Saturday, June 15, 2024

അറിവ്


 എന്നാൽ ലേശം ശ്രീനാരായണഗുരുവിനെക്കുറിച്ച് പറയാം എന്ന് വിചാരിച്ച് ടൈപ് ചെയ്യാൻ തുടങ്ങിയപ്പോൾ, ശ്ളോകം തെറ്റിയാലോ എന്നോർത്ത്, ഷെൽഫിലുള്ള കിഴവൻ്റെ മുഖമുള്ള ചെറിയ പുസ്തകം എടുക്കാൻ മകളെ അയച്ചു. അതിൽ ചെറിയവൾ കുത്തിവരഞ്ഞിരിക്കുന്നു. ചിതലെടുത്തിട്ടില്ല!

പുസ്തകം ഇപ്പോൾ ഇരിക്കുന്നത് മേശപ്പുറത്താണ്. ഗുരുവിൻ്റെ പടമുണ്ടതിൽ എന്ന് ഞാൻ നോക്കുമ്പോൾ കാണാം. ഒരു കിഴവൻ്റെ പടം എന്ന് എൻ്റെ മകൾ കാണുന്നു. കുത്തി വരയ്ക്കാനുള്ള കടലാസെന്ന് മറ്റൊരു മകൾ. ഭക്ഷണമെന്ന് ചിതൽ. ഓരോരുത്തർക്കും ഓരോ കാഴ്ച്ച എന്തുകൊണ്ടാണ്? അറിവിൽ തന്നെയാണ് ആ കാണപ്പെടുന്നത് ഇരിക്കുന്നതെന്നതു കൊണ്ടല്ലേ? അഥവാ അറിവുകൊണ്ടാണ് അറിയുന്നത്. ഒന്നുകൂടെ പറഞ്ഞാൽ അറിവിൻ്റെ തന്നെ ഗുണമായാണ് അറിയപ്പെടുന്നതിനെ അറിയുന്നത്. അതുകൊണ്ട്, അറിയപ്പെടുന്ന ഇത് വേറെയല്ല ഒന്നാലോചിച്ചാൽ അറിവുതന്നെയാണെന്ന് വരും എന്നാണ് ആ പുസ്തകത്തിലെ ആദ്യ രണ്ടു വരിയിൽ പറയുന്നത്.
*പുസ്തകം അറിവ് ശ്ലോകം 1*
അറിയപ്പെടുമിതു വേറ-
ല്ലറിവായീടും തിരഞ്ഞിടുന്നേരം
അറിവിതിലൊന്നായതുകൊ-
ണ്ടറിവല്ലാതെങ്ങുമില്ല വേറൊന്നും
അർഥം വളരെ നിസ്സാരം:-
അറിയപ്പെടും = അറിയപ്പെടുന്ന
ഇത് = ഇക്കാണുന്നത് ( നമുക്ക് അടുത്തുള്ളത്, നമ്മൾ പരിചയപ്പെട്ടത്)
തിരഞ്ഞിടും നേരം = അന്വേഷിച്ചു നോക്കിയാൽ
വേറല്ല = വേറെയല്ല
അറിവായീടും = അറിവു തന്നെ ആയിരിക്കും
അറിവ് അതിൽ ഒന്നായത് കൊണ്ട് = അറിവ് അറിയപ്പെടുന്നതിൽ ഒന്നായതിനാൽ
അറിവല്ലാതെ എങ്ങും ഇല്ല വേറെ ഒന്നും = സ്പഷ്ടം
അറിവ് അറിയപ്പെടുന്നത് എന്നിങ്ങനെ രണ്ടു സംഗതികളെക്കുറിച്ചാണ് പറയുന്നത്.
(ഉദാ:- പുസ്തകം ഞാൻ കാണുന്നു എന്ന കാര്യമെടുത്താൽ, ഞാൻ കാണുന്നു എന്നതിനെ മൊത്തത്തിൽ കാഴ്ച്ച എന്നു പറയാം. പുസ്തകമാണ് കാണപ്പെടുന്നത്. കാഴ്ച്ചയെ കേൾവി, രുചി മുതലായവകളിലേക്ക് ചേർത്ത് മൊത്തത്തിൽ അറിവ് എന്ന് പറയുന്നു. ഇതിനു വിഷയമായ എല്ലാറ്റിനേം ചേർത്ത് അറിയപ്പെടുന്നത് എന്നും.)
പുസ്തകം ആണ് ഇതു വരെ അറിഞ്ഞത്. അതിൽ പറഞ്ഞിട്ടുള്ളതാകട്ടെ അറിവിനെക്കുറിച്ചും. ആ അറിവെന്താണെന്ന് അറിയുക ആണല്ലോ നമ്മുടെ ഉദ്യമം. ആ അറിവും അപ്പോൾ അറിയപ്പെടുന്നതിൻ്റെ കൂട്ടത്തിൽ പെട്ടു. അറിവിനേയും അറിയുക തന്നെയായതുകൊണ്ട് അറിവല്ലാതെ മറ്റൊന്നിനും എങ്ങുമുണ്ടാവാൻ കഴിയില്ല.
അറിവല്ലാതെങ്ങുമില്ല വേറൊന്നും എന്നാണോ അറിവല്ലാതൊന്നുമില്ല വേറെങ്ങും എന്നാണോ എന്നുറപ്പിക്കാനാണ് പുസ്തകം എടുക്കാൻ പറഞ്ഞത്. എങ്ങും എന്ന് പറയുന്നത് സ്പേസിനെയാണ്. സ്പേസും അറിവിലിരിക്കുന്ന ഒരു സംഗതിയായതുകൊണ്ട് ആദ്യം അതിനെ തന്നെ നിരാകരിക്കുന്നു എന്നാണ് കാണേണ്ടത്.
ഇത്രയും ഒരു വിധം മനസ്സിലായാൽ, അപ്പോൾ പിന്നെ പുസ്തകവും ആകാശവും ഒക്കെ ഇല്ലാത്തതാണോ എന്നാണ് സാധ്യമായ ഒരു ചോദ്യം. ഇത് ഒരരുക്കാക്കിയിട്ട് അതിലേക്ക് വരാം.
ചുരുക്കത്തിൽ ഉള്ളത് അറിവു മാത്രമാണെന്നാണ് പറയുന്നത്. ഉപനിഷദ്ക്കാലത്തെ ബ്രഹ്മം എന്ന സംജ്ഞയെ അറിവ് എന്ന് പച്ചമലയാളത്തിൽ വിശദീകരിക്കുകയായിരുന്നു നാണു ആശാൻ ചെയ്ത വിപ്ലവം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
ഈ വിവരം അടുക്കോടെ എഴുതി വച്ചിരിക്കുന്ന പുസ്തകം ആണ് ആത്മോപദേശശതകം. താല്പര്യമുള്ളവർക്ക് അതു വായിച്ച് കൂടുതൽ അറിയാം.
അല്ലെങ്കിൽ തിരക്കൊഴിഞ്ഞ് നമുക്ക് ഓരോന്നായി നൂറു ശ്ലോകം പഠിക്കാം.

No comments: