
"നിങ്ങക്കീ സുഖിയനും വടേം മാത്രമുണ്ടാക്കാതെ വല്ല പൊറോട്ടേം ബീഫുമൊക്കെ വിളമ്പിയാലെന്താണു നായരേ?"
മൊയ്തു മൌലവി സുബഹി നിസ്ക്കാരം കഴിഞ്ഞാല്‍ നേരെ വരുന്നതു് കാശുമണിയുടെ ചായക്കടയിലേക്കാണു്. കാശുമണിയുടെ അച്ഛന് കേശവന് നായരു ചായക്കട നടത്തുന്ന കാലം തൊട്ടേ ഉള്ള പതിവാണു്. ചായകുടിച്ചു കഴിഞ്ഞ് ഇത്തിരി നേരം ഇരുന്നു് പത്രവും വായിച്ചു നാലഞ്ചു നാട്ടുവര്‍ത്തമാനവും പറഞ്ഞു്, സൂര്യന്, വര്‍മ്മയുടേ തെങ്ങിന് തോപ്പിന്റെ മുകളിലൂടെ എത്തി നോക്കി “ദെന്താ മാപ്ലേ പോയില്ലേ?” ന്നു ചോദിക്കുമ്പൊഴേ മടങ്ങൂ. അങ്ങനെ വര്‍ത്തമാനം പറയുന്നതിനിടയ്ക്കാണു് മേല്‍ ചോദ്യം എല്ലാ അക്ഷരങ്ങള്‍ക്കും ഒരേ തൂക്കം കൊടുത്തു് മൌലവി ചോദിച്ചതു്.
മൌലവി അവിടുന്നു് ചായ മാത്രേ കുടിക്കൂ. സമ്പാദ്യം കഷ്ടിയായതോണ്ടു് അതിനേ പണം തികയൂ എന്നതാണു് കാരണം. സുഖിയന്‍ വട ഇഡ്ഡലി മുതലായ ചില്ലലമാരയിലെ വസ്തുവഹകളൊന്നും തന്നെ മൌലവിയെ ഇന്നു വരെ പ്രലോഭിപ്പിച്ചിട്ടില്ല. വീട്ടില്‍ ചെന്നു് ബീവി വിളമ്പുന്ന പുട്ടോ ഇടിയപ്പമോ പത്തിരിയോ കഴിച്ചു് ളുഹര്‍ വരെ കിടന്നുറങ്ങലാണു് ശീലം. പൊറോട്ട എന്ന സാധനത്തിന്റെ പേരു് കേട്ടിട്ടുണ്ടെന്നുള്ളതല്ലാതെ അതു തിന്നുന്നതു് ഈ ചോദ്യം ചോദിക്കുന്നതിനു തൊട്ടുമുന്പിലെ ഞായറാഴ്ച, ഹസനാജിയുടേ മകളുടെ കല്യാണത്തിനതു വിളമ്പിയപ്പോഴാണു്. ടി ചോദ്യം ചോദിക്കുന്നതിനു മൌലവിയെ പ്രേരിപ്പിച്ച ഏക വസ്തുതയും അതു മാത്രമാകുന്നു.
എന്നാല്‍ മൌലവി തലേദിവസം ഉണ്ടായ സംഭവം അന്നേക്കോര്‍മ്മിച്ചു വക്കേണ്ടതാണെന്നറിഞ്ഞില്ല. ഒന്നല്ല അങ്ങനെ അനവധി സംഭവങ്ങളുണ്ടെന്നും അറിഞ്ഞില്ല. തലേദിവസം ചായക്കടയില്‍നിന്നിറങ്ങി പോകുമ്പൊഴാണു് ഫൌസിയായും ചന്ദ്രികയും സ്കൂളിലേക്കു പോകുന്നതു് മൌലവി കണ്ടതു്. ഫൌസിയ അസ്സലാമു അലൈക്കും എന്നു പറഞ്ഞു. മൌലവി വ അലൈക്കും സലാം എന്നും. ഇതുമായി യാതൊരു ബന്ധവുമില്ലാതെ ചന്ദ്രിക നിന്നതു് മൌലവിയെ വിഷമിപ്പിച്ചു.
“അന്നോടും കൂടിയാണു് ചന്ദ്രീ സലാം പറഞ്ഞതു്” എന്നു് പറഞ്ഞപ്പോള്‍ ചന്ദ്രിക വെളുക്കെ ചിരിക്കുകയും ചെയ്തു.
ചെരപ്പറമ്പില്‍ വാടകസൈക്കിള്‍ കട നടത്തുന്ന ബാലനു് ഇതു കേട്ടപ്പോള്‍ പ്രത്യേകിച്ചൊന്നും തോന്നിയതുമില്ല. അന്നു വെളുപ്പാന്‍ കാലത്തു് മൌലവിയുടെ കൂടെയിരുന്നു് ചായ കുടിച്ചു കൊണ്ടു് ഈ ചോദ്യം കേള്‍ക്കുമ്പോഴും ബാലനു് പ്രത്യേകിച്ചൊന്നും തോന്നിയില്ല. പക്ഷേ,
“ഈ അമ്പലത്തിന്റെ ഉമ്മറത്തുള്ള ചായക്കടയില്‍ തന്നെ വേണോ കാക്കാ നിങ്ങക്കു് ബീഫു്?“
എന്ന സുകുമാരന്റെ ചോദ്യം കേട്ടപ്പോള്‍ ബാലനു് ചിലതൊക്കെ തോന്നിയതായി തോന്നി.
സുകുമാരനു് മൌലവിയോടു് പ്രത്യേകിച്ചു് വൈരാഗ്യമുണ്ടാകേണ്ട കാര്യമൊന്നും ഇല്ലായിരുന്നു. പാല് സൊസൈറ്റിയിലെ അക്കൌണ്ടു പണിക്കു പുറമെ അമ്പലം കമ്മിറ്റി ഖജാഞ്ജി പട്ടം കൂടെ കിട്ടിയപ്പോള്‍ ഉണ്ടായി വന്ന രക്ഷാകര്‍തൃഭാവം പ്രകടിപ്പിക്കുക എന്ന ഒരേയൊരു ലക്ഷ്യമേ ആ ചോദ്യത്തിലുണ്ടായിരുന്നുള്ളൂ. ഇന്നുവരെ ഒരു സുഖിയന്‍ പോലും കാശുകൊടുത്തു വാങ്ങി കഴിച്ചിട്ടില്ലാത്ത മൌലവിയുടെ ഇപ്പഴില്ലാത്ത ഒരു സംഗതി ഉണ്ടാക്കിക്കൂടെ എന്ന ചോദ്യത്തില്‍ അലോസരപ്പട്ടിരിക്കുന്ന കാശുമണിക്കു് പക്ഷേ സുകുമാരന്റെ ഈ ചോദ്യം എണ്ണ പാര്‍ന്നു. കാശുമണി എരിഞ്ഞു.
“അങ്ങനെ ചോദിക്കു് സുകുമാരാ. മൂപ്പര്‍ക്കിപ്പോ അതു കൂടി ഇല്ലാത്ത കുറവേ ഉള്ളൂ.”
സുകുമാരനു് സന്തോഷമായി.
“ വിശ്വാസങ്ങളെ മാനിക്കാന്‍ പഠിക്കണം കാര്‍ന്നോരേ. എല്ലാരുടേയും”
മൌലവിക്കു് വിയര്‍ത്തു. നിനക്കു നിന്റെ മതം എനിക്കെന്റെയും എന്ന ഖുറാന് വാചകം ഇത്തവണ അദ്ദേഹത്തിന്റെ തൊണ്ടയില്‍ കുരുങ്ങി നിന്നു. ഖുറാന് മതസ്വാതന്ത്ര്യം തന്നെ ആണോ ഈ വരികളില്‍ ഉദ്ദേശിച്ചിട്ടുള്ളതെന്നുറപ്പില്ലാഞ്ഞിട്ടും, മദ്രസയിലെ കുഞ്ഞുങ്ങളെ ആ അര്‍ഥം പറഞ്ഞുകൊടുത്താവര്‍ത്തിച്ചു പഠിപ്പിച്ചിരുന്നു, ഇപ്പോഴതു പറയാന്‍ കഴിയുന്നില്ലെന്നദ്ദേഹം മനസ്സിലാക്കി. ഏതൊക്കെയോ വാചകങ്ങള്‍ മൌലവിയെ തടഞ്ഞു.
“ അതിനു ബീഫു കഴിക്കാണ്ടിരിക്കണതാ നിങ്ങടെ മതം?”
ഇത്രയുമായപ്പോള്‍ ബാലനു് താന്‍ അവഹേളിക്കപ്പെട്ടിരിക്കുന്നു എന്ന തോന്നല്‍ ശക്തിയായുണ്ടായി. നിങ്ങടെ എന്ന പദം മൌലവി മനപ്പൂര്‍വ്വം പ്രയോഗിച്ചതാണെന്നു് ബാലനു തോന്നി. ബീഫു കഴിക്കുമെങ്കിലും അതു കഴിക്കാതിരിക്കല്‍ ആണു് ശ്രേഷ്ഠമെന്നു് ബാലന് എങ്ങനെയോ മനസ്സിലാക്കി വച്ചിരുന്നു. പക്ഷേ അതു വളരെ നീചമാണെന്ന തോന്നല്‍ ബാലനു് ആദ്യമായുണ്ടായി. ബാലന് അധഃകൃതനായി. അവഹേളിക്കപ്പെട്ടു. അതു ചെയ്ത മൌലവിയോടു് കടുത്ത കോപമുണ്ടായി. പൊടുന്നനവേ സുകുമാരനും കാശുമണിയും ബാലനും ഒരു ജാതിക്കാരായി. മൌലവി അന്യജാതിക്കാരനായി.
“ഇയ്യാളിന്നലെ മുല്ലത്തറയിലെ ചന്ദ്രികയോടു് ഇവരുടെ മതത്തിലെ സലാം പറയുന്നതു് കണ്ടപ്പഴേ എനിക്കു തോന്നിയതാ“
ബാലന് നിസ്സംശയം പറഞ്ഞു.
“കളിയാക്കല്‍ ഇത്തിരി കൂടുതലാണിയാള്‍ക്കു്”
അറബികളുടേയും ഒട്ടകങ്ങളുടേയും മരുഭൂമിയില്‍ ഒറ്റപ്പെട്ട മൌലവിക്കു് തൊണ്ട വരണ്ടു. ചായ ഇരുന്നു് തണുത്തു.