Thursday, February 04, 2021

നാരായണീയം

 



  പട്ടരപ്പൻ കള്ളുകുടിച്ചും പെണ്ണുപിടിച്ചും അന്യാധീനപ്പെടുത്തിയ സ്വത്തിലെ അവശേഷിച്ച  നാല്പതു പറക്കണ്ടത്തിൽ വിതച്ചും കൊയ്തും, രണ്ടു മക്കളെയും ഭാര്യയേയും സാമാന്യം നന്നായി പുലർത്തി വരവേയാണ്, നാരായണൻ കൊല്ലവർഷം 1143 മേടമാസത്തിലെ ഒരു രാത്രിയിൽ യക്ഷിയുമായി പരിചയത്തിലാവുന്നത്.


  യക്ഷിക്കഥകളിൽ കേട്ടിരുന്നത് പോലെ അവൾക്ക് കോമ്പല്ലുകളോ വെള്ള വസ്ത്രമോ ഉണ്ടായിരുന്നില്ല. കഥകളിലും കണ്ടുമുട്ടലിലും ഉണ്ടായിരുന്ന ഏക കോമൺ ഫാക്റ്റർ ഒരു പന മാത്രമായിരുന്നു.

  മംഗലംഡാമിൽ നിന്നു വരുന്ന കനാൽ രണ്ടായി പകുത്തു കളഞ്ഞ നാൽപ്പതു പറക്കണ്ടത്തിൽ നിന്നു പടിഞ്ഞാറോട്ട് കയറുന്നത് കുഞ്ചു നായരുടെ കാലായിക്കണ്ടത്തിലേക്കാണ്. വരമ്പിൽ കൂടെ അവിടുന്നേതാണ്ട് ഒരു ഫർലോങ് നടന്നാലേ നടപ്പാത കിട്ടൂ. കാലായിക്കണ്ടം കഴിഞ്ഞാൽ വരമ്പ് ചേരുന്നത് മേലോട്ട് വളഞ്ഞ്, ഒരിരുമ്പ്  തൂൺ പോലെ ആകാശം താങ്ങി നിർത്തുന്ന പനയിലേക്കാണ്. വരമ്പ് കയറുന്നതുവരെ നാരായണൻ യക്ഷിയെ കണ്ടിരുന്നില്ല.

   ബ്ലൗസും ലുങ്കിയും ധരിച്ച് തലയിലൊരു തോർത്തും കെട്ടി  മുടിയൊതുക്കി നിൽക്കുന്ന ഒരുത്തി യക്ഷിയായിരിക്കും എന്ന്  ആ  അംശത്തിൽ തന്നെ ആരും ഊഹിക്കുകയില്ല. നാരായണൻ ആവശ്യത്തിലധികം സ്ഥലം വിട്ട് ഒഴിഞ്ഞു നടന്നു. പന കഴിഞ്ഞ് വരമ്പിറങ്ങി ഒരു കഴായ ചാടിക്കടന്ന് നാരായണൻ ഏതോ ഉൾപ്രേരണയിൽ തിരിഞ്ഞു നോക്കി. തോർത്തിനു പുറത്തേക്ക് ഒഴുകിപ്പരക്കുന്ന  മുടിയിഴകൾ മേടക്കാറ്റിനു വിട്ട് അവനെത്തന്നെ നോക്കി നിൽക്കുകയായിരുന്നു അവൾ.

  ഒന്നു  രണ്ടു ദിവസം കഴിഞ്ഞ് അവളെയവിടെ വച്ച് വീണ്ടും കണ്ടപ്പോൾ അന്തരീക്ഷത്തിൽ തല കൊണ്ട് സ്ലാഷ് വരച്ച്  പാലക്കാട്ടുകാരുടെ മാത്രം  അഭിവാദനം അറിയിച്ചു. യക്ഷിയുടെ മീൻകണ്ണുകൾ തിളങ്ങി. ചുണ്ടിൽ ഒരു ചിരി പാറി.

   നടപ്പാതയ്ക്കപ്പുറത്ത് ടെൻ്റടിച്ചിരുന്ന താറാക്കോഴിക്കാരുടെ കൂട്ടം അവിടം വിട്ടു പോയ ശേഷവും അവളെ അവിടെ കണ്ട ദിവസമാണ് നാരായണൻ ഒന്ന് ശങ്കിച്ചത്. പനയോടടുക്കുന്തോറും ചെരുപ്പിടാത്ത  കാലുകളിൽ കനം വച്ചു വന്നു. അന്നാണാദ്യമായി യക്ഷി അയാളോട് സംസാരിച്ചത്.

  "ന്താ നാരായണാ നടന്ന് ക്ഷീണിച്ചോ?" പനമ്പട്ടയുടെ ഒച്ചയായിരുന്നുവത്രേ യക്ഷിയുടെ ചിരിക്ക്.

  വരമ്പു കയറി നാരായണൻ കിതച്ചു. നാലിൽ പഠിപ്പിച്ച രുഗ്മിണി ടീച്ചറിൻ്റേത് പോലുള്ള, കാരുണ്യം നിറഞ്ഞ കണ്ണുകൾ അവന്, ഇല്ലെന്ന് തലയാട്ടാനുള്ള ധൈര്യം കൊടുത്തു. യക്ഷി ഒതുങ്ങിക്കൊടുത്തു.  അതിലും ഒതുങ്ങി നാരായണൻ നടന്നു. പിന്നീട് പലവട്ടം യക്ഷി വിശേഷങ്ങൾ ചോദിക്കുകയും നാരായണൻ തലകൊണ്ടുത്തരം പറകയുമുണ്ടായി.

  ഒരു ദിവസം വെള്ളം പറ്റേ വാർത്ത് കഴായ കെട്ടി വച്ച ശേഷം ചേറ്റുവിത വിതയ്ക്കാമെന്നുറപ്പിച്ച് കണ്ടത്തുനിന്ന് കയറിയപ്പൊഴവളെ വീണ്ടും കണ്ടു.

  "അടുത്ത പത്തു ദിവസം അടമഴയാണ് നാരായണാ. നോക്കീട്ട് മതി."  

  നാരായണൻ മറുപടി പറഞ്ഞില്ലെങ്കിലും  ചാമിയോട് വരാൻ പറയാൻ  പോകാതെ, നേരെ വീട്ടിലേക്ക് നടന്ന് കഞ്ഞി കുടിച്ച് കിടന്നുറങ്ങി. പിറ്റേന്ന് ഉച്ചയ്ക്ക് പിടിച്ച മഴ തോർന്നത് തിരുവാതിര ഞാറ്റുവേലയും കഴിഞ്ഞാണ്.

  അന്ന് സന്ധ്യക്ക് നാരായണൻ നേരെ പനച്ചുവട്ടിലേക്ക് നടന്നു.  പനച്ചുവട്ടിൽ അവനെ പ്രതീക്ഷിച്ചെന്ന പോലെ യക്ഷി കാലുനീട്ടിയിരിക്കുന്നു.

അല്ല... നാരായണൻ ഒന്ന് മടിച്ചു.

"തവളക്കണ്ണൻ മതി". യക്ഷി പറഞ്ഞു.

"മൂപ്പ് കൂടിയവിത്ത് വേണം . അല്ലെങ്കിൽ മിഥുനത്തിലെ മഴ പുട്ടിലിൽ വീഴും.. ഉത്രാടത്തിന് ഉണ്ണാൻപറ്റില്ലെന്നല്ലേയുള്ളൂ.  കാശു പതിരാക്കണ്ട. മസൂരി അടുത്ത പൂവിനു മതി." യക്ഷി നിലത്ത് അരിവാളു കൊണ്ട് കൊത്തി.

  കാലുകളിൽ എന്തെന്നില്ലാത്ത ആവേശം ബാധിച്ച  നാരായണൻ തിരിഞ്ഞു നടന്നു.

  പതുക്കെ പതുക്കെ നാരായണൻ്റെ ജീവിതത്തിലെ എല്ലാ സംഗതികളിലും യക്ഷിയുടെ സാന്നിദ്ധ്യമുണ്ടായി. കറ്റക്കളം ചെത്താനും, പഞ്ചയ്ക്ക് വളമിടാനും,  പുര ഓടുമേയാനും, തുടങ്ങി മോട്ടോർ പമ്പു മേടിക്കാൻ കോയമ്പത്തൂർക്ക് പോകാനുള്ള ദിവസം വരെ നിശ്ചയിക്കുന്നത് യക്ഷിയായി.

  കോയമ്പത്തൂർക്ക് പോയി വന്ന പിറ്റേന്ന് പമ്പ് സെറ്റ് വയ്ക്കാനായി കുളത്തുമ്പള്ളയിലെ തൂന ആഞ്ഞ് കളയുന്നതിനിടയ്ക്കെന്തോ നാരായണൻ്റെ കണ്ണിലടിച്ചു. വലതു കണ്ണ് തോർത്തു കൊണ്ട് കെട്ടി നാരായണൻ പണി മുഴുവനാക്കി. കൊടുവാൾ ഇടുപ്പിൽ തിരുകി നടന്നു. പനച്ചുവട്ടിലെത്തിയപ്പോഴേക്കും കണ്ണിന് നല്ല വേദനയായി. തോർത്തഴിച്ച് വീശി. കണ്ണു തുറക്കാനാകുന്നില്ല. തോർത്തുകൊണ്ട് ഒന്ന് തട്ടി പനച്ചുവട്ടിലിരുന്നു. കണ്ണ് ഒഴുകിക്കൊണ്ടേയിരുന്നു.

  പനമ്പട്ടകളിളകി. "ശീമക്കൊന്നയുടെ ചീളായിരിക്കും"  യക്ഷി നാരായണൻ്റെ അടുത്തിരുന്നു. ഇടതു കൈ കൊണ്ട് നാരായണൻ്റെ തല ചുറ്റിപ്പിടിച്ച് അയാളെ മടിയിലേക്ക് ചായ്ച്ചു വച്ചു. കണ്ണിൻ്റെ പോള വലതു കൈ കൊണ്ട് അകറ്റിപ്പിടിച്ച് പതുക്കെ ഊതി. നാരായണന് ചെറിയ നീറ്റൽ അനുഭവപ്പെട്ടു.

  യക്ഷി നാരായണൻ്റെ ഇടതു കണ്ണ് പൊത്തി. മുറിവേറ്റ കണ്ണിൽ തണുപ്പ് വീണു. അവ്യക്തമായി നാരായണൻ യക്ഷിയുടെ മുലകൾ കണ്ടു. ഉപ്പുനീരു കലർന്ന മഹാമരുന്ന് കണ്ണുകവിഞ്ഞൊഴുകി തോർത്തു നനച്ചു. അവൻ കണ്ണടച്ചു കിടന്ന് യക്ഷിയെ ശ്വസിച്ചു. അവൾക്ക് വിയർപ്പിൻ്റെയും മുലപ്പാലിൻ്റെയും കാരമില്ലാത്ത ഭൂമിയുടെ ഉപ്പിൻ്റെയും ചുരം കടന്നു വീശിയ കിഴക്കൻ കാറ്റിൻ്റെയും ഗന്ധമുണ്ടായിരുന്നു. അവൻ അവളിലേക്ക് ഒതുങ്ങിക്കിടന്നു.

  നീറ്റലൊതുങ്ങി. വേദനയും. നാരായണൻ തോർത്ത് തപ്പിയെടുത്ത് കണ്ണ് ചേർത്ത് കെട്ടി. പോകാനൊരുങ്ങി

"നിൻ്റെ പേരെന്താ?" നാട്ടുപാതയിലേക്ക് നീട്ടി നോക്കിക്കൊണ്ട് അവൻ ചോദിച്ചു.

പനമ്പട്ടകൾ കിലുങ്ങി. "നാരായണനിഷ്ടമുള്ളത്."

"എന്നാൽ നാരായണി എന്ന് വിളിക്കട്ടെ." നാരായണൻ യക്ഷിയുടെ കണ്ണുകളിലേക്ക് നോക്കി. അവൻ്റെ അരക്കണ്ണിൽ പ്രേമം തുളുമ്പി നിന്നു.

"നീ എവിടെ നിന്നാണ് വരുന്നത്?"

"അറിയില്ല. പനമ്പട്ടകളുടെ തുമ്പിലൂടെയാണിറങ്ങുന്നതെന്ന് മാത്രമറിയാം. പോകുമ്പോഴും അതുവരെ മാത്രമേ അറിഞ്ഞിട്ടുള്ളൂ."
നാരായണന് അവളുടെ കവിളുകളിൽ തൊടാൻ തോന്നി. പനമ്പട്ടകൾ വീണ്ടും കിലുങ്ങി.    

  അക്കുറി മഴ കുറഞ്ഞു. ചുരം വഴി ചൂടുകാറ്റടിച്ചു. പഞ്ച നിന്ന നിൽപ്പിൽ ഉണങ്ങിപ്പോയി. പമ്പുസെറ്റുള്ളവർക്കൊഴിച്ച് കൃഷി പാഴായി. നാട്ടിൽ പരക്കെ വ്യാധികൾ നിറഞ്ഞു.
   
  കുഞ്ചു നായർക്ക് ചുമ  കടുത്തു. മദ്രാസിൽ പോയി ചികിൽസിച്ചാൽ ഭേദാവുമെന്നാരോ പറഞ്ഞു. കാലായിക്കണ്ടം എടുക്കുന്നോയെന്ന് കുഞ്ചുനായർ ആളെ വിട്ട് ചോദിപ്പിച്ചു. യക്ഷിയോട് അഭിപ്രായം ചോദിക്കാതെ തന്നെ പനച്ചുവട്ടിലെ പകുതിക്ക്  നാരായണൻ വില പറഞ്ഞു.  

"നഷ്ടമാണ് മൂത്താരേ" ചാമി പറഞ്ഞു. "ആ വെലയൊന്നും ഇതിനില്ല. അങ്ക്ട് പാതപ്പള്ളേലാണ് ച്ചാ പിന്നെയും പോട്ടേ" .
 
"ലാഭനഷ്ടമൊന്നും അങ്ങനല്ല ചാമീ തീരുമാനിക്ക്യ." നാരായണൻ പനയുടെ അറ്റത്തേക്ക് നോക്കി. പന കയറിപ്പോയാലെത്തുന്ന മറ്റൊരു ലോകത്തു നിന്ന് അത് കേൾക്കാവുന്നവളെ അവൻ തിരഞ്ഞു.

   ചൂടിൻ്റെ അറ്റത്ത് വച്ച് ഭൂമി വിയർത്തു. നാലുപാടും മേഘം കേറി ദിക്കുകൾ കനത്തു. ആകാശം ഇടിവെട്ടിക്കീറി.  അണമുറിയാതെ മഴ പെയ്തു. വെളിച്ചം അരണ്ടു.  കുട്ടികൾ പേടിച്ചു ചുരുണ്ട് ഉറക്കെ നാമം ജപിച്ചു .  

    പുഴവെള്ളം കയറ്റി മുറ്റത്തെത്തിച്ചിട്ടാണ് മഴ ഒന്നു കുറഞ്ഞത്. വൈകീട്ട് ജനൽ തുറന്നു നോക്കിയ നാരായണൻ്റെ കണ്ണിനു മുന്നിലൂടെ ഒരു മിന്നൽ പാഞ്ഞ് കിഴക്കോട്ട് പോയി. കനത്ത ഇടിയോടൊപ്പം അവൻ്റെ നെഞ്ചു പിളർന്നു.  വാതിൽ തുറന്ന് ഇരുട്ടിലേക്ക് നാരായണനോടി. നടപ്പാതയിൽക്കയറിയതും  പനന്തലപ്പ് നിന്ന് കത്തുന്നത് കണ്ടു. കാലിൽ പൊള്ളലേറ്റവൻ നിലം തൊടാതെ പാഞ്ഞു. പനയിൽ കെട്ടിപിടിച്ച് അറമുറേന്ന് നിലവിളിച്ചു. പൊട്ടിവീണമഴ തീക്കരിയുമായി കലർന്ന് പനയുടെ കറുത്ത രക്തം പോലെ താഴേക്ക് ഒഴുകി. നെഞ്ചുരഞ്ഞ് പൊടിഞ്ഞ ചോരയുമായി നാരായണൻ നിസ്സഹായനായി നിന്നു. നേരം വെളുക്കാറായപ്പോൾ ഇറങ്ങി വീട്ടിലേക്ക് നടന്നു. മുറിയിൽ കയറി കതകടച്ചു.

  ആറു ദിവസം അയാൾ ഒരേയിരുപ്പിരുന്നു. പിന്നെ എങ്ങോട്ടോ നടന്നു. ഗോവിന്ദാപുരത്ത് പാപ്പാഞ്ചള്ളയിൽ കറുപ്പൻ എന്ന ഒരു മഹാമന്ത്രവാദിയുണ്ടായിരുന്നു, അക്കാലത്ത്. അവിടെവിടെയോ വച്ച് നാരായണനെ കണ്ടതായി ആളുകൾ പറഞ്ഞു കേട്ടു.

  ചുറ്റും കാലം മാറിക്കൊണ്ടേയിരുന്നു. പാലക്കാട് പരക്കെ മുപ്പൂവൽ കൃഷി വന്നു. ജനിതകങ്ങൾ മാറ്റിയ നമ്പർ വിത്തുകളും പ്രചാരത്തിൽ വന്നു. തലയറ്റ പന മാത്രം  ആരുടെയോ നിശ്ചയദാർഢ്യം പോലെ ഒറ്റ നിൽപ്പ് നിന്നു.

  1155-ലെ ഒരു കർക്കിടകത്തിൽ നാരായണൻ മൂപ്പുപറമ്പിൽ ബസ്സിറങ്ങി.  വീട്ടിൽ ചെന്ന് മക്കളെ കെട്ടിപ്പിടിച്ചു. ഭാര്യയെ ആശ്വസിപ്പിച്ചു. മുതിരപ്പുഴുക്ക് കൂട്ടി കഞ്ഞി കുടിച്ചു. ഒരാഴ്ച അവരുടെ കൂടെ നിന്നു. ശേഷം ഒരു രാത്രി ഇറങ്ങി പാടത്തേക്ക് നടന്നു. പനച്ചുവട്ടിൽ നിന്ന് മേലോട്ട് നോക്കിയ ശേഷം ചെരുപ്പിടാത്ത വലതുകാലുയർത്തി പനയുടെ നെഞ്ചത്തേക്ക് വച്ചു. എന്നിട്ട് ഭയമേതുമില്ലാതെ നടന്നു കയറി. പനമുകളിൽ നിന്ന് അയാൾ ആകാശത്തേക്ക് കൈ നീട്ടിപ്പിടിച്ച് ജപിച്ചു. വെള്ളവസ്ത്രമുടുത്ത് യക്ഷി ഇറങ്ങി വന്നു. അവളുടെ കൈ പിടിച്ച് നാരായണൻ പനയിറങ്ങി.

  യക്ഷിയുടെ മുഖം കൈകളിൽ കോരിയെടുത്ത് നാരായണൻ അവളുടെ കണ്ണുകളിലേക്ക് നോക്കി. നോട്ടമേറ്റ് നാരായണി പാലപ്പൂവായി നിന്നു. അവൻ പൂവിൻ്റെ എല്ലാ ഇതളുകളിലും ചുംബിച്ചു. അവിടമാകെ അതിൻ്റെ ഗന്ധം നിറഞ്ഞു.

  അവൾ നീട്ടിപ്പിടിച്ച വെറ്റിലയിൽ മടിക്കുത്തിൽ നിന്നെടുത്ത ചുണ്ണാമ്പ്‌ അതീവ പ്രേമത്തോടെ നാരായണൻ തേച്ചു പിടിപ്പിച്ചു. പെയ്തു തീർന്നിട്ടും മഴ ചിണുങ്ങി കൊണ്ടിരുന്നു. കർക്കടമഴയിൽ, ചേറു പുതഞ്ഞ കാലായിക്കണ്ടം പോലെ യക്ഷി കിടന്നു.  ആകാശത്തിൽ ഒരു വലിയ തുള വീഴ്ത്തി കരിമ്പന നിന്നു.

  ശിവങ്കോവിലിലേക്ക് പൂവും കൊണ്ട് പുലർച്ചെ പോയ എമ്പ്രാന്തിരീടെ ചെക്കനാണ് പനച്ചുവട്ടിൽ കുതിർന്നു കിടക്കുന്ന നാരായണനെ കണ്ടത്‌. താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ചെല്ലക്കണ്ണൻ്റെ കാളവണ്ടിക്ക് കൂക്കി വിളിച്ചു. അപ്പോഴേക്കും  താൻ മരിച്ചു പോയെന്നത് നാരായണന് മാത്രമേ അറിയുമായിരുന്നുള്ളൂ.





8 comments:

കുഞ്ഞൂസ്(Kunjuss) said...

എന്തൊരെഴുത്താണ്! ❤️

ഗൗരിനാഥന്‍ said...

അതി മനോഹരം..
ഉള്ളിൽ ഒരു പാലാ പൂത്തിരിക്കുന്നു..
ഇനിയും എഴുതണേ..

സിദ്ധാര്‍ത്ഥന്‍ said...

നന്ദി കുഞ്ഞൂസ്, ഗൗരീനാഥൻ

Sreelatha S said...

ഫാന്റസി ഇഴ ചേർത്തൊരു കഥയും അതിനൊത്ത വരയും. ഇഷ്ടപ്പെട്ടു.

സിദ്ധാര്‍ത്ഥന്‍ said...

Thanks Sreelatha

സുധി അറയ്ക്കൽ said...

അതിമനോഹരമായ കഥ. ഇനിയും വരാം

സിദ്ധാര്‍ത്ഥന്‍ said...

നന്ദി സുധി

സുധി അറയ്ക്കൽ said...

🥰🥰🥰🥰