Wednesday, April 05, 2006

ജൂദാസ്



ദര്‍ശനഭാരം താങ്ങാനാവാതെ ഗദ്‌സെമനാ തോട്ടത്തിലെ വെറും മണ്ണില്‍ ക്രിസ്തു വീണു കിടന്നു.

"പിതാവേ കഴിയുമെങ്കില്‍ ഈ പാനപാത്രം നീയെടുക്കേണമേ"

"മകനേ"

വെള്ളാരങ്കല്ലുകള്‍ക്കു മുകളില്‍ പതിച്ചു്‌, ദാഹിച്ചു നില്‍ക്കുന്ന പുല്‍നാമ്പുകളിലേക്ക്‌, ചിതറിത്തെറിക്കുന്ന കാട്ടരുവിയുടെ ശബ്ദത്തില്‍, പിതാവ്‌ പുത്രനെ വിളിച്ചു.

"നീ ജൂദാസിനെക്കുറിച്ചോര്‍ക്കുക"

നിന്നെ ഒറ്റു കൊടുക്കാന്‍ നിയോഗിക്കപ്പെട്ടവന്‍ !

ചുണ്ടുകള്‍ പറിഞ്ഞിളകുന്ന വേദനയോടെ നിന്നെ ചുംബിക്കാന്‍ വിധിക്കപ്പെട്ടവന്‍!

നാളെ നീയേല്‍ക്കുന്ന ഓരോ ചാട്ടവാറടിയും അതിന്റെ പരശ്ശതം മടങ്ങ്‌ ശക്‌തിയില്‍ അനുഭവിക്കുന്നതവനായിരിക്കും. നിന്റെ കൈകാലുകളില്‍ അടിച്ചിറക്കുന്ന ആണികളോരോന്നും തുളഞ്ഞു കയറുന്നതവന്റെ ഹൃദയത്തിലായിരിക്കും. തീര്‍ന്നില്ല. പ്രളയം വരെ ഏറ്റവും വെറുപ്പോടെ മാത്രം വീക്ഷിക്കപ്പെടാന്‍ വിധിക്കപ്പെട്ടവനാണവന്‍!"

"ഇനി പറയുക. "

..................

നനഞ്ഞ മണ്ണില്‍ നെറ്റി ചേര്‍ത്തു വച്ച്‌ ക്രിസ്തു വിശ്രമിച്ചു. ഇളം കാറ്റായി പിതാവ്‌ പുത്രന്റെ മുടിയിഴകളിലുടെ വിരലോടിച്ചു. നസ്രായനായ യേശു എഴുന്നേറ്റു നിന്നു. തെളിഞ്ഞ ശാന്തതതയോടെ എഴുതി വയ്ക്കപ്പെട്ട വാചകം അവന്‍ മുഴുവനാക്കി.

"എങ്കിലും എന്റെ ഇഷ്ടമല്ല അവിടുത്തെ ഇഷ്ടമാണു നടക്കേണ്ടത്‌. "

പുറത്ത്‌, ഇരുട്ടില്‍ തന്നെക്കാത്തു നില്‍ക്കുന്ന ശിഷ്യരുടെ അടുത്തേക്ക്‌, പണ്ടു്, തിരകള്‍ക്കു മുകളിലൂടെ നടന്നതു പോലെ, ധീരനായി, ക്രിസ്തു നടന്നു.

14 comments:

സിദ്ധാര്‍ത്ഥന്‍ said...

ജൂദാസ് ആത്മഹത്യ ചെയ്യുകയായിരുന്നുവത്രേ. ദൈവത്തിന്റെ തന്നെ പുത്രനായ ജൂദാസിന്റെ ഈ വിധിയും മനുഷ്യനന്മയ്ക്കു വേണ്ടിയുള്ളതായിരുന്നില്ലേ എന്ന തോന്നലാണീ സംഭവം.

ഈ വസ്തുവെ സിബുവിന്റെ ബൈബിൾ വായനയ്ക്കു് ഡെഡിക്കേറ്റാനായി ഇവിടിടുന്നു.

Kalesh Kumar said...

മനോഹരം!

അരവിന്ദ് :: aravind said...

ക്രിസ്തു!! എന്നും അതിശയിച്ചിട്ടുള്ള ഒരു വ്യക്തി പ്രഭാവം!
കഥ വളരെ മനോഹരം സിഡ്.

കുരിശ്ശിലേറ്റിയപ്പോള്‍
ഏലി ഏലി ലേബാ സബാച്ച്താനീ ( Oh..father why have you forsaken me?) എന്ന്
ആകാശത്തേയ്ക്ക് നോക്കി ചോദിച്ചത് ഇന്നും ഒരു ചോദ്യചിഹ്നമായി മനസ്സില്‍ കിടക്കുന്നു.

രാജ് said...

ബ്ലോഗില്‍ നിന്നെന്തായാലും ബൈബിള്‍ വായനകളുടെ പല വ്യത്യസ്ത തലങ്ങളും വായിച്ചറിയുവാന്‍ കഴിഞ്ഞു. സിദ്ധു ബൈബിള്‍ വായനയില്‍ മാത്രം ഒതുക്കി നിര്‍ത്തുവാന്‍ കഴിയുന്നില്ല, “അഞ്ചപ്പം കൊണ്ടു അയ്യായിരത്തെ ഊട്ടിയ കഥ മിത്താണെന്നു്” പറഞ്ഞ മുന്‍‌കാല ബ്ലോഗര്‍ ആഷിക്കിനെ ഓര്‍ക്കുന്നു. ആ നസ്രായനു വാക്കായിരുന്നു സ്നേഹം, വാക്കു തന്നെയായിരുന്നു ധാന്യവും മന്ത്രവും.

കണക്കൻ said...

ഈ പോസ്റ്റുമായി ബന്ധപ്പെട്ട ഒരു ലിങ്കിതാ

Cibu C J (സിബു) said...

ഈ ആഴ്ച്ച യൂദാസ്‌ സ്കറിയാത്തയുടേതാണെന്ന്‌ തോന്നുന്നു. ഈ

നാഷനല്‍ ജ്യോഗ്രഫിക്‌ ലിങ്കും
കണ്ടിരുന്നോ?

എന്റെ വായനയുടെ കാര്യം. അത്‌ പറയാതിരിക്കുകയാണ്‌ ഭേദം. ഞാന്‍ ഒരു പുസ്തകം വായിച്ചു തീര്‍ക്കാന്‍ രണ്ടുമൂന്നു മാസമെടുക്കും. അതുകൊണ്ട്‌ ഇന്ന പുസ്തകം വായിക്കണമെന്ന്‌ മുന്‍കൂട്ടി തീരുമാനിക്കലൊന്നും നടക്കില്ല. ഓരോ സമയത്തെ മൂഡുപോലെ ഓരോ പുസ്തകങ്ങള്‍ വന്നു ചേരുകയാണ്‌. അധികവും റഫറന്‍സുകളിലൊതുങ്ങും.

അതുപോലെ ഇഷ്ടമാവുന്നവയിലും നല്ലവ്യത്യാസമുണ്ട്‌. കഥ, നോവല്‍ എന്നിവ കുറച്ചുവര്‍ഷങ്ങളായി ഇല്ലേയില്ല. യയാതി തന്നെ വായിച്ചിട്ട്‌, കാര്യങ്ങളിങ്ങനെ നീട്ടിപ്പരത്തി പറയുന്നതെന്തിനാ, പെട്ടെന്ന്‌ പറഞ്ഞവസാനിപ്പിച്ചുകൂടെ എന്നാണ്‌ തോന്നിയത്‌.

ലാസ്റ്റ്‌ ടെമ്പ്റ്റേഷന്‍ വായിച്ചിട്ടില്ല; സിനിമയായി കണ്ടിട്ടേ ഉള്ളൂ. ഒരു തരി അവാര്‍ഡ്‌ സിനിമ സ്റ്റെയിലിലുള്ള പടം. എന്നാലും അതില്‍ യൂദാസിന്റെ അവതരിപ്പിച്ചിരിക്കുന്ന രീതി ഇഷ്ടമായി. പിന്നെ അവസാന പ്രലോഭനവും. "നീ ദൈവപുത്രനാണെങ്കില്‍..." എന്നു പിശാച്‌ ദൈവത്തെ പ്രലോഭിപ്പിക്കുന്ന വാചകം മരുഭൂമിയില്‍ വച്ച്‌ യേശുകേട്ടതിനു ശേഷം പിന്നെ കേള്‍ക്കുന്നത്‌ കുരിശില്‍ കിടക്കുമ്പോഴാണ്‌. മാത്രവുമല്ല മരുഭൂമിയിലെ പ്രലോഭനസമയത്ത്‌ 'ഒരു നിശ്ചിതകാലത്തേയ്ക്ക്‌ പിശാചവനെ വിട്ടുപോയി' എന്നാണ്‌ പറയുന്നത്‌. അതായത്‌ പിശാച്‌ പ്രലോഭിപ്പിക്കാന്‍ വീണ്ടും വരുമെന്ന്‌ വ്യംഗ്യം. എന്നാലങ്ങനെയൊരു സന്ദര്‍ഭം ബൈബിളില്‍ പിന്നീടില്ല താനും. അപ്പോള്‍ കസാന്തന്‍ അങ്ങനെ ചിന്തിച്ചതിനെ കുറ്റംപറയാന്‍ പറ്റുമോ?

ഇതുപോലെ തന്നെ വി.കെ.എന്‍.ന്റെ കാര്യവും. ചിരി ഇപ്പോ വരും എന്നു വിചാരിച്ച്‌ കുറേ വായിച്ചിട്ടുണ്ട്‌. കുറച്ച്‌ ഉണ്ടാക്കി ചിരിച്ചത്‌ തന്നെ മിച്ചം. അതേസമയം നമ്മുടെ വിശാലനും അരവിന്ദും ദേവരാഗവും എഴുതിയത്‌ വായിച്ചാലോ.. ചിരി ഏതിലേ വന്നു എന്നു പറഞ്ഞാല്‍ മതി.

ബ്ലോഗിലുണ്ടാവുന്ന പെര്‍സണല്‍ അടുപ്പമാവാം ഇതിനു കാരണം. ചിത്രയുടെ പാട്ടിനേക്കാള്‍ എന്റെ മകള്‍ സര്‍വ്വതും തെറ്റിച്ച്‌ പാടുന്നതാവുമല്ലോ എനിക്ക്‌ കൂടുതല്‍ ഹൃദ്യം.

ഇളംതെന്നല്‍.... said...

യൂദാസ്‌ യേശുദേവനെ ഒറ്റിക്കൊടുത്തവനല്ല, ഒറ്റിക്കൊടുക്കാന്‍ നിയോഗിക്കപ്പെട്ടവനാണ്‌. തന്റെ ജന്മോദ്ദേശ്യം പൂര്‍ത്തീകരിക്കപ്പെട്ട സന്ദര്‍ഭത്തില്‍ യേശു തന്നെ യൂദാസിനോട്‌ ആവശ്യപ്പെടുകയായിരുന്നു തന്നെ ഒറ്റിക്കൊടുക്കാന്‍... ഈ വാദഗതികളില്‍ എത്രത്തോളം സത്യമുണ്ട്‌?.. ഇത്തരം വാദഗതികള്‍ക്ക്‌ ഉപോത്ബലകമായി എന്തെങ്കിലും തെളിവുകള്‍ ചരിത്രം കാണിച്ചുതരുന്നുണ്ടോ?..

Cibu C J (സിബു) said...

ഓരോ സുവിശേഷവും പണ്ടുനടന്ന ഒരു യേശുസംഭവത്തിന്റെ ഭാഷ്യങ്ങളും പിന്നീടുണ്ടായ മിത്തുകളുമാണ്‌. അതില്‍ ഇപ്പോള്‍ നിലവിലുള്ള സുവിശേഷങ്ങളും പണ്ടു മണ്മറഞ്ഞവയും തമ്മില്‍ ഇപ്പോള്‍ നിലവിലുണ്ട്‌ എന്നകാരണത്താല്‍ പ്രാധാന്യവ്യത്യാസമില്ല. അതായത്‌, 'യൂദാസിന്റെ ഒറ്റിക്കൊടുക്കാന്‍ യേശു നിയോഗിച്ചതാണ്‌ എന്ന്‌ യൂദാസിന്റെ സുവിശേഷത്തില്‍ പറയുന്നത്‌ ചരിത്രസത്യമാണോ' എന്ന്‌ ചോദിക്കുമ്പോലെ, മറ്റു പലചോദ്യങ്ങളും ചോദിക്കാവുന്നവയാണ്‌. ഉദാഹരണത്തിന്‌ 'യേശു ഉയിര്‍ത്തെഴുന്നേറ്റിരുന്നോ, അതോ ശിഷ്യന്മാര്‍ ശരീരം എടുത്തുമാറ്റിയതാണോ?', 'കന്യകഗര്‍ഭം ധരിച്ചു തന്നെയാണോ യേശുവിന്റെ ജനനം?'

സിദ്ധാര്‍ത്ഥന്‍ said...

വാദഗതികളിലേ സത്യമൊക്കെ ആരറിയുന്നാരിഫേ. ഇപ്പൊഴറിയുന്നതു തന്നെ സത്യമെന്നെങ്ങനെയറിയാം?
രണ്ടായാലും പോസ്റ്റ് ചെയ്യപ്പെട്ട സംഗതിയെ അതു ബാധിക്കുന്നില്ല. ക്രിസ്തുവിന്റെ ആജ്ഞപ്രകാരമല്ല ജൂദാസ് അദ്ദേഹത്തെ ഒറ്റു കൊടുത്തതെന്നു വന്നാലും. അതു ദൈവം അറിയുകയില്ലെന്നു വരുന്നില്ലല്ലോ. മാത്രമല്ല, ക്രിസ്തു പോലും അതു മുൻകൂട്ടി അറിയുന്നുണ്ടുതാനും. അപ്പോൾ ക്രൂശാരോഹണത്തിനും അതു വഴിയുള്ള ദൌത്യനിർവഹണത്തിനും ജൂദാസിന്റെ പങ്കുകൂടി തീർച്ചയായും ഉണ്ടെന്നു വരുന്നു. ശരിയല്ലേ?

ക്രിസ്തുവിന്റെ കാലശേഷം ഏതാണ്ടു് ആറുനൂറ്റാണ്ടുകൾക്കകമുണ്ടായ ഖുർആൻ, ക്രിസ്തുവിന്റെ ക്രൂശാരോഹണം നിഷേധിക്കുന്നുണ്ടു് സിബൂ. ദൈവം അദ്ദേഹത്തെ ഉയർത്തിക്കളഞ്ഞു എന്നാണു് പറയുന്നതു്. എന്നാൽ കന്യാഗർഭത്തെ സത്യപ്പെടുത്തുന്നുമുണ്ടു്. പഴയനിയമത്തിലെ പല കഥകളേയും പുനരാഖ്യാനം നടത്തുന്നുണ്ടു് ഖുർആൻ.

ലിങ്കു് കണ്ടിട്ടില്ലായിരുന്നു. നന്ദി. കണക്കനും ആ വകുപ്പിൽ നന്ദി.

അഞ്ചപ്പം കൊണ്ടയ്യായിരം പേരെ ഊട്ടിക്കഴിഞ്ഞപ്പോൾ പന്ത്രണ്ടു കുട്ട അപ്പം ശേഷിച്ച കാര്യം ഗുരു നിത്യചൈതന്യ യതിയും ഒരിക്കൽ പരാമർശിച്ചു കണ്ടിരുന്നു. അഞ്ചു്, ഇന്ദ്രിയങ്ങളുടെ എണ്ണവും 12, ശിഷ്യരുടെ എണ്ണവുമായാൽ അപ്പം ജ്ഞാനം ആയി എന്ന നിലയ്ക്കായിരുന്നു ഭാഷ്യം. ഇതു തന്നെയാണോ ആഷിക്കും പറഞ്ഞതു്, പെരിങ്ങോടാ ?

Cibu C J (സിബു) said...

ഭാവിയെ പറ്റി ദൈവം സര്‍വ്വജ്ഞനാണ്‌ എങ്കില്‍ മനുഷ്യന്റെ സ്വാതന്ത്ര്യത്തിനെന്തര്‍ഥം? അല്ലെങ്കില്‍ തിരിച്ച്‌ മനുഷ്യന്‌ അല്‍പമെങ്കിലും സ്വാതന്ത്ര്യമുണ്ടെങ്കില്‍ ദൈവത്തിന്‌ 100% ഭാവി അറിയാമോ?

എന്നെ സംബന്ധിച്ചിടത്തോളം യൂദാസിന്റെ കഥ ഈ ഒരു ഫിലോസഫികല്‍ പ്രശ്നത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്‌.

സൃഷ്ടിയെ സ്രഷ്ടാവില്‍ നിന്നും വേര്‍തിരിച്ചു കാണുന്ന ദൈവത്തിന്റെ മോഡലിനെ ഈ പ്രശ്നമുള്ളൂ എന്നാലോചിക്കുമ്പോള്‍ തോന്നുന്നു.

അബ്രാഹിമില്‍ നിന്നും പുറപ്പെടുന്ന മതങ്ങള്‍ എങ്ങനെ ഈ പ്രശ്നം സോള്‍വ്‌ ചെയ്യുന്നു എന്നറിയാന്‍ താല്‍പര്യമുണ്ട്‌.

സിദ്ധാര്‍ത്ഥന്‍ said...

'ദെയർ യുവാർ' എന്നു പറയാൻ തോന്നുന്നു. സംവദിക്കപ്പെട്ട ഒരാശയത്തേക്കാൾ സന്തോഷം തരുന്ന മറ്റെന്തുണ്ടു്? ജൂദാസ് സാധാരണമനുഷ്യന്റെ പ്രതിനിധിയാകുന്നു.

ചോദ്യമേതാണ്ടിതുപോലൊരെണ്ണം ഞാനും ചോദിച്ചിരുന്നു. അതിപ്രകാരമാകുന്നു. ദൈവത്തിന്റെ സൃഷ്ടിയായ മനുഷ്യൻ ചെയ്യുന്നതെല്ലാം ദൈവം മുൻകൂട്ടി അറിയുന്നതാണെങ്കിൽ പിന്നെ മനുഷ്യൻ ചെയ്യുന്ന തെറ്റുകൾക്കവനെ ശിക്ഷിക്കുന്നതു്, വീട്ടിനകത്തപ്പിയിടാൻ പൂച്ചയെ പഠിപ്പിച്ച ശേഷം അങ്ങനെ ചെയ്യുന്നതിനു് പാവത്തിനെ മണ്ടയ്ക്കു കിഴുക്കുന്നതുപോലെ മണ്ടത്തരമല്ലേ?

ചില ഖുർആൻ പണ്ഡിതന്മാരുടെ വിശദീകരണം പറയാം. ദൈവം സൃഷ്ടിച്ചതാണെങ്കിലും, ദൈവം അറിയുന്നതാണെങ്കിലും, കാര്യങ്ങൾ അങ്ങനെ അല്ലാതാക്കാൻ മനുഷ്യനു കഴിയും. ഇവിടെയാണു് മനുഷ്യനുള്ള സ്വാതന്ത്ര്യം. പക്ഷേ അതിനു് ദൈവത്തോടു പ്രാർത്ഥിക്കണം. ഇതാണു് ദൈവത്തിന്റെ പരീക്ഷണം. ദൈവത്തിൽ വിശ്വസിച്ചു് അവനോടു മാത്രം ചോദിക്കുന്നവനാണു് പരീക്ഷണത്തിൽ വിജയിച്ചവൻ. ഇവനുള്ള ഉറച്ച വാഗ്ദാനമാണു് സ്വർഗ്ഗം. ചോദിക്കുന്നതു് - കിട്ടിയാൽ കിട്ടി.

ഏതാണ്ടെല്ലാ സെമിറ്റിക് മതങ്ങളുടേയും നിലപാടിതു തന്നെ. ഖുർആൻ പക്ഷേ, നേരിട്ടു ചോദിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു. “ഞാൻ നിന്റെ കണ്ഠഞരമ്പിനോളം അടുത്തിരിക്കുന്നു“ എന്നാണു് വാക്കു്. പിന്നെ നീ എന്നോടു ചോദിക്കാതെ മറ്റു വഴികൾ തേടുന്നതെന്തിനു്? ഇടനിലക്കാരെ സ്ഥാപിച്ചിടത്താണു് ഖുർആൻ കൃസ്ത്യാനികളെ വഴിതെറ്റിപ്പോയവരെന്നു വകയിരുത്തുന്നതു്. പുരോഹിതന്മാരെ ദേവാലയത്തിൽ നിന്നു് ആട്ടിയിറക്കിയവന്റെ അനുയായികൾ നബിയുടെ കാലമാവുമ്പോഴേക്കും അവരെ തിരിച്ചു് പ്രതിഷ്ഠിച്ചു കഴിഞ്ഞു കാണണം.

ഇത്രയൊക്കെ ആയാലും പ്രശ്നം തീരുന്നില്ല. “ ദൈവത്തിൽ വിശ്വസിച്ചു് “എന്ന കണ്ടീഷൻ തന്നെ വീണ്ടും എന്നെ പ്രശ്നത്തിലാക്കുന്നു. അതെങ്ങനെ? വിശ്വാസത്തെ പ്രാപിക്കുന്നതു് ഓരോരുത്തരുടേയും ‘ഘടന’അനുസരിച്ചുണ്ടായിവരുന്ന കാര്യം. അവന്റെ മുൻപിൽ അനേകമുപാധികളുള്ളപ്പോൾ ഒരെണ്ണം തെരഞ്ഞെടുക്കുന്നതു് തെറ്റായാൽ അതിനവനെ ശിക്ഷിക്കുന്നതെങ്ങനെ? അതും, അവൻ തെരഞ്ഞെടുക്കുന്നതു് സർവ്വജ്ഞൻ മുൻകൂട്ടി അറിഞ്ഞിട്ടുള്ളപ്പോൾ. ആകെ കുഴപ്പം തന്നെ. ഒരുപക്ഷേ ഇതു താങ്കൾ പറഞ്ഞപോലെ ദൈവത്തിന്റെ ഈ മോഡലിന്റെ പ്രശ്നമായിരിക്കും. വേറിട്ടു നിൽക്കാത്ത അല്ലെങ്കിൽ നില നിൽക്കാത്ത ഒരു ദൈവത്തിലേക്കായിരിക്കും ഇത്തരം ചിന്തകൾ എല്ലാവരേയും നയിക്കുക.

ആദ്യം പറഞ്ഞ സന്തോഷം പ്രദാനം ചെയ്ത വിശ്വാസത്തിൽ, ഇപ്പോൾ പറഞ്ഞ രണ്ടിന്റേയും, ഇടയ്ക്കു നിൽക്കുന്ന ആശയത്തിലുള്ള ഒരു പ്രാർത്ഥനയുടെ ഒരു കഷ്ണം വാലിൽ ചേർക്കുന്നു. ഈ ഈരടി ഒരു ബാക്റ്റീരിയയുടെ പുനരുല്പാദനപ്രക്രിയയെ ഓർമ്മിപ്പിക്കുന്നില്ലേ?
“നീയല്ലോ സൃഷ്ടിയും സൃഷ്ടാവായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള സാമഗ്രിയായതും”
ദൈവദശകം, ശ്രീനാരായണഗുരു.

ഉമേഷ്::Umesh said...

സിദ്ധാര്‍ത്ഥന്‍ പറഞ്ഞു:

ചോദ്യമേതാണ്ടിതുപോലൊരെണ്ണം ഞാനും ചോദിച്ചിരുന്നു. അതിപ്രകാരമാകുന്നു. ദൈവത്തിന്റെ സൃഷ്ടിയായ മനുഷ്യൻ ചെയ്യുന്നതെല്ലാം ദൈവം മുൻകൂട്ടി അറിയുന്നതാണെങ്കിൽ പിന്നെ മനുഷ്യൻ ചെയ്യുന്ന തെറ്റുകൾക്കവനെ ശിക്ഷിക്കുന്നതു്, വീട്ടിനകത്തപ്പിയിടാൻ പൂച്ചയെ പഠിപ്പിച്ച ശേഷം അങ്ങനെ ചെയ്യുന്നതിനു് പാവത്തിനെ മണ്ടയ്ക്കു കിഴുക്കുന്നതുപോലെ മണ്ടത്തരമല്ലേ?

ഉമര്‍ ഖയ്യാം ഇതു് ഒരു ചതുഷ്പദിയില്‍ മനോഹരമായി പറഞ്ഞിട്ടുണ്ടു്. ഇവിടെ നോക്കുക.

സിദ്ധാര്‍ത്ഥന്‍ said...

നന്ദി ഉമേഷ്
ഒരു ചതുഷ്പദി പകരം സ്വീകരിക്കുക.

“വീഴ്ചയേതു ഭഗവൻ വളർച്ചയോ?
താഴ്ചയേതുലകിൽ? ഇതൊക്കെയും
കാഴ്ചതൻ നില നിർണ്ണയിപ്പതാം
പാഴ്ചുവടുകളില്ലഭൂവിതിൽ “

പാപ പുണ്യങ്ങളെപറ്റി ഇങ്ങനെ വിശദീകരിക്കാനാണെനിക്കു തോന്നുന്നതു്. ആശയം വ്യക്തമായോ ആവോ?

Shihab said...

1. ജൂദാസ് രക്ഷകനാകും

2. ക്രൂശീകരണം യേശു ഇഷ്ടപ്പെട്ടിട്ടില്ല എന്ന് വരും

3. യേശുവിന്‍റെ പ്രാര്‍ത്ഥന ദൈവം കേട്ടില്ല എന്നുവരും

4. യേശു അവസാനം പറഞ്ഞ വാക്ക് നാലു റിപ്പോര്ടിലും വെത്യസ്ത്മാണ്

5. യേശുവിനെ അവസാനം ദൈവം ഉപേക്ഷിച്ചു !!

6. ഇതൊരു ഒറ്റയാള്‍ നാടകമാണ് - പാപം പോരുക്കുന്നത് ദൈവം , കുരിശില്‍ തരക്കപ്പെടുന്നത് ദൈവം, പ്രാര്‍ത്ഥിക്കുന്നത് ദൈവം, ഉപേക്ഷിച്ചത് ദൈവം , ഉപേക്ഷിക്ക്പെട്ടത് ദൈവവം

ശരിയായ കഥ മനസ്സിലാക്കാന്‍ ഈ ലിങ്ക് സന്നറ്ഷിക്കുക
http://www.barnabas.net/chapters/262-214-judas-betrays.html