ശരി. വിഷയത്തിലേക്കു വരാം.
മണൽക്കാട്ടിൽ, വന്നുകയറിപ്പെട്ടതു് ഒരരക്കിറുക്കൻ അറബിയുടെ കയ്യിൽ. കക്ഷി എമിറേറ്റ്സ് ബാങ്കിന്റെ, വകതിരിവില്ലാത്ത അറബികൾക്കു് കുടിൽ ടെന്റ് മുതലായ വ്യവസായങ്ങൾക്കു് ധനസഹായം നൽകുന്ന അൽ ത്വമൂഹ് എന്ന ഒരു സ്ഥാപനത്തിനു ചുക്കാൻ പിടിക്കുന്നവൻ. വ്യവസായങ്ങളെപറ്റി അസാധ്യധാരണയാണയാൾക്കു്. അതുകൊണ്ടാണു് ഒരു കാർ മാത്രം വച്ചു് ഒരു കമ്പനി ഉണ്ടാക്കിയതും, അതിൽ ഡ്രൈവിങ് ലൈസൻസ് ഇല്ലാത്ത എന്നെ പണിക്കു വച്ചതും, അങ്ങനെ കമ്പനിയെ നാൾക്കുനാൾ അഭിവൃദ്ധിയിലേക്കു നയിച്ചതും. ഈ കമ്പനി പൂട്ടുന്നതിനുമുൻപു് ഷാർജയിൽ, റമദാൻ ഫെസ്റ്റിവെലിൽ ഒരു തുണിക്കട കൂടെ ഇടാനുള്ള ബുദ്ധി അയ്യാളെ സ്ഥിരമായി പറ്റിച്ചുകൊണ്ടിരുന്ന മിസർകാരി ഗേൾഫ്രണ്ടു് ഉപദേശിച്ചു കൊടുത്തു. അങ്ങനെ, ധർമ്മക്കാർക്കു ഗ്ലാനി വന്നുകൊണ്ടിരുന്ന ഷാർജ കായലരികത്തു് പെണ്ണുങ്ങളുടെ തുണി മണികൾ വിൽക്കുന്നവനായി നാം സംഭവിച്ചു.
അവിടെ പുറത്തു തൂക്കിയിട്ടിരുന്ന സാധനസാമഗ്രികളുടെ ഗുണമേന്മ കൊണ്ടും വിശിഷ്യാ അതിന്മേൽ തൂക്കിയിട്ടിരുന്ന വിലവിവരം കാരണമായും. ഞാനും എന്റെ ഒരു സഹപ്രവർത്തകനും ഇടയ്ക്കീ അറബിയും നടേ പറഞ്ഞ മിസർകാരിയുമല്ലാതെ അഞ്ചാമതൊരാൾ ആ കടയ്ക്കുള്ളിലേക്കു കാലെടുത്തു വച്ചിരുന്നില്ല. എന്നാൽ ദൈവാനുഗ്രഹം കൊണ്ടൊരു ദിവസം, ഒരറബിപ്പെണ്ണു് അതു ചെയ്തു. പെൺകുട്ടികൾക്കുള്ള നൈറ്റി പോലുള്ള ഒരു വസ്ത്രത്തിലാണു് ആ വന്ദ്യമാതാവിന്റെ ദൃഷ്ടി പതിഞ്ഞതു്. സെയിത്സ്മാൻഷിപ്പും എന്റെ അറബി പാണ്ഡിത്യവും പ്രകടിപ്പിക്കാനുള്ള അസുലഭാവസരം വീണുകിട്ടിയതിനു് പരദൈവങ്ങൾക്കു് നന്ദി പറഞ്ഞുകൊണ്ടു പിന്നാലെ പാഞ്ഞു കയറിയ ഞാനും, ഒരു നൈറ്റിയെടുത്തു നോക്കി, ആനന്ദതുന്ദിലങ്ങളായ നയനങ്ങളോടെ നിൽക്കുന്ന ആ സ്ത്രീ പ്രജയും തമ്മിലുള്ള സംഭാഷണത്തിന്റെ തർജ്ജമ ചുവടെ.
"ഇതിനെത്രയാ? "
"20 ദിർഹംസ് "
"10നു കിട്ടുമോ?"
"ഇല്ല"
"8നു തരുമോ?"
"ഇല്ല 17 നു തരാം" (ഇവളെവിടുന്നു വന്നു)
"അല്ല10നു തരുമോ? "
"ഇല്ല ഇതു ലാസ്റ്റ്"
......
"ഇതു 12-നു തരുമോ? "
"ഇല്ല 16 എങ്കിലും വേണം"
"14-നു തരുമോ?"
"അവസാനമായി 15 നു തരാം"
“ശരി, വലിയ വിലയാണു്“
അവർ തലയാട്ടി.
ആ നൈറ്റി എന്റെ കൈയിൽ തന്നു. ഞാനതു പൊതിഞ്ഞു് ഒരു പോളിത്തീൻ ബാഗിലിട്ടു് കൊടുത്തു. 50 ദിർഹം വാങ്ങി കണ്ണിൽ വച്ചു. 35 രൂപ തിരിച്ചു കൊടുത്തു്, അതെണ്ണി നോക്കാൻ പോലും മെനക്കെടാഞ്ഞ അറബിച്ചിക്കു ടാറ്റപറഞ്ഞു്, മൂന്നാലു ഡസൻ നൈറ്റിയിരിക്കുന്നതിലൊന്നെങ്കിലും വിൽക്കാൻ കഴിഞ്ഞതിൽ ആശ്വസിച്ചും, 13 ദിർഹത്തിനു വരെ കൊടുത്തു കൊള്ളാൻ അനുവാദം തന്നിട്ടുള്ള സാധനം പതിനഞ്ചു ദിർഹത്തിനു വിറ്റഴിച്ചതിൽ അഭിമാനിച്ചും, ഞാൻ ഒരു വശത്തായി ഇട്ടിരുന്ന കസേരയിലേക്കു മലർന്നു.
ഒരു ചെറു ചിരിയോടെ അപ്രത്തെ കടക്കാരൻ തലയ്ക്കു മുകളിൽ.
“കച്ചവടം കൊള്ളാമോ?“
“പിന്നില്ലാതെ. ആരെങ്കിലും വന്നു കിട്ടുകയല്ലേ വേണ്ടു. 13 ദിർഹത്തിനു വിൽക്കാവുന്നതിനെ ഞാൻ 15 നു വിറ്റു തുലച്ചില്ലേ. അയമ്മ കടു കട്ടിയായിരുന്നു. ഞാൻ വാചകമടിച്ചു വീഴ്ത്തിക്കളഞ്ഞു,“ എന്നൊക്കെ പറഞ്ഞവസാനിക്കുന്നതിനു മുൻപു് അയാൾ ചിരി തുടങ്ങി. നിർത്താതെയുള്ള ചിരി.
അതു സഹിച്ചു. അതു കഴിഞ്ഞയാളു ഞാൻ മേല്പറഞ്ഞ വിധമെന്നു ധരിച്ച സംഭാഷണത്തിന്റെ ശരിയായ തർജ്ജമ പറഞ്ഞു തന്നപ്പൊഴാണു്, ആ കായലിൽ ചാടി മരിച്ചാലോ എന്നു ഞാനാലോചിച്ചു പോയതു്. എന്റെ ചങ്കു തകർത്ത ആ സത്യം ഇവ്വിധമായിരുന്നത്രേ
"ഇതിനെത്രയാ?"
"20 ദിർഹംസ്"
"10 എണ്ണം കിട്ടുമോ?"
"ഇല്ല "
"8 എണ്ണമെങ്കിലും തരുമോ?"
"ഇല്ല 17നു തരാം"
"അതല്ല10 എണ്ണം കിട്ടുമോ?"
"ഇല്ല ഇതു ലാസ്റ്റ് "
.......
"ഇതു12 വയസ്സുള്ള കുട്ടിക്കു പറ്റുമോ?"
“ 16 ഉറപ്പായും വേണം"
"14 വയസ്സുള്ള കുട്ടിക്കു്?"
"അവസാനമായി 15 "
“ശരി, വലുതാകുന്നതല്ലേ“
(തുടരും)
26 comments:
ഇതു ഡ്രാഫ്റ്റാക്കിവച്ചിട്ടു കാലം കുറെയായി. ഇപ്പൊഴാണു് അവസാനമെഴുതിയ “തുടരും“ എഴുതാൻ കഴിഞ്ഞതു്. അതു തന്ന ധൈര്യത്തിൽ ഇതിവിടെ പോസ്റ്റുന്നു. തുടരുന്നതായിരിക്കും
ഫീ മാഫീയുടെ ആദ്യ ഇന്‍സ്റ്റാള്‍മെന്റു കലക്കി. തീര്‍ച്ചയായും തുടരണേ!
(ഇതു സ്വന്തം അനുഭവമാണോ?)
ഫീ, മാഫീ!! കലക്കി ഫീ!! എന്നിട്ടെന്തായീ?
ഹ!ഹ!
കൊള്ളാം!
ഇങ്ങനത്തെ അറബിക്കഥകള്‍ കുറെയൊക്കെ എനിക്കും പറയാനുണ്ട്. പക്ഷേ മടി സമ്മതിക്കുന്നില്ല!
തക്കം പോലെ എന്നെങ്കിലും ആവാം...
ഇതാണോ പുലിയേ ഡ്രാഫ്റ്റാക്കി ഇത്രയും കാലമിട്ടിരുന്നത്.
ചിരി നിര്‍ത്തുന്നതിനു മുന്‍പ് ബാക്കിയും കൂടി.
ഓ. ടോ: ഈ “മാഫിയത്രീ” എന്നു പറയണതെന്നതാ?
സിദ്ധാര്‍ത്ഥോ,
കമന്റടിയിലൊതുങ്ങാതെ ഒരു പോസ്റ്റ് എഴുതിയതുകൊണ്ട് ഞങ്ങളൊക്കെ കുറേ ചിരിച്ചു. അപ്പോ ഇനീ ഇതൊരു തുടരന്‍ ആക്കുമെന്നു പ്രതീക്ഷിക്കട്ടോ...
ഈയാഴ്ച എന്തായാലും തരക്കേടില്ല.
ബഹുഭാഷാപണ്ഡിതന്മാരുടെ വക ഗംഭീരന്‍ സാധനങ്ങളല്ലേ പുറത്തിറങ്ങുന്നത്. ഒരാളു ആഫ്രിക്കയില്‍ പോയി നമ്മുടെ മാനം കാത്തപ്പോള്‍ ദാ ഇവിടെ വേറൊരാളു ഷാര്‍ജയില്‍! വേഗം തുടരൂ കേട്ടോ.
സിദ്ദാര്‍ത്ഥാ... അടിപൊളി.
ഇതൊക്കെയായിരിക്കും ആ അമ്മാമ്മ പറഞ്ഞേന്ന് ഊഹിക്കാന്‍ പറ്റിയില്ല. ഹഹഹ!
അടുത്തത് ഡ്രാഫ്റ്റായി അധികം വക്കണ്ടാ, ടക ടകേന്ന് പോരട്ടെ.
അതു കലക്കി... ഞാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന അറബിക് പദം ഇതു രണ്ടും തന്നെ.... ഇത് രണ്ടും മാത്രമേ അറിയൂ എന്നതാണ് വാസ്തവം
രാവിലെ തന്നെ ഇടം കയ്യില്‍ ചായ ഗ്ലാസ്സും വലം കയ്യില്‍ ഉപ്പുമാവു പ്ലേറ്റും പിടിച്ചോണ്ട് ഇവനെന്താ മോണിറ്റര്‍ നോക്കി ചിരിക്കണത് എന്ന ചോദ്യം കുറെ ആളുടെ മുഖത്തായി കാണുന്നു.
ഇതിന് ഒരു അനുബന്ധം ഇടാനുണ്ട് എനിക്ക്. പറയാനുള്ള കഥകളൊക്കെ കമന്റ് ആയി പറയാതെ ബ്ലോഗ് ആക്കാന്‍ തീരുമാനിച്ചു ഞാന്‍. സമയ ദേവതേ നമഃ
ഈ ദുബായില്‍ രാവിലെ എല്ലാവരും കൂടെ എഴുന്നേറ്റ് ഈന്തപ്പനയുടെ ചുവട്ടില്‍ വട്ടം കൂടിയിരുന്ന് അറബിയില്‍ കൊച്ചുവര്‍ത്തമാനം പറഞ്ഞു രസിക്കുമെന്നൊക്കെ ഊഹിച്ചിരുന്ന ഞാനും ഇങ്ങോട്ടു വരാന്‍ ഒരു വാചകം പഠിപ്പിക്കാന്‍ പത്തിരുപത് കൊല്ലം ഇവിടെ ടൈലറായി ജോലി ചെയ്തിരുന്ന ബെന്നച്ചനോട് അഭ്യര്‍ത്ഥിച്ചു, അപേക്ഷിച്ചു. എന്നോട് കനിവു തോന്നിയ അദ്യം 20 വര്‍ഷം കൊണ്ട് ആകെ പഠിച്ച അറബി വാചകം പഠിപ്പിച്ചു തന്നു : അറബി മാഫി ("എന്തൊരു വൃത്തികെട്ട വാചകം" അറിയില്ലാ എന്നൊരര്‍ത്ഥം മാഫിക്ക് ഇല്ല ആബ്സെന്റ് എന്ന ഇല്ല ആണു മാഫി. )അഞ്ചെട്ടു കൊല്ലം ഞാന്‍ അറബി മാഫി പ്രയോഗത്താലെ ഇവിടെ കഴിഞ്ഞു പോകുന്നു..
നിലപാട് അസ്സലായി സിദ്ധാ.
on topic
അറബിക് എന്റേയും വീക്നെസ്സ്. ഫീ, മാപ്ഫി എന്ന ഹരിസ്റീ കൂടാതെ, ഇജി, റൊഹ്, ആലത്തൂള്‍, കലാം, അക്കല്‍,കിത കിത, ശോയ, അരൂഫ്, കുള്ളു, മുംഖിന്‍, വാഹത് മുതല്‍ അഷറ വരെ, അറിയാവുന്ന ഒരു അറബിക് പണ്ഠിതന്‍ ആണു ഞാന്‍. മാത്റമല്ല അത്യാവശ്യം വായനയും അറിയാം. മൊയ്ദീന്‍ എന്നെഴുതിയാല്‍ മദീന എന്നു ചിലപ്പോള്‍ വായിച്ചു പൊകും. എന്റെ കുറ്റമല്ല- അറബിക്ന്റെ വ്യാകരണ പ്റകരണാതികളുടെ ഫ്ളോസ്, അല്ലേ?.
അനുഭവസങ്കലനം ആഖ്യാനം എല്ലാം നന്നായിരിക്കുന്നു.
off topic- regretted
ഇപ്പോഴും ഈ കടകളൊക്കെയുണ്ടോ?. കടയില്‍ ചൂരല്‍ വില്‍കാന്‍ വച്ചിട്ടുണ്ടോ?.
ബ്ളോഗില്‍ ചൂരലിനു ചിലവുള്ളകാലം.
കം ഫുലൂസ് വാഹത് ചൂരല്‍.
തലാത്ത. ല ല ഇതനേന്‍ .
തയ്യിബ് ഒരു പത്തെണ്ണം എനിക്കു വേണം. കൊറിയറ്‍ ചാര്‍ജും പിടിച്ചോളു.
അഡ്ഡ്രെസ്സ് അതുല്യ , ശനിയന്‍ - കെയിറ്‍ ്‍ ഓഫ് ബ്ളോഗ്സ്പോട് .
തമാശ പറഞ്ഞതാണെ. ആറ്‍ഗുമെന്റ്സ് അറിവു വളറ്‍ത്തുന്നു. വിമര്‍ശനങ്ങള്‍ സഹിഷ്ണുതാ ശക്തിയും. നാം ഇഷ്ടമുള്ളതും ഇല്ലാത്തതും സഹിച്ചേ പറ്റു.
പൂവല്ലി, പുഴു, പിപിലീകാന്തം എല്ലം സഹവറ്‍ത്തിത്തത്തൊടെ വസിക്കാനത്റെ ജഗന്നിയ്താവിന്റെ നിറ്‍ദ്ദേശം.ചുള്ളിക്കാടിനോടു കടപ്പാടു. അതുകൊണ്ടു ശനിയാ- അതുല്യ പോരട്ടെ, പോരട്ടെ. ചൂരലെടുത്തടിക്കുക. വിമറ്‍ശനങ്ങളില്‍ സഹിഷ്ണുത ശക്തി നശിച്ചു ഉദ്ദേശിചതിനു പകരം വേറെന്തെങ്ങിലും പറയുന്ന അവസ്ഥയിലേക്കു കാര്യങ്ങള്‍ എത്തരുതു.
എരിവും പുളിയും ഇല്ലാത്ത ബ്ളോഗ് എന്തിനു കൊള്ളാം.
അതുല്യയും ഒന്നു ചൊടിപ്പിക്ക്കുക എന്നെ ഉദ്ദെശത്തൊടെ മാത്റമാണൂ കമെന്റിടുന്നതെന്നെനിക്കു തോന്നുന്നു.
എളുപ്പം ചൊടിക്കുന്ന-മറുപടി പറയുന്ന ഗന്ധറ്‍വന്‍, ശനിയന്‍, സു എന്നിവരെ ചൊടിപ്പിച്ചു അവരുതിറ്‍ക്കുന്ന നിഗൂഢ സ്മിതം ഗന്ധറ്‍വന്‍ കാണുന്നു.
ചിരിച്ചോട്ടെ എന്നു ഗന്ധറ്‍വനും കരുതി. അതുകൊണ്ടാണു സീമബദ്ധ-തെറ്റി പരിണാമ സാഗര സീമ വരെ പോയി ഗന്ധറ്‍വന്‍ ബ്റേകിടുന്നതു.
" ചിറകൊടിഞ്ഞ ഒരു കീളിക്കെങ്കിലും സ്വാതനമരുളുന്നു നിങ്ങളുടെ ജീവിതമെങ്കില്‍- അതു സഫലമാകുന്നു നിങ്ങല്‍ക്കതിന്റെ പുണ്ണ്യം ലഭിക്കുന്നു".
കാലൊടിക്കുക അല്ല കാലിലെ മുറിവു കെട്ടുകയാണു മനുഷ്യത്തം. അപകടങ്ങളില്‍ നിന്നോ അപചയങ്ങളില്‍ നിന്നോ വിലക്കുന്ന ഒന്നു മാത്റമാകട്ടെ വിമര്‍ശനങ്ങള.
സ്റീകണ്ടന്‍ നായറ്‍ സ്റ്റ്യ്ലില്‍ പറയട്ടെ- ഗുഡ് ബൈ
സിദ്ധാര്‍ത്ഥാ, മുംതാസ് അഹൂയി! വള്ളാഹി മുംതാസ്!
("മനോഹരം സഹോദരാ അള്ളാണെ മനോഹരം!")
ഡിയര്‍ സിഡ്..:-))
അപ്പോ ആളൊരു വേന്ദ്രനാ അല്ലേ...:-)) ചിരിച്ചു മദിച്ചു.
ബ്ലോഗ് ചെയ്യാതിരിക്കുന്നത് ഞങ്ങളോടൊക്കെ ചെയ്യുന്ന ചതിയാണ് കേട്ടോ..
മുട്ടാപ്പോക്ക് ന്യായം ഇനി സ്വീകരിക്കില്ല..പതിവായി ഇതു പോലത്തെ കലക്കന്‍
പോസ്റ്റിങ്ങടു പോരട്ടെ!
"മിസർകാരി"അര്‍ത്ഥം?
“നിൽക്കുന്ന ആ സ്ത്രീ പ്രജയും തമ്മിലുള്ള സംഭാഷണത്തിന്റെ “--ആരുമായുള്ള സംഭാഷണത്തിന്റെ?
ന്നാലും നല്ലതാണേ, സിദ്ധൂ.-സു-
കലക്കി സിദ്ധാര്‍ത്ഥാ,
നല്ല ഒഴുക്കുള്ള വിവരണം.
അറ്റുത്തത് വൈകാതെ പോസ്റ്റുചെയ്യു,
വെറുതെ ഡ്രാഫ്റ്റാക്കി വച്ച് ചീത്തയാക്കാതെ. ;)
ഒരു അറബിച്ചിയല്ലേ വന്നുള്ളൂ സിദ്ധാർത്ഥാ..?
ആർ യൂ ഷുവർ..?
ആണെങ്കിൽ ഓക്കെ..!
ആദ്യ ഇന്‍സ്റ്റാള്‍മെന്റ് അടിപൊളിയാക്കി ശരിക്കും ചിരിപ്പിച്ചു സിദ്ധാര്‍ത്ഥാ... ഇനി കൊതിപ്പിക്കാതെ ലെടുത്തവനിങ്ങ് പോരിട്ട്. സൂപ്പര്‍
ആ മുതലാളി അറബിയുടെ അഡ്രസ്സ് ഒന്ന് കിട്ടിയാല്‍ കൊള്ളാമായിരുന്നു. അയാളുടെ കട പൂട്ടിച്ചേ അടങ്ങൂ അല്ലേ?
ഇപ്രാവശ്യം ധാരാളം ചോദ്യങ്ങളാണല്ലോ. ഓരോന്നായി മറുപടിയെഴുതിയിട്ടു തന്നെ കാര്യം.
അതെന്നാ ചോദ്യമാ ഉമേഷ് മാഷേ;). ആ സംഭാഷണം പൂർണ്ണമായും അങ്ങനെതന്നെയായിരുന്നെന്നുറപ്പു പറയാനെനിക്കാ ഭാഷ വശമില്ലായിരുന്നല്ലോ. ബാക്കിയെല്ലാം ഒറിജിനൽ.
എന്നിട്ടെന്താവാൻ, ശനിയാ പാഥസാം നിചയം വാർന്നൊഴിഞ്ഞില്ലേ.
പിന്നേക്കു വച്ചതൊക്കെ ഗണപതിക്കല്യാണമാവും വിശ്വം.
‘മാഫിയത്രീ’ യോ? ഞാനുമതാദ്യമായി കേൾക്കുകയാണു നളാ!
തുടരനെന്നെഴുതിയതിപ്പോ അബദ്ധമായിതോന്നുന്നു കുട്ട്യേടത്തീ.
ഇവിടുത്തെ മന്ത്രാലയത്തിൽ ഒരു മന്ത്രിയുടെ സെക്രട്ടറി ഒരു മലയാളിയാണു് മൊഴിയേ. കത്തുകളൊക്കെ എഴുതുന്നതും പ്രസംഗം തയ്യാറാക്കുന്നതും കക്ഷിതന്നെ. പിന്നെ നമ്മുടെ ഗന്ധർവനെ നോക്കു്. എഴുതാനുമറിയാമത്രേ കക്ഷിക്കു്. എന്നെപ്പോലെ ഒന്നു രണ്ടു പേരേ ഉള്ളൂ ദേശത്തിന്റെ മാനം കാത്തവരായിട്ടു് ;)
എനിക്കുമൂഹിക്കാൻ പറ്റിയിരുന്നില്ല വിശാലാ! ടക ടകേ ന്നുവരാൻ കൊടകര എൻജിൻ ഫിറ്റു ചെയ്യേണ്ടി വരും.
തുല്യ ദുഃഖിതനെക്കണ്ട സന്തോഷം തെന്നലേ... ഇല്ലിമുളം കാടുകളിൽ....
സമയദേവതയേ ആദ്യമേ തന്നെ ഒരു ടി യിലൊതുക്കി വച്ചിരിക്കുകയല്ലേ കണ്ണൂസേ. ഇനിയെപ്പൊഴാ...
“അസ്സലാമു അലൈക്കും വ അലൈക്കും ഉസലം, മദ്ദീീീ” ന്നു പറഞ്ഞില്ലല്ലോ ബെന്നച്ചൻ. നന്രിയെ കൂറു് ദേവാ.
ശുക്രൻ കലേഷ്, സാക്ഷി
എല്ലാറ്റിനും അതിന്റേതായ സമയമുണ്ടരവിന്ദേ! (നാടോടിക്കാറ്റു്) ഞാനിതൊന്നുമിതുവരേ നിന്നോടു പറഞ്ഞില്ലെന്നേ ഉള്ളൂ ( ചി വി ശ്യാമള) !
ഈജിപ്ത് ആണീ മിസർ എന്നാണെന്റെ ധാരണ (ബ്ലോഗ്ഗിലെ വിവരദോഷികൾ ആരുമിതു തിരുത്തിയില്ലെങ്കിൽ അതു തന്നെ ശരി). ആ സ്ഥലത്തു ജനിച്ചവൾ ആണു് മിസർകാരി. ഇവിടെ അവരെ കൂട്ടായി മിസ്രികൾ എന്നു വിളിക്കുന്നു.
2) പിന്നാലെ പാഞ്ഞുകയറിയ ഞാനും, ആ സ്ത്രീയും ആണു് സംഭാഷിച്ചതു് –സു- (മകനേ എന്നു വിളിച്ചായിരുന്നോ?)
വർണ്ണമേഘങ്ങളു പറഞ്ഞതു് മനസ്സിലായില്ല:(. ന്നാലും പറയാം. ഒരാളു മാത്രമേ വന്നുള്ളൂ. ഷുവർ!
ജസാക്കുമുള്ളാ ഖൈർ വക്കാരീ ( ഇനി നീ ഇതിന്റെ അർഥമന്വേഷിച്ചു് തെണ്ടു്, എന്നർഥം ;) )
ആ കട പൂട്ടി സൂ, ഞാൻ പണിപ്പെടാതെ തന്നെ.
ഹൊ എന്തൊരാശ്വാസം!
ഇതിന് കമന്റിയില്ലെങ്കില്‍ കഷ്ടാണെയ്... വള്ളാഹി കോയ്സ്, ഇങ്ങനെയുള്ള പുലികളെ പെട്ടിയില്‍ വച്ചോണ്ടിരിക്കണത് മാഫി കോയ്സ് എല്ലാം ഇങ്ങോട്ട് എറക്കിവിടടേ....
ഭാഷാപണ്ഠിതനുള്ള ഒരു അവാര്‍ഡിന് അപ്ലെ ചെയ്യൂ.... (നന്നായിരിക്കുന്നു)
ഇതൊക്കെ ഇത്രേം കാലം ഡ്രാഫ്റ്റ് ആക്കി വെച്ച് പോസ്റ്റ് ചെയ്യാണ്ടിരുന്ന സിദ്ധാര്‍ത്താ...ഈ ചതി ഞങ്ങളോടു വേണ്ടിയിരുന്നോ.?പോരട്ടെ,ഇങ്ങോട്ട്,ഇനിയുമുണ്ടാകുമല്ലോ,ഇതുപോലെത്തെ ഒത്തിരിയെണ്ണം.അതിനായി കാത്തിരിക്കുന്നു
ആദ്യായിട്ടാണിവിടെ ,
സിദ്ധാര്‍ത്ഥാ , രസിച്ചുട്ടോ , ശരിക്കും
സിദ്ധാര്‍ഥാ, ഒരു ടെസ്റ്റിങ്. സോറി.
Post a Comment