ജിജ്ഞാസു
അരവിന്ദൻ ജിജ്ഞാസുവാണ് അരവിന്ദൻ വിപ്ലവകാരിയാണ് അരവിന്ദന് അന്ന് ഏഴേകാൽ വയസ്സാണ്. താനിത്രയും കാലം ആറ്റു നോറ്റ് വളർത്തിയ, ചേവൽ കോഴിയെ മുറിച്ച് കഷ്ണങ്ങളാക്കുന്ന അമ്മൂമ്മയുടെ ചുറ്റുമാണ് അദ്ദേഹമിപ്പോൾ.
കാര്യമൊക്കെ അരവിന്ദനു മനസ്സിലായി. പക്ഷേ കോഴി തന്നെ മുത്തപ്പനു കൊടുക്കണോന്നാണ് അരവിന്ദന്റെ വിപ്ലവം. തമ്മിൽ കണ്ടിട്ടില്ലെങ്കിലും മുത്തപ്പൻ അത്യാവശ്യം എല്ലാം കഴിച്ചിരുന്നയാളാണെന്നരവിന്ദനറിയാം. ഉടുമ്പിനെ വരെ തിന്നിട്ടുള്ളയാളാണ്. അമ്മൂമ്മ തന്നലാവും വിധം എക്സ്പ്ലനേഷൻ കൊടുത്തിട്ടും അരവിന്ദന്റെ തുലാസ്സു തൂങ്ങിയില്ല.
ചേവൽ വേറെയുണ്ടായിരുന്നു. എന്തോ അത്യാവശ്യകാര്യത്തിന് കോഴിമുട്ട കിട്ടോന്ന് നോക്കാൻ ചെന്ന അരവിന്ദനെ കൊത്തിയോടിച്ചയൊരെണ്ണമടക്കം. അതിലിതിനു തന്നെ ആ വിധിവരാൻ കാരണമെന്തെന്ന് അരവിന്ദനു കഥയുടെ ക്ലൈമാക്സു വരെ മനസ്സിലായതുമില്ല. മുത്തപ്പനു ചോറും സാമ്പാറും കൊടുത്താൽ എന്താണു കുഴപ്പം എന്നുള്ളിലെ ജിജ്ഞാസു ചോദിച്ചു കൊണ്ടേയിരുന്നു.
മകരപ്പഞ്ചയ്ക്ക് വിളഞ്ഞ മട്ടയരീടെ ചോറും അരവിന്ദന്റെ ചേവലിന്റെ കഷണവും വാഴയിലയിൽ പൊതിഞ്ഞ് മുത്തപ്പന്റെ പടത്തിനു വച്ച് കതകടച്ച് കുറ്റിയിട്ട് ബന്ധു ജനങ്ങൾ അമ്മൂമ്മസഹിതം പുറത്തുള്ള കാര്യപരിപാടികളിലേർപ്പെട്ടു. മുത്തപ്പന്റെ ഊണിനു തടസ്സം വരുത്താതിരിക്കാൻ എല്ലരും ആവതും ശ്രമിച്ചു. സദ്യയ്ക്കിലയും വച്ചു.
മുത്തപ്പന്റെ ഇലയെടുക്കാൻ മുറി തുറക്കാൻ ശ്രമിച്ചപ്പഴാണൊരു തടസ്സം. അല്ലെങ്കിലും അതിന്റെ ഓടാമ്പലു നീക്കാനും തുറക്കാനും പാടാണ് പക്ഷേ ഇതതല്ല. ലേശം തുറക്കും ഉടനെ അടയും. ഡോർ ക്ലോസർ പിടിപ്പിച്ചതു മാതിരി. അരവിന്ദന്റെ അമ്മയാണാദ്യം ശ്രമിച്ചതത്രേ. ബലം പിടിക്കാനൊരു മടി. മുത്തപ്പനെ ധിക്കരിക്കാൻ അമ്മയ്ക്ക് അന്നേ ബുദ്ധിമുട്ടാണ്. സംഗതി കണ്ട ആർക്കും പിന്നെ തള്ളാനും ധൈര്യം വന്നില്ല.
അമ്മൂമ്മയ്ക്ക് ഹൈപ്പോ ഗ്ലൈസീമിയയാണ്. സമയത്തിനു ചോറു കിട്ടിയില്ലെങ്കിൽ വിറഞ്ഞു കേറും. ചോറിടാഞ്ഞതു കണ്ട് ചൂടായപ്പോഴാണ് അമ്മൂമ്മ ഈ വിവരമറിയുന്നത്. ജീവിച്ചിരിക്കുമ്പഴേ ഒരു കാലത്തും ബലം പിടിച്ചിട്ടില്ലാത്തയാൾ ഇന്നങ്ങനെ ചെയ്യാൻ യാതൊരു വഴിയുമില്ലെന്നറിയാവുന്ന ആ ജ്ഞാനി വാതിലു വരെ ധൈര്യമായി നടന്നെങ്കിലും വാതിലിനടുത്തെത്തിയപ്പോൾ ഒന്നറച്ചു.
പിന്നെ രണ്ടും കൽപ്പിച്ച് വാതിലിൽ ഒന്നു മുട്ടി വിളിച്ചു പറഞ്ഞു. "നോക്കീൻ, നിങ്ങളു കഴിച്ചിട്ട് വേഗം പൊയ്ക്കോളീൻ. എനിക്ക് വെശ്ക്ക്ണ്ട്. "
ഉള്ളിൽ നിന്ന് അരവിന്ദന്റെ അമർത്തിപ്പിടിച്ച ശബ്ദം എല്ലാരും കേട്ടു. "വന്നിട്ടില്ലാ വന്നിട്ടില്ലാ. തൊറക്കണ്ടാ തൊറക്കണ്ടാ".
No comments:
Post a Comment