Sunday, October 16, 2022

കുഞ്ഞിമൂസ


ആമുഖം

അച്ചുമരത്തില്‍ തൂക്കിയിട്ട റാന്തലിന്റെ വെളിച്ചത്തില്‍ കാളയുടെ നിഴല്‍ മതിലില്‍ വീണിളകി ഒരു വ്യാളിയെപ്പോലെയാകുന്നത് മൊകാരി നോക്കിയിരുന്നു. എല്ലാത്തവണയും അതുവഴി മടങ്ങിവരുമ്പോൾ ഒരു പുതിയ കാഴ്ച്ചയെപ്പോലെ ആ വ്യാളി മൊകാരിയെ രസിപ്പിച്ചു. വിൽക്കാതെ അവശേഷിച്ച മൺചട്ടിയിലൊന്നിൽ അയാൾ താളം പിടിച്ചു. ശേഷം അത് വണ്ടിക്കുറ്റിയിൽ കമഴ്ത്തി വച്ച്, കിളിക്കാലില്‍ എഴുന്നേറ്റു നിന്ന് വലിച്ചു തീരാറായ ബീഡി വ്യാളിയുടെ കണ്ണിലേക്ക് എറിഞ്ഞുകൊള്ളിച്ചു. വ്യാളിയുടെ കണ്ണുകളില്‍ നിന്ന് തീപ്പൊരി ചിതറി. പിന്നിലായി വന്നുകൊണ്ടിരുന്ന വണ്ടിക്കാർ മൊകാരിയുടെ ചിരി കേട്ടു. ചുണ്ടക്കാട്ടെത്താന്‍ ഇനിയും മൂന്നു ദിവസമെടുക്കും.

അദ്ധ്യായം 1


ചുണ്ടക്കാട് ഒരു മേടാണ്. രണ്ടു കിലുക്കങ്ങള്‍ക്കിടയിലെ ഒരു മേട്. ഒരിറക്കത്തില്‍ മാധവവിലാസം സ്കൂളിലെ ചെറുകിലുക്കങ്ങള്‍, മറ്റേയിറക്കത്തില്‍ കുമ്പാരന്മാരുടെ തെലുങ്കും.

 പുറപ്പാട് കഴിഞ്ഞ് കാലമിത്രയായിട്ടും കുമ്പാരൻ അവൻ്റെ പൈതൃകമായ ഭാഷ കളയാതെ സൂക്ഷിച്ചു. അമ്പതിലധികം കുടുംബങ്ങൾ ഭാഷ കൊണ്ടുള്ള മതിലിനുള്ളിൽ ആന്ധ്രയിലെ ഏതോ ഗ്രാമമായി ജീവിച്ചു. ഊഴമിട്ട് അക്കരയിൽ നിന്ന് ചൂരൽ വട്ടിയിൽ കൊണ്ടുവരുന്ന കളിമണ്ണ് വെള്ളം ചേർത്ത് കുഴച്ച് കല്ലു കളഞ്ഞ് ചട്ടിയും കലവുമായി വാർത്ത് തണലത്തുണക്കി ചൂളയിലേക്കെടുക്കും. ഓരോ ഘട്ടത്തിലും അവരതിൽ തെലുങ്ക് ചേർക്കും. ചുട്ടെടുത്ത കലത്തിൽ ചൂണ്ടുവിരൽ മടക്കി മുട്ടിയാൽ അതിൽ നിന്ന് പാകമായ തെലുങ്ക് തിരിച്ച് കേൾക്കാം.

ഒഴിഞ്ഞ വണ്ടിയുമായി മൊകാരി കുമ്പാരത്തറയിലെത്തുന്നത് ഒരു വൈകുന്നേരത്താണ്. തറയിൽ അപ്പോൾ വലിയ ബഹളം നടക്കുകയായിരുന്നു. അതുമൂത്ത് കയ്യാങ്കളിയാകുമെന്ന് ഭയന്ന്, എല്ലാ  അത്തരം അവസരങ്ങളിലും ചെയ്യാറുള്ളതു പോലെ കുഞ്ഞിമൂസയെ തിരക്കി ചുണ്ടക്കാട്ടേക്ക് വണ്ടിയാട്ടി.

വാതിൽ തുറന്ന്, പുറത്തേക്ക് വീഴുമായിരുന്ന വെളിച്ചമത്രയും മറച്ച്, കുനിഞ്ഞ്, കുഞ്ഞിമൂസ പുറത്തേക്ക് വന്നു. ഒപ്പം പുരയ്ക്കകത്ത് കെട്ടിക്കിടന്ന മുറുമുറുപ്പും.

മൊകാരി കാര്യം പറഞ്ഞു.

"എളാപ്പാ, അതുകള് വക്കാണം കൂടി തല്ലും പിടിയും ആവും. എന്തെങ്കിലും ചെയ്തില്ലെങ്കിൽ ചോര വീഴ്ണ മാതിരിയിണ്ട്."

"ഒന്നുണ്ടാവില്ലെടാ. നീ വണ്ടി അഴിക്ക്. നമുക്ക് നടന്ന് പോവാം".

മൊകാരി കാളകളെ അഴിച്ച് കെട്ടി. കുഞ്ഞിമൂസ ഇടതു കൈ കൊണ്ട് കാളവണ്ടിയുടെ മൂക്കണയിൽ പിടിച്ച് പൊക്കി വണ്ടി പടിക്കകത്ത് കേറ്റി തിരിച്ചിട്ടു. ലുങ്കിക്ക് മുകളിലൂടെ അരയിൽ തോർത്ത് കെട്ടി, കുമ്പാരത്തറയിലേക്കുള്ള ദൂരം കനത്തതും നീളമേറിയതുമായ കാൽവെയ്പ്പുകൾ കൊണ്ട് ക്ഷണത്തിൽ അളന്നു തീർത്തു

കുഞ്ഞിമൂസ കടന്നു വന്ന മാത്രയിൽ കുമ്പാരത്തറയിൽ തെലുങ്ക് നിലച്ചു. പനമ്പട്ട കൊണ്ട് മേഞ്ഞ കൂരകൾ ആമകളെപ്പോലെ ഉൾവലിഞ്ഞു. വാതിലുകളടഞ്ഞു. വിളക്കുകളണഞ്ഞു. വീടുകൾക്കിടയിലെ വീതികുറഞ്ഞ ഇടവഴിയിലൂടെ മൂസയും മൊകാരിയും തിരിച്ചുനടന്നു. ചട്ടിമേടിക്കാൻ വന്ന കണക്ക് മാഷ് പിന്നോട്ട് നടന്ന് പുളിവേരിൽ കാലുടക്കി മറിഞ്ഞു വീണു. 

പുലർച്ചെ, വെളിക്കിരിക്കാൻ മാത്രമാണ് കുശവർ വീടുകളിൽ നിന്ന് പുറത്തിറങ്ങിയത്.



പിറ്റേന്ന് മാധവവിലാസം സ്ക്കൂളിൽ നാലാം തരത്തിൽ രണ്ടാമത്തെ പിരീഡ് കണക്കായിരുന്നു. കണക്ക് മാഷുടെ ഒഴിവിൽ മലയാളം പഠിപ്പിക്കുന്ന രാമചന്ദ്രനെ പറഞ്ഞു വിട്ട് മാധവൻ മാഷ് സ്വസ്ഥനായി ഇരുന്നു.

രാമചന്ദ്രൻ മാഷ് ആ ക്ലാസ്സിൽ പഠിപ്പിക്കുന്നയാളല്ല. പലതും പറഞ്ഞിരിക്കുന്നതിനിടയിൽ മാഷ് കുട്ടികളിൽ ഒരാളോട് അഴൽ എന്ന വാക്കിൻ്റെ അർഥം ചോദിച്ചു. മിഴിച്ചു നിന്ന അവനോട് "ഇരിയെടാ തടിയാ" എന്ന് പറഞ്ഞ് മാഷ് തിരിഞ്ഞു നടന്നു. തടിയന് കണ്ണ് ചുവന്നു നിറഞ്ഞു. അവനെ അങ്ങനെ വിളിക്കരുതെന്ന് അവിടെ എല്ലാവർക്കുമറിയാം. അവൻ കരച്ചിലടക്കി. പക്ഷേ മൊകാരിയുടെ മകൻ ഹംസയ്ക്ക് അടക്കാനായില്ല. അവൻ പാഞ്ഞു ചെന്ന് ഒരു തള്ള് കൊടുത്തു. വീഴാതെ കൈ കുത്തിയെങ്കിലും മേശയുടെ വക്കിൽ കൊണ്ട് രാമചന്ദ്രൻ മാഷിൻ്റെ നെറ്റി മുറിഞ്ഞ് ചോര പൊടിഞ്ഞു.

അസ്വസ്ഥനായ മാധവൻ മാഷ് ഹംസയെ പൊതിരെ തല്ലി. ഹംസ അലറിക്കരഞ്ഞ് ഓഫീസ് റൂമിൽ നിന്ന് ഇറങ്ങിയോടി. മാധവൻ മാഷ് വടിയെടുത്തെറിഞ്ഞു. ഹംസ പടികടന്ന് ചുണ്ടക്കാട്ടേക്ക് ഓടി.

ഹംസയുടെ കൈ പിടിച്ച് കുഞ്ഞിമൂസ സ്കൂളിന്റെ പടികടന്നു വന്നു. മാധവൻ മാഷ് ഓടി ഓഫീസിൽ കയറി വാതിലടച്ചിരുന്ന് വിറച്ചു. വാതിൽ മൂസയുടെ ഒരു തള്ളിനില്ല.  കുഞ്ഞിമൂസ  അകത്ത് കയറിയില്ല. നടുമുറ്റത്ത് നെടുങ്ങനെ നിന്നു. അയാളുടെ നിഴൽ വേലിക്കലോളം നീണ്ടു കിടന്നു.

മൂന്നിൽ ക്ലാസ് എടുത്തു കൊണ്ടിരുന്ന കുണ്ടു മാഷ് ഓടി വന്നു.

"മുസാക്കാ ചതിക്കല്ലേ. അയാൾ ഒരു ഹെഡ് മാഷാണ്."

രാമചന്ദ്രൻ മാഷും ഇറങ്ങിവന്നു.

"അങ്ങനെ പറ്റിപ്പോയതാണ്. മൂസാക്ക പ്രശ്നമാക്കരുത്."

കുട്ടികൾ ക്ലാസ്സിൽ നിന്നിറങ്ങി വരാന്തയിൽ തിങ്ങി. അദ്ധ്യാപകരിറങ്ങി വന്നു. കുഞ്ഞിമൂസയെ അനുനയിപ്പിച്ച് നിന്നിടത്തു നിന്നും ഇളക്കി.  കുഞ്ഞിമൂസ തലേക്കെട്ടഴിച്ച് തോളത്തിട്ട് ഹംസയേയും കൂട്ടിയിറങ്ങി. മാധവൻ മാഷ് പിന്നെയും 7 വർഷം പഠിപ്പിച്ചു. ചൂരൽ തൊട്ടിട്ടില്ല.

അദ്ധ്യായം 2


ഏഴു വർഷത്തിനിടയ്ക്ക് കുശവരും മാറി. ചൂരൽ വട്ടി കളഞ്ഞ് കാളവണ്ടിയിലായി മണ്ണു കടത്തൽ. ചൂള മൊകാരിക്ക് വിൽക്കുന്നില്ലെന്നവർ തീരുമാനിച്ചു. ഒന്നോ രണ്ടോ വണ്ടി വിൽക്കും. വില കുശവരു പറയും. കുശവരെയാരോ സഹായിക്കുന്നുണ്ടെന്ന് മൊകാരി കുഞ്ഞിമൂസയോട് പരാതി പറഞ്ഞു. 

"നിനക്ക് ഇതല്ലെങ്കിൽ വേറെ കച്ചവടം. അവർക്കോ? നാളെമുതൽ പീടികേലെ ചരക്കെടുക്കാൻ പൊള്ളാച്ചിക്ക് നീ പോയ്ക്കോ"

എന്ന് പറഞ്ഞ് കുഞ്ഞിമൂസ മൊകാരിയെ തിരിച്ചയച്ചു. അച്ചുമരത്തിൽ കമ്പിറാന്തൽ തൂക്കിയ നാലഞ്ച് കാളവണ്ടികൾ പിന്നെ തിരുവനന്തപുരത്തേക്ക് പോയിട്ടില്ല. ഉള്ള വണ്ടിയിൽ ഒരെണ്ണം വിറ്റ് മൊകാരി ചുങ്കത്ത് പീടികയിട്ടു.

അത്തവണ ചൂള കത്തിപ്പിടിച്ചപ്പോൾ മൊകാരിക്ക് ഉള്ളുനീറി. രാത്രി പൊള്ളാച്ചിക്ക് പോകുന്ന വഴിയിൽ ആരുമില്ലാഞ്ഞിട്ടും പിറകിലെ വണ്ടിക്കാരുടെ ചിരി അസഹ്യമായി.  മൂച്ചിച്ചുവട്ടിൽ കാളവണ്ടി നിർത്തിയിട്ടിട്ട് കമ്പിറാന്തലുമെടുത്ത് മൊകാരി ചൂളയിലേക്ക് നടന്നു. റാന്തൽ താഴെ വച്ച് കത്തിപ്പിടിക്കാത്ത ഒരു കാഞ്ഞിരത്തിൻ്റെ വിറകൂരി മൊകാരി ചൂളയിലേക്കടുത്തു. റാന്തൽ വിളക്ക് ചൂളയിൽ വീഴ്ത്തിയ സ്വന്തം നിഴലിൽ അയാൾ കണ്ണിൽ നിന്നും തീപ്പൊരി ചിതറുന്ന വ്യാളികളെക്കണ്ടു. 

വിറക് ആകാശത്തിൽ ഒരു വട്ടം വീശിയെത്തുന്നതിന് മുൻ‌പ് മൊകാരിയുടെ നിഴലിനെ മറ്റൊരു ഭീമൻ നിഴൽ മറച്ചു കളഞ്ഞു. തിരിഞ്ഞു പോലും നോക്കാതെ റാന്തലുപേക്ഷിച്ച് അയാളോടി.

പുലർച്ചെ നിസ്ക്കരിക്കാനുണർന്ന മൊകാരിയുടെ ഭാര്യ പടിക്കൽ റാന്തലിരിക്കുന്നതു കണ്ട് വിസ്മയിച്ചു. 

അന്ന് കുഞ്ഞിമൂസ കുളി കഴിഞ്ഞ് പുഴയിൽ നിന്ന് വീട്ടിലേക്ക് പോകുന്ന വഴിക്ക്, മൊകാരിയുടെ വീടു കടന്ന് ഇടവഴിതിരിഞ്ഞ് കയറിയപ്പോൾ പുളിക്കച്ചവടക്കാരൻ സുലൈമാൻ നിൽക്കുന്നു.

നന്നായി. ഞാൻ വീട്ടിൽക്കെന്നെ വരാർന്നു.

എന്തിനാണ്ടാ?

"അന്ന് വീട്ടിൽത്തെ പുളീടെ കാര്യം പറഞ്ഞിരുന്നില്ലേ. ഞാനത് അണ്ണാച്ചിയെ കാണിച്ച് കച്ചവടമാക്കി. അവൻ നാളെ വന്ന് മുറിക്കും. 100 തന്നിട്ടുണ്ട്. ബാക്കി തടിയെടുക്കാൻ വരുമ്പോ."

രൂപ മേടിച്ച് മടിയിൽ തിരുകി കുഞ്ഞിമൂസ വീടെത്തി. ബീവിയെ വിളിച്ച് പൈസ കൊടുത്തു.

എന്നിട്ട് തോർത്ത് പിഴിഞ്ഞ് ഉണക്കാനിട്ടു കൊണ്ട് പറഞ്ഞു.

"കിഴക്ക് ഭാഗത്തെ പുളിയിൽ കെട്ടിയ അയ അഴിച്ചോ. ആ പുളി വിറ്റു. നാളെ മുറിക്കാനാളു വരും."

"ആരോട് ചോദിച്ചിട്ടാണ് നിങ്ങളത് വിറ്റത്?"

കുഞ്ഞിമൂസ ഒന്ന് ഞെട്ടി.

"ആരോട് ചോദിക്കണം?"

"ന്നോട് ചോദിക്കണം"

"എന്നോടും ചോദിക്കണം. വിൽക്കാൻ ഇനി ഞാനും ഉമ്മയുമല്ലേയുള്ളൂ"

രണ്ടാമത്തെ മകൻ നിവർന്നു നിന്നു.

നൂറു രൂപ അവർ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു.

"ഇത് തിരിച്ച് കൊണ്ടോയി കൊടുത്തോ. പുളി ഇവിടുന്നാരും മുറിക്കില്ല."

കുഞ്ഞിമൂസ കുറച്ചു നേരം ആ പൈസയിലേക്ക് നോക്കി  നിന്നു. അതിലെവിടെയോ നിന്ന് സുലൈമാനും അണ്ണാച്ചിയും  കുഞ്ഞിമൂസയെ സഹതാപത്തോടെ നോക്കി. നോട്ടങ്ങളിൽ അശക്തനായിത്തീർന്ന വൃദ്ധൻ ഇറങ്ങി നടന്നു.  ഇക്കാലം വരെ നടന്നു തീർത്ത ദൂരമത്രയും എന്തിലാണടയാളപ്പെടുത്തുക എന്ന് അയാളാലോചിച്ചു കാണണം.    അടയാളപ്പെടുത്താൻ കഴിയാത്ത ഓരോന്നും അയാളുടെ വേഗം കൂട്ടി. പടിയും പാടവും ചൂളയും ചുണ്ടക്കാടും പിന്നിട്ട് അയാൾ നടന്നു.  

  പുഴയോരത്ത് ഒരു കടവിൽ ചെന്നിരുന്നയാൾ പറിച്ചു കൊണ്ടുവന്ന മഞ്ഞരളിക്കായകൾ ഓരോന്നായി കൈകൊണ്ടമർത്തിപ്പൊട്ടിച്ച് പരിപ്പെടുത്ത് തിന്നു. ഉച്ചവെയിലിൽ അയാളുടെ നിഴൽ,  അയാൾക്കത്രമാത്രമായി പാറപ്പുറത്ത് വീണുരുകിക്കിടന്നു.  കുഞ്ഞിമൂസ പൊതിയഴിച്ച് ഒരച്ചു വെല്ലം ചവച്ചിറക്കി. എന്നിട്ട് തലേക്കെട്ടഴിച്ചു വിരിച്ച് നെടുമ്പാറയിൽ മലർന്നു കിടന്നു. 

മുകളിൽ, അസ്രായീൽ തന്നെക്കൊണ്ടു പോകാനുള്ള വെള്ളിനിറമുള്ള സവാരിവണ്ടിയിൽ കാളകളെ കെട്ടുന്നത് അയാൾ കണ്ടു.  വണ്ടി മെല്ലെ മെല്ലെ താണിറങ്ങിക്കൊണ്ടിരുന്നു. കൈകൾ മടക്കി നെഞ്ചത്ത് വച്ച് കാലിൻ്റെ തള്ള വിരലുകൾ പിണച്ചു പിടിച്ച് അയാൾ പോകാൻ തയ്യാറായി. കളിമണ്ണെടുക്കാൻ  വന്ന കുമ്പാരന്മാരിലാരോ ആണ് ആദ്യം കണ്ടത്. നിലവിളിച്ച് ആളെക്കൂട്ടി. മഞ്ചം കെട്ടി തോളത്തെടുത്ത്, അഞ്ചാറു പേർ ചേർന്ന് ആശുപത്രിയിലെത്തിച്ചു.

സോപ്പ് വെള്ളം കുടിച്ചും ശർദ്ദിച്ചും മൂസ അഞ്ച് ദിവസം കിടന്നു. അഞ്ചാം ദിവസം സുബഹിക്ക് മലയാളത്തിലും തെലുങ്കിലുമുള്ള പ്രാർഥനകൾക്കിടയിലൂടെ അസ്രായീലിൻ്റെ കാളകളുടെ ഒച്ച  കുഞ്ഞിമൂസ കേട്ടു. വാർഡിൻ്റെ തുറന്നിട്ട വാതിലിലൂടെ ഒഴുകിപ്പരക്കുന്ന നേർത്തവെളിച്ചം മറച്ചുകൊണ്ട് അസ്രായീലിൻ്റെ നിഴൽ രൂപം എത്തിനിൽക്കുന്നത് മങ്ങിയൊടുങ്ങുന്ന കാഴ്ചയിൽ അവ്യക്തമായി വീണു.

ഉള്ളിലേക്ക് കയറാൻ ധൈര്യമില്ലാതെ മൊകാരി വാതിൽക്കൽത്തന്നെ നിന്നു.


അച്ചുമരം = കാളവണ്ടിയുടെ ചക്രങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന കനത്ത തടി

കിളിക്കാൽ = കാളവണ്ടിക്കാരൻ ഇരിക്കുന്ന സ്ഥലം

വണ്ടിക്കുറ്റി =  വണ്ടിയിൽ ചരക്കുകൾ കെട്ടിവെക്കാനും മറ്റും തറച്ചിരിക്കുന്ന മരക്കുറ്റി

മൂക്കണ = കാളയെക്കെട്ടുന്ന നുകങ്ങൾക്കിടയിലായി, വണ്ടി നിലത്തു നിർത്താൻ ഉപയോഗിക്കുന്ന മരം കൊണ്ടുള്ള സ്റ്റാൻഡ്.

മൂച്ചി = മാവ്

അസ്രായീൽ=  ജീവനെടുക്കാൻ വരുന്ന മാലാഖ.

No comments: