക്കുന്നത്.
യമകത്തിനു പുറമേ ത്രിതീയാക്ഷര പ്രാസം എന്ന ഒരു സംഗതി കൂടെ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നു വച്ചാൽ എല്ലാ വരികളിലെയും മൂന്നാമത്തെ അക്ഷരം "യ" യുടെ ഭേദങ്ങൾ വരും. ആദ്യത്തെ രണ്ടക്ഷരങ്ങൾ ലഘുക്കളായാൽ, ത്രിതീയാക്ഷരപ്രാസമാണു നല്ലത് എന്നാണ് കളരിയാശാൻ്റെ പക്ഷം.


12,13,14,15 - ഉമേഷിൻ്റെ അറുപതാം പിറനാളിനെഴുതിയ നാലെണ്ണം



ഇഷ്ടത്തിന്നു നടന്നു നീയറുപതും മൊട്ടിട്ട കാലം മുതൽ 

കഷ്ടങ്ങൾക്ക് നിവൃത്തിയായ് കനകമായ് തൊട്ടുള്ളതെല്ലാമുടൻ 

വൃഷ്ടിക്കട്ടെയൊരായിരം കുസുമമീ കാമ്പുറ്റ വീഥിക്കു, നിൻ 

ഷഷ്ടിക്കിന്നു പടച്ചവൻ സഹചരാ നേരട്ടെയാശംസകൾ



അറുപതുകളമോടി വന്നു ഭൂമി 

ഒരു തിരുനാളിനു ശേഷമീയുഗത്തിൽ 

ഇനിയൊരിടയുമേകിടാതെ നീയും 

തെരുതെരെ കാവ്യമുതിർത്തു പായ്ച്ചിടേണം 


അറുപതുതികയും നാളിനാശംസയേകാൻ

ഇതുവരെയൊരുവൻ കേട്ടിടാവൃത്തമൊന്നിൽ

ഉരുവിടുമിവനെത്തട്ടുവാൻ തോന്നലുണ്ടാം

പഠിതരിലുശിരൻ വട്ടു കൂടാതെ ചാടും



ജ്ഞാനത്തിൻ വിത്തു പാകും ഗുരുകുല,മതുപോൽ ശ്ലോക,വൃത്തങ്ങൾ, ചെസ്സും

കാലത്തിൻ കൈക്കണക്കും, നടനവുമിടയിൽ, ശാസ്ത്രവും ചൊല്ലിടേണ്ട 

പ്രേമത്തിൻ ഗീതമായോരമരുകശതകം ഭാഷയിൽ തർജ്ജമിച്ചും 

ഹേമത്തിൽ കൊത്തിവച്ചീയറുപതു, മിനിയും ചേർക്കനൂറാണ്ടു കാലം


16. മറ്റൊരിക്കൽ; കൃഷ്ണപ്രിയക്ക് ബിലേറ്റഡ് പിറനാളാശംസ

കൃഷ്ണപ്രിയയ്ക്കു പിറനാളിനു സദ്യയാക്കാൻ
കഷ്ണങ്ങളങ്ങു പലമാതിരി ചെത്തിയിട്ടു
തീക്ഷ്ണങ്ങളായ മുളകിട്ടു മസാലയിട്ടി
ട്ടുഷ്ണിച്ചു മെല്ലെ വരവേ ദിനമങ്ങു പോയീ

അല്ലാതെ മറന്നതല്ല എന്ന്.