Tuesday, August 07, 2007

ധ്രുവീകരണം"നിങ്ങക്കീ സുഖിയനും വടേം മാത്രമുണ്ടാക്കാതെ വല്ല പൊറോട്ടേം ബീഫുമൊക്കെ വിളമ്പിയാലെന്താണു നായരേ?"

മൊയ്തു മൌലവി സുബഹി നിസ്ക്കാരം കഴിഞ്ഞാല്‍ നേരെ വരുന്നതു് കാശുമണിയുടെ ചായക്കടയിലേക്കാണു്. കാശുമണിയുടെ അച്ഛന്‍ കേശവന്‍ നായരു ചായക്കട നടത്തുന്ന കാലം തൊട്ടേ ഉള്ള പതിവാണു്. ചാ‍യകുടിച്ചു കഴിഞ്ഞ് ഇത്തിരി നേരം ഇരുന്നു് പത്രവും വായിച്ചു നാലഞ്ചു നാട്ടുവര്‍ത്തമാനവും പറഞ്ഞു്, സൂര്യന്‍, വര്‍മ്മയുടേ തെങ്ങിന്‍ തോപ്പിന്റെ മുകളിലൂടെ എത്തി നോക്കി “ദെന്താ മാപ്ലേ പോയില്ലേ?” ന്നു ചോദിക്കുമ്പൊഴേ മടങ്ങൂ. അങ്ങനെ വര്‍ത്തമാനം പറയുന്നതിനിടയ്ക്കാണു് മേല്‍ ചോദ്യം എല്ലാ അക്ഷരങ്ങള്‍ക്കും ഒരേ തൂക്കം കൊടുത്തു് മൌലവി ചോദിച്ചതു്.


മൌലവി അവിടുന്നു് ചായ മാത്രേ കുടിക്കൂ. സമ്പാദ്യം കഷ്ടിയായതോണ്ടു് അതിനേ പണം തികയൂ എന്നതാണു് കാരണം. സുഖിയന്‍ വട ഇഡ്ഡലി മുതലായ ചില്ലലമാരയിലെ വസ്തുവഹകളൊന്നും തന്നെ മൌലവിയെ ഇന്നു വരെ പ്രലോഭിപ്പിച്ചിട്ടില്ല. വീട്ടില്‍ ചെന്നു് ബീവി വിളമ്പുന്ന പുട്ടോ ഇടിയപ്പമോ പത്തിരിയോ കഴിച്ചു് ളുഹര്‍ വരെ കിടന്നുറങ്ങലാണു് ശീലം. പൊറോട്ട എന്ന സാധനത്തിന്റെ പേരു് കേട്ടിട്ടുണ്ടെന്നുള്ളതല്ലാതെ അതു തിന്നുന്നതു് ഈ ചോദ്യം ചോദിക്കുന്നതിനു തൊട്ടുമുന്‍പിലെ ഞായറാഴ്ച, ഹസനാജിയുടേ മകളുടെ കല്യാണത്തിനതു വിളമ്പിയപ്പോഴാണു്. ടി ചോദ്യം ചോദിക്കുന്നതിനു മൌലവിയെ പ്രേരിപ്പിച്ച ഏക വസ്തുതയും അതു മാത്രമാകുന്നു.

എന്നാല്‍ മൌലവി തലേദിവസം ഉണ്ടായ സംഭവം അന്നേക്കോര്‍മ്മിച്ചു വക്കേണ്ടതാണെന്നറിഞ്ഞില്ല. ഒന്നല്ല അങ്ങനെ അനവധി സംഭവങ്ങളുണ്ടെന്നും അറിഞ്ഞില്ല. തലേദിവസം ചായക്കടയില്‍നിന്നിറങ്ങി പോകുമ്പൊഴാണു് ഫൌസിയായും ചന്ദ്രികയും സ്കൂളിലേക്കു പോകുന്നതു് മൌലവി കണ്ടതു്. ഫൌസിയ അസ്സലാമു അലൈക്കും എന്നു പറഞ്ഞു. മൌലവി വ അലൈക്കും സലാം എന്നും. ഇതുമായി യാതൊരു ബന്ധവുമില്ലാതെ ചന്ദ്രിക നിന്നതു് മൌലവിയെ വിഷമിപ്പിച്ചു.
“അന്നോടും കൂടിയാണു് ചന്ദ്രീ സലാം പറഞ്ഞതു്” എന്നു് പറഞ്ഞപ്പോള്‍ ചന്ദ്രിക വെളുക്കെ ചിരിക്കുകയും ചെയ്തു.
ചെരപ്പറമ്പില്‍ വാടകസൈക്കിള്‍ കട നടത്തുന്ന ബാലനു് ഇതു കേട്ടപ്പോള്‍ പ്രത്യേകിച്ചൊന്നും തോന്നിയതുമില്ല. അന്നു വെളുപ്പാന്‍ കാലത്തു് മൌലവിയുടെ കൂടെയിരുന്നു് ചായ കുടിച്ചു കൊണ്ടു് ഈ ചോദ്യം കേള്‍ക്കുമ്പോഴും ബാലനു് പ്രത്യേകിച്ചൊന്നും തോന്നിയില്ല. പക്ഷേ,
“ഈ അമ്പലത്തിന്റെ ഉമ്മറത്തുള്ള ചായക്കടയില്‍ തന്നെ വേണോ കാക്കാ നിങ്ങക്കു് ബീഫു്?“
എന്ന സുകുമാരന്റെ ചോദ്യം കേട്ടപ്പോള്‍ ബാലനു് ചിലതൊക്കെ തോന്നിയതായി തോന്നി.

സുകുമാരനു് മൌലവിയോടു് പ്രത്യേകിച്ചു് വൈരാഗ്യമുണ്ടാകേണ്ട കാര്യമൊന്നും ഇല്ലായിരുന്നു. പാല്‍ സൊസൈറ്റിയിലെ അക്കൌണ്ടു പണിക്കു പുറമെ അമ്പലം കമ്മിറ്റി ഖജാഞ്ജി പട്ടം കൂടെ കിട്ടിയപ്പോള്‍ ഉണ്ടായി വന്ന രക്ഷാകര്‍തൃഭാവം പ്രകടിപ്പിക്കുക എന്ന ഒരേയൊരു ലക്ഷ്യമേ ആ ചോദ്യത്തിലുണ്ടായിരുന്നുള്ളൂ. ഇന്നുവരെ ഒരു സുഖിയന്‍ പോലും കാശുകൊടുത്തു വാങ്ങി കഴിച്ചിട്ടില്ലാത്ത മൌലവിയുടെ ഇപ്പഴില്ലാത്ത ഒരു സംഗതി ഉണ്ടാക്കിക്കൂടെ എന്ന ചോദ്യത്തില്‍ അലോസരപ്പട്ടിരിക്കുന്ന കാശുമണിക്കു് പക്ഷേ സുകുമാരന്റെ ഈ ചോദ്യം എണ്ണ പാര്‍ന്നു. കാശുമണി എരിഞ്ഞു.

“അങ്ങനെ ചോദിക്കു് സുകുമാരാ. മൂപ്പര്‍ക്കിപ്പോ അതു കൂടി ഇല്ലാത്ത കുറവേ ഉള്ളൂ.”
സുകുമാരനു് സന്തോഷമായി.
“ വിശ്വാസങ്ങളെ മാനിക്കാന്‍ പഠിക്കണം കാര്‍ന്നോരേ. എല്ലാരുടേയും”

മൌലവിക്കു് വിയര്‍ത്തു. നിനക്കു നിന്റെ മതം എനിക്കെന്റെയും എന്ന ഖുറാന്‍ വാചകം ഇത്തവണ അദ്ദേഹത്തിന്റെ തൊണ്ടയില്‍ കുരുങ്ങി നിന്നു. ഖുറാന്‍ മതസ്വാതന്ത്ര്യം തന്നെ ആണോ ഈ വരികളില്‍ ഉദ്ദേശിച്ചിട്ടുള്ളതെന്നുറപ്പില്ലാഞ്ഞിട്ടും, മദ്രസയിലെ കുഞ്ഞുങ്ങളെ ആ അര്‍ഥം പറഞ്ഞുകൊടുത്താ‍വര്‍ത്തിച്ചു പഠിപ്പിച്ചിരുന്നു, ഇപ്പോഴതു പറയാന്‍ കഴിയുന്നില്ലെന്നദ്ദേഹം മനസ്സിലാക്കി. ഏതൊക്കെയോ വാചകങ്ങള്‍ മൌലവിയെ തടഞ്ഞു.

“ അതിനു ബീഫു കഴിക്കാണ്ടിരിക്കണതാ നിങ്ങടെ മതം?”

ഇത്രയുമായപ്പോള്‍ ബാലനു് താന്‍ അവഹേളിക്കപ്പെട്ടിരിക്കുന്നു എന്ന തോന്നല്‍ ശക്തിയായുണ്ടായി. നിങ്ങടെ എന്ന പദം മൌലവി മനപ്പൂര്‍വ്വം പ്രയോഗിച്ചതാണെന്നു് ബാലനു തോന്നി. ബീഫു കഴിക്കുമെങ്കിലും അതു കഴിക്കാതിരിക്കല്‍ ആണു് ശ്രേഷ്ഠമെന്നു് ബാലന്‍ എങ്ങനെയോ മനസ്സിലാക്കി വച്ചിരുന്നു. പക്ഷേ അതു വളരെ നീചമാണെന്ന തോന്നല്‍ ബാലനു് ആദ്യമായുണ്ടായി. ബാലന്‍ അധഃകൃതനായി. അവഹേളിക്കപ്പെട്ടു. അതു ചെയ്ത മൌലവിയോടു് കടുത്ത കോപമുണ്ടായി. പൊടുന്നനവേ സുകുമാരനും കാശുമണിയും ബാലനും ഒരു ജാതിക്കാരായി. മൌലവി അന്യജാതിക്കാരനായി.
“ഇയ്യാളിന്നലെ മുല്ലത്തറയിലെ ചന്ദ്രികയോടു് ഇവരുടെ മതത്തിലെ സലാം പറയുന്നതു് കണ്ടപ്പഴേ എനിക്കു തോന്നിയതാ“
ബാലന്‍ നിസ്സംശയം പറഞ്ഞു.
“കളിയാക്കല്‍ ഇത്തിരി കൂടുതലാണിയാള്‍ക്കു്”

അറബികളുടേയും ഒട്ടകങ്ങളുടേയും മരുഭൂമിയില്‍ ഒറ്റപ്പെട്ട മൌലവിക്കു് തൊണ്ട വരണ്ടു. ചായ ഇരുന്നു് തണുത്തു.

25 comments:

സിദ്ധാര്‍ത്ഥന്‍ said...

പേടിച്ചാണിങ്ങോട്ടു കയറിയതു്. ദീപാരാധനയും ഒന്നുമില്ല്യാണ്ടായിട്ടു് കാടും പടലും പിടിച്ചു. വല്ല പാമ്പോ പഴുതാരയോ ഉണ്ടെങ്കിലോ?
;)

കഥ എന്നു വിളിച്ചു കൂട. ഒരു അവസ്ഥ പറഞ്ഞെന്നു മാത്രം. ഇതിലെ യുക്തിയില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ ദയവായി ചൂണ്ടിക്കാണിച്ചു തരിക. പക്ഷേ കൊന്നാലും ഞാന്‍ മാറ്റൂല.

ദൃശ്യന്‍ | Drishyan said...

സിദ്ധാര്‍ത്ഥാ,
എന്തിനാ പേടിക്കുന്നത്? ബ്ലോഗുലകം ഒരു കൊടുംകാടൊന്നുമല്ല. എവിടെത്തെയുമെന്ന പോലെ ഇവിടെയും നല്ലവരും അത്ര നല്ലതല്ലാത്തവരും ഉണ്ടെന്ന് മാത്രം. പക്ഷെ അപകടകാരികള്‍ ആരുമില്ല എന്നാണ് അറിവ്.

കഥ/അവസ്ഥ നന്നായിട്ടുണ്ട്. അവസാനം എനിക്കിഷ്ടായി.

തുടര്‍ന്നെഴുതുക. എഴുത്തിന്‍‌റ്റെ ആറ്റിക്കുറുക്കല്‍ താനേ ശരിയായി വരും

സസ്നേഹം
ദൃശ്യന്‍

സിദ്ധാര്‍ത്ഥന്‍ said...

നന്ദി ദൃശ്യന്‍
കുറച്ചു നാളായി വല്ലതും എഴുതിയിട്ടിട്ടു് എന്നേ ഉദ്ദേശിച്ചുള്ളൂ കേട്ടോ.

ചില നേരത്ത്.. said...

സന്ദേഹങ്ങള്‍, ഉരുതിരിഞ്ഞെടുക്കുന്ന വിടവിലേക്കാണ് സംശയങ്ങള്‍ കുത്തിതിരുകി, അവിശ്വാസത്തിന്റെ ഈര്‍ഷ്യകള്‍ മതാധിഷ്ഠിത ശക്തികള്‍ രൂപപ്പെടുത്തുന്നത്. പരസ്പരമുള്ള കമ്യൂണിക്കേഷന്‍ തകര്‍ക്കുക എന്നതായിരിക്കണം ഇതുകൊണ്ട് അത്തരം ശക്തികള്‍ ഉദ്ദേശിക്കുന്നത്. ഈ കഥയില്‍ അത്തരമൊരു സാഹചര്യത്തെ ഭംഗിയാക്കിയിരിക്കുന്നു. നാട്ടിലെ സംവാദ ഇടങ്ങളൊക്കെ ശൂന്യമാക്കി അവിടെ കിളിര്‍ത്ത കളകളാണ് മതാധിഷ്ഠിത സംഘടനകള്‍. രാഷ്ട്രീയം ക്യാമ്പസുകളില്‍ നിരോധിക്കുക വഴി നഷ്ടമായ ഇടത്തിലേക്ക് കടന്നു കയറിയവര്‍, സാമൂഹിക സാംസ്കാരിക സംഘടനകളെ രാഷ്ട്രീയവല്‍ക്കരിച്ചവര്‍(ഉദാ: നെഹ്രു യുവക് കേന്ദ്ര), പിന്നെ ഇടപെടേണ്ടയിടങ്ങളില്‍ നിന്ന് ഭംഗ്യന്തരേണ പിന്മാറിയവര്‍ എല്ലാവരും ഈ ദുരൂഹമായ സംസ്കൃതിയെ വളര്‍ത്തുന്നതിന് തടം നനച്ചവരാണ്. ഈ കഥയില്‍ ഉള്‍ക്കൊള്ളുന്ന കാര്യത്തിനാണ് പ്രസക്തി. കഥയെന്ന നിലക്ക് അതിന്റെ ഭംഗി ചിലയിടങ്ങളിലേ ജ്വലിക്കുന്നുള്ളൂ.

ഡാലി said...

സിദ്ധന്‍ ചേട്ടാ, കുറേഏഏ കാലം അടച്ചീട്ടിരുന്ന ബ്ലോഗ് മാറാലയുടെ ഇടയില്‍ കൂടി തുറക്കേണ്ടി വന്ന അവസ്ഥ കൃത്യമായി മനസ്സിലാകുന്നു.
ഈ ‘അവസ്ഥയില്‍‘ ഒരാളു പോലും മനപൂര്‍വ്വം ധ്രുവീകരണം ഉണ്ടാക്കുന്നില്ല ഏകദേശം ഒരു 90% മനുഷ്യരും അങ്ങനെ തന്നെയാണ്. പക്ഷേ മനപൂര്‍വ്വം ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന 10% മതം, ജാതി, ദേശം, ഭാഷ, നിറം, പാരമ്പര്യം തുടങ്ങി അനേകം ചീട്ടുകള്‍ ലേബലുകളായി നിര്‍ലോഭം ഉപയോഗിക്കുന്നതിനെ ഭയക്കേണ്ടിയിരിക്കുന്നു. യാതൊരു ദുര്‍ചിന്തയും മനസ്സിലില്ലതെ കാശുമണിയുടെ ചായകടയിലിരുന്നു മൌലവിക്കുണ്ടായ ഇന്നത്തെ തൊണ്ട വരള്‍ച്ച നാളെ അല്ലെങ്കില്‍ മറ്റന്നാള്‍ മാറും. എന്നാള്‍ ഇതില്‍ മനപൂര്‍വ്വം എണ്ണ പകരാനെത്തുന്നവരുടെ സാന്നിദ്ധ്യം നിരന്തരമാകുമ്പോള്‍ എനിക്ക് പേടി തോന്നുന്നു.
(ഒരു കുടം പാല്‍ പുളിപ്പിക്കാന്‍ ഒരു തുള്ളി തൈര്.)

വിനയന്‍ said...

സിദ്ദാര്‍ഥന്‍
നന്നായിരിക്കുന്നു.ഇപ്പോല്‍ മലയാളത്തില്‍ നടക്കുന്ന പുറം ചൊറിച്ചില്‍ ബ്ലോഗിംഗിങ്ങില്‍ നിന്നും വ്യഥ്യസ്ഥമായ ബ്ലോഗിംഗ്.നല്ല ഭാഷ,ന്നല്ല അവതരണം.

നന്ദി

കണ്ണൂസ്‌ said...

ഭഗവാനേ, ഇന്ന് കാക്ക മലര്‍ന്ന് പറക്കും. :-). സിദ്ധു പോസ്റ്റിട്ടോ!!

സത്യമായ കാര്യം. ഓരോ നിമിഷം കഴിയുമ്പോഴും, ഗ്രാമങ്ങളില്‍ പോലും, വരികള്‍ക്കിടയില്‍ വായിക്കാനുള്ള പ്രവണത് കൂടി വരുന്നു. ഇരുപത് കൊല്ലം മുന്‍പാണ്‌ മൗലവി ഇത് പറഞ്ഞിരുന്നെങ്കില്‍ സുകുമാരനും ബാലനും സപ്പോര്‍ട്ട് ചെയ്തേനെ. എന്തിന്‌ കാശുക്കുട്ടേട്ടനെക്കൊണ്ട് പോത്തിറച്ചി ഉണ്ടാക്കിക്കുകയും ചെയ്തേനെ. ഇന്നിപ്പോ വായില്‍ നിന്ന് ഒരു വാക്ക് വരുന്നതിന്‌ മുന്‍പ്, നൂറ് വട്ടം ആലോചിക്കും. ആലോചിക്കേണ്ടി വരും.!!

SAJAN | സാജന്‍ said...

ഇത്ര കുഞ്ഞു വരികളില്‍ എത്ര വിശദമായി എഴുതിയിരിക്കുന്നു , ഒരു ചെറിയ നിര്‍ദ്ദോഷമായ കുശലപ്രശ്നം ഗതി മാറി വന്നത് വിവരിച്ചിരിക്കുന്നത് മനൊഹരം ആയിരിക്കുന്നു, ഒപ്പം നല്ല ഒരു ത്രെഡും മൊത്തത്തില്‍ നല്ല ആവിഷ്ക്കരണം, അഭിനന്ദനങ്ങള്‍:)

G.manu said...

matured style. narration..congrats Sidhu

അതുല്യ said...

മനുഷ്യരുടെ മനസ്സുകള്‍ അല്ലെങ്കില്‍ അവര്‍ സംഗമിയ്ക്കുന്ന് ഒരു ചട്ടകൂട് ഒരു കെമിക്കല്‍ ലാബറട്ടറിയാണു. ചില ചിന്തകള്‍ തിരുകുമ്പോള്‍ തണുത്തുറയുന്ന തരികള്‍, ചില ചിന്ത ചിതറുമ്പോള്‍ ആളിക്കത്തുന്നു. ഈ ആളിക്കത്തലുകള്‍ക്ക് മതത്തിന്റെ പേരു നല്‍കാനാണു കൂടുതല്‍ എളുപ്പം. വില്പനയ്കുള്ളതിനേക്കാളും ആളുകളു വാങ്ങാന്‍ കൂടി നില്‍കുന്ന ഒരു ഉരുവാണല്ലോ അത്. കാശുമണിയും ബാലനും സുകുമാരനും മൌലവിയുമൊക്കെ മാറി, നായ്കളെ ഒക്കെ പോലെ ജാതിയും മതവും ഒന്നും മതില്‍ കെട്ട് തീര്‍ക്കാതെ “മനുഷ്യ”രുണ്ടാവണം ഇവിടെ. ശര്‍മ്മയും അയ്യരും പിള്ളയും സെബ്ബസ്റ്റിനും മൊഹമ്മദും ഒന്നും തന്നെ പേരിന്റെ കൂടെ ചേര്‍ക്കാതെ നില്‍ക്കാന്‍ പഠിയ്കട്ടെ ആദ്യ പടിയായിട്ട് ഇവര്‍, മാമോദീസയും, പൂണൂലും സുന്നത്ത് എന്നിവയില്‍ നിന്നും ജനം പിന്‍‌‌വലിയട്ടെ അടുത്ത പടി.

സിദ്ധാര്‍ത്ഥന്‍ എന്ന പേരുള്ള ഒരു വ്യക്തി, ബീഫിനെ കുറിച്ചു എഴുതിയ ഈ ലേഖനം എന്നെ പേടിപ്പിയ്കുന്നു. :) ചിന്തകളില്‍ ബീഫ് എന്ന വിഷയം ഈയ്യിടയായി കുറെ കടന്നു വരുന്നുവോ എന്ന ഒരു ഭയം.

kaithamullu : കൈതമുള്ള് said...

വിളക്ക് വയ്പും ദീപാരാധനയുമൊക്കെ മുടങ്ങിക്കിടക്കയായിരുന്നൂന്ന് തോന്നിയതെ ഇല്ലാട്ടോ...
നട തുറന്നപ്പോള്‍ എന്തൊരുജ്വല ശോണിമ!

Visala Manaskan said...

അങ്ങിനെ സിദ്ദാര്‍ത്ഥന്‍ വീണ്ടും എഴുത്തു തുടങ്ങി. നല്ലത്.

യുക്തിയില്‍ വല്യ തെറ്റില്ല കൂട്ടുകാരാ. അഥവാ ഉണ്ടെങ്കിലും ഞാന്‍ കൊന്നാലും പറയില്ല.. ബുഹഹഹ..

ഇനിയിവിടം അടച്ചിട്ടുകൂട ട്രാ. നിന്റെ ഭാഷ മുത്തും പവിഴോമാടാ..

പെരിങ്ങോടന്‍ said...

ഛെ ആ അവസാനവരിയെന്തിനാണ് എഴുതിയത്? സംഭവങ്ങള്‍ ചുരുളഴിഞ്ഞുവരുന്നതിന്റെ ക്രാഫ്റ്റ്‌മാന്‍ഷിപ്പ് അസ്സലായിട്ടുണ്ട്, അവസാനവരിയെ വീണ്ടും കുറ്റം പറയാതെ വയ്യ ;)

കഥയും ആശയവും അസ്സലായിട്ടുണ്ട്.

ബിന്ദു said...

ഇഷ്ടമായി.
അടുത്ത കഥപോലേയ്ക്കിനി എത്ര നാള്‍? ;)

വക്കാരിമഷ്‌ടാ said...

എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ എന്നാണല്ലോ. അതുപോലെ എന്തിനും എന്തെങ്കിലുമൊക്കെ കാരണം കാണുമെന്നും. :)

ഈ പോസ്റ്റ് മനോഹരം. ഇതിനു മുന്‍പ് വന്ന പോസ്റ്റ് പോലെ മനോഹരം.

ആലോചിച്ചാല്‍ ഒരു അന്തോമില്ല, ആലോചിച്ചില്ലെങ്കില്‍ ഒരു കുന്തവുമില്ല എന്നല്ലേ. അതുകൊണ്ട് മൌലവിയുടെ മനസ്സില്‍ സത്യമുള്ളിടത്തോളം കാലം ആരെ ഭയക്കാന്‍? പറയാനുള്ളതൊക്കെ വളരെ ആലോചിച്ച് അളന്നു തൂക്കി പറയുന്നതിനെക്കാളും നല്ലതല്ലേ മനസ്സില്‍ സത്യമുള്ളിടത്തോളം കാലം ഉള്ള കാര്യം ഉള്ളതുപോലെ പറയുന്നത്. ബാലനും സുകുമാരനും ഒക്കെ കൂടെ കൂടിയെങ്കിലും ഒരു ഗോപാലകൃഷ്ണനോ രാ‍മകൃഷ്ണനോ അവിടെ കാണും എന്ന് തന്നെ തോന്നുന്നു മൌലിവിയെ മനസ്സിലാക്കാനും ബാലനെയും സുകുമാരനെയും പറഞ്ഞ് മനസ്സിലാക്കാനും -ശുഭാപ്തിവിശ്വാസടെക്‍നോളജി പ്രകാരം. അതോ കാണില്ലേ?

മൌനം തന്നെയാണ് ഏറ്റവും പേടിപ്പെടുത്തുന്നത്.

സന്തോഷ് said...

നല്ല ആശയവും ഒതുക്കമുള്ള പ്രതിപാദനവും.

സു | Su said...

നല്ല കഥ പോലെ ഉണ്ട്. ;)

ഉറുമ്പ്‌ /ANT said...

നന്നായി.

Umesh::ഉമേഷ് said...

നന്നായി.

ദൈവം said...

ഇവിടെ ഈ അശ്വത്ഥത്തിന്റെ ചുവട്ടില്‍......
:)

ദില്‍ബാസുരന്‍ (ഭയങ്കര ഡീസന്റ്) said...

പൊറോട്ടയ്ക്കും ബീഫിനും മതമില്ല സിദ്ധാര്‍ഥേട്ടാ. ഉണ്ടോ? ഉണ്ടെങ്കില്‍ എനിക്ക് അത് വേണ്ട. (മതം വേണ്ട എന്ന്) :-)

ഓടോ: കഥ നന്നായി. ഈ വഴിയ്ക്ക് ഒക്കെ വരുന്നുണ്ടല്ലേ?

Kaippally കൈപ്പള്ളി said...

കഥ വായിച്ചു.

ഈ കഥ ഒരു പ്രശ്നം അവതരിപ്പിച്ച് കാണിക്കുന്നു. പക്ഷെ കഥ എങ്ങും ചെന്നെത്തുന്നില്ല. ഇവിടെ സംഭവിച്ച ഒരു ചെറിയ പ്രശ്നം എത്ര വലിയ മഹാ സംഭവമായി തീരും എന്ന മുന്നറിയിപ്പാണെങ്കില്‍, ഇനിയും കുറച്ചുകൂടി വ്യക്തമാക്കണമായിരുന്നു. കഥയുടെ സന്ദേശം അല്പം കൂടി stress ചെയ്യാമായിരുന്നു.

O.T. നല്ല പോടം.

വേണു venu said...

ഒരു ദുരന്തത്തിലേയ്ക്കെടുത്തെറിയാന്‍‍ പാകമാകുന്ന അവ്സ്ഥയെ ചിത്രീകരിച്ചിരിക്കുന്ന ഈ അവസ്ഥ മനസ്സില്‍‍ തട്ടുന്നു. ഭാവുകങ്ങള്‍‍.:)

അത്ക്കന്‍ said...

നഞ്ഞി എന്തിനാ നാനാഴി...
വളരെ നന്നായി......

kichu said...

സിദ്ധാര്‍ത്ഥന്‍...

വൈകിയെത്തിയ ഒരു പഥിക..

നിലപാടുകള്‍ നന്നായിട്ടുണ്ട്ട്ടൊ..

ഒരുപാട് ആശംസകള്‍...

ഇന്ന് തൊട്ടാല്‍ പൊള്ളുന്ന ഒന്നാണു മതം.

ആലോചിച്ചു നോക്കൂ നമ്മുടെ കുട്ടിക്കാലം. അന്ന് കുമാരനും, വര്‍ക്കിയും, ബീരാനൂം ഫാത്തിമയും, ദേവിയും, മേരിയുമെല്ലാം ഒന്നാണ്. ഇന്നോ?? മതിലുകള്‍ വീണു കഴിഞ്ഞിക്കുന്നു അല്ലേ??

ആലോചിക്കുമ്പൊള്‍.... നാടിന്റെ പോക്കു കാണുമ്പോള്‍ നേരിയ ഭയം ഇല്ലാതില്ല.