Wednesday, April 05, 2006

ഫീ, മാഫീ

മലമറിച്ചുകളയാമെന്നു കരുതി ഗൾഫിലേക്കു വണ്ടികയറി, മണൽ പോലും മറിക്കാനൊക്കുന്നില്ലെന്നു മനസ്സിലാക്കി, നെഞ്ചത്തുകൂടെ വണ്ടികയറിയാൽ മതിയായിരുന്നു എന്ന അവസ്ഥപ്രാപിക്കുന്നതിനു മുൻപു് ഏതൊരുത്തനും മിനിമം പഠിച്ചിരിക്കാവുന്ന രണ്ടു അറബി വാക്കുകളാണിവ. അർത്ഥം യഥാക്രമം ഉണ്ടു്, ഇല്ല. ഇത്രയും കൊണ്ടു് തന്നെ വളരെ സൌകര്യമായി കാലയാപനം കഴിക്കുന്നവരുണ്ടു് ഇന്നാ‍ട്ടിൽ. ഞാനും തുടങ്ങിയതവിടെ നിന്നു തന്നെ. പക്ഷേ ഇവിടെ വന്നു് അഞ്ചാറു മാസങ്ങൾക്കകം തന്നെ ഈ ഭാഷയിൽ രണ്ടു മൂന്നു വാക്കുകൾ കൂടെ പഠിച്ചെടുക്കാൻ മഹാബുദ്ധിമാനായ എനിക്കു സാധിച്ചു. പിന്നെ ഇതിന്റെ തന്നെ ബഹുവിധമായ പ്രയോഗങ്ങളും ഞാൻ ഹൃദിസ്ഥമാക്കി. ഉദാഹരണത്തിനു്, ആദ്യം പറഞ്ഞതുച്ചരിച്ചു് പുരികം ഇങ്ങനെ ചോദ്യചിഹ്നം പോലെ വളച്ചു പിടിച്ചാൽ അതിനു ‘ഉണ്ടോ?’ എന്ന അർത്ഥം അത്ഭുതകരമാം വിധം വന്നു ചേരും. എന്തെങ്കിലും വസ്തുവെ ചൂണ്ടിക്കാണിച്ചാണു നമ്മളപ്രകാരം ചെയ്യുന്നതെങ്കിൽ ‘അതുണ്ടോ?‘ എന്നർത്ഥം കിട്ടും.കേമം ന്നേ പറയേണ്ടൂ ഈ ഭാഷയെ പറ്റി. ല്ലേ?

ശരി. വിഷയത്തിലേക്കു വരാം.

മണൽക്കാട്ടിൽ, വന്നുകയറിപ്പെട്ടതു് ഒരരക്കിറുക്കൻ അറബിയുടെ കയ്യിൽ. കക്ഷി എമിറേറ്റ്സ് ബാങ്കിന്റെ, വകതിരിവില്ലാത്ത അറബികൾക്കു് കുടിൽ ടെന്റ് മുതലായ വ്യവസായങ്ങൾക്കു് ധനസഹായം നൽകുന്ന അൽ ത്വമൂഹ് എന്ന ഒരു സ്ഥാപനത്തിനു ചുക്കാൻ പിടിക്കുന്നവൻ. വ്യവസായങ്ങളെപറ്റി അസാധ്യധാരണയാണയാൾക്കു്. അതുകൊണ്ടാണു് ഒരു കാർ മാത്രം വച്ചു് ഒരു കമ്പനി ഉണ്ടാക്കിയതും, അതിൽ ഡ്രൈവിങ് ലൈസൻസ് ഇല്ലാത്ത എന്നെ പണിക്കു വച്ചതും, അങ്ങനെ കമ്പനിയെ നാൾക്കുനാൾ അഭിവൃദ്ധിയിലേക്കു നയിച്ചതും. ഈ കമ്പനി പൂട്ടുന്നതിനുമുൻപു് ഷാർജയിൽ, റമദാൻ ഫെസ്റ്റിവെലിൽ ഒരു തുണിക്കട കൂടെ ഇടാനുള്ള ബുദ്ധി അയ്യാളെ സ്ഥിരമായി പറ്റിച്ചുകൊണ്ടിരുന്ന മിസർകാരി ഗേൾഫ്രണ്ടു് ഉപദേശിച്ചു കൊടുത്തു. അങ്ങനെ, ധർമ്മക്കാർക്കു ഗ്ലാനി വന്നുകൊണ്ടിരുന്ന ഷാർജ കായലരികത്തു് പെണ്ണുങ്ങളുടെ തുണി മണികൾ വിൽക്കുന്നവനായി നാം സംഭവിച്ചു.

അവിടെ പുറത്തു തൂക്കിയിട്ടിരുന്ന സാധനസാമഗ്രികളുടെ ഗുണമേന്മ കൊണ്ടും വിശിഷ്യാ അതിന്മേൽ തൂക്കിയിട്ടിരുന്ന വിലവിവരം കാരണമായും. ഞാനും എന്റെ ഒരു സഹപ്രവർത്തകനും ഇടയ്ക്കീ അറബിയും നടേ പറഞ്ഞ മിസർകാരിയുമല്ലാതെ അഞ്ചാമതൊരാൾ ആ കടയ്ക്കുള്ളിലേക്കു കാലെടുത്തു വച്ചിരുന്നില്ല. എന്നാൽ ദൈവാനുഗ്രഹം കൊണ്ടൊരു ദിവസം, ഒരറബിപ്പെണ്ണു് അതു ചെയ്തു. പെൺകുട്ടികൾക്കുള്ള നൈറ്റി പോലുള്ള ഒരു വസ്ത്രത്തിലാണു് ആ വന്ദ്യമാതാവിന്റെ ദൃഷ്ടി പതിഞ്ഞതു്. സെയിത്സ്മാൻഷിപ്പും എന്റെ അറബി പാണ്ഡിത്യവും പ്രകടിപ്പിക്കാനുള്ള അസുലഭാവസരം വീണുകിട്ടിയതിനു് പരദൈവങ്ങൾക്കു് നന്ദി പറഞ്ഞുകൊണ്ടു പിന്നാലെ പാഞ്ഞു കയറിയ ഞാനും, ഒരു നൈറ്റിയെടുത്തു നോക്കി, ആനന്ദതുന്ദിലങ്ങളായ നയനങ്ങളോടെ നിൽക്കുന്ന ആ സ്ത്രീ പ്രജയും തമ്മിലുള്ള സംഭാ‍ഷണത്തിന്റെ തർജ്ജമ ചുവടെ.


"ഇതിനെത്രയാ? "
"20 ദിർ‌ഹംസ് "
"10നു കിട്ടുമോ?"
"ഇല്ല"
"8നു തരുമോ?"
"ഇല്ല 17 നു തരാം" (ഇവളെവിടുന്നു വന്നു)
"അല്ല10നു തരുമോ? "
"ഇല്ല ഇതു ലാസ്റ്റ്"
......
"ഇതു 12-നു തരുമോ? "
"ഇല്ല 16 എങ്കിലും വേണം"
"14-നു തരുമോ?"
"അവസാനമായി 15 നു തരാം"
“ശരി, വലിയ വിലയാണു്“

അവർ തലയാട്ടി.
ആ നൈറ്റി എന്റെ കൈയിൽ തന്നു. ഞാനതു പൊതിഞ്ഞു് ഒരു പോളിത്തീൻ ബാഗിലിട്ടു് കൊടുത്തു. 50 ദിർ‌ഹം വാങ്ങി കണ്ണിൽ വച്ചു. 35 രൂപ തിരിച്ചു കൊടുത്തു്, അതെണ്ണി നോക്കാൻ പോലും മെനക്കെടാഞ്ഞ അറബിച്ചിക്കു ടാറ്റപറഞ്ഞു്, മൂന്നാലു ഡസൻ നൈറ്റിയിരിക്കുന്നതിലൊന്നെങ്കിലും വിൽക്കാൻ കഴിഞ്ഞതിൽ ആശ്വസിച്ചും, 13 ദിർ‌ഹത്തിനു വരെ കൊടുത്തു കൊള്ളാൻ അനുവാദം തന്നിട്ടുള്ള സാധനം പതിനഞ്ചു ദിർ‌ഹത്തിനു വിറ്റഴിച്ചതിൽ അഭിമാനിച്ചും, ഞാൻ ഒരു വശത്തായി ഇട്ടിരുന്ന കസേരയിലേക്കു മലർന്നു.

ഒരു ചെറു ചിരിയോടെ അപ്രത്തെ കടക്കാരൻ തലയ്ക്കു മുകളിൽ.

“കച്ചവടം കൊള്ളാമോ?“
“പിന്നില്ലാതെ. ആരെങ്കിലും വന്നു കിട്ടുകയല്ലേ വേണ്ടു. 13 ദിർ‌ഹത്തിനു വിൽക്കാവുന്നതിനെ ഞാൻ 15 നു വിറ്റു തുലച്ചില്ലേ. അയമ്മ കടു കട്ടിയായിരുന്നു. ഞാൻ വാചകമടിച്ചു വീഴ്ത്തിക്കളഞ്ഞു,“ എന്നൊക്കെ പറഞ്ഞവസാനിക്കുന്നതിനു മുൻപു് അയാൾ ചിരി തുടങ്ങി. നിർത്താതെയുള്ള ചിരി.
അതു സഹിച്ചു. അതു കഴിഞ്ഞയാളു ഞാൻ മേല്പറഞ്ഞ വിധമെന്നു ധരിച്ച സംഭാഷണത്തിന്റെ ശരിയായ തർജ്ജമ പറഞ്ഞു തന്നപ്പൊഴാ‍ണു്, ആ കായലിൽ ചാടി മരിച്ചാലോ എന്നു ഞാനാലോചിച്ചു പോയതു്. എന്റെ ചങ്കു തകർത്ത ആ സത്യം ഇവ്വിധമാ‍യിരുന്നത്രേ

"ഇതിനെത്രയാ?"
"20 ദിർ‌ഹംസ്"
"10 എണ്ണം കിട്ടുമോ?"
"ഇല്ല "
"8 എണ്ണമെങ്കിലും തരുമോ?"
"ഇല്ല 17നു തരാം"
"അതല്ല10 എണ്ണം കിട്ടുമോ?"
"ഇല്ല ഇതു ലാസ്റ്റ് "
.......
"ഇതു12 വയസ്സുള്ള കുട്ടിക്കു പറ്റുമോ?"
“ 16 ഉറപ്പായും വേണം"
"14 വയസ്സുള്ള കുട്ടിക്കു്?"
"അവസാനമായി 15 "
“ശരി, വലുതാകുന്നതല്ലേ“
(തുടരും)

ജൂദാസ്



ദര്‍ശനഭാരം താങ്ങാനാവാതെ ഗദ്‌സെമനാ തോട്ടത്തിലെ വെറും മണ്ണില്‍ ക്രിസ്തു വീണു കിടന്നു.

"പിതാവേ കഴിയുമെങ്കില്‍ ഈ പാനപാത്രം നീയെടുക്കേണമേ"

"മകനേ"

വെള്ളാരങ്കല്ലുകള്‍ക്കു മുകളില്‍ പതിച്ചു്‌, ദാഹിച്ചു നില്‍ക്കുന്ന പുല്‍നാമ്പുകളിലേക്ക്‌, ചിതറിത്തെറിക്കുന്ന കാട്ടരുവിയുടെ ശബ്ദത്തില്‍, പിതാവ്‌ പുത്രനെ വിളിച്ചു.

"നീ ജൂദാസിനെക്കുറിച്ചോര്‍ക്കുക"

നിന്നെ ഒറ്റു കൊടുക്കാന്‍ നിയോഗിക്കപ്പെട്ടവന്‍ !

ചുണ്ടുകള്‍ പറിഞ്ഞിളകുന്ന വേദനയോടെ നിന്നെ ചുംബിക്കാന്‍ വിധിക്കപ്പെട്ടവന്‍!

നാളെ നീയേല്‍ക്കുന്ന ഓരോ ചാട്ടവാറടിയും അതിന്റെ പരശ്ശതം മടങ്ങ്‌ ശക്‌തിയില്‍ അനുഭവിക്കുന്നതവനായിരിക്കും. നിന്റെ കൈകാലുകളില്‍ അടിച്ചിറക്കുന്ന ആണികളോരോന്നും തുളഞ്ഞു കയറുന്നതവന്റെ ഹൃദയത്തിലായിരിക്കും. തീര്‍ന്നില്ല. പ്രളയം വരെ ഏറ്റവും വെറുപ്പോടെ മാത്രം വീക്ഷിക്കപ്പെടാന്‍ വിധിക്കപ്പെട്ടവനാണവന്‍!"

"ഇനി പറയുക. "

..................

നനഞ്ഞ മണ്ണില്‍ നെറ്റി ചേര്‍ത്തു വച്ച്‌ ക്രിസ്തു വിശ്രമിച്ചു. ഇളം കാറ്റായി പിതാവ്‌ പുത്രന്റെ മുടിയിഴകളിലുടെ വിരലോടിച്ചു. നസ്രായനായ യേശു എഴുന്നേറ്റു നിന്നു. തെളിഞ്ഞ ശാന്തതതയോടെ എഴുതി വയ്ക്കപ്പെട്ട വാചകം അവന്‍ മുഴുവനാക്കി.

"എങ്കിലും എന്റെ ഇഷ്ടമല്ല അവിടുത്തെ ഇഷ്ടമാണു നടക്കേണ്ടത്‌. "

പുറത്ത്‌, ഇരുട്ടില്‍ തന്നെക്കാത്തു നില്‍ക്കുന്ന ശിഷ്യരുടെ അടുത്തേക്ക്‌, പണ്ടു്, തിരകള്‍ക്കു മുകളിലൂടെ നടന്നതു പോലെ, ധീരനായി, ക്രിസ്തു നടന്നു.

Wednesday, December 07, 2005

നിൽ‍ക്കകള്ളി

വിശ്വനാഥൻ ആനന്ദ് റഷ്യൻ ഭീകരന്മാരുമായി ഏറ്റുമുട്ടുന്നതിനു് മുൻപു് ചെസ്സു് കളിയെ പറ്റി ഞാൻ കേൾക്കുന്നതു് “നാളെ പുലർകാലെ പോകുന്നതുണ്ടു ഞാൻ നാളീകനേത്രനെ കൊണ്ടിങ്ങു പോരുവാൻ“ എന്നു തുടങ്ങുന്ന പന്ത്രണ്ടു വരി കാണാതെ പഠിക്കേണ്ടിവന്ന സന്ദർഭത്തിലാണു്. വീട്ടിൽ ഞാനിതു് ഉറക്കെ വായിക്കുന്നതു കേട്ടു് സഹികെട്ടു് അച്ഛൻ വിളിച്ചു പറഞ്ഞു തന്നതാണു്, ചതുരംഗം കളിയിൽ രാജാവിനെ സഹായിക്കാനായി ആളെ ഉന്തുന്ന താരാട്ടുപാടിയ രാജ്ഞിയുടെ കഥ. അതേയീണത്തിൽ ചെറുശ്ശേരിയെക്കൊണ്ടു് ഗാഥയെഴുതിച്ചതും പറഞ്ഞു. എന്നിട്ടു കൂട്ടിച്ചേർത്തു “ ഇതിനു താരാട്ടിന്റെ ഈണമാണു്, മുദ്രാവാക്യത്തിന്റെയല്ല”.

ടി കളിയിൽ രാജാവിനു നിൽക്കാൻ കള്ളിയില്ലാതെ വരുമ്പോഴാണല്ലോ, ചെസ്സ് ബുദ്ധിയുള്ളവരുടെ കളിയാണെന്നു കേട്ടു് ചതുരംഗപ്പടയെ കാശുകൊടുത്തു വാങ്ങി കളിക്കാനിരുന്ന ഞാൻ സ്ഥിരമായി തോറ്റു കൊണ്ടിരുന്നതു്. ആ അവസ്ഥയിൽ നിന്നത്രെ ഈ ബ്ലോഗിനു ശീർഷകമായ പദം ഉണ്ടായി വന്നതു്.

രണ്ടു ദിവസം മുൻപു് ഒരു കവലയിൽ വച്ചു് നമ്മുടെ ദേവരാഗത്തെ കാണുകയുണ്ടായപ്പോൾ "ബ്ലോഗ്ഗൊന്നും കാണാനില്ലല്ലോ സിദ്ധാർത്ഥാ?" എന്നു ചോദിച്ചതിനു് "കാശിക്കു ടിക്കറ്റെടുത്തിട്ടുണ്ടു്. അലക്കൊഴിഞ്ഞില്ല " എന്നാലംകാരികമായി പറഞ്ഞൊഴിഞ്ഞു. പണിത്തിരക്കിനിവനാരു് ഹജൂരാപ്പീസിലെ ഹെഡ്‍ക്ലാർക്കോ എന്നു പുരികം കൊണ്ടു വ്യഞ്ജിപ്പിച്ചു് മൂപ്പരൊരു വെടിവെച്ചു. "ഇടക്കു ബ്ലോഗ്ഗാതിരുന്നാൽ നീ വിസ്‍മൃതനാവും "
ഈശ്വര!
ഈയിടെയായി അത്യാവശ്യം വായിക്കാനും സൌഹൃദം പൻകിടാനുമൊക്കെയുള്ള വഹ തരുന്ന ബ്ലോഗ്ഗുലകത്തിൽ നിന്നു നിഷ്കാസനം ചെയ്യപ്പെട്ടേക്കുമെന്നുള്ള ക്ലിയർ ആൻഡ് പ്രസന്റ് ഡേഞ്ചറിൽ ഭയന്ന സിദ്ധാർത്ഥൻ മേല്പറഞ്ഞ നിൽക്കകള്ളിക്കു വേണ്ടി ഇന്നേക്കു മൂന്നാം പക്കം ബ്ലോഗ്ഗിയിരിക്കുമെന്നു ശപഥം ചെയ്താണവിടം വിട്ടതു്.

ശപഥം നിറവേറ്റാനായി ഭൂതകാലത്തിന്റെ കാലുപിടിച്ചു കിട്ടിയ ഒരു സംഭവം ശ്ലോകത്തിൽ താഴെ കഴിക്കുന്നു. സഹിച്ചാലും.

നിക്കർ കാലത്തിന്റെ അവസാന ഘട്ടം. പതിവു പോലെ ഒരു വേനലവധി. കൈനനയാതെ മീൻ പിടിക്കുക എന്നതൊരു വീണ്മൊഴിയല്ലെന്നും അതിനു തക്ക ബുദ്ധിയുണ്ടായാൽ മതിയെന്നുമുള്ള വീമ്പുമായാണു് അന്നു് ജഗദീഷിന്റെ രംഗപ്രവേശം. വടൂക്കരയിലെ അമ്മവീടിന്റെ പറമ്പിന്റെ അങ്ങേയറ്റത്തുള്ള തോട്ടിൽ ഉള്ള മീനുകളാണു പുള്ളിയുടെ അന്നത്തെ ലക്ഷ്യമെന്നു ഞാ‍ൻ മനസ്സിലാക്കി. വിവരം ചോർത്താൻ സാദ്ധ്യതയുള്ള എന്റെ ഒരു പെങ്ങളെ പതുക്കെ മാറ്റി നിർത്തി ഞാൻ സാദ്ധ്യതകളാരാഞ്ഞു. തൊട്ടിനോടു ചേർന്നുള്ള മോട്ടോർ ഷെഡ്ഡിൽ നിന്നും കറന്റു വലിച്ച് തോട്ടിലേക്കിടുക. ഒരു മണിക്കൂറിനകം മീനു‌കളെല്ലാം നമ്മേതേടിവരും എന്നതാണവന്റെ പദ്ധതി. മുഴുവൻ മനസ്സിലായില്ലെങ്കിലും ഞാൻ തല കുലുക്കി. പറഞ്ഞ നീളത്തിലുള്ള വയറും സംഘടിപ്പിച്ചുകൊടുത്തു. ടെക്നോളജി അവന്റെ വക അപ്പോൾ അസംസ്കൃത വസ്തുക്കൾ എന്റെ വക.


അങ്ങനെ രണ്ടു സാഹസികന്മാർ തോടു് ലക്ഷ്യമാക്കി കുതിച്ചു. എല്ലം പ്ലാൻ പ്രകാരം തന്നെ നടന്നു. മോട്ടോർ പുരയിലെ സ്വിച്ച് ഓൺ ചെയ്തു് പൊട്ടിത്തെറി വല്ലതും കേൾക്കുന്നുണ്ടോ എന്നവിടെ തന്നെ പതുങ്ങിയിരുന്നു കൊണ്ടു കാതോർത്തു. ഇല്ല. പതുക്കെ പുറത്തിറങ്ങി.

“ഇനി കുറച്ചു സമയമെടുക്കും ട്രാ“ എന്നായി അവൻ.

സാമാന്യത്തിലധികം നീണ്ടാൽ നമ്മുടെ അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടാലോ എന്നായി ഈയുള്ളവൻ.
“ന്നാൽ നമുക്കു പോയിട്ടു വരാം“ എന്നവസാനം ധാരണയിലെത്തി. വീട്ടിലേക്കൊരു “രണ്ടു നാലടി നടന്നതില്ലതിനു മുമ്പു്” ഗതികേടിനാരെങ്കിലും സംഭവമറിയാ‍തെ തോട്ടിലേക്കിറങ്ങിയാലോ എന്ന നോട്ട് ദി പോയന്റ് വെളിപാടായി.
ജഗദീഷ് ജഗദീശ്വരനാണു്! ബുദ്ധിരാക്ഷസൻ! ആപൽബാന്ധവൻ! നമുക്കിവിടെ ഒരു താൽക്കാലിക ബോർഡെഴുതി വെക്കാമെന്നായി അവൻ. പൊടുന്നനവെ അവൻ വല്ലഭനായി. കശുവണ്ടി ചുട്ടുപേക്ഷിച്ചു പോയ സ്ഥലത്തു നിന്നു് കരിക്കട്ടയും ചുടുമ്പോൾ കാറ്റുമറയ്ക്കാനായി വച്ചിരുന്ന പലകയും ആയുധമാക്കി അവൻ ചരിത്രം രചിച്ചു.
“തോട്ടിൽ കറന്റ് സൂക്ഷിക്കുക”
ബോർഡിനെ തോട്ടിൽ പോകുന്നവർ മാത്രം കാണാൻ സാദ്ധ്യതയുള്ള സ്ഥലത്തു സ്ഥാപിച്ചശേഷം പത്തുപറക്കണ്ടം സാധുക്കൾക്കിഷ്ടദാനം ചെയ്ത നിർ‌വൃതിയോടെ അവനെന്നെ നോക്കിയ നോട്ടം ക്ലോസ്സപ്പിലിപ്പൊഴും കിടപ്പുണ്ടു മനസ്സിൽ.
കൃത്യനിർവഹണചാരിതാർത്ഥ്യത്തോടെ വീട്ടിലേക്കു പോകാൻ തുനിഞ്ഞപ്പോഴാണു് കരി പിടിച്ച കൈ നോക്കി അവനെന്നോടു പറഞ്ഞതു്.
“ഞാനീ കൈയൊന്നു കഴുകീട്ടു വരാഡാ‍“
ഞാനുമതോർത്തില്ല.

Sunday, October 30, 2005

ഗണപതിക്കു വച്ചതു്


നിലവാരമില്ലാത്ത ബ്ലോഗു കണ്ടാലും തോലകവിയാവുന്ന ചിലരുണ്ടല്ലോ
“പൊട്ടബ്ബ്‌ളോഗ്ഗുകൾ സൃഷ്ടിക്കും
ദുഷ്ടക്കൂട്ടം നശിക്കണേ”
എന്നവരെങ്ങാനും പ്രാർത്ഥിക്കുകയോ മാങ്ങോട്ടുഭഗവതി സമക്ഷം മുളകരച്ചു തേക്കുകയോ ചെയ്താലോ എന്ന ഭീതിയാലാണു് നാളിത്രയായിട്ടും നിലപാടു വ്യക്തമാകാതെ കിടന്നതു്.

ഇപ്പോ കാര്യങ്ങളങ്ങനെയല്ല. ബ്ലോഗ്ഗാൻ വേണ്ടിയും നമുക്കു ബ്ലോഗ്ഗാം എന്നു പഠിച്ചു. ആ‍നിലയ്ക്കിതിനിയും വൈകിച്ചു കൂടല്ലോ?

ഹരിശ്രീ കുറിക്കുന്നു. ഉറുപ്പ്യക്കഞ്ചു കിട്ടുന്ന നാളികേരത്തിലൊരെണ്ണം വിഘ്നേശ്വരനു്.

…………………………..

ഇത്രയുമായപ്പോഴാണു് തികച്ചും മൌലികമായ ഒരാശയം പൂർവ്വചക്രവാളത്തിലെ ഭാനുമാനായതു്. ആശയം, യുഗം മാറിപ്പിറന്നതു കൊണ്ടു് മയിൽ‌പ്പീലി വെക്കാനുള്ള ഭാഗ്യം നഷ്ടപ്പെട്ട എന്റെ മൌലിയിൽ പിറന്നതും തദ്വാരാ മൌലികവുമാണു്. [മൌലിയിൽ നിന്നു ‘come’ ആ‍ണു മൌലികം എന്നു യാസ്ക്കൻ പറയാഞ്ഞതു് പിൽക്കാലത്തു് ഇതു പറയാ‍നായി ഒരു പണ്ഠിതശ്രേഷ്ഠൻ പിറന്നേക്കുമെന്നു് ദീർഘദൃഷ്ടിയായ അദ്ദേഹത്തിനു് അറിയുമായിരുന്നതു കൊണ്ടായിരിക്കണം. ]

ഇന്നാളൊരു സ്ത്രീരത്നം സമകാലിക മലയാളം വാരികയിൽ തന്റെ സുഹൃത്തിന്റെ തലയിൽ ഒരു പാർട്ടി സമയത്തുദിച്ച ഒരാശയത്തെ പറ്റി പറയുകയുണ്ടായി. Instant liquor powder ആണത്രെ രണ്ടു പെഗ്ഗ് വിസ്കിയുടെ പുറത്തു് കക്ഷി വിഭാവനം ചെയ്തതു്. വിസ്കിയോ ബ്രാണ്ടിയോ, അതാതിന്റെ പൊടി കലക്കിയാൽ മതി. ഇതു മൌലികമാണൊ കൂട്ടരെ? പച്ചവെള്ളത്തെ വീഞ്ഞാക്കി മാറ്റിയ നസ്രേത്തുകാരന്റെ നമ്പരല്ലേ ഇതു്?

സിദ്ധാർത്ഥന്റേതു്, പക്ഷെ തികച്ചും മൌലികവും ഫ്രെഷും ആണു്. ഇപ്പോളുദിച്ചതു്. ഉദിക്കാൻ ഹേതു ഗണപതിക്കു വച്ച നാളികേരം തന്നെ. ദൈവങ്ങൾക്കു മുൻപിൽ നാളികേരം എറിഞ്ഞുടക്കുന്നതിന്റെ മനശ്ശാസ്ത്രത്തിൽ നാം തുലോം അജ്ഞനാകുന്നു. ചാക്കിൽ നൂറ്റിച്ചില്വാനം നാളികേരങ്ങൾ കൊണ്ടുവന്നു് ഓരോന്നായി എറിഞ്ഞുടക്കുന്നവരെ ഞാൻ കണ്ടിട്ടുണ്ടു്. അങ്ങോട്ടേൽ‌പ്പിച്ചാൽ പോരെ എന്നചോദ്യത്തിനവിടെ സ്ഥാനമില്ല. ഓരോന്നെറിയുമ്പോഴും നഷ്ടമാവുന്ന കഷ്ണങ്ങളെത്ര? ലക്ഷക്കണക്കിനു് അമ്പലങ്ങളുള്ള നമ്മുടെ നാട്ടിൽ ഇങ്ങനെ നഷ്ടമാവുന്ന നാളികേരങ്ങളെത്ര? സീറൊ മീറ്ററിനകത്തു് തെറിച്ചു വരുന്ന ഏറ്റവും വലിയ കഷ്ണം ലാക്കാക്കി നിൽക്കുന്ന പയ്യന്മാരുണ്ട്. ഇവരെ ടീമിലെടുത്തു് സ്ലിപ്പിൽ നിറുത്തിയാൽ ജോൺ‌ഡി റോഡ്സിനെ ജനം മറക്കും. ഇവന്മാർക്കേൽക്കാവുന്ന പരിക്കുകളെത്ര? ഇവിടെയാണു് ഈ ആശയത്തിന്റെ സാംഗത്യം.


സാധനം നിസ്സാരമാണു് അമ്പലത്തിൽ സൂക്ഷിക്കാവുന്ന, രണ്ടു നാളികേരം കൊള്ളുന്ന വിധത്തിലുള്ള ഒരു തുകൽ സഞ്ചി! പ്രാരബ്ധക്കാർ വരുന്നു, സഞ്ചിയുടെ സിപ്പോ വള്ളിയോ തുറന്നു് ദിവ്യവസ്തു അതിലേക്കിടുന്നു. സിപ്പു്/വള്ളി പൂട്ടുന്നു. വസ്തുവെ ആത്മസംതൃപ്തി പകരും വിധം കല്ലിന്റെ നെഞ്ചത്തേക്കെറിയുന്നു. സഞ്ചി തുറന്നു് ശേഷിച്ച സംതൃപ്തിയും കൈക്കലാക്കുന്നു. ആയതിനെ ഏൽ‌പ്പിക്കേണ്ടിടത്തു് ഏൽ‌പ്പിക്കുന്നു. പടിയിറങ്ങി അപ്രത്യക്ഷമാവുന്നു.
എപ്പടി?
അതിശ്ശായി ല്ലേ?

………………………………..

നാളികേരമെറിഞ്ഞുടക്കുക, മുളകരച്ചു തേക്കുക തുടങ്ങിയ ആചാരങ്ങളുടേയും ആഭിചാരങ്ങളുടേയും മൂലമെന്തെന്നു് ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? ഏതെങ്കിലും ആചാരങ്ങളുടെ തുടക്കം അറിയാവുന്നവരതീ ബ്ലോഗുലകത്തിലിട്ടാൽ അതിൽ‌പ്പരം ആനന്ദം വേറെയുണ്ടാവില്ല. തീർച്ച.