Saturday, June 15, 2024

 ശ്രീ നാരായണഗുരുവിൻ്റെ ജാതി

Mary shelly യുടെ Frankenstien എന്ന ഒരു കഥാപാത്രം (പടം കട് വിക്കിപ്പീഡിയ) മോർച്ചറിയിൽ നിന്ന് കിട്ടിയ മാംസക്കഷ്ണങ്ങൾ തുന്നിച്ചേർത്ത് ഒരു മനുഷ്യരൂപമുണ്ടാക്കി. എന്നിട്ടതിൽ ജീവനുണ്ടാവാനുള്ള രാസവസ്തു ചേർത്തുവത്രേ. ഉണ്ടായി വന്ന വികൃത മനുഷ്യനെക്കണ്ട് ശാസ്ത്രജ്ഞൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു എന്നാണ് കഥ. 




മനുഷ്യൻ ഇതു പോലെ മനുഷ്യന്റെ  തന്നെ സകല ദുർഗുണങ്ങളും അവൻ വിചാരിക്കുന്ന നന്മകളിൽ ചേർത്തുവച്ച് തന്താങ്ങളുടെ ദൈവത്തെ ഉണ്ടാക്കിയെടുത്തു. അഞ്ചു നേരം നമസ്ക്കരിച്ചില്ലെങ്കിൽ ക്രുദ്ധനാകുന്ന ദൈവം, വിലക്കിയ കനി ഭക്ഷിച്ചതിന് ഏദൻ തോട്ടത്തിൽ നിന്ന് വിലക്കിയ ദൈവം, തട്ടുതട്ടായ നരകങ്ങളെ ഉണ്ടാക്കി വച്ച്, വഴി പിഴച്ചവരെ പീഡിപ്പിക്കാൻ പാർത്തിരിക്കുന്ന ദൈവം എന്നിത്യാദികൾ 

ചേർത്തുണ്ടാക്കിയ ദൈവത്തെക്കണ്ട് അവൻ തന്നെ വിരണ്ടു പോയിട്ട്  ഒരു ഭീതിയിൽ നിന്ന് മറ്റൊന്നിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചു കൊണ്ടേ മരിച്ചു പോകുന്നു.

ശ്രീ നാരായണഗുരു തന്റെ ദൈവത്തെ പരിചയപ്പെടുത്തുന്നത് അരുമയായിട്ടാണ്. ചിലപ്പോൾ കൺമണിയെന്നും അരുളെന്നും അത്യന്തം സ്നേഹത്തോടെ വിളിക്കുന്നു. എവിടെയോ ഇരിക്കുന്ന ദൈവത്തിനു പകരം ദാ ഇരിക്കുന്നു എന്ന് പറയുന്നു. 

ഗുരുവിന്റെ ദൈവത്തെ അറിയാത്തവർ ഗുരുവിന്റെ മതവും ജാതിയും വെവ്വേറെ കണ്ടെത്തി കഷ്ണം കഷ്ണമായി രുചിക്കുന്ന കാലത്ത്, ഗുരുവിന്റെ ദൈവത്തെപ്പറ്റി പറയുന്നത് നന്നായിരിക്കും എന്ന് കരുതുകയാൽ, ഞാൻ ആവുന്നതു പോലെ ശ്രമിക്കുകയാണ്.

ദൈവദശകം തുടങ്ങുന്നതു തന്നെ ദൈവമേ എന്ന് വിളിച്ചുകൊണ്ടാണ്. കാത്തുകൊൾക കൈവിടരുത് എന്നൊക്കെ അങ്ങ് ഇരിക്കുന്ന ദൈവത്തോട് ഇങ്ങ് ഇരിക്കുന്ന ഞങ്ങൾ ആണ് പറയുന്നത്. 

ദൈവമേ കാത്തുകൊൾകങ്ങു

കൈവിടാതിങ്ങു ഞങ്ങളെ

അങ്ങിരിക്കുന്ന ദൈവം, ഇങ്ങിരിക്കുന്ന ഞങ്ങൾ, ഞങ്ങൾക്കുണ്ടാകുന്ന വിപത്തുക്കൾ, അതു തടയാനുള്ള ദൈവത്തിന്റെ  കഴിവ്. ഈ നാലു കാര്യങ്ങളെ ഓരോ പേരിൽ, ദൈവം, ഞങ്ങൾ, മായ, ദൈവത്തിന്റെ  മഹിമ എന്നിങ്ങനെ നാലായി വിളിക്കാം. എന്നാൽ ഇത് നാലും ദൈവമായിത്തന്നെ ഇരിക്കുന്നു. അഥവാ നാല് നിലകളിലായി പിരിഞ്ഞു നിൽക്കുന്ന ഒന്നായി, ഒരേയൊരു കരുവായി ദൈവത്തെ ചൂണ്ടിക്കാണിക്കുന്നു. 

ഈ നാലിനെയും ചേർത്തുവച്ച് മനസ്സിലാക്കാൻ പാടാണ്. അശിക്ഷിത മനസ്സിൽ അതിങ്ങനെ നാലായിത്തന്നെ പിരിഞ്ഞിരിക്കും. അതിനാൽ ഗുരു ഒരു രൂപകം പറയുന്നു. 

ആഴി, തിര, കാറ്റ്, ആഴം എന്നിങ്ങനെ നാലു കാര്യങ്ങളെടുക്കുക. കടൽ, അതിലെ തിര, അതുണ്ടാക്കുന്ന കാറ്റ്, അതിലെ ജലം. ഇതെല്ലാം ചേർന്നതല്ലേ ആദ്യം പറഞ്ഞ കടൽ ?

ദൈവത്തിന്റെ സ്ഥാനത്ത് ആഴം അഥവാ ജലം, ജലം തന്നെ തിരയായി രൂപപ്പെടുന്നു.  ഇതിനെ മായ എന്ന് പറയുന്നു. മായയെ ഇല്ലാത്തത് എന്ന് പറയുന്നത് തെറ്റിദ്ധാരണ ഉണ്ടാക്കുമെന്ന് തോന്നുന്നതിനാൽ ഉള്ളതായി അനുഭവപ്പെടുന്നത് എന്ന് മനസ്സിലാക്കണം. 

ജലം മാത്രം ഉള്ള കടലിൽ തിര എന്ന രൂപം ഉണ്ടാകുന്നത്  എന്തോ ഒരു കാരണം കൊണ്ടാണ്. ആ കാറ്റിനെ ദൈവത്തിന്റെ മഹിമയായി മനസ്സിലാക്കുക. ഇതെല്ലാം ചേർന്ന ആഴിയെയാണ് ഞങ്ങൾ എന്നറിയേണ്ടത്. ഒരേസമയം ആഴിയും തിരയും കാറ്റും ആയിരിക്കുന്ന ആഴം അത്രേ ദൈവം.

അതാണ് പറയാൻ പോകുന്ന ഗുരുവിന്റെ ദൈവം.  ഇത് മനസിലാക്കിച്ചു തരാനുള്ള  പ്രാർത്ഥനയാണ് നാലാമത്തെ ശ്ലോകം. അതേ ദൈവത്തോടു തന്നെ.

ആഴിയും തിരയും കാറ്റും 

ആഴവും പോലെ ഞങ്ങളും

മായയും നിൻ മഹിമയും 

നിയുമെന്നുള്ളിലാകണം

( നീയും എന്ന് ഉള്ളിൽ ആകണം)

ഒന്ന് കൂടെ വിശദമാക്കാനായി അഞ്ചാമത്തെ ശ്ലോകത്തിൽ മറ്റൊരു രൂപകം വച്ചിരിക്കുന്നു. അത് നോക്കാം. 

മെഴുകുകൊണ്ട് ഒരാൾരൂപം നിങ്ങൾ ഉണ്ടാക്കി എന്ന് വയ്ക്കുക. അതിലെ നാല് സംഗതികൾ എടുക്കുക.

ഉണ്ടായിവന്ന ആൾരൂപം 

ഉണ്ടാക്കിയ നിങ്ങൾ 

ഉണ്ടാക്കുക എന്ന പ്രക്രിയ 

ഉണ്ടാക്കാനുള്ള മെഴുക് 

സൃഷ്ടി, സ്രഷ്ടാവ് , സൃഷ്ടിജാലം , സൃഷ്ടിക്കുള്ള സാമഗ്രി. 

ഒരേസമയം ഇതത്രയും ആയിരിക്കുന്ന ഒരേ വസ്തുവിനെ നാരായണഗുരു ദൈവം എന്ന് വിളിക്കുന്നു.

നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-

വായതും സൃഷ്ടിജാലവും

നീയല്ലോ ദൈവമേ,സൃഷ്ടി-

യ്ക്കുള്ള സാമഗ്രിയായതും

ഇതാണ് ഗുരുവിന്റെ ദൈവം. മേൽ പറഞ്ഞ രൂപകത്തെ പറ്റി വിചാരിച്ചാൽ മെഴുക് എന്ന വസ്തു ആൾരൂപത്തിലും ഉള്ളതായി കാണാം. അങ്ങനെ ഇക്കാണുന്നതെല്ലാം ആയി പ്രതിഭാസിച്ചു നിൽക്കുന്ന ഒന്നാണ് അറിവ് അഥവാ ഇക്കാണുന്നതെല്ലാം അറിവ് മാത്രമാണ് എന്നു കൂടി മനസ്സിലാക്കുമ്പോഴേ ഇത് ഉൾക്കൊള്ളാൻ കഴിയൂ.

അത് വിശദമാക്കാനും അതിന്റെ അടിസ്ഥാനത്തിൽ ജാതിയെയും മതത്തെയും പുനർനിർവചിക്കാനും ഗുരു 100 ശ്ലോകമെഴുതി. ലോകർക്ക് അവരെത്തന്നെ ഉപദേശിക്കാനായി അത് ആത്മോപദേശ ശതകം എന്ന പേരിൽ പ്രസിദ്ധമാണ്. കൂടുതലായി അറിയണം എന്നുള്ള ആളുകൾക്ക് വായിച്ചു പഠിക്കാവുന്നതുമാണ്.

ഈ പറയുന്നയിടത്തേക്ക് നോക്കിയാൽ ആർക്കും ദൈവത്തെ കാണാം. അപ്പോൾ ദൈവമായി. ഇനിയെന്താ വേണ്ടത്? ജാതിയും മതവും? മതമെന്നാൽ ഒരു ദൈവത്തിലോ പ്രത്യയശാസ്ത്രത്തിലോ അധിഷ്ഠിതമായി, ചേയ്യേണ്ടതും അരുതാത്തതുമായ കാര്യങ്ങൾ കൊണ്ടുണ്ടാക്കിയ ചട്ടക്കൂടാണ്. ഒരു വരിയിൽ ഗുരു അതും പറഞ്ഞു വച്ചു. മനുഷ്യൻ എന്ന ഒരു ജാതിയേയും വച്ചു. എന്നിട്ട് എല്ലാവരോടുമായി പറഞ്ഞു.

 "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്"




No comments: