Sunday, October 30, 2005

ഗണപതിക്കു വച്ചതു്


നിലവാരമില്ലാത്ത ബ്ലോഗു കണ്ടാലും തോലകവിയാവുന്ന ചിലരുണ്ടല്ലോ
“പൊട്ടബ്ബ്‌ളോഗ്ഗുകൾ സൃഷ്ടിക്കും
ദുഷ്ടക്കൂട്ടം നശിക്കണേ”
എന്നവരെങ്ങാനും പ്രാർത്ഥിക്കുകയോ മാങ്ങോട്ടുഭഗവതി സമക്ഷം മുളകരച്ചു തേക്കുകയോ ചെയ്താലോ എന്ന ഭീതിയാലാണു് നാളിത്രയായിട്ടും നിലപാടു വ്യക്തമാകാതെ കിടന്നതു്.

ഇപ്പോ കാര്യങ്ങളങ്ങനെയല്ല. ബ്ലോഗ്ഗാൻ വേണ്ടിയും നമുക്കു ബ്ലോഗ്ഗാം എന്നു പഠിച്ചു. ആ‍നിലയ്ക്കിതിനിയും വൈകിച്ചു കൂടല്ലോ?

ഹരിശ്രീ കുറിക്കുന്നു. ഉറുപ്പ്യക്കഞ്ചു കിട്ടുന്ന നാളികേരത്തിലൊരെണ്ണം വിഘ്നേശ്വരനു്.

…………………………..

ഇത്രയുമായപ്പോഴാണു് തികച്ചും മൌലികമായ ഒരാശയം പൂർവ്വചക്രവാളത്തിലെ ഭാനുമാനായതു്. ആശയം, യുഗം മാറിപ്പിറന്നതു കൊണ്ടു് മയിൽ‌പ്പീലി വെക്കാനുള്ള ഭാഗ്യം നഷ്ടപ്പെട്ട എന്റെ മൌലിയിൽ പിറന്നതും തദ്വാരാ മൌലികവുമാണു്. [മൌലിയിൽ നിന്നു ‘come’ ആ‍ണു മൌലികം എന്നു യാസ്ക്കൻ പറയാഞ്ഞതു് പിൽക്കാലത്തു് ഇതു പറയാ‍നായി ഒരു പണ്ഠിതശ്രേഷ്ഠൻ പിറന്നേക്കുമെന്നു് ദീർഘദൃഷ്ടിയായ അദ്ദേഹത്തിനു് അറിയുമായിരുന്നതു കൊണ്ടായിരിക്കണം. ]

ഇന്നാളൊരു സ്ത്രീരത്നം സമകാലിക മലയാളം വാരികയിൽ തന്റെ സുഹൃത്തിന്റെ തലയിൽ ഒരു പാർട്ടി സമയത്തുദിച്ച ഒരാശയത്തെ പറ്റി പറയുകയുണ്ടായി. Instant liquor powder ആണത്രെ രണ്ടു പെഗ്ഗ് വിസ്കിയുടെ പുറത്തു് കക്ഷി വിഭാവനം ചെയ്തതു്. വിസ്കിയോ ബ്രാണ്ടിയോ, അതാതിന്റെ പൊടി കലക്കിയാൽ മതി. ഇതു മൌലികമാണൊ കൂട്ടരെ? പച്ചവെള്ളത്തെ വീഞ്ഞാക്കി മാറ്റിയ നസ്രേത്തുകാരന്റെ നമ്പരല്ലേ ഇതു്?

സിദ്ധാർത്ഥന്റേതു്, പക്ഷെ തികച്ചും മൌലികവും ഫ്രെഷും ആണു്. ഇപ്പോളുദിച്ചതു്. ഉദിക്കാൻ ഹേതു ഗണപതിക്കു വച്ച നാളികേരം തന്നെ. ദൈവങ്ങൾക്കു മുൻപിൽ നാളികേരം എറിഞ്ഞുടക്കുന്നതിന്റെ മനശ്ശാസ്ത്രത്തിൽ നാം തുലോം അജ്ഞനാകുന്നു. ചാക്കിൽ നൂറ്റിച്ചില്വാനം നാളികേരങ്ങൾ കൊണ്ടുവന്നു് ഓരോന്നായി എറിഞ്ഞുടക്കുന്നവരെ ഞാൻ കണ്ടിട്ടുണ്ടു്. അങ്ങോട്ടേൽ‌പ്പിച്ചാൽ പോരെ എന്നചോദ്യത്തിനവിടെ സ്ഥാനമില്ല. ഓരോന്നെറിയുമ്പോഴും നഷ്ടമാവുന്ന കഷ്ണങ്ങളെത്ര? ലക്ഷക്കണക്കിനു് അമ്പലങ്ങളുള്ള നമ്മുടെ നാട്ടിൽ ഇങ്ങനെ നഷ്ടമാവുന്ന നാളികേരങ്ങളെത്ര? സീറൊ മീറ്ററിനകത്തു് തെറിച്ചു വരുന്ന ഏറ്റവും വലിയ കഷ്ണം ലാക്കാക്കി നിൽക്കുന്ന പയ്യന്മാരുണ്ട്. ഇവരെ ടീമിലെടുത്തു് സ്ലിപ്പിൽ നിറുത്തിയാൽ ജോൺ‌ഡി റോഡ്സിനെ ജനം മറക്കും. ഇവന്മാർക്കേൽക്കാവുന്ന പരിക്കുകളെത്ര? ഇവിടെയാണു് ഈ ആശയത്തിന്റെ സാംഗത്യം.


സാധനം നിസ്സാരമാണു് അമ്പലത്തിൽ സൂക്ഷിക്കാവുന്ന, രണ്ടു നാളികേരം കൊള്ളുന്ന വിധത്തിലുള്ള ഒരു തുകൽ സഞ്ചി! പ്രാരബ്ധക്കാർ വരുന്നു, സഞ്ചിയുടെ സിപ്പോ വള്ളിയോ തുറന്നു് ദിവ്യവസ്തു അതിലേക്കിടുന്നു. സിപ്പു്/വള്ളി പൂട്ടുന്നു. വസ്തുവെ ആത്മസംതൃപ്തി പകരും വിധം കല്ലിന്റെ നെഞ്ചത്തേക്കെറിയുന്നു. സഞ്ചി തുറന്നു് ശേഷിച്ച സംതൃപ്തിയും കൈക്കലാക്കുന്നു. ആയതിനെ ഏൽ‌പ്പിക്കേണ്ടിടത്തു് ഏൽ‌പ്പിക്കുന്നു. പടിയിറങ്ങി അപ്രത്യക്ഷമാവുന്നു.
എപ്പടി?
അതിശ്ശായി ല്ലേ?

………………………………..

നാളികേരമെറിഞ്ഞുടക്കുക, മുളകരച്ചു തേക്കുക തുടങ്ങിയ ആചാരങ്ങളുടേയും ആഭിചാരങ്ങളുടേയും മൂലമെന്തെന്നു് ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? ഏതെങ്കിലും ആചാരങ്ങളുടെ തുടക്കം അറിയാവുന്നവരതീ ബ്ലോഗുലകത്തിലിട്ടാൽ അതിൽ‌പ്പരം ആനന്ദം വേറെയുണ്ടാവില്ല. തീർച്ച.

15 comments:

Kalesh Kumar said...

പ്രിയ സിദ്ധാർത്ഥൻ,
ബൂലോഗക്കൂട്ടായ്മയിലേക്ക് സ്വാഗതം!
ഗണപതിക്ക് വച്ചത് മോശമായിട്ടില്ല!
നിലപാടുകൾ “വ്യക്തവും ശക്തവുമായി” തുടർന്നും പ്രതീക്ഷിക്കുന്നു!

(മനോജിന്റെ കേരള ബ്ലോഗ് റോളിൽ അംഗമായോ? ഇല്ലേൽ ആകണേ. അതുപോളെ തന്നെ ബ്ലോഗ്4കമന്റ്സ് ഗ്രൂപ്പിലും - കൂടുതൽ വിവരങ്ങൾക്ക് -http://vfaq.blogspot.com/2005/01/blog-post.html സന്ദർശിക്കുക)

ദേവന്‍ said...

ആര്‍ത്താ,
ഒരാഴ്ച്ച മുന്നേ ഞാന്‍ ബ്ലോഗിത്തുടങ്ങിയെന്ന അഹങ്കാരത്താല്‍ സീനിയറു ചമഞ്ഞു സ്വാഗതം പറയുകയാണെന്ന് നാട്ടുകാരു കരുതുമല്ലോ, ഒന്നും പറയുന്നില്ല.. ഇപ്പൊ എഴുന്നേറ്റതേയുള്ളു, ചായ കിട്ടാത്തതുകൊണ്ട്‌ വെളിവു വീണില്ലാ.. സ്ക്രീന്‍ കറങ്ങുന്നു..അതിനിടയിലൂടെ വായിക്കാന്‍ ശ്രമിച്ച്‌ ആകെ കണ്ണില്‍പ്പെട്ടത്‌ എന്റെ മൌലിയില്‍ ദ്വാരം, മദ്യം, ചാക്കില്‍ക്കെട്ടി എന്നാണ്‌.. ഉറക്കപ്പിച്ചു പോയി . നന്ദി.

തേങ്ങായടിയന്ത്രത്തിന്‌ ഉടന്‍ പേറ്റന്റ്‌ എടുക്കുക, ഇന്റലക്ച്യുവല്‍ പ്രോപ്പെര്‍ട്ടിക്കാധാരം ഭൂപണയ ബേങ്ക്‌ വരെ പണയപ്പണ്ടമായി എടുക്കുന്ന കാലമാ..

തേങ്ങായടീശ്വരന്‍ പഴവങ്ങാടി ഗണപതി സമക്ഷം തേങ്ങാ പൊട്ടിക്കുംമ്പോള്‍ ഈഗോ എന്ന അഹംകാരം പൊട്ടുകയും വെളുത്ത ജ്ഞാനത്തിന്റെ പഴം കഴിക്കുകയും ഗംഗാജലമായി കല്‍പ്പവൃക്ഷതിന്റെ നീര്‌ (പറശ്ശിനിക്കടവിലെ മരനീരല്ല) കുടിക്കുകയും ചെയ്തെന്നാണ്‌ വയ്പ്പ്‌.

കണ്ണൂസ്‌ said...

സിദ്ധു,

കാര്യ സാധ്യത്തിനായാണല്ലോ നാളികേരമുടക്കല്‍. ഈ നാളികേരത്തിന്റെ പ്രത്യേകത ശ്രദ്ധിച്ചിട്ടുണ്ടോ? ഇതില്‍ നിന്നും വെള്ളം ലീക്‌ ചെയ്യില്ല എന്നു തന്നെ പറയാം. അതായത്‌, വെള്ളമാകുന്ന കാര്യം is protected by ബലമുള്ള തോട്‌. ഈ വില്ലന്‍ തോടിനെ ദൈവത്തിനെ സാക്ഷി നിര്‍ത്തി തകര്‍ക്കുക എന്നതല്ലേ ഈ മുട്ടുടക്കല്‍ പ്രസ്ഥാനത്തിന്റെ symbolic representation?

സു | Su said...

:) സ്വാഗതം.

nalan::നളന്‍ said...

സിദ്ധാ!
കിടിലം .. ഇനി ഇതിനുവേണ്ടി പ്രത്യേകതരം തുകല്‍ സഞ്ചികള്‍ (എളുപ്പത്തില്‍ തേയ്മാനം സംഭവിക്കാത്ത) നിര്‍മ്മിക്കാനുള്ള ഒരെണ്ണം കൂടി മൌലിയാലും :)

aneel kumar said...

ഐഡിയ കൊള്ളാം, ബ്ലോഗും.
എന്തായാലും ഈ പ്രോഡക്റ്റിനും (സഞ്ചിക്കേ) ലൈഫ് അധികമൊന്നുമുണ്ടാവില്ല. അപ്പോൾ സഞ്ചി സ്പോൺസർ ചെയ്യാനും ജുവലറികൾക്ക് തമ്മിൽത്തല്ലാം.
---
അനൌൺസ്‌മെന്റ് : ഗന്ധർവൻ ഇവിടെയെങ്ങാനും ഉണ്ടെങ്കിൽ ശ്രദ്ധിക്കുക. താങ്കൾ ദയവായി മലയാളം അക്ഷരങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുക.

Kumar Neelakandan © (Kumar NM) said...

തുകൽ സഞ്ചിയിലാക്കി സിദ്ധൻ ഇവിടെ പൊട്ടിച്ച ആദ്യനാളീകേരം നന്നായി. ഐശ്വര്യ സമ്പന്നം. തുകൽ സഞ്ചി സിബ്ബിട്ട് മടക്കിനൽകാതെ ഇനിയും അതിൽ ഒത്തിരി തേങ്ങകൾ തിരുകി പൊട്ടിക്കും എന്നു കരുതുന്നു.

പൊട്ടട്ടേ ബോധി വൃക്ഷചുവട്ടിൽ ഇനിയും നാളികേരങ്ങൾ. കഷണങ്ങൾക്കായികാക്കുന്നു...

സിദ്ധാർത്ഥന് സ്വാഗതം.

സിദ്ധാര്‍ത്ഥന്‍ said...

സ്വാഗതം പറഞ്ഞവർക്കും, പറയാഞ്ഞവർക്കും, പറയാനിരിക്കുന്നവർക്കും നന്ദി.

കണ്ണൂസ്, ദേവാ,
ഈ വിഷയത്തിലെ ശാസ്ത്ര വശമാണു നിങ്ങൾ പറയുന്നതു്.

“ഇന്നലെ ചെയ്തോരബദ്ധം ഇന്നത്തയചാരമാവാം നാളത്തെ ശാസ്ത്രമതാവാം“ എന്നാരോ പറഞ്ഞതായി കേട്ടിട്ടുള്ളതു് എല്ലാ ആചാരങ്ങളെസ്സംബന്ധിച്ചും ശരിയായിക്കൊള്ളണമെന്നില്ലെങ്കിലും, മിക്കവാറും ഇനങ്ങളിൽ ശാസ്ത്രം മൂന്നാമതുണ്ടാവുന്നതാണു്. എനിക്കറിയേണ്ടതു് അതിലെ അബദ്ധവശമാണു്, അതുണ്ടെങ്കിൽ. ഇല്ലെങ്കിലും സാരമില്ല, അതൂഹിക്കാല്ലോ :)

Visala Manaskan said...

:)

evuraan said...

ഈ ലിങ്കൊന്ന് നോക്കൂ.താങ്കളുടെ ബ്ലോഗ്ഗിന് ആ പ്രശ്നമുണ്ടെന്ന്‌ തോന്നുന്നു. reading troubles in firefox

സിദ്ധാര്‍ത്ഥന്‍ said...

ഇതിപ്പൊഴാണു കണ്ടതു് ഏവൂരാനെ. പുതിയ പോസ്റ്റ് അതു കണക്കാക്കി ചെയ്തിട്ടുണ്ടു്. പ്രശ്നമുണ്ടെൻകിൽ പറയുക.
നന്ദി

Promod P P said...

ങേ..

പോയിപ്പോയി ഞങ്ങളുടെ പരദേവതയേയും വെറുതെ വിടില്ല എന്നായോ?
മാങ്ങോട്ട്‌ ഭഗവതിയെ തൊട്ടു കളിക്കുമ്പോള്‍ സൂക്ഷിക്കണെ..പ്രത്യേകിച്ച്‌ ആ തട്ടകത്തില്‍ നിന്നുള്ള ഞാന്‍ ഇവിടെ ഉള്ളപ്പോള്‍

പിന്നെ മുളകരച്ച്‌ മാട്ടുന്ന സംഭവം ഇപ്പോള്‍ നിലവിലില്ല.

സിദ്ധാര്‍ത്ഥന്‍ said...

തഥാഗതാ,
പരക്കാടിക്കല്ലേ മൂപ്പു കൂടുതല്‍? അപ്രിയം വല്ലതുമുണ്ടാവാതെ ദേവി തടുത്തോളും;).

മാട്ടല്‍ നിര്‍ത്തിയ വിവരമറിഞ്ഞില്ലായിരുന്നു.

അതുല്യ said...

ചിതറി പോകാതെ നോക്കാം, എന്നാല്‍ ശബ്ദ മലിനീകരണത്തിനു എന്ത്‌ പോം വഴി.?

സജീവ് കടവനാട് said...
This comment has been removed by the author.